റോഡിലൂടെ ആര്‍മി ട്രക്കുകള്‍ ഒറ്റയ്ക്കും കൂട്ടമായും കടന്നുപോകുന്നുണ്ട്. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം 130 കിലോമീറ്ററുകള്‍ക്കിപ്പുറം വന്നുനിന്നത്, 'ബ്രേവ് സണ്‍സ് ഓഫ് ഇന്ത്യ, വി സല്യൂട്ട് യൂ' എന്നെഴുതിയ ചുവന്ന ബോര്‍ഡിനു മുന്നിലാണ്. ലക്ഷ്യസ്ഥാനം എത്തിയിരിക്കുന്നു. ലോംഗേവാല, ദേശത്തിന്റെ കാവല്‍ക്കാരായ ഇന്ത്യന്‍ സൈന്യത്തിലെ ധീരയോദ്ധാക്കളുടെ ചരിത്രമുറങ്ങുന്ന രാജസ്ഥാനിലെ അതിര്‍ത്തിപ്രദേശം. റോഡിനൊരുവശം ലോംഗേവാലയാണ്. ഇന്ത്യ-പാക് അതിര്‍ത്തി. 1971-ല്‍ ലോംഗേവാലയിലുണ്ടായ മൂന്നുദിവസത്തെ യുദ്ധത്തിന്റെ ചരിത്രശേഷിപ്പുകള്‍ നിലനിര്‍ത്തുന്ന മ്യൂസിയം ഇവിടെയുണ്ട്. എതിര്‍വശത്ത് ധീരയോദ്ധാക്കളുടെ സ്മൃതികുടീരമാണ്. 

നാടിനുവേണ്ടി ജീവന്‍ ത്യജിച്ച വീരരുടെ മണ്ണിലേക്ക് പദമൂന്നിയപ്പോള്‍ രക്തം ചൂടുപിടിക്കുന്നതായി തോന്നി. 'ഭാരത്മാതാ കീ ജയ്'; സഞ്ചാരികള്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. ഗേറ്റുകടന്ന് ലോംഗേവാല ബോര്‍ഡര്‍ ആന്‍ഡ് മ്യൂസിയത്തിലേക്ക് നടന്നു. സഞ്ചാരികള്‍ ഏറെയുണ്ട് ഇവിടെ. ലോംഗേവാല യുദ്ധത്തില്‍ പാകിസ്താന്‍ സൈന്യം ഉപേക്ഷിച്ച് പോയ T-224292 ടാങ്കാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഒപ്പം ഇന്ത്യയുടെ 68-B 74221 W എന്ന വാഹനവും. അകത്തേക്കുള്ള വഴികളില്‍ ഇങ്ങനെയുള്ള നിരവധി ടാങ്കുകള്‍ കാണാം. ഈ ടാങ്കുകള്‍ക്കുപിന്നിലുള്ള ചരിത്രം ചെന്നെത്തുന്നത് ലോംഗേവാല യുദ്ധഭൂമിയിലേക്കാണ്.

1971-ലെ യുദ്ധവീര്യം
ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമകേന്ദ്രങ്ങളില്‍ പാകിസ്താന്‍ ശക്തമായ ആക്രമണം നടത്തിയതോടെയാണ് 1971-ല്‍ യുദ്ധം തുടങ്ങുന്നത്. രാജസ്ഥാനിലെ ചില പ്രദേശങ്ങള്‍ പിടിക്കുകയായിരുന്നു പാക് ലക്ഷ്യം. എന്നാല്‍, ഇന്ത്യന്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പിനു മുന്നില്‍ ആ നീക്കം പാളി. നാല്‍പ്പതിലധികം ടാങ്കുകളും രണ്ടായിരത്തിലധികം സൈനികരും ഉള്‍പ്പെട്ട പാകിസ്താന്‍ സേനയെ 120 പേരടങ്ങിയ ഇന്ത്യന്‍ സേന നേരിട്ട ചരിത്രം സമാനതകളില്ലാത്തതാണ്. 

placeholder
യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന റീകോയില്‍ഡ് റൈഫിള്‍

കിഴക്കന്‍ അതിര്‍ത്തിയില്‍ പാക് സേന നേരത്തേ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. ബംഗ്ലാദേശ് വിമോചനസേനയായ മുക്തിവാഹിനിയാണ് അന്ന് ഇന്ത്യന്‍ സായുധസേനകള്‍ക്കൊപ്പമുണ്ടായിരുന്നത്. കിഴക്കന്‍ അതിര്‍ത്തിയില്‍ ആക്രമണം നടക്കുന്നതിനാല്‍ പടിഞ്ഞാറ് ഭാഗത്തുകൂടിയുള്ള നീക്കം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ പ്രതിരോധം ദുര്‍ബലമായിരുന്നു. പടിഞ്ഞാറുള്ള ഇന്ത്യന്‍ ഔട്ട്പോസ്റ്റ്, ലോംഗേവാല ആയിരുന്നു പാക്സേനയുടെ ലക്ഷ്യം. പാക് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 120 സൈനികര്‍ മാത്രമുള്ള ഔട്ട് പോസ്റ്റാണത്. അവിടം പിടിക്കാന്‍ കഴിഞ്ഞാല്‍ രാംഗഢും ജയ്സാല്‍മീറും അനായാസം നിയന്ത്രണത്തിലാക്കാം. 

പാക് ആര്‍മി ബ്രിഗേഡിയര്‍ താരീഖ് മീറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. 2000-ലധികം സൈനികരും 40-ലധികം ടാങ്കുകളും അടങ്ങുന്ന പാക് ആര്‍മി വ്യോമാക്രമണത്തിനായി അതിര്‍ത്തികടന്നു മുന്നേറി. രാജസ്ഥാന്‍ മരുഭൂമിയിലെ ഉയര്‍ന്ന ഭൂപ്രദേശത്ത് വലിയ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഇടത്താണ് ലോംഗേവാല ഔട്ട് പോസ്റ്റ്. 

പഞ്ചാബ് റെജിമെന്റിലെ മേജര്‍ കുല്‍ദീപ്‌സിങ് ചാന്ദ്പുരിയുടെ നേതൃത്വത്തിലുള്ള കാലാള്‍ കമ്പനിയായിരുന്നു അന്നേദിവസം ഡ്യൂട്ടിയില്‍. മീഡിയം മെഷീന്‍ ഗണ്ണുകള്‍, എം.എം. മോര്‍ട്ടാറുകള്‍, റീകോയില്‍ലെസ്സ് റൈഫിളുകള്‍ തുടങ്ങി പരിമിതമായിരുന്നു അവരുടെ ശേഷി. കവചിതവാഹനങ്ങളും കുറവ്. സഹായത്തിനായുള്ളത് ഏഴുകിലോമീറ്റര്‍ അകലെയുള്ള സാധേവാലയിലെ ബറ്റാലിയന്‍ മാത്രം. മരു ഒട്ടകങ്ങളുടെ ആവാസകേന്ദ്രമായതിനാല്‍, ഇന്ത്യന്‍ സൈനികസംഘത്തിന്റെ ഭാഗമായ ഒട്ടകങ്ങളെ സംരക്ഷിക്കാനായി ലോംഗേവാല പോസ്റ്റിനുചുറ്റും ഒരു മുള്ളുവേലി നിര്‍മിച്ചിരുന്നു.

placeholder
ലോംഗേവാലയിലെ അതിര്‍ത്തി

ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ വ്യോമസേന അതിര്‍ത്തിയില്‍ ആക്രമണമാരംഭിച്ചു. മേജര്‍ ചാന്ദ്പുരി, പാക് സൈനികനീക്കങ്ങള്‍ കണ്ടെത്തുന്നതിനായി ഒരു സെക്കന്‍ഡ് ലെഫ്റ്റനന്റിന്റെ കീഴില്‍ 20 പേരടങ്ങുന്ന പട്രോളിങ് സംഘത്തെ അതിര്‍ത്തിയിലേക്കയച്ചു. ഡിസംബര്‍ നാലിനു രാത്രി പാകിസ്താന്‍ ആര്‍മിയുടെ നിരവധി കവചിതവാഹനങ്ങള്‍ അതിര്‍ത്തികടക്കുന്നതായി സംഘം കണ്ടെത്തുകയും മുന്നറിയിപ്പുനല്‍കുകയും ചെയ്തു. മേജര്‍ ചാന്ദ്പുരി, പാക്സേനയെ പിന്തുടരാന്‍ സംഘത്തിന് നിര്‍ദേശം നല്‍കി. ഒപ്പം കൂടുതല്‍ സേനയെ ലഭ്യമാക്കാനുള്ള നടപടി തുടങ്ങുകയും ചെയ്തു. മറ്റിടങ്ങളിലുള്ള സൈനികര്‍ ലോംഗേവാലയില്‍ എത്തിച്ചേരാന്‍ കുറഞ്ഞത് ആറുമണിക്കൂറെങ്കിലുമെടുക്കും. അതുവരെ പാക് സൈന്യത്തിന്റെ ആക്രമണം ചെറുക്കാനോ അതിനുകഴിഞ്ഞില്ലെങ്കില്‍ രാംഗഢിലേക്ക് മാറാനോ ആയിരുന്നു ലഭിച്ച നിര്‍ദേശം. 

പാക് സൈന്യത്തെ നേരിടാന്‍തന്നെ മേജര്‍ ചാന്ദ്പുരിയും സംഘവും തീരുമാനിച്ചു. പാക് ടാങ്കുകള്‍ 30 മീറ്റര്‍ അടുത്തെത്തിയപ്പോള്‍ ആക്രമണം തുടങ്ങി. ലോംഗേവാല പിടിച്ചടക്കി, മറ്റുപ്രദേശങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്ന് കരുതിയതിനാല്‍ പാക് സൈന്യം ടാങ്കുകളുടെ മുകളില്‍ എണ്ണബാരലുകള്‍ കരുതിയിരുന്നു. ഇന്ത്യന്‍ സേനയുടെ വെടിവെപ്പില്‍ ഈ ബാരലുകള്‍ പൊട്ടിച്ചിതറിയത് വന്‍ തീപ്പിടിത്തത്തിന് കാരണമായി. രാത്രിമുഴുവന്‍ ഇന്ത്യന്‍ സേന പിടിച്ചുനിന്നു.

പകല്‍വെളിച്ചം വീണതോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഹോക്കര്‍ ഹണ്ടര്‍ വിമാനങ്ങളും എത്തിയതോടെ പാക് സേന ചിതറാന്‍തുടങ്ങി. ടാങ്കുകളും കവചിതവാഹനങ്ങളും ഉപേക്ഷിച്ച് അവര്‍ പിന്മാറി. പോരാട്ടത്തിന് നേതൃത്വം നല്‍കിയ മേജര്‍ കുല്‍ദീപ് സിങ് ചാന്ദ്പുരിക്ക് മഹാവീര്‍ ചക്ര നല്‍കി ആദരിച്ചു. കമ്പനിയിലെ മറ്റ് സൈനികര്‍ക്കും ആദരം ലഭിച്ചു. 

ലോംഗേവാല ഔട്ട്‌പോസ്റ്റില്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി യുദ്ധത്തിന്റെ വീഡിയോദൃശ്യങ്ങളുടെ ശേഖരമുണ്ട്. ചരിത്രമറിയാന്‍ താത്പര്യമുള്ളവര്‍ക്ക് ഇവ ഉപകാരപ്രദമാകും. അടുക്കും ചിട്ടയുമോടെ മ്യൂസിയവും അതിര്‍ത്തിപ്രദേശവും സന്ദര്‍ശിക്കുന്നതില്‍ വിലക്കുകളില്ല. ബി.എസ്.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക സന്ദര്‍ശനം അന്നേദിവസം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ സഞ്ചാരികള്‍ക്ക് അകത്തേക്കുള്ള പ്രവേശനത്തിന് അല്പസമയം കാത്തുനില്‍ക്കേണ്ടതായിവന്നു. 

placeholder
ഇന്ത്യന്‍ സേന പിടിച്ചടക്കിയ പാക് ടാങ്കുകളിലൊന്ന്‌

ഗുഹപോലെ കെട്ടിയിരിക്കുന്ന ഇരുള്‍ നിറഞ്ഞൊരു വഴി. അതിലൂടെ നടന്നുവേണം യുദ്ധാക്രമണദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നിടത്തേക്ക് എത്തിച്ചേരാന്‍. സഞ്ചാരികള്‍ക്ക് സുഗമമായി ഇരുന്ന് വീഡിയോദൃശ്യങ്ങള്‍ കാണാനായി ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളെല്ലാം ഇന്ത്യന്‍ ആര്‍മിയുടെ കൈകളില്‍ത്തന്നെയാണ്. ''ശത്രുക്കളോട് യുദ്ധം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പിന്മാറേണ്ടിവന്നേക്കാം. പക്ഷേ, എന്റെ ബറ്റാലിയനെ സംബന്ധിച്ച് അത് നാണക്കേടാണ്. ഞാനിവിടെ, എന്റെ അന്ത്യശ്വാസംവരെ ശത്രുവിനെതിരേ പോരാടും.'' അന്ന് രാത്രി മേജര്‍ ചാന്ദ്പുരി തന്റെ സംഘത്തോട് പറഞ്ഞത് ഇതായിരുന്നു. ആ വാക്കുകളാണ് കൈയ്മെയ് മറന്നുള്ള പോരാട്ടത്തിന് കരുത്തേകിയത്. 

വര്‍ഷങ്ങള്‍ക്കിപ്പുറം, ഈ മണ്ണില്‍ നില്‍ക്കുമ്പോള്‍ അകാലത്തില്‍ മറഞ്ഞുപോയ ധീരരായ 120 പട്ടാളക്കാരെ ഞാനെന്റെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യന്‍ സൈന്യം അന്ന് പിടിച്ചെടുത്ത ടാങ്കുകളില്‍ പലതും വലിയൊരു ചെറുത്തുനില്‍പ്പിന്റെ സ്മരണയ്ക്കായി ഈ യുദ്ധഭൂമിയില്‍ സൂക്ഷിക്കുന്നുണ്ട്. യുദ്ധാനന്തരം ദി ഇന്ത്യന്‍ എക്സ്പ്രസ്, പഞ്ചാബ് കേസരി, ഹിന്ദുസ്ഥാന്‍ ടൈംസ്, അമൃത്ബസാര്‍ പത്രിക എന്നിവയില്‍ വന്ന റിപ്പോര്‍ട്ടുകളും ഇന്ത്യന്‍ സൈനികര്‍ക്ക് നല്‍കിയ ആദരത്തിന്റെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഇവിടെയുണ്ട്. സേന ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, പോര്‍ട്ടബിള്‍ റേഡിയോ സെറ്റ്, ഇടത്തരം തോക്കുകള്‍, ചൈനീസ് റൈഫിള്‍, റോക്കറ്റ് പ്രോപല്ലഡ് ഗ്രെനേഡ്, സെല്‍ഫ് ലോഡിങ് റൈഫിള്‍, ആന്റി ടാങ്ക് റൗണ്ട്സ്, ആന്റി ടാങ്ക് മൈന്‍സ് ബൈനോകുലര്‍, ഹെല്‍മെറ്റുകള്‍, 1971-ലെ പഴയ ചിത്രങ്ങള്‍, ഇന്തോ-പാക് യുദ്ധത്തിന്റെ രൂപരേഖ എന്നിങ്ങനെ പോകുന്നു മറ്റ് കാഴ്ചകള്‍.

യുദ്ധഭൂമിയിലൂടെ നടന്ന് ഇന്ത്യയിലെ അവസാനത്തെ ബോര്‍ഡര്‍ കഫേയിലെത്തി. ഒരു സ്പെഷ്യല്‍ ചായ കുടിച്ച് ശേഷിക്കുന്ന കാഴ്ചകളിലേക്ക് കണ്ണോടിച്ചു. റോഡ് മുറിച്ചുകടന്ന് എതിര്‍വശത്തേക്ക് നടന്നാല്‍ കാത്തിരിക്കുന്നത് രക്തസാക്ഷികളുടെ ഓര്‍മകുടീരങ്ങളും ചരിത്രാവശിഷ്ടങ്ങളുമാണ്. എല്ലാം വിശദീകരിക്കാന്‍ ബി.എസ്.എഫ്. ഉദ്യോഗസ്ഥരുണ്ട്. ലോംഗേവാല സന്ദര്‍ശിച്ച് പുറത്തിറങ്ങിയപ്പോള്‍, നമ്മുടെ ദേശത്തിന്റെ കാവല്‍ക്കാരായ ഇന്ത്യന്‍സേനയുടെ ചിത്രമായിരുന്നു മനസ്സ് മുഴുവനും. അതിര്‍ത്തിയിലെ കൊടുംതണുപ്പിലും ചൂടിലും രാപകലില്ലാതെ ഉറക്കമിളച്ച്, ജീവന്‍ പണയംവെച്ച് ധീരതയോടെ നെഞ്ചുവിരിച്ച് അവരുണ്ട്. പ്രിയപ്പെട്ടവരേ, നിങ്ങളുടെ ത്യാഗമാണ് ഞങ്ങളുടെ സൗഖ്യം. മരുഭൂമിയില്‍നിന്നുള്ള മടക്കയാത്രയാണ് ഇനി. മ്യൂസിയത്തിന്റെ ഗേറ്റില്‍, വീശിയടിക്കുന്ന ചുടുകാറ്റില്‍ പാറിപ്പറക്കുന്ന ദേശീയപതാകയ്ക്കുതാഴെ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്, 'When you go home, Tell them of us and say, that for your tomorrow, we gave our today'