അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലെത്തുന്ന കൊച്ചുമക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വിളമ്പാന്‍ കാത്തിരിക്കുന്ന അമ്മാമ്മമാരുടെ കൈപ്പുണ്യമാണ് ഈസ്റ്ററിന് ആവേശം കൂട്ടുന്നത്. പിടിയും കോഴിക്കറിയും താറാവ് മപ്പാസും മീന്‍ പൊള്ളിച്ചതുമെല്ലാം ആ കൈകളില്‍ ഭദ്രം. അടുക്കളകളില്‍ തലേന്നു മുതല്‍ തന്നെ പാലപ്പത്തിനുള്ള മാവ് തയ്യാറാക്കലും കട്‌ലെറ്റിനുള്ള ഫില്ലിങ് ഉണ്ടാക്കലും കറികള്‍ക്കുള്ള മസാലകള്‍ പൊടിക്കലുമെല്ലാം തകൃതിയായി നടക്കും. വട്ടയപ്പത്തിന്റെയും കുരുമുളകിട്ടു വരട്ടിയ ബീഫിന്റെയും മണം വീടു മുഴുവന്‍ നിറയും. കുറേ നാളത്തെ നൊയമ്പിനു ശേഷം ഉണ്ടാക്കുന്ന സദ്യയായതുകൊണ്ട് ഈസ്റ്ററിന് കോഴി, ആട്, ബീഫ്, താറാവ്, മീന്‍ എന്നിങ്ങനെ നോണ്‍വെജ് വിഭവങ്ങള്‍ ഏതൊക്കെ വേണം എന്നുള്ള ആശയക്കുഴപ്പമാണ് വീട്ടമ്മമാര്‍ക്ക്. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് പ്രിയം പഴയ രുചികളാണെങ്കില്‍ യുവതലമുറയ്ക്ക് വേണ്ടത് പുതിയ പരീക്ഷണങ്ങളും. ഇത്തവണത്തെ ഈസ്റ്ററിന് വിളമ്പാന്‍ പഴമയും പുതുമയും ഇടകലര്‍ന്ന ചില വിഭവങ്ങള്‍ ഇതാ...
ഫുള്‍ ചിക്കന്‍ റോസ്റ്റ്
ചേരുവകള്‍:
ഫുള്‍ ചിക്കന്‍ - ഒന്ന്
മാരിനേഷനുള്ള ചേരുവകള്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല - ഒരു ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ നീര് - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മസാലക്ക് ആവശ്യമായ ചേരുവകള്‍
സവാള - മൂന്നെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല - ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി- രണ്ട്
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
രണ്ട് കപ്പ് തേങ്ങയുടെ
ഒന്നാം പാല്‍ - അര കപ്പ്
രണ്ടാം പാല്‍- ഒരു കപ്പ്
മല്ലിയില, ഉപ്പ്, സണ്‍ഫ്ളവര്‍ ഓയില്‍ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കന്‍ കഴുകി വൃത്തിയാക്കി കത്തി കൊണ്ട് വരഞ്ഞു വയ്ക്കുക. മാരിനേഷനുള്ള ചേരുവകള്‍ യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി കോഴിയുടെ കാല്‍ രണ്ടും ഒരു നൂല് കൊണ്ട് കൂട്ടിക്കെട്ടിയതിനുശേഷം അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ പതുക്കെ എണ്ണയിലേക്ക് കമഴ്ത്തി വച്ച് ഇടത്തരം തീയില്‍ പൊരിച്ചെടുക്കുക. എല്ലാ വശവും ഇളം ബ്രൗണ്‍ നിറം ആവുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കണം.
മറ്റൊരു പാനില്‍ ചിക്കന്‍ വറുത്തെടുത്ത എണ്ണയില്‍ നിന്നും മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ എടുത്തത് ഒഴിച്ച്, അതിലേക്ക് നീളത്തില്‍ അരിഞ്ഞ സവാളയിട്ട് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുമ്പോള്‍ തക്കാളിയും ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ എല്ലാ പൊടികളും മല്ലിയിലയും ഉപ്പും ചേര്‍ത്ത് വഴറ്റുക. രണ്ടാം പാല്‍ ചേര്‍ത്തിളക്കി മസാല കുറുകി വരുമ്പോള്‍ ചെറുതീയില്‍ വെച്ച്, ഈ മസാലയിലേക്ക് പൊരിച്ചു വച്ച ഫുള്‍ ചിക്കന്‍ ചേര്‍ത്ത് തിരിച്ചും മറിച്ചുമിട്ട് ചിക്കന്റെ എല്ലാ വശവും മസാല പുരട്ടിയെടുക്കണം. പത്തു മിനിറ്റ് ചെറുതീയില്‍ മൂടിവച്ചതിനു ശേഷം ഒന്നാം പാലും ചേര്‍ത്തിളക്കി മല്ലിയില തൂവി വിളമ്പാം.
ബീഫ് വറ്റിച്ചത്
ചേരുവകള്‍:
ബീഫ് - അരക്കിലോ
സവാള - ഒന്ന്
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
ഗരം മസാല- രണ്ട് ടീസ്പൂണ്‍
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് - അരക്കപ്പ്
മല്ലിയില, ഉപ്പ്, കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചുവടുകട്ടിയുള്ള പാത്രത്തില്‍ ബീഫ് എടുത്ത് അതിലേക്ക് സവാളയും നീളത്തില്‍ അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും എല്ലാ പൊടികളും മല്ലിയിലയും രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് കൈ കൊണ്ട് നന്നായി കുഴച്ച് തിരുമ്മി യോജിപ്പിക്കുക. ഇനി പാത്രം മൂടി അടുപ്പിലേക്ക് വെച്ച് ചെറുതീയില്‍ വേവിക്കുക. വിറകടുപ്പിലാണ് തയ്യാറാക്കുന്നതെങ്കില്‍ സ്വാദ് കൂടും. ബീഫ് വെന്ത് വെള്ളം വറ്റി ഗ്രേവി കുറുകി വരുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് ചുവന്നുള്ളിയിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആവുമ്പോള്‍ കറിവേപ്പിലയും ചേര്‍ത്ത് വഴറ്റിയ കൂട്ട് ബീഫ് വറ്റിച്ചതിലേക്ക് ചേര്‍ക്കണം. ശേഷം അല്പം കുരുമുളക് പൊടിയും തൂവി വിളമ്പാം.
പ്രോണ്‍സ് ഫ്രൈഡ് റൈസ്
ചേരുവകള്‍:
ചെറിയ ചെമ്മീന്‍ - അരക്കിലോ
ബസ്മതി അരി - അരക്കിലോ
സവാള - ഒന്ന്
കാരറ്റ് - ഒന്ന്
ബീന്‍സ് ചെറുതായി അരിഞ്ഞത് - അരക്കപ്പ്
കാബേജ് അരിഞ്ഞത്- അരക്കപ്പ്
സ്പ്രിങ് ഒനിയന്‍ അരിഞ്ഞത് - അരക്കപ്പ്
മുട്ട - രണ്ട്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
സോയ് സോസ് - ഒരു ടേബിള്‍ സ്പൂണ്‍
ഗ്രീന്‍ ചില്ലി സോസ് - രണ്ട് ടേബിള്‍ സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, സണ്‍ഫ്ളവര്‍ ഓയില്‍ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ബസ്മതി അരി ഉപ്പും ഒരു സ്പൂണ്‍ എണ്ണയും ചേര്‍ത്ത്, മുക്കാല്‍ വേവാകുമ്പോള്‍ വാര്‍ത്തു വയ്ക്കുക. മുട്ടയില്‍ ഉപ്പും കാല്‍ സ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ത്തിളക്കി ചിക്കിയെടുത്ത് മാറ്റിവയ്ക്കുക. ചെമ്മീന്‍ വൃത്തിയാക്കി മുളകുപൊടിയും ഉപ്പും പുരട്ടി വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി ചെമ്മീന്‍ വറുത്തുകോരി മാറ്റിവയ്ക്കുക. അതേ എണ്ണയിലേക്ക് സവാള അരിഞ്ഞതിട്ട് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് പച്ച മണം മാറുമ്പോള്‍ ചെറുതായരിഞ്ഞ കാരറ്റും ബീന്‍സും കാബേജും ഉപ്പും ചേര്‍ത്ത് അഞ്ചു മിനിറ്റ് വഴറ്റുക. ഇതിലേക്ക് മുട്ട ചിക്കിയതും അര സ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക. സോയ് സോസും ഗ്രീന്‍ ചില്ലി സോസും ഒഴിച്ച് നന്നായി യോജിപ്പിച്ചതിനു ശേഷം വേവിച്ചു വച്ച അരിയും ചെമ്മീന്‍ ഫ്രൈയും ചേര്‍ത്ത് നന്നായി ടോസ് ചെയ്യുക. സ്പ്രിങ് ഒനിയനും ബാക്കി കുരുമുളകുപൊടിയും തൂവി പാത്രത്തിലേക്ക് വിളമ്പാം.
ഫിഷ് ടെംപ്യൂറ
ചേരുവകള്‍:
ബോണ്‍ലെസ് ഫിഷ് ഫില്ലേ - അര കിലോ
നാരങ്ങ നീര് - രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
മൈദ- ഒരു കപ്പ്
കോണ്‍ഫ്‌ലോര്‍- അരക്കപ്പ്
ചില്ലി ഫ്‌ലേക്സ് - ഒരു ടേബിള്‍ സ്പൂണ്‍
ബേക്കിങ് പൗഡര്‍ - ഒരു ടീസ്പൂണ്‍
ഐസ് വാട്ടര്‍- ഒരു കപ്പ്
ഉപ്പ്, സണ്‍ഫ്ളവര്‍ ഓയില്‍ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മീനില്‍ നാരങ്ങാനീരും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് പുരട്ടി മാറ്റി വയ്ക്കുക. ഒരു വലിയ ബൗളില്‍ മൈദയും കോണ്‍ഫ്‌ലോറും യോജിപ്പിച്ച് അതിലേക്ക് ചില്ലി ഫ്‌ലേക്‌സും ബേക്കിങ് പൗഡറും ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് ഐസ് വാട്ടര്‍ ചേര്‍ത്ത് നന്നായി കട്ട കെട്ടാതെ ഇളക്കി ബാറ്റര്‍ തയ്യാറാക്കുക. പാനില്‍ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്തു വച്ച മീന്‍ കഷണങ്ങള്‍ ഓരോന്നായി ഈ ബാറ്ററില്‍ മുക്കി എണ്ണയിലേക്കിട്ട് ഇടത്തരം തീയില്‍ വച്ച് മൊരിഞ്ഞുവരുന്നതു വരെ വറുത്തുകോരുക.
Content Highlights: A blend of classic and contemporary Easter flavors
Published: 19 Apr 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented