2017-ലാണ് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി വിവാഹിതനാവുന്നത്. ബാല്യകാലസുഹൃത്ത് കൂടിയായ അന്റോണെല്ല റൊക്കൂസോയെ വിവാഹം കഴിക്കുമ്പോൾ, നൂറ്റാണ്ടിന്റെ വിവാഹം എന്നാണ് മാധ്യമങ്ങൾ അന്നതിനെ വിശേഷിപ്പിച്ചത്.
മെസിയുടെ മറ്റൊരു ബാല്യകാലസുഹൃത്തായ ലൂക്കാസ് സ്‌കാഗ്ലിയയുടെ ബന്ധുവായ അന്റോണെല്ല. ലൂക്കാസിന്റെ വീട്ടിൽവെച്ചാണ് അന്റോണെല്ലയും മെസിയും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ഇരുവർക്കും ഏഴുവയസ്സാണ് പ്രായം. ''സ്‌കാഗ്ലിയയുടെ വീട്ടിൽ പോയതാണ് ഞാൻ. അവിടെവെച്ചാണ് അന്റോണെല്ലയെ കാണുന്നത്. അന്നുമുതലേ അവളെ എനിക്കിഷ്ടമാണ്''. മെസിയുടെ ഇഷ്ടങ്ങളും സ്വപ്‌നങ്ങളുമെല്ലാം അറിയുന്ന കളിക്കൂട്ടുകാരി. ആ സൗഹൃദം വളരുന്തോറും മുന്നോട്ടുപോയി.
13 വയസ്സുള്ളപ്പോൾ ഫുട്‌ബോൾ കരിയറിനായി മെസി അർജന്റീന വിട്ടു. ബാർസലോണയിലേക്ക് ചേക്കേറി. അതോടെ അവർ തമ്മിലുള്ള ബന്ധത്തിനും ചെറിയൊരു ബ്രേക്ക് വന്നു. എങ്കിലും ഇടയ്‌ക്കെപ്പോഴെങ്കിലും തേടിയെത്തുന്ന കത്തുകളിലൂടെ പരസ്പരം വിശേഷങ്ങളറിഞ്ഞു. ''അന്ന് കത്തുകളിലൂടെയായിരുന്നു സൗഹൃദം പുതുക്കിയത്. ഇടയ്ക്ക് ഇ-മെയിലിലൂടെയും. അന്ന് ഇന്റർനാഷണൽ കോളുകളെ ആശ്രയിക്കാൻ പറ്റില്ല. അത് വളരെ ചെലവേറിയ മാർഗമായിരുന്നു'', മെസി പിന്നീട് ഓർത്തെടുത്തു.
അതിനിടയ്ക്കാണ് അന്റോണെല്ലയുടെ വളരെയടുത്ത സുഹൃത്ത് അപകടത്തിൽ മരിക്കുന്നത്. ആ മരണത്തിൽ തകർന്നുപോയ തന്റെ കളിക്കൂട്ടുകാരിയെ ആശ്വസിപ്പിക്കാനായി മെസി നാട്ടിൽ പറന്നെത്തി. ''ഞങ്ങൾക്ക് 17 വയസ്സുള്ളപ്പോഴാണത്. ഞങ്ങൾ വീണ്ടും അടുത്തു. കുട്ടികൾ ആയിരുന്നപ്പോഴുള്ള അതേ സൗഹൃദവും ഇഷ്ടവും അപ്പോഴും ഞങ്ങൾക്കിടയിലുണ്ടെന്ന് തിരിച്ചറിഞ്ഞു. പഴയ കാര്യങ്ങൾക്കൊന്നും ഒരു മാറ്റവുമില്ലെന്ന് മനസ്സിലായി'', മെസി പറഞ്ഞു.
സൗഹൃദം പ്രണയത്തിലേക്ക് മാറുന്നതും അവർ അപ്പോഴാണ് അറിഞ്ഞത്. അന്ന് നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് റൊസാരിയോയിൽ ഡെന്റിസ്ട്രിയിൽ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുകയായിരുന്നു അന്റോണെല്ല. എന്നാൽ, പ്രണയത്തിലായതോടെ പഠനം പാതിവഴിയിൽ അവസാനിപ്പിച്ചു. മെസിക്കൊപ്പം ബാർസിലോണയിലേക്ക് പോയി. തൊട്ടുപിറകെ തങ്ങൾ പ്രണയത്തിലാണെന്ന് മെസി ലോകത്തെ അറിയിച്ചു.
മെസിക്കൊപ്പം തന്നെ അന്റോണെല്ലയും വളർന്നു. കുട്ടികളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ അംബാസഡറായി. മോഡലിങ്ങിലും സജീവമായി. അഡിഡാസ് ഉൾപ്പെടെയുള്ള ഒട്ടേറെ ബ്രാൻഡുകൾക്കായി മോഡലിങ് ചെയ്തിട്ടുണ്ട്.
2012-ൽ അന്റോണെല്ല ഗർഭിണിയായി. അത് മെസി ആഘോഷിച്ചതും വ്യത്യസ്തമായ രീതിയിലാണ്. 2012-ൽ ഇക്വഡോറുമായുള്ള ഒരു മത്സരത്തിൽ 4-0-നാണ് അർജന്റീന വിജയിച്ചത്. അന്ന് ജേഴ്‌സിക്കുള്ളിൽ ഫുട്‌ബോൾ വെച്ചാണ്, തന്റെ ആദ്യത്തെ കുഞ്ഞിന്റെ വരവറിയിച്ചത്. 2015-ൽ രണ്ടാമത്തെ മകന്, അന്റോണെല്ല ജൻമം നൽകി. 2018-ൽ മൂന്നാമത്തെ കുഞ്ഞും.
മെസിയുടെ ജീവിതത്തിലും കരിയറിലും ഏറ്റവും കൂടുതൽ പിന്തുണച്ചയാൾ അന്റോണെല്ല തന്നെയായിരിക്കും. ''അവൾക്ക് ഒരുപാട് നല്ല ഗുണങ്ങളുണ്ട്. ഓരോ ദിവസവും, ഓരോ പ്രശ്‌നങ്ങളെയും അവൾ അഭിമുഖീകരിക്കുന്നത് ഞാൻ ആരാധനയോടെയാണ് നോക്കിക്കാണാറുള്ളത്. വളരെ ബുദ്ധിമതിയുമാണ് അന്റോണെല്ല. അവൾ എന്റെ കൂടെയുള്ളതുകൊണ്ട്, ജീവിതത്തിലെ പല കാര്യങ്ങളും ലളിതമായി കാണാൻ ഞാൻ പഠിച്ചു. ചെറുപ്പംമുതലേ എന്നെ അറിയുന്നയാളാണ് അവൾ. അതുകൊണ്ട് എന്നെ എങ്ങനെ ഡീൽ ചെയ്യണമെന്നും അവൾക്കറിയാം'', മെസി ഒരിക്കൽ പറഞ്ഞതിങ്ങനെ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 24 Jun 2025, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented