''ചെറുക്കനിക്ക് ഭ്രാന്താണ്, 83 വയസ്സുള്ള അമ്മച്ചി തനി നാവായിക്കുളം സ്‌റ്റൈലില്‍ ഉറപ്പിച്ചു കഴിഞ്ഞു. അമേരിക്കയിലെ തണുപ്പ് പോരാഞ്ഞിട്ടാണ് ഇനി ഡിസംബറില്‍ ഐസ്ലന്‍ഡില്‍ പോകുന്നത്. ഇത് അതുതന്നെ, നട്ടപ്രാന്ത്...''അറോറ ബോറിയാലിസ് എന്ന വട്ടപ്പേരുള്ള നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാനാണ് ഈ യാത്ര. ധ്രുവപ്രദേശങ്ങളിലെ ശൈത്യകാലങ്ങളില്‍ മാത്രമേ അത് കാണാന്‍ പറ്റൂ എന്ന് അമ്മച്ചിക്കറിയില്ലല്ലോ. അമ്മച്ചിക്കുള്ള മറുപടി ഒരു ചിരിയിലൊതുക്കി ഫോണ്‍ വെച്ചു.

യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളില്‍ മുഴുകി. കൂടെ എന്റെ പാര്‍ട്ണര്‍ ക്രിസ്റ്റിനുമുണ്ട്. യൂറോപ്പിലേക്കുള്ള മൂന്നാമത്തെ യാത്രയാണെങ്കിലും കഴിഞ്ഞയാഴ്ചത്തെ ഐസ്‌ലന്‍ഡ് വാര്‍ത്തകളും വിന്റര്‍ ഡ്രൈവിങ് പ്രശ്‌നങ്ങളുമൊക്കെ ചേര്‍ന്ന് ഒരു പിരിമുറുക്കമുണ്ട് ഉള്ളില്‍.

യാത്രകളിലെന്നും ലോ കോസ്റ്റ് എയര്‍ലൈന്‍സിനോടുള്ള പ്രണയം ഇത്തവണയും തെറ്റിച്ചില്ല. പ്ലേ എയര്‍ലൈന്‍സ് എന്ന ഐസ്‌ലന്‍ഡ് ബേസ്ഡ് ലോ കോസ്റ്റ് എയര്‍ലൈന്‍സ് തന്നെ തിരഞ്ഞെടുത്തു. എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീന്‍ ഇല്ലാത്തതുകൊണ്ട് വായന നടക്കും, കീശയും കാലിയാകില്ല. റേവിക് എയര്‍പോര്‍ട്ടിലേക്ക് ഇറങ്ങാറായി എന്ന പൈലറ്റിന്റെ അനൗണ്‍സ്‌മെന്റ് കേള്‍ക്കുമ്പോള്‍, 'ദി ക്യാച്ചര്‍ ഇന്‍ ദി റെ' എന്ന ഇംഗ്ലീഷ് ക്ലാസിക് പകുതിയിലേറെ വായിച്ചു കഴിഞ്ഞിരുന്നു.

മഞ്ഞുപുതഞ്ഞ കറുത്തഭൂമി
ഫ്‌ളൈറ്റിലിരുന്നു തന്നെ കാണാമായിരുന്നു ഐസ് പുതച്ചുകിടക്കുന്ന കറുത്ത ഭൂമി. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്ന്, ടാക്‌സിയിലിരിക്കുമ്പോള്‍ വരുംദിവസങ്ങളിലെ റോഡിന്റെ അവസ്ഥയെപ്പറ്റി ഒരു ധാരണ ലഭിച്ചു. ട്വിറ്ററിലും ഐസ്‌ലന്‍ഡ് ഗവണ്‍മെന്റ് അറിയിപ്പ് തന്നിരുന്നതുകൊണ്ടുതന്നെ റോഡിന്റെ അവസ്ഥയ്ക്കനുസരിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ കഴിഞ്ഞു. മഴക്കാലത്ത് നമ്മുടെ നാട്ടിലിതുപോലൊരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എത നന്നായേനെ!

placeholder
തെക്കേ ഐസ്‌ലന്‍ഡ്

അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ ലാവാ ദ്വീപാണ് ഐസ്‌ലന്‍ഡ്. അതുകൊണ്ടുതന്നെ മണ്ണിനും കല്ലിനുമെല്ലാം കറുപ്പുനിറം. അതിനുമുകളില്‍ തൊണ്ണൂറുശതമാനം ഇടങ്ങളിലും മഞ്ഞും തെളിനീല വെള്ളത്തില്‍ പതിക്കുന്ന ഉദയസൂര്യന്റെ കിരണങ്ങളുമെല്ലാം ചേര്‍ന്നൊരു മനോഹരമായ പകലായിരുന്നു അത്. ആദ്യയാത്ര തിംഗ്വെല്ലിര്‍ നാഷണല്‍ പാര്‍ക്കിലേക്ക്, അമേരിക്കന്‍ യൂറോപ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളൊന്നിക്കുന്ന ഇവിടം, യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

അവിടെനിന്ന് യാത്ര ഗീസര്‍ എന്ന ചൂടന്‍ നീരുറവയിലേക്ക്.എല്ലാ പത്തുമിനിറ്റിലും നീരാവിയും വെള്ളവും അന്തരീക്ഷത്തിലേക്ക് തള്ളുന്ന ഈ ഗീസറില്‍ നിന്നാണ് നമ്മുടെ വീടുകളിലെ ഗീസറിന് ആ പേര് കിട്ടിയത്.ഭൂമിയുടെ ഉപരിതലത്തിനോട് വളരെ അടുത്തായുള്ള ലാവയുടെ സാന്നിധ്യമാണ് ഈ പ്രതിഭാസത്തിന് പിന്നില്‍.

ലിസ്റ്റിലെ അവസാനത്തെ ഇടം ഗള്‍ഫോസ് എന്ന വെള്ളച്ചാട്ടമായിരുന്നു. ഐസ്ലന്‍ഡ് ഭാഷ യില്‍ സ്വര്‍ണവെള്ളം എന്നര്‍ഥം വരുന്ന ഇത്, ഇവിടുത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. വെള്ളച്ചാട്ടത്തിലെ മുക്കാല്‍ ഭാഗം വെള്ളവും തണുത്ത് ഐസായിരിക്കുന്നത് മറ്റൊരു കൗതുകക്കാണ് . മൂന്നുമണിക്കുതന്നെ സൂര്യന്‍ അസ്തമിക്കുന്ന ഇവിടെ, നാലരയോടെ പൂര്‍ണമായും ഇരുട്ടാവും. അതുകൊണ്ടുതന്നെ ഐസ് നിറഞ്ഞ റോഡിലൂടെ ഹോട്ടലിലേക്കുള്ള യാത്ര ദുഷ്‌കരമായിരുന്നെന്ന് പറയാതെ വയ്യ.

ഡിന്നര്‍ കഴിഞ്ഞ് അറോറ ബോറിയാലിസ് കണ്ടാല്‍ അറിയിക്കണമെന്ന് ഹൗസ് ബോയിയെ ശട്ടംകെട്ടി, നേരേ ലഗൂണ്‍ എന്ന വോള്‍ക്കാനിക് ലഗൂണിലേക്ക് ചെറിയ ഒരു ഡ്രൈവ് നടത്തി. ഒരു കൃത്രിമ തടാകമാണത്. 40 മുതല്‍ 42 വരെ ഡിഗ്രി ചൂടുള്ള വെള്ളം, ഈ തടാകത്തില്‍ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. തടാകത്തില്‍ നിന്ന് നോക്കിയാല്‍ റേയ്ക്കവിക് പട്ടണം കടലിനോട് ചേര്‍ന്ന് പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീഴുന്നത് കാണാം. ചൂടുവെള്ളത്തിലെ നീരാട്ടു കൂടിയായപ്പോള്‍ നിദ്രാദേവി കടാക്ഷിച്ചുതുടങ്ങിയതുകൊണ്ട് വേഗം മുറിയിലേക്ക് തിരിച്ചു.

placeholder
ഐസ് ഗുഹ

രാവിലെ ഒന്‍പതുമണിക്ക് പുറത്തേക്കു നോക്കുമ്പോഴും നല്ല ഇരുട്ട്, ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് അടുത്തലക്ഷ്യത്തിലേക്ക് വിട്ടു. ഗ്ലാമര്‍ ക്യാമ്പിങ് അഥവാ ഗ്ലാമ്പിങ് ആണ് ഉദ്ദേശ്യം. തെക്കേ ഐസ്ലന്‍ഡില്‍ മനുഷ്യനിര്‍മിതവെളിച്ചം തീരെക്കുറവുള്ളാരു ഗ്രാമത്തില്‍ രാത്രി താമസിച്ച് നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണണം. അങ്ങനെ അവിടെയെത്തി. കുറച്ചുകഴിഞ്ഞ് ഒരു ഡ്രൈവിനായി പുറത്തേക്കിറങ്ങി. അതു കഴിഞ്ഞ് തിരിച്ചുവരാനായി കാബിനടുത്തെത്തിയപ്പോള്‍ താമസസ്ഥലത്തേക്കുള്ള വഴി കാണാനില്ല.

നോക്കെത്താദൂരത്തോളം മഞ്ഞുമാത്രം. അതിലൂടെ 4x4 ജീപ്പിന്റെ ധൈര്യത്തില്‍ ഒരു ഊഹംവെച്ച് പുറപ്പെട്ടു. 100 മീറ്റര്‍ കഴിയുന്നതിനുമുന്‍പേ കാര്‍ മഞ്ഞില്‍ പുതഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം പിടികിട്ടിയത്. ഇനി വണ്ടി മുന്നോട്ടുപോവണമെങ്കില്‍ ഒരു കയറുകെട്ടിവലിക്കണം. മൂന്നുകിലോമീറ്ററോളം ആള്‍ത്താമസമില്ലാത്ത പ്രദേശത്തെവിടെ, കെട്ടി വലിക്കാന്‍ ട്രക്ക്... അഞ്ചുമിനിറ്റ് പുറത്തുനിന്നതും ഫാസ്റ്റ് ബൈറ്റ് ലക്ഷണം തുടങ്ങി. വിരലുകളും മൂക്കും ചെവിയുമെല്ലാം മരവിച്ചതുപോലെ തോന്നി. പുറത്തെ ടെമ്പറേച്ചര്‍ മൈനസ് 15 ആണ്.ഫോണില്‍ വീട്ടുടമയെ വിളിച്ച് കാര്യം പറഞ്ഞതും 20 മിനിറ്റില്‍ സഹായമെത്തി. വണ്ടി ഒരുവിധത്തില്‍ വലിച്ച് താമസസ്ഥലത്തിന് മുന്നിലെത്തിച്ചു.

20 കൊല്ലത്തിനിടെയുള്ള ഏറ്റവും മോശം മഞ്ഞുകാറ്റാണ് അടുത്ത രണ്ടുദിവസവും. പുറത്തേക്കിറങ്ങാനാവില്ല. അതുകണ്ട് താമസസ്ഥലത്തിന്റെ ഉടമയുടെ കാറില്‍ത്തന്നെ പലചരക്ക് കടയില്‍ പോയി രണ്ടുദിവസം കഴിയാനുള്ള സാധനങ്ങളുമായി തിരിച്ചെത്തുമ്പോഴേക്കും കാര്‍ പൂര്‍ണമായും മഞ്ഞുമൂടിക്കഴിഞ്ഞിരുന്നു. നിരാശയോടെ കുറച്ച് ഐസ്ലന്‍ഡിക് വൈനും കുടിച്ചുകൊണ്ട് പാചകം ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് ഫോണിലേക്കൊരു മെസേജ് വരുന്നത്. ''അടുത്ത മൂന്നുമണിക്കൂറില്‍ നിങ്ങള്‍ക്ക് അറോറ ബോറിയാലിസ് ദൃശ്യമാകാന്‍ സാധ്യതയുണ്ട്''. ഫോണിലെ അറോറ പ്രൊ എന്ന ആപ്പ് അയച്ച സന്ദേശമാണ്. പിന്നെ തണുപ്പൊന്നും നോക്കിയില്ല. ക്രിസ്റ്റിനും ഞാനും മാറിമാറി ബാല്‍ക്കണിയില്‍ത്തന്നെ നിലയുറപ്പിച്ചു. ഒടുവില്‍ പത്തരമണിയോടെ അടുത്തുള്ള മഞ്ഞുമൂടിയ മലയുടെ മുകളിലായി ചെറിയ ഒരു പച്ചനാമ്പ്.സമയം കഴിയുന്തോറും അറോറ അതിന്റെ എല്ലാ പ്രതാപത്തോടെയും ഞങ്ങളുടെ ക്യാമ്പിനു മുകളിലെത്തി. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍.ചില നട്ടപ്രാന്ത് നല്ലതാണെന്ന് അപ്പോള്‍ മനസ്സിലോര്‍ത്തു.

രണ്ടാമത്തെ ദിവസം മഞ്ഞു വീഴ്ച ചെറുതായി തോര്‍ന്നപ്പോള്‍ തൊട്ടടുത്ത രണ്ടു വെള്ളച്ചാട്ടങ്ങളിലേക്കായി യാത്ര.ഗെയിം ഓഫ് ത്രോണ്‍സ് എന്ന ഇംഗ്ലീഷ് സീരീസ് ഷൂട്ടു ചെയ്ത സ്‌കോഗാഫോസ് വെള്ളച്ചാട്ടം സ്‌ക്രീനില്‍ കണ്ടതുപോലെ തന്നെ അമ്പരപ്പിച്ചു. വിക് എന്ന ഗ്രാമത്തിലേക്കായിരുന്നു അടുത്ത യാത്ര. വിക് പട്ടണത്തിന് സമീപമുള്ള അറ്റ്‌ലാന്റിക് സമുദ്രം തണുത്തുറഞ്ഞ് ഐസുപാളികളായി കിടക്കുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. വിക്കിലെ പ്രസിദ്ധമായ റെയ്‌നിസ്‌കിര്‍ക്ക പള്ളിയില്‍നിന്ന് നോക്കുമ്പോള്‍ വേറേ ഏതോ ഒരു ഗ്രഹത്തില്‍ ചെന്ന പ്രതീതിയായിരുന്നു.പള്ളിയുടെ ഒരുവശത്ത് മഞ്ഞുമലകളും മറുവശത്ത് മഞ്ഞുമൂടിയ കടലും.

മലകള്‍ കടലിലേക്കിറങ്ങിനില്‍ക്കുന്ന ഇടങ്ങളില്‍ വോള്‍ക്കാനോ ബസാള്‍ട്ടില്‍ (അഗ്‌നിപര്‍വതസ്‌ഫോടനത്തിനു ശേഷമുണ്ടാവുന്ന ശിലകള്‍) തീര്‍ത്ത ശില്പങ്ങള്‍ ഏതൊരു ശില്പിയെയും വെല്ലും. കറുത്ത മണല്‍ത്തരികളാല്‍ പ്രസിദ്ധമായ ബ്ലാക്ക് സാന്‍ഡ് ബീച്ചില്‍ കുറെനേരം ചെലവഴിച്ചശേഷം തിരിച്ചുപോകവേ, പട്ടണത്തിലെ ഹോട്ടലില്‍ നിന്ന് ഐസ്ലന്‍ഡിലെ പ്രസിദ്ധമായ മഷ്‌റൂം സൂപ്പിന്റെ ചൂടും രുചിയും അറിഞ്ഞു.

placeholder
മഞ്ഞ് പെയ്യുന്ന നാട്ടിലെ സൂര്യാസ്തമയം

അടുത്തദിവസം നാലു മണിക്കൂറേ പകല്‍ വെളിച്ചമുണ്ടാവൂ എന്നതുകൊണ്ട്, ജോക്കുര്‍ സര്‍ലോണ്‍ ഗ്ലേസിയര്‍ കാണാന്‍ രാവിലേ തന്നെ പുറപ്പെട്ടു. കാലാവസ്ഥ വളരെ മോശമായി, ഗ്ലേസിയറിലേക്കുള്ള വഴി അപകടമേഖലയായി പ്രഖ്യാപിച്ചതിനാല്‍ ഗ്ലേസിയര്‍ യാത്ര അടുത്തദിവസത്തേക്ക്മാറ്റി. ജോക്കൂര്‍ സര്‍ലോണ്‍ പട്ടണത്തിലെ ഒരു ചെറിയ ഹോട്ടലില്‍ തങ്ങി. രാവിലെ ഒന്‍പതുമണിക്ക് പ്രാരംഭപരിശീലനമൊക്കെ കഴിഞ്ഞ് ഒരു നോ ട്രക്കില്‍ ഗ്ലേസിയറിലേക്ക് യാത്ര തുടങ്ങി.മഞ്ഞുവഴികളിലൂടെ തെന്നിനീങ്ങുന്ന ട്രക്ക് തെല്ലൊരു ഭയമുണ്ടാക്കിയെങ്കിലും ചുറ്റുമുള്ള കാഴ്ച മനസ്സിനെ മയക്കാന്‍ പോന്നതായിരുന്നു.

ഗ്ലേസിയറിനു മുകളിലൂടെ ട്രെക്കിങ് നടത്തി, ഐസ് ഗുഹാകവാടത്തിലെത്തും വരെ മഞ്ഞ് നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു. ഗ്ലേസിയറിലെ വെള്ളം അതിശൈത്യത്തില്‍ ഉറഞ്ഞുണ്ടാകുന്ന ഈ ഐസ് ഗുഹകള്‍ക്ക്, അടുത്ത വേനല്‍ വരെ മാത്രമേ ആയുസ്സുള്ളൂ. നീല പളുങ്ക് ഗ്രാനൈറ്റ് വെച്ചു പിടിപ്പിച്ചതു പോലെയുള്ള ഗുഹയിലൂടെ നടക്കുമ്പോള്‍ ഒരു വലിയ ഐസ് കട്ടയ്ക്കുള്ളിലാണ് ഞങ്ങളെന്ന് പാടേ മറന്നിരുന്നു. തിരികെ മലയിറങ്ങുമ്പോള്‍ ഒഴുകുന്ന കുഞ്ഞ് ഐലകള്‍ മുന്നില്‍.കുറച്ചധികം നേരം അത് നോക്കിനിന്നു. മനസ്സില്ലാമനസ്സോടെ, അതിശയങ്ങള്‍ ബാക്കിയാക്കി, ഐസ്‌ലന്‍ഡിനോട് വിടപറഞ്ഞു...അപ്പോഴും ഉള്ളില്‍ ഐസ്‌ലന്‍ഡിലെ കൊച്ചുഗ്രാമത്തിലിരുന്ന് കണ്ട് ആ പച്ചവെളിച്ചമായിരുന്നു.

എന്താണ്‌ നോര്‍ത്തേണ്‍ ലൈറ്റ്‌സ്?
സൂര്യന്‍ പുറന്തള്ളുന്ന സൗരരശ്മികള്‍ ഭൂമിയുടെ കാന്തികവലയവുമായി കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന ആകാശവര്‍ണങ്ങളാണ് അറോറ ബോറിയാലിസ് അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌സ്. വിവിധനിറങ്ങളിലുണ്ടാകുന്ന ഇത് സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ശൈത്യകാല മാസങ്ങളിലാണ് ഐസ് ലാന്‍ഡില്‍ കാണാന്‍ കഴിയുക.