' എന്റെ കണ്ണുനീരാകരുത്, മുകുന്ദിന്റെ ധീരതയാകണം ലോകം കാണുന്നത്, മുകുന്ദ് ജീവിച്ചിരിക്കുന്നെങ്കില്‍ അശോകചക്ര വാങ്ങുന്നത് ഏറ്റവും അഭിമാനത്തോടെയായിരിക്കും, അതുതന്നെയേ ഞാനും ചെയ്തുള്ളൂ..'

To advertise here,

2015-ലെ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് തന്റെ ജീവിത പങ്കാളിയുടെ ധീരതയ്‌ക്ക് മരണാനന്തരം രാജ്യം നല്‍കിയ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര ഏറ്റുവാങ്ങിയശേഷം മലയാളികൂടിയായ ഇന്ദു റബേക്ക വര്‍ഗീസ് പറഞ്ഞ വാക്കുകളാണിത്. രാജ്യത്തിനായി തന്റെ യൗവ്വനം ബലി നല്‍കി 31-ാം വയസ്സില്‍ വീരമൃത്യു മരിച്ച മേജര്‍ മുകുന്ദിന്റെ ജീവിതം ഏതൊരിന്ത്യക്കാരനും ഇന്നും ആവേശമാണ്. രാജ്യത്തെ വെല്ലുവിളിക്കാന്‍ വന്ന ഒരുകൂട്ടം തീവ്രവാദികളെ തന്റെ ബുദ്ധിയും വൈഭവവും ഉപയോഗിച്ച് ഇല്ലാതാക്കിയ ശേഷമാണ് മേജര്‍ മുകുന്ദ് മരണത്തിന് കീഴടങ്ങിയത്.

കശ്മീരിന്റെ ആപ്പിള്‍ ടൗണ്‍ എന്നറിയപ്പെടുന്ന ഷോപിയാനില്‍ നടന്ന ആ പോരാട്ടവും മേജര്‍ മുകുന്ദിന്റെ ജീവിതവും അഭ്രപാളിയില്‍  ' അമരന്‍' എന്ന പേരില്‍ സിനിമയായി റിലീസിനൊരുങ്ങുമ്പോള്‍ അത് ആ രാജ്യസ്‌നേഹിക്കുള്ള ആദരമായി കൂടി മാറുമെന്നുറപ്പ്. പകരംവയ്ക്കാനില്ലാത്ത മേജര്‍ മുകുന്ദ് വരദരാജന്‍ എന്ന ധീരജവാന്റെ സൈനിക ജീവിതവും മുകുന്ദിന്റെയും ഇന്ദുവിന്റെയും പ്രണയവുമെല്ലാം കോളിവുഡില്‍ നിന്ന് രാജ്കുമാര്‍ പെരിയസാമി എന്ന സംവിധായകനാണ്‌ സ്‌ക്രീനിലേക്ക് എത്തിക്കുന്നത്. ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദായി എത്തുമ്പോള്‍ തെന്നിന്ത്യന്‍ ക്രഷ് സായ് പല്ലവിയാണ് ഇന്ദുവിന്റെ റോളില്‍ എത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങവേ മേജര്‍ മുകുന്ദിന്റെ ജീവിതം വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 

placeholder
മേജര്‍ മുകുന്ദ് വരദരാജനും ഭാര്യ ഇന്ദുവും
മേജര്‍ മുകുന്ദ് വരദരാജനും ഭാര്യ ഇന്ദുവും കുടുംബവും വിവിധ കാലഘട്ടങ്ങളില്‍

ആപ്പിള്‍ മരങ്ങളെ ചുവപ്പിച്ച പകല്‍... 

വര്‍ഷം 2014, ഷോപിയാനിലെ ആപ്പിള്‍ത്തോട്ടങ്ങളില്‍ ചോര പടര്‍ന്നകാലം, ഇന്ത്യയെ വെല്ലുവിളിക്കാനും കശ്മീരിനെ കൈപ്പിടിയിലാക്കാനും തീവ്രവാദികള്‍ ആയുധമേന്തി അതിര്‍ത്തി കടന്നെത്തിയ നാളുകള്‍. പ്രദേശവാസികളായ ജനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, സൈനികര്‍ അങ്ങനെ തങ്ങളെ ചോദ്യം ചെയ്തവര്‍ക്കെല്ലാം തോക്ക് കൊണ്ട് മറുപടിനല്‍കി തീവ്രവാദികള്‍ ചോരയുടെ പുതിയ കണക്കുകള്‍ കശ്മീരില്‍ പടര്‍ത്തികൊണ്ടേയിരുന്നു. ആ കാലത്താണ് രാഷ്ട്രീയ റൈഫിള്‍സ് റെജിമെന്റ് 44-മത് യൂണിറ്റിന്റെ ഭാഗമായി മേജര്‍ മുകുന്ദ് ഷോപിയാൻ ജില്ലയിലേക്ക് എത്തുന്നത്. തീവ്രവാദികളില്‍ നിന്നുള്ള വെല്ലുവിളി ഇല്ലാതാക്കുക, പ്രദേശത്ത് സമാധാനജീവിതം പുന:സ്ഥാപിക്കുക എന്നതായിരുന്നു രാജ്യം ആ സൈനിക വിഭാഗത്തെ അന്ന് ഏല്‍പ്പിച്ച കര്‍ത്തവ്യം. ഷോപിയാനിലെ സവോറയിലായിരുന്നു ബറ്റാലിയന്റെ ആസ്ഥാനം. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അമിത് സിങ്ങിന്റെ നേതൃത്വത്തില്‍ ഷോപിയാനെ കാക്കാന്‍ മേജര്‍ മുകുന്ദെത്തി.

placeholder
മേജര്‍ മുകുന്ദ് വരദരാജനും ഭാര്യ ഇന്ദുവും,
മേജര്‍ മുകുന്ദ് വരദരാജന്റെ പ്രതിമയ്ക്കരികില്‍ ഭാര്യ ഇന്ദുവും മകളും

പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന വിവിധ ഓപ്പറേഷനുകളില്‍ തന്റെ ബുദ്ധിയും ധൈര്യവും കൊണ്ട് മേജര്‍ മുകുന്ദ് ശ്രദ്ധനേടി. 2014 ഏപ്രില്‍ 25, കശ്മീരില്‍ ആ പകലിന് ചൂടുകുടുതലായിരുന്നു,  കാരണം അതിന്റെ തലേന്നാണ് ഒരുകൂട്ടം തീവ്രവാദികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിഷ്‌കരുണം കൊലപ്പെടുത്തിയത്. കശ്മീരിന്റെ അസ്വസ്ഥതയ്ക്ക് അതോടെ വീണ്ടും ചൂടുപിടിച്ചിരുന്നു. ഏപ്രില്‍ 25, ആ പകലില്‍ ഇന്റലിജന്‍സില്‍ നിന്ന് രാഷ്ട്രീയ റൈഫിള്‍സ് റെജിമെന്റ് 44-ലേക്ക് അറിയിപ്പെത്തി. ഷോപിയാനിലെ ക്വാസിപത്രി ഗ്രാമത്തിലെ ആപ്പിള്‍ തോട്ടങ്ങളിലൊന്നില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയടക്കും കൊടുഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന്. ഇന്റലിജന്‍സ് നല്‍കിയ വിവരം ആ ഗ്രാമത്തില്‍ തങ്ങളുടെ ഏജന്റുവഴി സൈന്യം ഒന്നുകൂടി ഉറപ്പിച്ചു. ഏജന്റും വിവരം സ്ഥിരീകരിച്ചതോടെ മിനുട്ടുകള്‍ക്കം ഓപ്പറേഷന്‍ ടീം രൂപീകരിച്ചു. മേജന്‍ മുകുന്ദിനെ ടീം ലീഡാക്കി കമാന്‍ഡിങ് ഓഫീസര്‍ സൈനിക സംഘത്തെ പ്രദേശത്തേക്ക്‌ അയച്ചു. തലേന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വധിച്ചതും സമാന തീവ്രവാദികളാണെന്ന വിവരവും അതിനകം ഇന്‍ലിജന്‍സ് കൈമാറിയിരുന്നു. 30 മിനുട്ടിനകം മേജര്‍ മുകുന്ദും സംഘവും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന ആപ്പിള്‍ തോട്ടത്തിലെ വീടിനരികിലെത്തി. 

കഴുത്ത് തുളച്ച വെടിയുണ്ട... 

ഇരുനില വീടും അതിന്റെ ഇരുവശത്തായി രണ്ട് ഔട്ട് ഹൗസുകളുമാണ് ആപ്പിള്‍തോട്ടത്തില്‍ ഉണ്ടായിരുന്നത്‌. തന്റെ സംഘത്തെ രണ്ടുപേര്‍ വീതമുള്ള ടീമുകളാക്കി വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മേജര്‍ മുകുന്ദ് വിന്യസിച്ചു. സൈന്യം വീട് വളഞ്ഞെന്ന് തിരിച്ചറിഞ്ഞ അല്‍ത്താഫ് വാനിയും സംഘവും വെടിയുതിര്‍ത്ത് സൈന്യത്തെ വെല്ലുവിളിക്കാന്‍ തുടങ്ങി. മറവുകളില്‍ നിന്ന് തിരിച്ചും സൈനികര്‍ വെടുയുതിര്‍ത്തു. ഒരുമണിക്കൂര്‍ ഈ വെടിവയ്പ്പ് നീണ്ടു. അടച്ചിട്ട വീടിന്റെ ഉള്ളില്‍ സുരക്ഷിതരായി നില്‍ക്കുന്ന ഭീകരരെ പുറത്തെത്തിക്കാന്‍ മറവില്‍ നിന്നുള്ള ആ വെടിവയ്പ്പ് ഗുണം ചെയ്യില്ലെന്ന് മേജര്‍ മുകുന്ദിന് അറിയാമായിരുന്നു. മേജര്‍ മുകുന്ദും സഹസൈനികനായ വിക്രം സിങ്ങും സൈനികരെ വെല്ലുവിളിച്ച് വീടിന്റെ പ്രധാനവാതിലിന് മുന്നിലേക്ക് കയറിവന്നു. മറ്റ് സൈനികര്‍ അവര്‍ക്ക് സപ്പോര്‍ട്ടിങ് ഫയര്‍ നല്‍കി. നിമിഷങ്ങള്‍ക്കം വീടിന്റെ വാതിലില്‍ സ്‌ഫോടക വസ്തു മേജര്‍ മുകുന്ദ് സ്ഥാപിച്ചു. ശേഷം വെടിയുതിര്‍ത്ത് വാതില്‍ തകര്‍ത്തു.

വീടിന് മുന്നിലേക്ക് സൈനികര്‍ ഇരച്ചുകയറി. അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഭീകരര്‍ വിറച്ചു. നിമിഷങ്ങള്‍ക്കം ഒരുഭീകരന്‍ മേജര്‍ മുകുന്ദിന്റെ വെടിയുണ്ടയേറ്റ് നിലംപതിച്ചു. ബാക്കിയുള്ള രണ്ട് ഭീകരര്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞുകൊണ്ട് ഔട്ട്ഹൗസിലേക്ക് നീങ്ങി. ഈ നീക്കം തിരിച്ചറിഞ്ഞ മേജര്‍ മുകുന്ദ് അടുത്ത നിമിഷം ഒരുഗ്രനേഡ് ഔട്ട്ഹൗസിനുള്ളിലേക്ക് എറിഞ്ഞു. സെക്കന്‍ഡുകള്‍ കൊണ്ട് ഔട്ട്ഹൗസ് തരിപ്പണമായി. ഒരുഭീകരന്‍ കൂടി മരിച്ചുവീണു. എന്നാല്‍ ഭീകരരുടെ തലവനായ അല്‍ത്താഫ് വാനി ഔട്ട് ഹൗസിനരികില്‍ നിന്ന് വിക്രം സിങ്ങിന് നേരെ വെടിയുതിര്‍ത്ത് ആപ്പിള്‍ത്തോട്ടത്തിലേക്ക് മറഞ്ഞു. വാനിയുടെ അപ്രതീക്ഷിത പ്രത്യാക്രമണം വിക്രം സിങ്ങിന്റെ ജീവനെടുത്തു. കഴുത്തിലും മുഖത്തുമാണ് വെടിയേറ്റത്. ആപ്പിള്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന വാനിയെ നിമിഷങ്ങള്‍ക്കം മേജര്‍ മുകുന്ദും ടീമും വളഞ്ഞു. ആപ്പിള്‍ മരത്തിന്റെ മറവില്‍ നിന്ന് അല്‍ത്താഫ് വാനി വെടിയുതിര്‍ത്തുകൊണ്ടേയിരുന്നു. 

വാനിയുമായി നേര്‍ക്കുനേര്‍... 

ആപ്പിള്‍ മരങ്ങളുടെ മറവിലിരുന്ന മേജര്‍ മുകുന്ദ്‌ മറ്റ് സൈനികരോട് കുറച്ച് സമയത്തേക്ക് വെടിനിര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. അപ്പോഴാണ് മുകുന്ദ് ഒരുകാര്യം ശ്രദ്ധിച്ചത്. ഓട്ടോമാറ്റിക്ക് മെഷീന്‍ ഗണ്‍ ഉപയോഗിക്കുന്ന വാനി തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നില്ല. ഇടവേള എടുത്താണ് വെടിയുതിര്‍ക്കുന്നത്. വാനിയുടെ തോക്കില്‍ ബുള്ളറ്റുകള്‍ പരിമിതമാണെന്നും അതിനാല്‍ മാനുവല്‍ മോഡിലേക്ക് മാറ്റിയാണ് വെടിവയ്ക്കുന്നതെന്നും മുകുന്ദിന് മനസ്സിലായി. മുകുന്ദ് കാത്തിരുന്നു, നിമിഷങ്ങള്‍ക്കകം വാനിയുടെ തോക്ക് നിലച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിന്ന് മറ്റ് സൈനികര്‍ മുകുന്ദിലേക്ക് നോക്കി. വാനിയുടെ ബുള്ളറ്റുകള്‍ കഴിഞ്ഞെന്ന് ഉറപ്പായ ആ സെക്കന്‍ഡില്‍ മേജര്‍  അറ്റാക്കിങ് നിര്‍ദ്ദേശം നല്‍കി. വാനിയ്ക്ക്‌ സെക്കന്‍ഡുകള്‍കൊണ്ട് മേജര്‍ മുകുന്ദ് മരണടിക്കറ്റ് നല്‍കി. വാനിയുടെ ശരീരം മുകുന്ദും ടീമും ബുള്ളറ്റുകള്‍ കൊണ്ട് നിറച്ചു. ഓപ്പറേഷന്‍ വിജയകരമായ സന്തോഷത്തില്‍ സൈന്യം വിജയഭേരി മുഴക്കി. 

ആദരത്തിന് കാത്തുനില്‍ക്കാതെ...

ഓപ്പറേഷന്‍ വിജയിച്ച് നില്‍ക്കുന്ന ആ നിമിഷത്തിലാണ് മേജര്‍ മുകുന്ദ് തന്റെ ശരീരത്തില്‍ മൂന്ന് ബുള്ളറ്റുകള്‍ ഏറ്റെന്ന് പറയുന്നത്. തുടര്‍ച്ചയായ വെടിവയ്പ്പിനിടെ എപ്പോഴോ ശരീരത്തില്‍ തറച്ച ആ ബുള്ളറ്റുകള്‍ മുകുന്ദിനെ തളര്‍ത്തി. നിമിഷങ്ങള്‍ക്കകം മുകുന്ദ് ബോധംകെട്ടുവീണു. മേജര്‍ മുകുന്ദിനെ ഉടന്‍ ശ്രീനഗറിലെ ആര്‍മി ബേസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്റെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി 31-ാം വയസ്സില്‍ മേജര്‍ മുകുന്ദ് രക്തസാക്ഷിയായി.

placeholder
മേജര്‍ മുകുന്ദ് വരദരാജനും
മേജര്‍ മുകുന്ദ് വരദരാജന്റെ മൃതദേഹവുമായി സൈനികര്‍

അദ്ദേഹം കാണിച്ച ധീരതയ്ക്കും രാജ്യത്തിന് നല്‍കിയ സംഭാവനയ്ക്കും ആദരമായി രാജ്യത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നല്‍കി  അദ്ദേഹത്തെ ആദരിച്ചു. 2015-ലെ റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തില്‍ മേജര്‍ മുകുന്ദിന്റെ ജീവിത പങ്കാളി ഇന്ദു റബേക്ക വര്‍ഗീസ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് അശോക ചക്ര സ്വീകരിച്ചു.

അന്ന് ഒരുതുള്ളികണ്ണുനീര്‍ പൊടിക്കാതെ അഭിമാനത്തോടെ തലയയുര്‍ത്തി പിടിച്ച് ഇന്ദു ആ അശോകചക്ര തന്റെ മാറോട് അടുപ്പിച്ചു. അന്ന് ഇന്ദുകാണിച്ച ആത്മവിശ്വാസത്തിന് ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണ് കൈയടിച്ചത്. 

കോഴിക്കോട് ടു കാശ്മീര്‍...

1983 ഏപ്രില്‍ 12-ന് കോഴിക്കോടാണ് ആര്‍.വരദരാജന്റെയും ഗീതയുടെയും മകനായി മുകുന്ദ് ജനിച്ചത്. പിന്നീടുള്ള ജീവിതവും വിദ്യാഭ്യാസവുമെല്ലാം തമിഴ്‌നാട്ടിലായിരുന്നു. കൊമേഴ്‌സില്‍ ബിരുദവും പിന്നീട് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയ ശേഷമാണ് മുകുന്ദ് രാജ്യസേവനത്തിന്റെ വഴിയിലേക്ക് നടന്നത്. മുകുന്ദിന്റെ മുത്തച്ഛന്‍, രണ്ട് അമ്മാവന്‍മാര്‍ എന്നിവര്‍ സൈന്യത്തിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് സൈനികനാകണമെന്ന മോഹം മുകുന്ദില്‍ ജനിപ്പിച്ചത്. 2005-ല്‍ സൈനിക പരിശീലനത്തിനെത്തിയ മുകുന്ദ് 2006-ല്‍ ലൈഫനന്റായി 22 രജ്പുത് ബറ്റാലിയനില്‍ സേവനം ആരംഭിച്ചു. ഒമ്പത് വര്‍ഷം പ്രണയിനിയായ ഇന്ദുവിനെ മുകുന്ദ് ജീവിതസഖിയാക്കിയത് 2009 ഓഗസ്റ്റ് 28-നാണ്. 2011 മാര്‍ച്ച് 17-ന് ഇന്ദുവിന്റെയും മുകുന്ദിന്റെയും ജീവിതത്തിലേക്ക് ഒരുപെണ്‍കുഞ്ഞ് അതിഥിയായെത്തി. മുകുന്ദ് മരിക്കുമ്പോള്‍ മകള്‍ക്ക് മൂന്ന് വയസ്സായിരുന്നു പ്രായം. 

placeholder
ശിവകാര്‍ത്തികേയനും അമരനില്‍
അമരനില്‍ ശിവകാര്‍ത്തികേയന്‍

ഇനി 'അമരന്‍'.. 

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രമാണ് അമരന്‍. ശിവകാര്‍ത്തികേയനാണ് മുകുന്ദ് വരദരാജനായി ചിത്രത്തിലെത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം രാജ്കുമാര്‍ പെരിയ സ്വാമിയാണ് സംവിധാനം ചെയ്യുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലം പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31-നാണ് തിയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കശ്മീരിലടക്കം ചിത്രികരിച്ച അമരന്‍ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ്. ചിത്രത്തിനായി വിവിധ രീതിയിലുള്ള ശാരീരിക മാറ്റങ്ങള്‍ ശിവകാര്‍ത്തിയേകന്‍ നടത്തിയിരുന്നു.