ഓണത്തിന് നഗരത്തില്‍ പുലിയിറങ്ങുന്ന ലോകത്തിലെ ഏക നാടായ മ്മടെ തൃശ്ശൂരില്‍ ബസിറങ്ങുമ്പോള്‍ സൂര്യന്‍ തലയ്ക്കുമീതേ നിന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു. നഗരത്തിനകത്ത് മാത്രമല്ല പുറത്തും നല്ല ഒറിജിനല്‍ പുലിയും ആനയും കടുവയുമൊക്കെ ഇറങ്ങുന്ന കാടകങ്ങളുണ്ട് തൃശ്ശൂരില്‍. കാട്ടിലെ കാഴ്ചകളും ഡാമിലെ ഉല്ലാസവും നിറയുന്ന അല്പം സ്പെഷ്യലായ ചിമ്മിനിയിലേക്കാണ് ഈ യാത്ര. മഴമേഘങ്ങള്‍ പരന്നുതുടങ്ങിയതോടെ ഉച്ചവെയില്‍ എങ്ങോ പോയി ഒളിച്ചു.

റൗണ്ടിനടുത്തുള്ള ഭാരത് ഹോട്ടലില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച് ബസ്സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഗൂഗിള്‍ മാപ്പില്‍ ചിമ്മിനിയിലേക്കുള്ള ദൂര, സമയ സൂചിക നോക്കി. 40 കി.മീ., ഒരുമണിക്കൂറിലധികം നീളുന്ന യാത്ര. സ്വകാര്യബസുകളാണ് വരന്തരപ്പിള്ളി, പാലപ്പിള്ളി, ചിമ്മിനി റൂട്ടില്‍ സര്‍വീസ് നടത്തുന്നവയില്‍ ഭൂരിഭാഗവും. ചിമ്മിനിയിലേക്ക് നേരിട്ടുള്ള ബസുകള്‍ കുറവാണെങ്കിലും തൊട്ടടുത്ത അങ്ങാടിയായ പാലപ്പിള്ളിയിലേക്ക് ബസ് സര്‍വീസുകളുണ്ട്. മൂന്നുമണിക്ക് സ്റ്റാന്‍ഡില്‍നിന്ന് ചിമ്മിനി ഡാമിലേക്ക് പുറപ്പെടുന്ന ബസ് തന്നെ കിട്ടി. 

നഗരവീഥികള്‍ പിന്നിട്ട് ബസ് ആമ്പല്ലൂരെത്തിയപ്പോള്‍ വരന്തരപ്പിള്ളി, ചിമ്മിനി റോഡിലേക്ക് തിരിഞ്ഞു. വരന്തരപ്പിള്ളി പിന്നിട്ടാല്‍ റോഡിനിരുവശവും നിറയുന്നത് റബ്ബര്‍ പ്ലാന്റേഷനുകളും റബ്ബര്‍സംസ്‌കരണ ഫാക്ടറികളുമൊക്കെയാണ്. തോട്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുണ്ട്. പാലപ്പിള്ളി അങ്ങാടിയാണ് ചിമ്മിനിയിലേക്കുള്ള സ്വാഗതകവാടം. ബസിലെ ഭൂരിഭാഗം യാത്രക്കാരും ഇവിടെ ഇറങ്ങും. ചിമ്മിനി ഡാം റോഡിലൂടെ യാത്ര ആരംഭിച്ചാല്‍ ആദ്യഭാഗത്ത് പ്ലാന്റേഷന്‍ കാഴ്ചകളുടെ തുടര്‍ച്ചതന്നെയാണ്. മലമടക്കുകളില്‍ റബ്ബര്‍മരങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഇരുവശത്തും പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞ മലഞ്ചെരിവുകള്‍ തുറന്നുകിടന്നു. ആ പച്ചപ്പിന്റെ ഒത്തനടുവിലൂടെ പാതിരാക്കാറ്റേറ്റുള്ള ബസ് യാത്ര ഹൃദയസ്പര്‍ശിയായ അനുഭവമാണ്. എച്ചിപ്പാറയാണ് ചിമ്മിനിക്കുമുന്‍പുള്ള അവസാനത്തെ അങ്ങാടി. ചെറിയ കടകളും തൊഴിലാളി ലയങ്ങളുമെല്ലാം നിറഞ്ഞ എച്ചിപ്പാറ, സിനിമകളില്‍ കണ്ടുമറന്ന ചില നാട്ടങ്ങാടികളെ ഓര്‍മിപ്പിച്ചു. എച്ചിപ്പാറ കഴിഞ്ഞാല്‍ പിന്നെ നേരേ ചിമ്മിനിയുടെ ഹൃദയത്തിലേക്കാണ് കുതിപ്പ്. 

ചെക്‌പോസ്റ്റില്‍ സലാംപറഞ്ഞ് ബസ് കാടിനകത്തേക്ക് കയറി. ഒരുവശത്ത് കാടും മറുവശത്ത് റബ്ബര്‍ പ്ലാന്റേഷനും. റോഡരികില്‍ വനംവകുപ്പിന്റെ ഓഫീസുകളും കാണാം. ഡാം വ്യൂപോയിന്റിനടുത്ത പാര്‍ക്കിങ് ഏരിയയിലാണ് ബസിന്റെ അവസാന സ്റ്റോപ്പ്. തണുപ്പ് മെല്ലെ പുതഞ്ഞുതുടങ്ങിയതിനാല്‍ ബസിറങ്ങിയ ഉടന്‍ ചായയും ബ്രെഡ് ഓംലെറ്റും അകത്താക്കി. ചിമ്മിനിയിലെത്തിയ വിവരം വീട്ടില്‍ പറയാമെന്ന് കരുതി മൊബൈല്‍ പുറത്തെടുത്തപ്പോള്‍ പണി പാളിയെന്ന് മനസ്സിലായി. ബി.എസ്.എന്‍.എല്‍. ഒഴികെയുള്ള മൊബൈല്‍ സര്‍വീസ് ദാതാക്കള്‍ക്കൊന്നും ചിമ്മിനി വനത്തിനുള്ളില്‍ റേഞ്ചില്ല. എന്റെ വിഷമം കണ്ട ചായക്കടക്കാരന്‍ ചേട്ടന്‍ പുള്ളിക്കാരന്റെ മൊബൈല്‍ തന്നു. വൈകുന്നേരം ആറുമണിവരെ മാത്രമേ ഡാം വ്യൂ പോയിന്റില്‍ ചായക്കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളൂ. പിന്നീട് അവിടങ്ങളെല്ലാം കാട്ടുകൊമ്പന്മാരുടെ വിഹാരകേന്ദ്രമാകും.

അധികം വൈകിയില്ല, ഞങ്ങളെയും തേടി വനംവകുപ്പ് അധികൃതരെത്തി, അവര്‍ക്കൊപ്പം താമസസ്ഥലത്തേക്ക്. ഫോറസ്റ്റ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലാണ് താമസം. കാടിന്റെ മടിത്തട്ടില്‍ നിശ്ശബ്ദമായി തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടം. പിറ്റേദിവസമാണ് കാടും മേടും കാണാന്‍ തീരുമാനിച്ചതെങ്കിലും ഒരു ട്രെയ്ലറെന്നപോലെ വൈകുന്നേരംതന്നെ ഇക്കോ പോയിന്റിലേക്കിറങ്ങി. ഇക്കോ പോയിന്റിന് അടുത്തുതന്നെയാണ് ഔഷധോദ്യാനം. നക്ഷത്രവനവും ശലഭോദ്യാനവുമെല്ലാം ഇവിടെ സഞ്ചാരികളെയും കാത്തിരിക്കുന്നുണ്ട്. 

placeholder
കാട്ടിലൂടെയുള്ള സൈക്കിള്‍ സവാരിയും ചൂരത്തള വെള്ളച്ചാട്ടവും

കുട്ടവഞ്ചിയില്‍ 

ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ഒരുപിടി വിനോദങ്ങള്‍ ചിമ്മിനി സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അവയില്‍ സ്‌പെഷ്യല്‍ കുട്ടവഞ്ചി യാത്രതന്നെ. പത്തനംതിട്ടയിലെ അടവി കഴിഞ്ഞാല്‍ കേരളത്തില്‍ കുട്ടവഞ്ചി സവാരിയുള്ള ഏക ടൂറിസ്റ്റ് കേന്ദ്രം ചിമ്മിനിയാണ്. കോടപൊതിയുന്ന ചിമ്മിനി ഡാമിലൂടെ സഞ്ചാരികള്‍ക്ക് കാടിന്റെയും മലയുടെയും കാഴ്ചകള്‍ നുകര്‍ന്ന് യഥേഷ്ടം സഞ്ചരിക്കാം. ഒരു വഞ്ചിയില്‍ നാലുപേര്‍ക്കാണ് പ്രവേശനം. ലൈഫ് ജാക്കറ്റ് അടക്കം എല്ലാവിധ സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അധികം താമസിക്കാതെ ഞങ്ങള്‍ ഇരിപ്പിടം സ്വന്തമാക്കി. ആദ്യ കുട്ടവഞ്ചിയാത്രയുടെ എല്ലാ കൗതുകവും ഉള്ളതുകൊണ്ട് ഒരല്പം ഉള്‍ഭയത്തോടെയാണ് ഇരുന്നത്. എന്നാല്‍ തീരത്തുനിന്ന് ഡാമിന്റെ മാറിലേക്ക് നിതിന്‍ വഞ്ചി തുഴഞ്ഞപ്പോള്‍ ആ ഭയമെല്ലാം പമ്പകടന്നു. ഒരഭ്യാസിയെപ്പോലെ അതിവേഗം നിതിന്‍ വഞ്ചി ഡാമിന്റെ മറുതീരത്തേക്ക് തുഴഞ്ഞു. 

ഡാമിലേക്ക് വെള്ളംകുടിക്കാനായി ഇറങ്ങിവരുന്ന മ്ലാവ്, കാട്ടുപോത്ത്, ആന എന്നിവയെയെല്ലാം ഭാഗ്യമുണ്ടെങ്കില്‍ ഈ യാത്രയ്ക്കിടെ തന്നെ കണ്ടുമുട്ടാം. ഡാമിന്റെ നടുക്ക് കുട്ടവഞ്ചികളില്‍ കുടുംബമായും സുഹൃത്തുക്കളായും വന്നവര്‍ കാഴ്ചകള്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കുന്നത് കണ്ടതും അവരും ആവേശഭരിതരായി. തുഴ വെള്ളത്തില്‍ കുത്തി വഞ്ചി വട്ടംകറക്കി ആ ആവേശത്തിന് തുഴച്ചിലുകാരും പിന്തുണ നല്‍കി. വൈകുന്നേരമായതിനാല്‍ കോട ഡാമിനെ പൊതിഞ്ഞുനില്‍ക്കുന്നുണ്ട്. ദൂരക്കാഴ്ചകളൊന്നും വ്യക്തമല്ല. 

വെളിച്ചം കുറഞ്ഞുതുടങ്ങിയതോടെ വഞ്ചി തിരികെ തീരം തൊട്ടു. പിന്നെ ഡാം വ്യൂപോയിന്റ് ഏരിയയിലൂടെ കാല്‍നടയാത്ര. ഡാം ജലസേചന വകുപ്പിന്റെ കീഴിലാണെങ്കില്‍ ബാക്കി പ്രദേശങ്ങളെല്ലാം വനംവകുപ്പിന്റെ അധികാരപരിധിയിലാണ്. മുക്കാല്‍ ഭാഗം മണ്ണും ബാക്കി കോണ്‍ക്രീറ്റും കൊണ്ടാണ് ചിമ്മിനി ഡാം പണിതിരിക്കുന്നത്. ചിമ്മിനി പുഴയുടെ കുറുകേയാണ് ഡാം. വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന ഡാമിന്റെ മൂവന്തിക്കാഴ്ച മനംകവരുന്നത് തന്നെ. താഴെ ഭാഗത്തേക്ക് നടന്നിറങ്ങിയപ്പോള്‍ ഷട്ടറുകള്‍ക്കിടയിലൂടെ ചെറിയ രീതിയില്‍ വെള്ളം പുറത്തേക്ക് ചാടുന്നുണ്ട്. 

മമ്മൂട്ടി നായകനായ 'ജവാന്‍ ഓഫ് വെള്ളിമല' എന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ചിമ്മിനി ഡാമിലാണ്. ഇരുട്ടിന് കനംകൂടി വന്നതോടെ കാല്‍നടയാത്ര അവസാനിപ്പിച്ച് ബംഗ്ലാവിലേക്ക് മടങ്ങി. കാടിന്റെ നിശ്ശബ്ദത മുറിച്ച് മ്ലാവിന്റെയും മാനിന്റെയുമെല്ലാം ശബ്ദം മുഴങ്ങുന്നുണ്ട്. വൈല്‍ഡ് ലൈഫ് വാച്ചര്‍മാരായ അജിത്ത്, കുമാര്‍ എന്നിവരെല്ലാം കാടിന്റെയും ഡാമിന്റെയും വിശേഷങ്ങളും അവരുടെ ജോലിക്കിടയിലെ അനുഭവങ്ങളുമൊക്കെ പറഞ്ഞ് രാത്രിയെ സുന്ദരമാക്കി. നീണ്ടുപോയ വര്‍ത്തമാനങ്ങള്‍ക്കിടെ കാട് ഇരുട്ടിന്റെ കരിമ്പടം പുതച്ചു. 

ചൂരത്തളയിലെ വെള്ളിക്കൊലുസ്..

ആറ് മണിക്ക് ചിമ്മിനിയുടെ പ്രഭാതത്തിലേക്ക് ഉണര്‍ന്നെഴുന്നേറ്റു. ഡാമിന്റെ തീരത്തെ പുലര്‍കാല കാഴ്ചകള്‍ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടെങ്കിലും കോട വീണ്ടും കാഴ്ചകളെ മറച്ചു. തിരിച്ചുവന്ന് ഒരു ചൂടുചായ അകത്താക്കിയപ്പോഴേക്കും സൈക്കിള്‍സവാരി സംഘമെത്തി. അവര്‍ക്കൊപ്പമാകാം കാട്ടിലേക്കുള്ള സവാരിയെന്ന് വാച്ചര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങളും സൈക്കിളിലേറി. കാട്ടുപാതയിലൂടെ ഒന്നരമണിക്കൂര്‍ നീളുന്നതാണ് സൈക്കിള്‍ സഫാരി.

പാതയുടെ ഒരുഭാഗത്ത് ചിമ്മിനി ഡാം കൂട്ടുപോരുമ്പോള്‍ മറുഭാഗത്ത് നിറയുന്നത് കാടാണ്. ഫോട്ടോ എടുത്തും കുശലം പറഞ്ഞുമെല്ലാം റൈഡര്‍മാര്‍ സഫാരിയുടെ ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ട്. സൈക്കിള്‍സവാരിയുടെ ഫിനിഷിങ് പോയിന്റില്‍നിന്ന് അല്പദൂരം കാട് കയറിയാല്‍ ചൂരത്തള വെള്ളച്ചാട്ടമുണ്ട്. ഫഹദ് ഫാസില്‍ നായകനായ 'കാര്‍ബണ്‍' സിനിമയുടെ പ്രധാന ലൊക്കേഷനായിരുന്നു ഈ വെള്ളച്ചാട്ടം. നടുഭാഗത്തേക്ക് സഞ്ചാരികള്‍ക്ക് ഇറങ്ങാന്‍ സാധിക്കുമെന്നതാണ് വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. 

ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള യാത്ര അപൂര്‍വമായ അനുഭവംതന്നെ. മുതിര്‍ന്ന ഫോറസ്റ്റര്‍ സത്യപാലന്‍ചേട്ടന്‍ വെള്ളച്ചാട്ടത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. അവിടെനിന്നിറങ്ങി കാടിനുള്ളിലേക്ക് നടത്തം തുടര്‍ന്നു. ഇരുഭാഗത്തും കുടവിരിക്കുന്ന പച്ചമരത്തണലിലൂടെ നടന്ന് ഡാമിലേക്കുള്ള നീരുറവയിലേക്ക് ഇറങ്ങി. കൈക്കുമ്പിളില്‍ വെള്ളമെടുത്ത് മുഖത്തേക്ക് കുടഞ്ഞപ്പോള്‍ ക്ഷീണമെല്ലാം പമ്പകടന്നു. പീച്ചി വൈല്‍ഡ്ലൈഫ് ഡിവിഷന്റെ ഭാഗമാണ് ചിമ്മിനി വന്യജീവിസങ്കേതം. ആനമുടി എലിഫന്റ് റിസര്‍വില്‍ ഉള്‍പ്പെടുന്ന വന്യജീവിസങ്കേതംകൂടിയാണിത്. 250-ഓളം ചെറുതും വലുതുമായ ജലപ്രവാഹങ്ങള്‍ ചിമ്മിനി വന്യജീവിസങ്കേതത്തിലുണ്ട്. കാടിന് അകത്തെ കാഴ്ചകള്‍ ആസ്വദിച്ചശേഷം കാടിറങ്ങി, ഇക്കോ ടൂറിസം സെന്ററിന്റെ അരികില്‍ ഞങ്ങളെയും കാത്ത് റേഞ്ച് ഓഫീസര്‍ അജയ് കുമാർ നില്‍ക്കുന്നുണ്ടായിരുന്നു. 

ആനപ്പോരും പാണ്ടിമുടിയും

വനംവകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ ബോട്ടില്‍ ഡാമിലൂടെ നടത്തിയ സ്പെഷ്യല്‍ യാത്ര അപ്രതീക്ഷിത അനുഭവമായിരുന്നു. ചിമ്മിനി പുഴ വരുന്ന വഴിയിലും കാടിന്റെ വിവിധ തീരങ്ങളുമെല്ലാം ആ യാത്രയില്‍ ചെന്ന് തൊട്ടു. മാനും മ്ലാവും കാട്ടുപോത്തുമടക്കം ഡാമിലേക്ക് വെള്ളം കുടിക്കാനെത്തിയ കുറച്ച് മൃഗങ്ങളെയും കണ്ടു. കാടിനുള്ളിലെ ക്യാമ്പിങ് സൈറ്റുകള്‍ പലതും കോവിഡ്കാലത്തിനുശേഷം പുനര്‍നിര്‍മാണപാതയിലാണ്. മാന്‍കുഴി ട്രീ ടോപ്പ് ഹട്ട്, ആനപ്പോരിലെ ഇക്കോ ലോഡ്ജിങ്ങുമെല്ലാം സന്ദര്‍ശിച്ചു.  

ഡാമിനെ ചുറ്റി നില്‍ക്കുന്ന മലകളില്‍ ഏറ്റവും തലയെടുപ്പുള്ളത് പാണ്ടിമുടിക്കാണ്. സമുദ്രനിരപ്പില്‍നിന്ന് 1116 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പാണ്ടിമുടിയിലെത്താന്‍ കാല്‍നടയായി മണിക്കൂറുകളോളം സഞ്ചരിക്കണം. ബോട്ട്യാത്രയ്ക്കുശേഷം പോയത് വനവിഭവ ഉത്പന്ന സംസ്‌കരണ വിപണന കേന്ദ്രത്തിലേക്കാണ്. ആദിവാസി വനിതാ കൂട്ടായ്മയില്‍ വനത്തില്‍നിന്ന് ശേഖരിക്കുന്ന വിഭവങ്ങള്‍കൊണ്ട് നിര്‍മിക്കുന്ന കുന്തിരിക്കത്തിരിയും പ്രത്യേക തേനുമെല്ലാമാണ് ഇവിടെ വിപണനംചെയ്യുന്നത്. രണ്ട് പാക്കറ്റ് കുന്തിരിക്കത്തിരിയും ഒരു കുപ്പി തേനും ചിമ്മിനിയുടെ ഓര്‍മയ്ക്കായി ബാഗില്‍ കരുതി. 
ഇനി തിരിച്ചിറക്കമാണ്, ഒരു വൈകുന്നേരംകൂടി അസ്തമയത്തിനായി കാത്തുനില്‍ക്കുകയാണ്. ചിമ്മിനി ഇക്കോ പോയന്റിലേക്ക് യാത്രികരുമായി കൂടുതല്‍ വാഹനങ്ങള്‍ ഇരമ്പിക്കൊണ്ട് പായുന്നുണ്ട്. ഡാം വ്യൂപോയിന്റിന്റെ പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് ബാഗുമായി ഞങ്ങള്‍ തിരികെ നടന്നു. 

ഞങ്ങളോട് യാത്രപറയാനെന്നവണ്ണം ഒരു പാതിരാക്കാറ്റ് വീശി, ആ കാറ്റില്‍ വഴിയിലെ മരങ്ങളിലെ ഇലകള്‍ ചിലത് കൊഴിഞ്ഞു, എങ്ങുനിന്നോ ഒരു മ്ലാവ് ശബ്ദമുണ്ടാക്കി ഓടിമറഞ്ഞു. വഴിയരികിലെവിടെയെങ്കിലും ഒരു ഒറ്റക്കൊമ്പന്‍ ദര്‍ശനം നല്‍കുമെന്ന പ്രതീക്ഷയോടെയാണ് ഞാന്‍ വിന്‍ഡോ സീറ്റില്‍ ഇരിപ്പുറപ്പിച്ചത്, ഇമ ചിമ്മാതെ നോക്കെത്താദൂരത്തേക്ക് കണ്ണുംനട്ടിരിക്കുന്ന സമയത്ത് ബസ് ചിമ്മിനിയുടെ കവാടം കടന്ന് തൃശ്ശൂരേക്ക് കുതിച്ചു.