അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയെ മിശിഹ എന്നാണ് ഫുട്ബോള്‍ പ്രേമികള്‍ വിളിക്കുന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും ഫുട്ബോളിനെ വിസ്മയമാക്കുന്ന മാന്ത്രികനാണ് മെസ്സി. കായികലോകത്ത് ഇനി മെസ്സിക്ക് കിട്ടാത്ത അംഗീകാരങ്ങള്‍ ബാക്കിയുണ്ടോ എന്ന് സംശയമാണ്. 2022 ലോകകപ്പ് കൂടി സ്വന്തമാക്കിയതോടെ മെസ്സി അതുല്യനാണെന്ന് കടുത്ത വിമര്‍ശകര്‍ക്ക്‌പോലും സമ്മതിക്കേണ്ടിവന്നു. കഴിഞ്ഞ ഏതാനും നാളുകളായി മെസ്സി വീണ്ടും വാര്‍ത്തയാകുന്നു. ഇത്തവണ ലുക്കിന്റെ പേരിലാണെന്ന് മാത്രം.
കൗമാരകാലത്താണ് മെസ്സി ബാഴ്സയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. അന്ന് നീളന്‍ മുടിയായിരുന്നു. ഷാഗി മല്ലറ്റ് എന്നാണ് ഈ ഹെയര്‍ സ്‌റ്റൈലിന്റെ പേര്. മുകളില്‍ നീളം കുറച്ച് വെട്ടിയൊതുക്കിയിരിക്കും. പക്ഷേ പിറകിലോട്ട് മുടി നീട്ടുകയും ചെയ്യും. ചെറുപ്പത്തിന്റെ ഉന്മേഷവും കുറുമ്പും ഈ സ്റ്റൈലിനുണ്ടായിരുന്നു.

വളരെ പെട്ടെന്ന് തന്റെ പ്രതിഭ കൊണ്ട് മെസ്സി ക്ലബ്ബിന്റെയും ദ്വേശീയ ടീമിന്റെയും അവിഭാജ്യ ഘടകമായി. കളി ജയിപ്പിക്കുന്ന താരം എന്ന ലേബല്‍ വന്നതോടെ മെസ്സിക്ക് ഗൗരവം വന്നു. അത് ലുക്കിലും പ്രതിഫലിച്ചു. ഉത്തവരവാദിത്തങ്ങളുള്ള പ്രൊഫെഷണല്‍ കളിക്കാരനായി മെസ്സി വളര്‍ന്നതോടെ ലുക്ക് സിമ്പിളായി. മുടി തീര്‍ത്തും വെട്ടി. ക്‌ളീന്‍ ഷേവുമാക്കി. ഇതായിരുന്നു മെസ്സിയുടെ ക്ലാസിക് ക്രൂ ഹെയര്‍ കട്ട് കാലം.

ഫാഷനിലും സ്‌റ്റൈലിലും ഗെറ്റപ്പിലും വലിയ പ്രാധാന്യം കല്‍പ്പിക്കാതെ അന്തര്‍മുഖനായി ജീവിച്ചിരുന്ന മെസ്സി എല്ലാവരെയും ഞെട്ടിച്ചത് 2016 ലാണ്. ദേശീയ ടീമില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച കാലത്താണ് സംഭവം. മെസ്സിയുടെ പങ്കാളി അന്റോനെല്ല ഇന്‍സ്റ്റയിലൂടെ മെസ്സിയുടെ പുത്തന്‍ ലുക്ക് പങ്കുവെച്ചു. മുടിയാകെ പ്ലാറ്റിനം കളര്‍. മെസ്സിയുടെ കരിയറിന്റെ പുതിയതുടക്കമായാണ് ലുക്ക് വിലയിരുത്തപ്പെട്ടത്. ധാരാളംപേര്‍ ഈ ലുക്ക് അനുകരിക്കുകയും ചെയ്തിരുന്നു.
നെറ്റി മുതല്‍ മൂര്‍ദ്ധാവ് വരെ ഒരു വരിയായി മുടി സ്‌പൈക്ക് പോലെ ഉയര്‍ന്നുനില്‍ക്കുന്ന ഫോക്‌സ് ഹോക്ക് സ്‌റ്റൈലിലും ലോകം മെസിയെ കണ്ടിട്ടുണ്ട്. വശങ്ങളിലെ മുടി കുറ്റിയായി വെട്ടി നിര്‍ത്തിയാണ് ഈ സ്‌റ്റൈല്‍ നിലനിര്‍ത്തുന്നത്. പ്ലാറ്റിനത്തില്‍ നിന്നും മെസ്സി സ്വാഭാവികമായ മുടിയുടെ നിറം തിരിച്ചുപിടിച്ചു. പിന്നെ കളര്‍ ചെയ്തതുമില്ല.

2022 ലോകകപ്പില്‍ അര്‍ജന്റീനയെത്തിയപ്പോള്‍ മെസ്സിയുടെ ലുക്കും ഭാവവും മാറിയിരുന്നു. മെസ്സി കുറേക്കൂടി അഗ്രസ്സീവായി. ജയിച്ചേ മതിയാകൂ എന്ന ഭാവമായിരുന്നു മൈതാനത്തില്‍. കൃത്യമായി ട്രിം ചെയ്ത ചെറിയ താടി. ഇരു വശങ്ങളില്‍ ട്രിം ചെയ്ത മുടി. തലയുടെ മുകള്‍ ഭാഗത്തുമാത്രം മുടിക്ക് അല്പം നീളം. ഈ ടെയ്പ്പര്‍ ഫെയ്ഡ് ലുക്കിലാണ് മെസ്സി ലോകകപ്പുയര്‍ത്തിയത്.
ഇപ്പോഴിതാ ചെമ്പന്‍ മുടിയും താടിയുമായി മെസ്സിയുടെ അടുത്ത ലുക്ക്. ചിത്രങ്ങളിലെ യേശുവിനെ അനുസ്മരിപ്പിക്കുന്നു എന്നാണ് പലരുടെയും കമന്റുകള്‍. മിശിഹ അടുത്ത ലോകകപ്പ് മിശിഹായുടെ ലുക്കില്‍ തന്നെ കളിക്കുമോ എന്നാണ് ആരാധകര്‍ക്ക് കൗതുകം.
Content Highlights: lionel messi in new look
Published: 18 Feb 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented