
അമ്പത് നോമ്പും പെസഹായും ദുഃഖവെള്ളിയും കഴിഞ്ഞ്, എല്ലാ തിന്മകൾക്കും ഒടുവിൽ നന്മയുടെ ഉയിർത്തെഴുന്നേൽപ്പിനെ സൂചിപ്പിച്ചു കൊണ്ട് ഈസ്റ്റർ ഇങ്ങെത്തുമ്പോൾ, ലേസ് പോലെ അരികുകളുള്ള പാലപ്പത്തിന്റെ മധുരമാണ് മനസ്സു നിറയെ... വട്ടയപ്പവും പിടിയും കോഴിയും എല്ലാമുണ്ടെങ്കിലും നല്ല പൂ പോലെ മൃദുലമായ പാലപ്പവും ബീഫ് സ്റ്റ്യൂവുമില്ലാതെ എന്ത് ഈസ്റ്റർ ആഘോഷം, അല്ലേ? ഒപ്പം നല്ല മൊരിഞ്ഞ ട്യൂണ കട്‌ലറ്റ് കൂടി ആയാലോ, രുചി ഇരട്ടിയാകും! ഇത്തവണ മനസ്സും വയറും ഒരുപോലെ നിറയുന്നൊരു ഈസ്റ്ററാവട്ടെ.
പാലപ്പം
ചേരുവകൾ:
പച്ചരി - രണ്ട് കപ്പ്
വെള്ള അവൽ - ഒരു കപ്പ്
തേങ്ങ ചിരകിയത് - മുക്കാൽ കപ്പ്
പഞ്ചസാര - മൂന്ന് ടേബിൾ സ്പൂൺ
ഇൻസ്റ്റന്റ് യീസ്റ്റ് - മുക്കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പച്ചരി കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക. നാല് മണിക്കൂറിനുശേഷം അരയ്ക്കുന്നതിന് തൊട്ടgമുമ്പ് വെള്ള അവൽ ഒന്ന് കഴുകി വെള്ളം വാർത്തു കളഞ്ഞിട്ട് മിക്‌സി ജാറിലിടുക. അതിലേക്ക് അരിയും തേങ്ങയും പഞ്ചസാരയും യീസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം. രണ്ട് മണിക്കൂറിനുള്ളിൽ മാവ് പൊങ്ങി വരും. ഈ മാവ് ഫ്രിഡ്ജിലേക്ക് വെച്ച് ആവശ്യത്തിനനുസരിച്ച് എടുത്ത് പാലപ്പം ചുട്ടെടുക്കാം.
ബീഫ് സ്റ്റ്യൂ
ചേരുവകൾ:
ബീഫ് - അരക്കിലോ
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം
കാരറ്റ് - ഒന്ന്
സവാള - രണ്ടെണ്ണം
തേങ്ങ - ഒന്ന്
ഇഞ്ചി നീളത്തിൽ അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
പച്ചമുളക് - രണ്ടെണ്ണം
ഇഞ്ചി- വെളുത്തുള്ളി- പച്ചമുളക് ചതച്ചത് - ഒരു ടേബിൾ സ്പൂൺ
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം - മൂന്ന് വീതം
ഗരംമസാല - രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി - രണ്ട് ടീസ്പൂൺ
വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
ചുവന്നുള്ളി - ആറെണ്ണം
നെയ്യ് - ഒരു ടേബിൾ സ്പൂൺ
വിനിഗർ - ഒരു ടീസ്പൂൺ
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ബീഫിലേക്ക് അരിഞ്ഞ ഒരു സവാള, നീളത്തിൽ അരിഞ്ഞ ഇഞ്ചി, പച്ചമുളക്, പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് വിനിഗർ, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് കുക്കറിൽ മൂടിവയ്ക്കാതെ ഇടത്തരം തീയിൽ വെക്കുക. നന്നായി തിളച്ച് ഇറച്ചിയിൽ നിന്ന് വെള്ളം ഊർന്നുവരുമ്പോൾ കുക്കർ മൂടിവെച്ച് 25 മിനിറ്റ് വേവിക്കുക. തേങ്ങയുടെ രണ്ടാംപാലും കുറുകിയ ഒന്നാം പാലും എടുത്തു വയ്ക്കുക. കടായിയിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് വേവിച്ച ബീഫും ബാക്കിയുള്ള ഗരം മസാലയും ചേർക്കുക.
തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളക്കുമ്പോൾ ക്യൂബുകളാക്കിയ ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്ത് മൂടിവെച്ച് വേവിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം. ഉരുളക്കിഴങ്ങും ക്യാരറ്റും നന്നായി വെന്തുടഞ്ഞു വരുമ്പോൾ തേങ്ങയുടെ ഒന്നാം പാലും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും കറിവേപ്പിലയും ചേർത്ത് യോജിപ്പിക്കുക. കുറുകി വരുമ്പോൾ തീയിൽ നിന്ന് മാറ്റാം. നെയ്യിൽ ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് ബ്രൗൺ നിറം ആവുന്നത് വരെ വഴറ്റി, സ്റ്റ്യൂവിലേക്ക് ചേർത്ത് വിളമ്പാം.
ട്യൂണ കട്‌ലറ്റ്
ചേരുവകൾ:
ക്യാൻഡ് ട്യൂണ - രണ്ട്
ഉരുളക്കിഴങ്ങ് - മൂന്നെണ്ണം
സവാള - ഒന്ന്
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
ചില്ലി ഫ്‌ലേക്‌സ് - ഒരു ടേബിൾ സ്പൂൺ
ഗരം മസാല - ഒരു ടീസ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
ബ്രഡ് പൊടിച്ചത് - രണ്ട് കപ്പ്
കോൺഫ്‌ളോർ - രണ്ട് ടേബിൾസ്പൂൺ
പഞ്ചസാര - രണ്ട് ടീസ്പൂൺ
ഉപ്പ്, എണ്ണ, മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് ഉടച്ചുവയ്ക്കുക. ട്യൂണ കഷണങ്ങൾ മാത്രമായി ഫോർക്ക് കൊണ്ട് ഉടച്ചുവയ്ക്കുക. പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കി സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഗരം മസാലയും കുരുമുളകുപൊടിയും ചില്ലി ഫ്‌ളേക്‌സും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. ട്യൂണയും വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി യോജിപ്പിക്കുക. മല്ലിയില അരിഞ്ഞതും ചേർത്ത് യോജിപ്പിച്ചതിനുശേഷം ആറാൻ വയ്ക്കുക. ശേഷം അരക്കപ്പ് ബ്രെഡ് പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. കോൺഫ്‌ളോറിൽ പഞ്ചസാരയും അല്പം ഉപ്പും വെള്ളവും ചേർത്ത് കലക്കണം. ഇനി ട്യൂണ കൂട്ട് ഇഷ്ടമുള്ള ആകൃതിയിൽ ഷേപ്പ് ചെയ്തു വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം ഓരോ കട്ലറ്റ് ആയി കോൺഫ്‌ളോറിൽ മുക്കി ബ്രഡ് പൊടിച്ചതിലും മുക്കി എണ്ണയിലേക്ക് ഇട്ട് ഇരുവശവും മൊരിയിച്ച് കോരുക. കോട്ടിങ് കൂടുതൽ ഇഷ്ടമാണെങ്കിൽ ഡബിൾകോട്ട് ചെയ്ത് ഫ്രൈ ചെയ്യാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Soft palappam, rich beef stew and crispy tuna cutlet, the perfect Easter feast
Published: 03 Apr 2026, 03:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented