കൊച്ചിക്കായലിന്റെ കുഞ്ഞോളങ്ങളുടെ താളവും കാറ്റിന്റെ താരാട്ടും കേട്ടുറങ്ങുന്ന വല്ലാർപാടം ദ്വീപ്. നഗരത്തിരക്കുകളിൽ നിന്ന് അകന്ന് ഗോശ്രീപ്പാലം കടന്നാൽ കടൽമണമുള്ള ആ തുരുത്തിലെത്താം. അവിടെയാണ് വല്ലാർപാടം പള്ളിയെന്നറിയപ്പെടുന്ന വല്ലാർപാടം ബസലിക്ക ആകാശം തൊട്ടുനിൽക്കുന്നത്. മഴയൊഴിഞ്ഞ പകലിൽ ചൂടിനെ വകവയ്ക്കാതെ നേർച്ചകൾക്കും പ്രാർഥനകൾക്കുമായെത്തുന്ന വിശ്വാസികളുടെ ചെറിയ കൂട്ടങ്ങൾ.
ഓരോ വർഷവും ഒരു കോടിയിലധികം വിശ്വാസികൾ സന്ദർശിക്കുന്ന ക്രിസ്ത്യൻ തീർഥാടനകേന്ദ്രം കൂടിയാണ് വല്ലാർപാടം ബസലിക്ക. ഏറ്റവും വലിയ ഒൻപത് മരിയൻ തീർഥാടന കേന്ദ്രങ്ങളിൽ ഒന്ന്. ഇവിടെ കന്യാമറിയം വല്ലാർപാടത്തമ്മയാണ്. വിമോചന നാഥയായാണ് കന്യാമറിയത്തെ ഈ പള്ളിയിൽ വണങ്ങുന്നത്.
വിമോചനനാഥയുടെ ചരിത്രം
കേരളത്തിൽ പോർച്ചുഗീസുകാരുടെ വരവും ക്രിസ്ത്യൻ മതത്തിന്റെ വളർച്ചയും എല്ലാം ഇടകലർന്നതാണ് വല്ലാർപാടം പള്ളിയുടെ ചരിത്രം. പോർച്ചുഗീസുകാരെത്തും മുമ്പ് വല്ലാർപാടത്ത് ഒരു പള്ളിയുണ്ടായിരുന്നുവെന്നാണ് ചരിത്രരേഖകൾ. പരിശുദ്ധാരൂപിയുടെ നാമധേയത്തിലായിരുന്നു ആ പള്ളിയെന്ന് പറയപ്പെടുന്നു. 1341-ലെ വെള്ളപ്പൊക്കത്തിൽ പള്ളി നശിച്ചുപോയതായാണ് കരുതപ്പെടുന്നത്.
1524-ലാണ് പോർച്ചുഗീസുകാർ വീണ്ടും ഇവിടെ പള്ളി നിർമിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരിലൊരാളായ വിശുദ്ധ ലൂക്ക വരച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന കന്യാമറിയത്തിന്റെ ചിത്രത്തിന്റെ പകർപ്പ് പോർച്ചുഗീസുകാർ കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തിൽ ഈ പള്ളിയും തകർന്നു. പള്ളിയുടെ അൾത്താരയിൽ സ്ഥാപിച്ചിരുന്ന വിമോചനനാഥയുടെ ചിത്രം വെള്ളത്തിൽ ഒഴുകിപ്പോയി. പലരും ഛായാചിത്രം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ദിവാനായിരുന്ന പാലിയത്ത് കോമിയച്ചൻ എന്നറിയപ്പെടുന്ന രാമൻ വലിയച്ചന് ആ ചിത്രം വെള്ളത്തിൽ നിന്ന് ലഭിച്ചെന്നാണ് വിശ്വാസം. ചിത്രം നനഞ്ഞിട്ടില്ലായിരുന്നത്രേ. അതോടെ വല്ലാർപാടത്തമ്മയുടെ വിശ്വാസിയായി മാറിയ അദ്ദേഹം ചിത്രം വിശ്വാസികൾക്ക് കൈമാറുകയും വല്ലാർപാടത്ത് പുതിയപള്ളി നിർമിക്കാനുള്ള സ്ഥലം വിട്ടുനൽകുകയും ചെയ്തു. 1676-ൽ പഴയപള്ളിയുടെ പുനരുദ്ധാരണം നടത്തിയ പോർച്ചുഗീസുകാർ വിമോചനനാഥയുടെ നാമത്തിൽ പള്ളി പുനഃപ്രതിഷ്ഠ നടത്തി. പള്ളി സ്ഥാപിക്കാനുള്ള സ്ഥലവും സാമ്പത്തികസഹായവും രാമൻ വലിയച്ചൻ നൽകി.
രാമൻ വലിയച്ചൻ വിശ്വാസികൾക്ക് മാതാവിന്റെ ചിത്രം തിരിച്ചു നൽകിയ സ്ഥലത്താണ് പള്ളിയുടെ ഒരു കൊടിമരം. ദിവാൻ അന്ന് ദേവാലയത്തിലേക്ക് ഒരു കെടാവിളക്ക് നൽകി. അതിൽ ഒഴിക്കാനുള്ള എണ്ണ കൊട്ടാരത്തിൽനിന്നും നൽകുമെന്ന വാഗ്ദാനവുമുണ്ടായി. പിന്നീട് ഈ പതിവ് മുടങ്ങിയെങ്കിലും 1994 മുതൽ പാലിയം കൊട്ടാരത്തിൽനിന്ന് എണ്ണ കൊണ്ടുവരുന്ന ചടങ്ങ് വീണ്ടും ആരംഭിച്ചു.
രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം 1888 സെപ്റ്റംബർ 23-ന് ലിയോ 13-ാമൻ മാർപാപ്പ പള്ളിക്ക് Altare Previlegiatum in Perpetuum എന്ന പദവി നൽകി. ഇതിലൂടെ ഇവിടെ വന്നു പ്രാർഥിക്കുന്നവർക്ക് പൂർണ ദണ്ഡവിമോചനം (ഒരു വ്യക്തി മരിച്ചുകഴിയുമ്പോൾ അയാൾക്ക് ശുദ്ധീകരണസ്ഥലത്ത് (Purgatory) ലഭിക്കാവുന്ന ശിക്ഷയിൽ ഇളവുകൾ അനുവദിക്കുവാൻ മാർപാപ്പയ്ക്ക് അധികാരമുണ്ടെന്ന വിശ്വാസമാണ് ദണ്ഡവിമോചനം) ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 2002-ൽ കേരളസർക്കാർ വല്ലാർപാടം പള്ളിയെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽപ്പെടുത്തി. 2004-ൽ കേന്ദ്രസർക്കാർ ഈ ദേവാലയത്തെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ആ വർഷം ഡിസംബർ ഒന്നിന് ജോൺപോൾ രണ്ടാമൻ മാർപാപ്പ ബസിലിക്ക എന്ന പദവിയിലേക്ക് പള്ളിയെ ഉയർത്തുകയും ചെയ്തു.
അടിമ നേർച്ച
വല്ലാർപാടം പള്ളിയിലെ അടിമ നേർച്ച പ്രസിദ്ധമാണ്. പള്ളിയുടെ മുറ്റം ചൂല് കൊണ്ട് വൃത്തിയാക്കിയാൽ മനസിൽ ആഗ്രഹിച്ചത് നടക്കുമെന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. പതിനെട്ടാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. വല്ലാർപാടം സ്വദേശിനിയായിരുന്ന മീനാക്ഷിയമ്മ തന്റെ കുഞ്ഞിന്റെ ചോറൂണിനായി മട്ടാഞ്ചേരി പഴയന്നൂർ ക്ഷേത്രത്തിലേക്ക് വഞ്ചിയിൽ പോകുമ്പോൾ പെട്ടെന്നുണ്ടായ പേമാരിയിൽ വഞ്ചിമറിയുകയും അമ്മയും കുഞ്ഞും അപകടത്തിൽപ്പെടുകയും ചെയ്തു.
വല്ലാർപാടത്തമ്മേ രക്ഷിക്കണേ എന്ന് നിലവിളിച്ചുകൊണ്ടാണ് മീനാക്ഷിയമ്മ വെള്ളത്തിലേക്ക് വീണത്. അപകടവിവരമറിഞ്ഞ് നാട്ടുകാർ ഇരുവരെയും തിരയാൻ ഇറങ്ങിയെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചു. മീനാക്ഷിയമ്മയും മകനും മരിച്ചുപോയിട്ടുണ്ടാവും എന്നവർ ഉറപ്പിക്കുകയും ചെയ്തു.
വല്ലാർപാടം പള്ളിയിൽ അന്നത്തെ വികാരിയായിരുന്ന ഫാ. മിഗുവൽ കോറയ്ക്ക് അതോടടുപ്പിച്ച് രണ്ട് രാത്രികളിൽ ഒരു അമ്മയ്ക്കും കുഞ്ഞിനും അപകടം പറ്റിയതായി ദർശനം ലഭിച്ചു. അതോടെ അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് കായലിൽ തിരച്ചിൽ നടത്തിയപ്പോൾ മീനാക്ഷിയമ്മയെയും കുഞ്ഞിനെയും അദ്ഭുതകരമായി ജീവനോടെ കണ്ടെത്തി. തന്നെയും മകനെയും രക്ഷിച്ചത് വല്ലാർപാടത്തമ്മയാണെന്ന് മീനാക്ഷിയമ്മ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. മീനാക്ഷിയമ്മയും മകനും മാമ്മോദീസാ മുങ്ങി മേരി, യേശുദാസ് എന്നിങ്ങനെ പേരുകളും സ്വീകരിച്ചു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ നന്ദിസൂചകമായി മീനാക്ഷിയമ്മ പിന്നീടുള്ള ജീവിതം പള്ളിമുറ്റം അടിച്ചുവാരി വല്ലാർപാടത്തമ്മയുടെ അടിമയായി സ്വയം സമർപ്പിച്ചെന്നാണ് വിശ്വാസം. ഇതൊരു വിശ്വാസമായി വളർന്നു. വിശ്വാസികൾ നിരവധി ആഗ്രഹങ്ങൾക്കായി അടിമ നേർച്ച നേരുന്നു. പള്ളിമുറ്റം അടിച്ചുവാരുന്നു.
മീനാക്ഷിയമ്മയുടെയും മകന്റെയും അനുഭവം ചിത്രരൂപത്തിൽ പള്ളിയുടെ ചുവരിൽ വരച്ചുചേർത്തിട്ടുണ്ട്. ഇന്നും വല്ലാർപാടത്തമ്മയുടെ തിരുനാൾ ദിവസം ക്രൈസ്തവ വിശ്വാസികൾക്കൊപ്പം മറ്റ് മതസ്ഥരും തങ്ങളുടെ നവജാതാശിശുക്കളെ ഇവിടെ അടിമസമർപ്പിക്കുന്ന പതിവുണ്ട്. തടികൊണ്ടുണ്ടാക്കിയ ചെറിയ വഞ്ചികളിൽ തൈരോ സംഭാരമോ ഇതിനൊപ്പം അവർ സമർപ്പിക്കുന്നു. ഇങ്ങനെ അടിമസമർപ്പിക്കുന്നവരെ ജീവിതകാലം മുഴുവൻ വിമോചനനാഥ സംരക്ഷിക്കുമെന്നാണ് വിശ്വാസം.
റോസറി പാർക്കിലേക്ക്
വല്ലാർപാടം ബസിലിക്കയുടെ കവാടത്തിന് സമീപത്തായാണ് റോസറി പാർക്ക്. ജപമാലയുടെ ഇരുപത് രഹസ്യങ്ങൾ (ക്രിസ്തുവിന്റെ ജനനം, പരസ്യജീവിതം, മരണം, ഉയിർപ്പ്, എന്നിവ ഉൾപ്പെടുത്തിയ പ്രാർഥനാരീതി) ചിത്രീകരിച്ചിരിക്കുന്ന ഇടമാണ് ഇത്.
കടലിൽ പോകുന്ന മത്സ്യബന്ധന തൊഴിലാളികളെ മാതാവ് സംരക്ഷിക്കുന്നുവെന്ന വിശ്വാസവും തദ്ദേശവാസികളുടെ ഇടയിലുണ്ട്. പുതിയ ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും പള്ളിയിൽ കൊണ്ടുവന്ന് ആശിർവദിക്കുന്നവരും ഏറെ. പള്ളിക്ക് മുന്നിലൂടെ കടന്നുപോകുന്ന ബോട്ടുകൾ അല്പനേരം ഇവിടെ നിൽക്കുന്നു. പിന്നെ പ്രാർഥനാ മന്ത്രണങ്ങളോടെ കടലിലേക്ക് കുതിക്കുന്നു.
വിശ്വാസത്തിന്റെ ശേഷിപ്പുകൾ
പള്ളിക്കുമുന്നിലെ കൽക്കുരിശ് കേരളത്തിലെ 500 വർഷത്തോളമായ മാർത്തോമാ പാരമ്പര്യത്തിന്റെ നേർസാക്ഷ്യമാണ്. പണ്ട് മാർത്തോമാ ദേവാലയങ്ങൾക്ക് മുഖപ്പുകളുണ്ടായിരുന്നില്ല. മുന്നിൽ സ്ഥാപിച്ചിരുന്ന കൽക്കുരിശുകളായിരുന്നു അത് ദേവാലയമാണെന്ന് തിരിച്ചറിയാനുള്ള അടയാളം.
കൽക്കുരിശ്ശിനരികിൽ പള്ളിക്കുമുന്നിലായി ആകാശം തൊടുന്ന മരിയൻ ഗോപുരങ്ങൾ. കുർബാനയുടെ സമയം കഴിഞ്ഞതിനാൽ നിശ്ശബ്ദമായി പ്രാർഥനയിൽ മുഴുകിയിരിക്കുന്ന കുറച്ചാളുകൾ മാത്രമേയുള്ളൂ. അൾത്താരയിൽ വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള ചിത്രം. അൾത്താരയുടെ മുകൾ ഭാഗത്തെ ചിത്രങ്ങൾ കമനീയമാണ്. കന്യാമറിയത്തിന്റെ വിവിധ അദ്ഭുതസംഭവങ്ങളാണ് ഈ ചിത്രങ്ങൾ.
കന്യാമറിയം സ്വർഗരാജ്ഞിയായി അവരോധിക്കപ്പെടുന്നതും സ്വർഗാരോഹണ ശേഷം കന്യാമറിയത്തിന്റെ കല്ലറ തുറന്ന യേശുശിഷ്യൻമാർ അതിൽ റോസാ പുഷ്പങ്ങൾ കാണുന്നതും വിമോചനനാഥ മീനാക്ഷിയമ്മയെയും കുഞ്ഞിനെയും കായലിന്റെ അടിത്തട്ടിൽ സംരക്ഷിക്കുന്നതും... അങ്ങനെയങ്ങനെ നിരവധി വിശ്വാസങ്ങൾ ചിത്രരൂപത്തിൽ അൾത്താരയ്ക്കു മുകളിൽ. മീനാക്ഷിയമ്മയുടെ പുരാതനമായ തറവാടും സ്ഥലവും പള്ളിയേറ്റെടുത്ത് മ്യൂസിയമാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.
പരിശുദ്ധാരൂപിയുടെ പള്ളി
പുതിയ പള്ളിയുടെ പിന്നിലായി പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള പള്ളി പുനർനിർമിച്ചിട്ടുണ്ട്. ഈ പള്ളിയുടെ പണി നടക്കുമ്പോൾ ഒരിക്കലും വറ്റാത്തൊരു കിണർ ഇവിടെയുണ്ടായിരുന്നു. പ്രദേശവാസികളുടെ ആവശ്യപ്രകാരം കിണർ പള്ളിയുടെ ഉള്ളിൽ വരുന്ന വിധമാണ് പുതിയ നിർമിതി. പള്ളിയുടെ കവാടത്തിനരികിലായി പുതിയൊരു കിണർ പണിത് പള്ളിക്കുള്ളിലെ കിണറ്റിൽ നിന്ന് ഇവിടേക്ക് വെള്ളമൊഴുകുന്ന രീതിയിൽ ക്രമീകരിക്കുകയും ചെയ്തു. വിശ്വാസികൾക്ക് ഈ ജലം രോഗശാന്തിക്കും മറ്റുമുള്ള പുണ്യതീർഥമാണ്.
വല്ലാർപാടം പള്ളി പുതുക്കിപ്പണിതപ്പോൾ പഴയപള്ളിയുടെ മുന്നിലുണ്ടായിരുന്നു മൂന്ന് പള്ളിമണികളുള്ള മണിമാളിക പൊളിച്ചുകളയാതെ ഉയർത്തിയെടുത്ത് പരിശുദ്ധാത്മാവിന്റെ പള്ളിയോട് ചേർത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്ഥാപിതമാകുന്ന ഏഷ്യയിലെ ആദ്യ ദേവാലയമാണിത്.
തിരുനാൾ
സെപ്റ്റംബർ 24-നാണ് വിമോചനനാഥയുടെ തിരുനാൾ. പാലിയത്ത് രാജകുടുംബാംഗങ്ങൾ വിളക്കിലേക്ക് എണ്ണപകരുന്ന ചടങ്ങോടെയാണ് തിരുനാൾ ആരംഭിക്കുക. പള്ളിയുടെ വിശാലമായ മുറ്റത്തിനരികിലൂടെ തിരികെ നടക്കുമ്പോൾ, സന്ധ്യയിൽ കായലോളങ്ങളിൽ തട്ടിയെത്തിയ കാറ്റ് ഒരു പ്രാർഥനപോലെ, ക്രിസ്തുവിന്റെ അമ്മയുടെ വാത്സല്യം പോലെ പതിയെ ആത്മാവിനെയും ശരീരത്തെയും പൊതിഞ്ഞു. ഉച്ചത്തിൽ മുഴങ്ങുന്ന പള്ളിമണികളുടെ സംഗീതത്തെ അത് തോളിലേറ്റുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vallarpadam church, one of the nine major Marian pilgrimage centers in India. Renowned for the miraculous 'Adima Nercha' ritual. Holds the status of a National Pilgrimage Center and Basilica
Published: 03 Apr 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented