ഭക്തിഗാനങ്ങൾക്കെന്നും ആരാധകരേറെയാണ്. ജാതിമതഭേദമില്ലാതെ ഭക്തിഗാനങ്ങൾ ആസ്വദിക്കുന്നവർ...വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുമ്പോൾ, ഒരിക്കലും മനസ്സിൽനിന്ന് മായാത്ത ചില ക്രിസ്തീയഭക്തി ഗാനങ്ങളിലൂടെ ഒന്നുകൂടി സഞ്ചരിക്കാം. 

'രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമേ 
നേതാക്കന്മാരുടെ നേതാവേ നിന്റെ നന്മ നിറയേണമേ'

കരിങ്കുന്നം ചന്ദ്രൻ എഴുതി കോട്ടയം ജോയ് സംഗീതം നൽകി, കെ.ജെ.യേശുദാസ് ആലപിച്ച ഈ ഭക്തിഗാനം 1974-ലാണ് പുറത്തിറങ്ങിയത്. ഇന്നും ജനമനസ്സിൽ പഴയ പ്രതാപത്തോടുകൂടി തന്നെ ഈ ഗാനം നിലനിൽക്കുന്നു. ഗാനഗന്ധർവന്റെ പ്രൗഡഗംഭീരമായ ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ ആരും ഇതിൽ അലിഞ്ഞുപോവുമെന്ന കാര്യത്തിൽ സംശയമില്ല. കാലിത്തൊഴുത്തിലും കാനായിലും കടലലയിലും കാൽവരിയിലും അങ്ങയുടെ കാലൊച്ച കാതോർത്തു ഞങ്ങൾ ഇരിക്കുകയാണെന്ന് കവി ആവർത്തിക്കുന്നു. 

'സത്യനായകാ മുക്തിദായകാ 
പുൽതൊഴുത്തിൻ പുളകമായ സ്‌നേഹഗായകാ 
ശ്രീ യേശുനായകാ'

1979-ൽ ശ്രീകുമാരൻ തമ്പി രചിച്ച് എം.എസ്. വിശ്വനാഥൻ സംഗീതം നൽകി യേശുദാസ് പാടിയ ഗാനമാണ് ഇത്. നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ, നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ എന്നിങ്ങനെയാണ് കവി, യേശുദേവന്റെ പ്രഭാവത്തേക്കുറിച്ച് വർണിക്കുന്നത്.

'ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
സത്യജീവമാർഗ്ഗമാണു ദൈവം
മർത്യനായി ഭൂമിയിൽ പിറന്നു സ്‌നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം'
 
മലയാളികൾ ഇന്നും നെഞ്ചോടു ചേർത്തുവെക്കുന്ന ഈ ഗാനം ജീസസ് എന്ന ആൽബത്തിൽ നിന്നുള്ളതാണ്. പീറ്റർ കെ.ജോസഫ് രചിച്ച് പീറ്റർ ചേരാനെല്ലൂർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് കെ.ജി.മാർക്കോസ് ആണ്.  

'മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു' 

ഭൂമിയിലവതരിച്ച് സ്വന്തം ജീവൻ ബാലികഴിച്ച ഈശോയെ വാഴ്ത്താൻ ഈ വരികളെക്കാൾ മനോഹരമായി എങ്ങനെ എഴുതാൻ കഴിയും.

'കരുണാമയനേ കാവൽവിളക്കേ
കനിവിൻ നാളമേ 
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങിൽ ചേർക്കണേ
അഭയം നൽകണേ'

മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണീ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ഒരു മറവത്തൂർ കനവ്' എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ സംഗീത സംവിധാനം നിർവഹിച്ച ഈ പാട്ട് പാടിയത് കെ.ജെ.യേശുദാസ് ആണ്. 1998-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 

'വിശ്വം കാക്കുന്ന നാഥാ
വിശൈ്വക നായകാ
ആത്മാവിലെരിയുന്ന തീയണക്കൂ
നിൻ ആത്മ ചൈതന്യം നിറയ്ക്കൂ'

1999-ൽ ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന ചിത്രത്തിലെ മനോഹരമായ ഈ ഗാനം മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്നതാണ്. സത്യൻ അന്തിക്കാട് തന്നെയാണ് ഈ ഗാനത്തിന്റെ രചനയും എന്നതാണ് മറ്റൊരു പ്രത്യേകത. ജോൺസൺ മാഷ് സംഗീതം നൽകിയ ഈ പാട്ട് ആലപിച്ചിരിക്കുന്നത് കെ.ജെ.യേശുദാസ് ആണ്. സിനിമയിലെ നായകന്റെ പ്രശ്‌നങ്ങൾ ഈശോയോടുള്ള പ്രാർത്ഥനയായി ഈ ഗാനത്തിൽ അവതരിപ്പിക്കുന്നു. 'ഇടയൻ കൈവിട്ട കുഞ്ഞാടുകൾ 
ഇരുളിൽ കൈത്തിരിതിരയുമ്പോൾ 
ആരുമില്ലാത്തവർക്കഭയം നൽകും 
കാരുണ്യമെന്നിൽ ചൊരിയേണമേ' എന്ന വരികളിൽ വീട്ടിൽ നിന്നിറങ്ങേണ്ടി വന്ന ഒരു മകന്റെ വേദനകളെല്ലാം നിറഞ്ഞുനിൽക്കുന്നു.

'വാതിൽ തുറക്കൂ നീ കാലമേ
കണ്ടൊട്ടെ സ്‌നേഹ സ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
പ്രാർഥിച്ച യേശു മഹേശനെ'

യൂസഫലി എഴുതി ബോംബെ രവി സംവിധാനം ചെയ്ത ഈ ഗാനം കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര എന്നിവർ ആലപിച്ച ഈ ഗാനം 'ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ' എന്ന ചിത്രത്തിലേതാണ്. 

'അനുപമ സ്‌നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺ ദീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ സ്‌നേഹസ്വരൂപാ'
 
വർണ്ണപ്പകിട്ട് എന്ന ചിത്രത്തിൽ കെ.എസ്.ചിത്ര പാടിയതാണ് ഈ പാട്ട്. ജോസ് കല്ലുകുളം രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് വിദ്യാസാഗർ ആണ്.

'പൈതലാം യേശുവേ
ഉമ്മവെച്ചുമ്മവെച്ചുണർത്തിയ
ആട്ടിടയർ ഉന്നതരേ
നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു'

കെ.എസ്.ചിത്രയുടെ ഗാനാലാപനത്തിൽ എന്നും തിളങ്ങിനിൽക്കുന്ന ഗാനമാണിത്. ഗാനപ്രവാഹം എന്ന ചിത്രത്തിനുവേണ്ടി ബ്രദർ ജോസഫ് പാറാംകുഴി എഴുതി ഫാദർ ജസ്റ്റിൻ പനയ്ക്കൽ സംഗീത സംവിധാനം നിർവഹിച്ച ഗാനമാണിത്.