അനന്തതയിലേക്ക് നീളുന്ന മിഴികളില്‍ സ്വാതന്ത്ര്യം എന്ന സ്വപ്‌നം, അതിവേഗത്തില്‍ പായുന്ന കുതിരപ്പുറത്ത് ഒരു കൈയില്‍ തോക്കും മറുകൈയില്‍ കടിഞ്ഞാണുമായി ഒരു വനിത, മാറാപ്പില്‍ സ്വന്തം കുഞ്ഞുമുണ്ട്. പിന്തുടര്‍ന്നെത്തുന്ന രാജസൈന്യത്തില്‍ നിന്ന് രക്ഷനേടാന്‍ തനിയേ കുതിരപ്പുറത്തേറി കാട്ടിലേക്ക് രക്ഷപ്പെടുന്ന വിപ്ലവകാരി. റോമാനഗരത്തിലെ ജനീക്കൊളൊയില്‍ സഞ്ചാരികള്‍ കൗതുകത്തോടെ നോക്കുന്ന ഈ പ്രതിമയില്‍ അനിറ്റ ഗരിബാള്‍ഡി (Anita Garibaldi) എന്നെഴുതിയിരിക്കുന്നു. വെങ്കലത്തില്‍ തീര്‍ത്ത വിപ്ലവവും പ്രണയവും.

To advertise here,

സ്വാതന്ത്ര്യത്തിനായി പൊരുതാന്‍, സ്‌നേഹിച്ചവനോടൊപ്പം ഇറങ്ങിത്തിരിച്ചു, അവിശ്വസനീയമായ സാഹസികപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇരുപത്തിയെട്ടാം വയസ്സില്‍ സമരമുഖത്ത് മരിച്ചുവീണവള്‍; അനിറ്റ. തൊട്ടപ്പുറത്ത് 'രണ്ട് ലോകങ്ങളുടെ നായകന്‍' -ചരിത്രത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസമര 'റൊമാന്റിക്' പോരാളി ജുസേപ്പെ ഗരിബാള്‍ഡിയുടെ (Giuseppe Garibaldi) കൂറ്റന്‍ പ്രതിമ. പോരാട്ടങ്ങളുടെയും തീവ്രപ്രണയത്തിന്റെയും സ്മരണകള്‍ ഉറങ്ങുന്ന ഗരിബാള്‍ഡി തെരുവ്. കുതിരക്കുളമ്പടികളും സാഹസിക പോരാട്ടങ്ങളും ചോരപ്പാടുകളും നിറഞ്ഞ ജീവിതയാത്രയില്‍, സ്വാതന്ത്ര്യവിപ്ലവ ചിന്തകള്‍ക്കൊപ്പം ജ്വലിച്ചുനിന്ന അനശ്വരപ്രണയത്തിന്റെ മായാത്ത സ്മരണകള്‍.

വാലന്റൈന്‍സ് ഡേയിലും മറ്റും പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ഒന്നിച്ച് സമയം ചെലവഴിക്കാനും പ്രണയിതാക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന ഇടം, നഗരത്തിലെ തിരക്കില്‍നിന്ന് അകന്ന് പച്ചപ്പുകള്‍ക്ക് നടുവില്‍ സ്വച്ഛമായ ജനീക്കൊളൊ കുന്ന്. റോമാനഗരത്തിന്റെ 'ടെറസ്' എന്ന് വിശേഷിപ്പിക്കുന്ന ഇവിടെ നിന്നാല്‍ നഗരസൗന്ദര്യം ഒറ്റനോട്ടത്തില്‍ ആസ്വദിക്കാം. അവര്‍ണനീയമായ പനോരമിക് വ്യൂ. സന്ദര്‍ശകരാല്‍ സജീവമാകുന്ന രാപകലുകള്‍ ഈ തെരുവിന് സുപരിചിതം. ഏതാനും സോവനീര്‍, കോഫി ഷോപ്പുകള്‍ ഒഴിച്ചാല്‍ ഇവിടം വിജനം. കടകമ്പോളങ്ങളൊന്നും അനുവദനീയമല്ല ഇവിടെ.

പുരാതന റോമാക്കാര്‍ കുതിരസവാരിക്ക് അനുയോജ്യമായി പണിത ചെറിയ കരിങ്കല്‍പാളികള്‍ വിരിച്ച പാതകള്‍ക്ക് മധ്യത്തില്‍ ഗരിബാള്‍ഡി ചത്വരം. 20 അടി ഉയരത്തില്‍ ഒരുക്കിയ മാര്‍ബിള്‍ അടിത്തറയില്‍ സ്വാതന്ത്ര്യസമരകഥകളും ശില്പങ്ങളും. മുകളില്‍ രണ്ടുമീറ്റര്‍ ഉയരത്തില്‍ കുതിരപ്പുറത്ത് ഗരിബാള്‍ഡിയുടെ വെങ്കലപ്രതിമ. ഇവിടെ കൊത്തിവെച്ച ശില്പങ്ങള്‍ക്കും എഴുതപ്പെട്ട വാക്യങ്ങള്‍ക്കും ഇടയില്‍ വായിച്ചെടുക്കാം സ്വാതന്ത്ര്യത്തിന്റെ ചരിത്ര

വഴികള്‍. വിനോദസഞ്ചാരികളാല്‍ നിറഞ്ഞിരിക്കും ഈ ചത്വരം. ധീരയോദ്ധാവിനെക്കുറിച്ച് വായിച്ചും അറിഞ്ഞും ഇവിടേക്ക് എത്തുന്നവര്‍. അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് ചുവട്ടില്‍ എഴുതപ്പെട്ടിരിക്കുന്ന സമരചരിത്രം വായിക്കുന്നവര്‍, സായന്തനങ്ങള്‍ ആസ്വദിക്കുന്നവര്‍, അതുമല്ലെങ്കില്‍ സ്വച്ഛമായി കാറ്റേറ്റിരിക്കുന്നവര്‍. പൗരാണികതയുടെ പ്രൗഢി നിറഞ്ഞ ഈ തെരുവ് സന്ദര്‍ശിക്കാതെ റോമാനഗരത്തിലെത്തി മടങ്ങുന്ന സഞ്ചാരികള്‍ വിരളം. 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇറ്റലി, ഒരു 'ഏകീകൃത റിപ്പബ്ലിക്' എന്ന ആശയം സ്വപ്‌നംകണ്ട് മുന്നിട്ടിറങ്ങി. അതിനായുള്ള പോരാട്ടങ്ങളിലെ മഹാനായ നേതാവായിരുന്നു ജുസേപ്പെ ഗരിബാള്‍ഡി. 1815 മുതല്‍ വിവിധ രാജവംശങ്ങളുടെ അധീനതയില്‍ കഴിഞ്ഞിരുന്ന ഇറ്റലിയെ ഏകീകരിക്കാന്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങളില്‍ എന്നും മരണംവരെ പിന്തുടര്‍ന്ന ജീവിതസഖി അനിറ്റയുടെ സാഹസികതയുടെയും അനശ്വരപ്രണയത്തിന്റെയും നിഴല്‍പ്പാടുകള്‍ കാണാം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഓക്കുമരങ്ങള്‍ ഇലപൊഴിക്കുന്ന പാതയോരത്തുകൂടി ഈ റൊമാന്റിക് തെരുവില്‍നിന്ന് മടങ്ങുമ്പോഴൊക്കെ മനസ്സില്‍ അനിറ്റ ഒരു വിഷാദരൂപമായി നില്‍ക്കും. ബ്രസീലിലെ സാന്ത കാതറീനിലെ ഒരു കൊച്ചുഗ്രാമത്തില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച ഈ ലാറ്റിന്‍ അമേരിക്കന്‍ യുവതി എങ്ങനെ റോമാനഗരത്തിലെ സ്മാരകമായി, എങ്ങനെ ചരിത്രവിസ്മയമായി.

1839-ലെ ശരത്കാലം. റിയോ ഡി ജനൈറോയില്‍ വെച്ചായിരുന്നു ആദ്യമായി അവര്‍ കണ്ടുമുട്ടുന്നത്. തികഞ്ഞ പ്രകൃതിസ്‌നേഹിയായ അവള്‍, നീന്താനും കുതിരയെ ഓടിക്കാനും ചെറുപ്പത്തിലേ പഠിച്ചിരുന്നു. അങ്ങനെ ബ്രസീലിയന്‍ സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായി അവള്‍ മാറുന്ന കാലം. യൂറോപ്യനായ ഗരിബാള്‍ഡി ഇതിനും ഏകദേശം രണ്ടുവര്‍ഷംമുന്‍പാണ് ലാറ്റിന്‍ അമേരിക്കയിലെത്തുന്നത്. അദ്ദേഹത്തിന്റെ ജനനം ഫ്രാന്‍സിലെ നീസിലായിരുന്നെങ്കിലും കര്‍ബോണറിപ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനായാണ് ലാറ്റിന്‍ അമേരിക്കയിലെത്തിയത്.

മസ്സീനിയുടെ രാഷ്ട്രീയപ്രസ്ഥാനമായ 'യങ് ഇറ്റലി'യില്‍ ചേര്‍ന്നതിന് വധശിക്ഷ വിധിച്ചപ്പോള്‍ അദ്ദേഹം പലായനം ചെയ്യുകയായിരുന്നു. അവിടെ പ്രാദേശിക കലാപങ്ങള്‍ക്ക് നേതൃത്വംനല്‍കി വരവേ, ഒരിക്കല്‍ സാന്ത കതറീനയുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ നടന്നടുക്കുന്നത് അദ്ദേഹം ബൈനോക്കുലറിലൂടെ കണ്ടു. അവരിലൊരുവളായ അനിറ്റയെ (Ana Maria de Jesus Ribeiro) കണ്ടമാത്രയില്‍തന്നെ അവന്റെ മനസ്സില്‍ പ്രണയം മൊട്ടിട്ടു, തിരിച്ച് അവള്‍ക്കും. വൈകാതെ അവരൊന്നിച്ച് ഏകാധിപത്യഭരണത്തിനെതിരേയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കി. ചുവന്ന ഷര്‍ട്ടും കറുത്ത പതാകയുമേന്തി ഗരിബാള്‍ഡിയന്‍സ് ബറ്റാലിയന്‍ ബ്രസീലിലെ തെരുവിലിറങ്ങി. രണ്ടുവര്‍ഷത്തിനുശേഷം 'റിയോ പാര്‍ദോ' എന്ന കപ്പലില്‍ യുറഗ്വായില്‍ എത്തിയ അവര്‍ തലസ്ഥാനമായ മോണ്ടിവിഡിയോയിലെ പള്ളിയില്‍വെച്ച് വിവാഹിതരായി. കുതിരയോടിച്ചും വാള്‍ വീശിയും സമരപോരാട്ടങ്ങളുടെ പോര്‍മുഖങ്ങളില്‍ ഒരു നിഴല്‍പോലെ അദ്ദേഹത്തിന് കരുത്തായി അനിറ്റ ഉണ്ടായിരുന്നു.
 

പോരാട്ടങ്ങളില്‍നിന്ന് പിന്തിരിയാനായി അര്‍ജന്റീനയിലെ ഏകാധിപതി റോസസ് വാഗ്ദാനംചെയ്ത പണവും യുറഗ്വായ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച വിസ്തൃതമായ ഭൂമിയും ഇരുവരും നിരസിച്ചു. ''ജനങ്ങളുടെ സ്വാതന്ത്ര്യത്തിലുള്ള എന്റെ വിശ്വാസത്തിന് ഒരു പണത്തിനും വിലയിടാന്‍ കഴിയില്ല'' എന്ന് ഗരിബാള്‍ഡി മറുപടി കൊടുത്തു. അര്‍ജന്റീനിയന്‍ പട്ടാളം അവരുടെ വീട് വളയുകയും സമരപോരാളികളെ വധിക്കുകയും ചെയ്തു. അന്ന് അനിറ്റ ആദ്യകുഞ്ഞിന് ജന്മംകൊടുത്തിട്ട് നാളുകള്‍ മാത്രമേ ആയിരുന്നുള്ളൂ. വീട്ടില്‍ ഒറ്റപ്പെട്ട അവള്‍ 12 ദിവസം മാത്രമുള്ള കുഞ്ഞിനെ മാറാപ്പില്‍ കെട്ടി കൈയില്‍ തോക്കുമായി ഒളിച്ച് പുറത്തിറങ്ങി. വഴിയില്‍ കണ്ട കുതിരയെ മോഷ്ടിച്ച് കാട്ടിലേക്ക് രക്ഷപ്പെട്ടു.

ഗരിബാള്‍ഡിയും കൂട്ടരും തേടിയെത്തുംവരെ നാലുദിവസം നവജാതശിശുവിനൊപ്പം ഭക്ഷണമില്ലാതെ കാട്ടില്‍ അതിജീവിച്ചുവെന്ന് ഗരിബാള്‍ഡി തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ സെന്റ് അന്തോണിയോ യുദ്ധത്തില്‍ വെറും 190 പോരാളികളുമായി 1,500 സാമ്രാജ്യത്വസൈനികരെ അദ്ദേഹം തോല്‍പ്പിച്ചുവത്രേ! നിതാന്തമായ പോരാട്ടങ്ങളുടെ യാത്രയില്‍ തയ്യല്‍ക്കാരിയായും യുദ്ധമുഖത്തെ നഴ്സായും അനിറ്റ പ്രവര്‍ത്തിച്ചു. പലപ്പോഴും സൈന്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ സ്വയം കുതിരയോടിച്ച് ദിവസങ്ങളോളം തനിയേ കാട്ടില്‍ ഒളിവില്‍ കഴിഞ്ഞു.

1848-ല്‍ യൂറോപ്പിലേക്ക് മടങ്ങാന്‍ അവര്‍ തീരുമാനിച്ചു. കടല്‍കടന്നെത്തിയ അവരെ സ്വീകരിക്കാന്‍ വെനീസിലേക്ക് ജനം ഇരമ്പിയെത്തി. അതില്‍ മൂവായിരത്തോളം സ്ത്രീകളുമുണ്ടായിരുന്നു.'റോമാ അല്ലെങ്കില്‍ മരണം' എന്ന മുദ്രാവാക്യവുമായി എത്തിയ അവര്‍ പല ഏകാധിപതികള്‍ വിഭജിച്ചുഭരിച്ചിരുന്ന ഇറ്റലിയെ ഏകീകൃത റിപ്പബ്ലിക് ആക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. വടക്ക് ഓസ്ട്രിയയ്‌ക്കെതിരേ സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്നു.

അന്ന് റോം, പോപ്പിന്റെ അധീനതയിലായിരുന്നു. റോം സ്വതന്ത്രമാകാതെ ഇറ്റലി ഒരു ഏകീകൃത റിപ്പബ്ലിക്കാവില്ല എന്ന് ഉറച്ചുവിശ്വസിച്ച ഗരിബാള്‍ഡി അതിനുള്ള സാഹസിക സമരങ്ങളിലേക്ക് ഇറങ്ങി. മരണം കാത്തുനില്‍പ്പുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. മുടിമുറിച്ച്, പട്ടാളവേഷം കെട്ടി ഗര്‍ഭാവസ്ഥയിലും അനിറ്റ ഒപ്പം നിന്നു. പോപ്പിന്റെ സൈന്യത്തോട് പൊരുതി പരാജയപ്പെട്ട അവര്‍ മധ്യ ഇറ്റലിയിലെ റവേന്നയിലേക്ക് പലായനംചെയ്യാന്‍ നിര്‍ബന്ധിതരായി. അവിടെ ഒളിവില്‍ കഴിയവേ മലേറിയ ബാധിച്ച അനിറ്റ ഇരുപത്തിയെട്ടാം വയസ്സില്‍ മരണത്തിന് കീഴ്പ്പെട്ടു. ഒരു കമാന്‍ഡറുടെ സഹായത്തോടെ ഗരിബാള്‍ഡി അവിടെ മണലില്‍ താത്കാലികമായി മൃതശരീരം മറവുചെയ്ത് വീണ്ടും ഒളിവില്‍ പോയി. ഈ സംഭവത്തിന്റെ രേഖാചിത്രം മിലാനിലെ സുപ്രസിദ്ധമായ 'റിസൊര്‍ജിമേന്തൊ മ്യൂസിയ'ത്തില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.

ജീവിതസഖിയുടെ വേര്‍പാടിനുശേഷം പല രോഗങ്ങള്‍ക്കും ഗരിബാള്‍ഡി അടിമയായി. എങ്കിലും ആ വിപ്ലവപ്പുഴ കരകവിഞ്ഞൊഴുകി. ജനാധിപത്യ റിപ്പബ്ലിക്കിനുവേണ്ടിയുള്ള പോരാട്ടം തുടര്‍ന്നു. അതിനിടയില്‍ ഒരുദശാബ്ദക്കാലം അമേരിക്കയിലും ഇംഗ്ലണ്ടിലും കഴിഞ്ഞെങ്കിലും വീണ്ടും ഇറ്റലിയില്‍ തിരിച്ചെത്തി. പിന്നീട് സാര്‍ഡിനിയന്‍ ദ്വീപിനടുത്തുള്ള കപ്രേരയില്‍ സ്ഥിരതാമസമാക്കി. ഇറ്റലിയില്‍ ഉടനീളം സഞ്ചരിച്ച് ഏകാധിപത്യശക്തികള്‍ക്കെതിരേ പോരാട്ടം തുടര്‍ന്നു. 1882-ല്‍ മരണത്തിന് കീഴടങ്ങിയ ആ അനശ്വര വിപ്ലവകാരി കപ്രേരയിലിരുന്ന് തന്റെ അന്ത്യനാളുകളില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളില്‍ അനിറ്റയുമായുള്ള തീവ്രപ്രണയത്തിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തിയിരുന്നു. പോരാട്ടത്തെക്കുറിച്ചും അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തെക്കുറിച്ചും ആ കുറിപ്പുകളില്‍ വായിക്കാം.

ഓക്കുമരങ്ങള്‍ നിഴല്‍ വിരിച്ച പാതയോരത്തുകൂടി തിരികെ നടക്കവേ പിന്നില്‍ പീരങ്കിയില്‍ നിന്നുയരുന്ന സ്‌ഫോടനശബ്ദം കേട്ടു. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി എന്നും 12 മണിക്ക് ഇവിടെ പീരങ്കിശബ്ദം മുഴങ്ങും. മാനവികതയുടെ മുഖമുദ്രയായി മാറിയ ഈ മനുഷ്യസ്‌നേഹിയുടെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികള്‍ ഇവിടേക്കെത്തുന്നു. സ്വാതന്ത്ര്യത്തിന്റെ വിഹായസ്സില്‍ ഒളിമങ്ങാത്ത താരമായി ആത്മസഖി അനിറ്റയുടെ അനശ്വരപ്രണയവും അവര്‍ക്കായി കാലം കാത്തുവയ്ക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi