
''അമ്മയ്‌ക്കെത്ര വയസ്സായി?''
ഇരുട്ട് മെലിഞ്ഞു വിളറിത്തുടങ്ങിയ കൊച്ചുവെളുപ്പാന്‍കാലം. പുകപറത്തുന്ന അടുപ്പിനരികെ നിന്ന, അമ്മ ചോദ്യം കേട്ടൊന്നു ചിരിച്ചു. ''ഇരുപത്തിരണ്ട് തികഞ്ഞിട്ട് കൊല്ലം അറുപതുകഴിഞ്ഞു!'' അമ്മയുടെ കണക്കിനൊത്ത മറുപടി കേട്ടിട്ടാകാം പുകമറയ്ക്കുള്ളില്‍ അടുപ്പിലെ തീയ്ക്ക് തെളിച്ചമേറി.
അമ്മ പറഞ്ഞ കണക്ക് കുറച്ചും കൂട്ടിയും പരിഹരിക്കാന്‍ മസ്തിഷ്‌കം പെടാപ്പാടുപെടുന്ന നേരത്തിനിടെ അടുപ്പുകല്ലിനുമേല്‍ അപ്പച്ചട്ടി കയറിപ്പറ്റി. കണക്ക് തൊടുത്തുവിട്ടയാള്‍ അതില്‍ തേങ്ങാപ്പാല്‍ മണമുള്ള മാവൊഴിച്ച് വട്ടത്തില്‍ ചുറ്റി അരികില്‍ ഞൊറിവുള്ള സ്വയമ്പന്‍ പാലപ്പം ചുട്ടു. അടച്ചുകമിഴ്ത്തിയ ചട്ടിയില്‍ അപ്പം വേവെത്തുന്ന നേരത്തിനിടെ അവര്‍ ചുട്ടുപഴുത്ത ഇരുമ്പുചട്ടിയില്‍ പൗര്‍ണമിവൃത്തം പോലുള്ള ദോശ എട്ടുപത്തെണ്ണം ഒന്നിച്ചുപരത്തി. ഞാനാദ്യം, ഞാനാദ്യം എന്ന വെല്ലുവിളിപോലെ കിരുകിരുത്തും ആവിപറത്തിയും ദോശക്കൂട്ടവും അപ്പവും വാശിക്കാരായി. ചട്ടുകക്കോല്‍കൊണ്ട് തട്ടുകൊടുത്ത് അപ്പത്തെയും ദോശവട്ടങ്ങളെയും പ്ലേറ്റില്‍ കിടത്തി ചട്ടംപഠിപ്പിക്കലായിരുന്നു പിന്നെ.
പത്തനാപുരത്തിനടുത്ത് കലഞ്ഞൂരിലെ ലീലച്ചേച്ചിയുടെ ഹോട്ടലിനുള്ളിലെ കാഴ്ചകളാണിതൊക്കെ. പാതിരാത്രി ഒരുമണിമുതല്‍ പകല്‍ 11 വരെ മാത്രം തുറന്നിരിക്കുന്ന, പേരു പരതി ഗൂഗിള്‍ മാപ്പില്‍ കണ്ടെത്താന്‍ കഴിയാത്ത രുചിയുടെ വന്‍കരയാണിവിടം. കഴിഞ്ഞ 42 വര്‍ഷമായി ലീലച്ചേച്ചി രുചിവിളമ്പുന്നു. ഹോട്ടലിന് പേരില്ല. രുചിയാണ് വിലാസം. ഞ്ഞവര്‍ അതേവഴിയില്‍ അവിടേക്ക്
ചമ്മന്തികളുടെ പക്കമേളം
കുതിര്‍ത്ത പച്ചരിയില്‍ തേങ്ങ ചേര്‍ത്തരച്ച പഞ്ഞിപോലുള്ള പാലപ്പവും വട്ടംതെറ്റാത്ത ദോശയും തൊട്ടാല്‍ മയപ്പെട്ട് പൊടിഞ്ഞുടയുന്ന തൂവെള്ള പുട്ടുമാണ് ലീലച്ചേച്ചിയുടെ ഹോട്ടലിലെ പ്രധാനികള്‍. മേമ്പൊടിയായി, പാകത്തിന് വേവൊത്ത ചെറുപയറും പൊള്ളിവീര്‍ത്ത പപ്പടവും എപ്പോഴും ഹാജര്‍. വലിയ ഇരുമ്പുചീനച്ചട്ടികളില്‍ പരിപ്പിനും ഉഴുന്നിനും വറ്റല്‍മുളകിനും കറിവേപ്പിലയ്ക്കുമൊക്കെയൊപ്പം മൊരിഞ്ഞിറങ്ങിവന്ന വടകള്‍, പാകത്തിന് കടുപ്പവും മധുരവുമൊത്ത ചായക്കും കാപ്പിക്കുമൊപ്പം അകത്താക്കി ഇടനേരത്തെ വിശപ്പിനെ പമ്പകടത്താം.
ഈ രുചിപ്പട്ടിക കേട്ട് ഇതൊക്കെയെന്താ എങ്ങും കിട്ടാത്തതാണോ എന്ന് ചോദിക്കാന്‍ വരട്ടെ. പക്കമേളക്കാരായി പലതരം ചമ്മന്തികള്‍ അണിനിരക്കുന്ന പൂരപ്പറമ്പാണ് ലീലച്ചേച്ചിയുടെ കുഞ്ഞുരുചിപ്പുര. വെന്തുടഞ്ഞ പച്ചക്കറിക്കൂട്ടില്‍ കായവും കടുകും താളിച്ച കലക്കന്‍ സാമ്പാറിനൊപ്പമാണ് ചമ്മന്തികളുടെ വരവ്. അവരുടെ വരവോടെയാണ് കൊടിയേറുക.
ജീവിതത്തെ നയിച്ച രുചി
''42 വര്‍ഷമായി ഈ കടയെ ചുറ്റിപ്പറ്റിയാണ് ജീവിതം. ഭര്‍ത്താവ് തുന്നല്‍ക്കാരനായിരുന്നു. അദ്ദേഹമാണ് കട തുടങ്ങിയത്. ഞങ്ങള്‍ രണ്ടുപേരുംകൂടിയായിരുന്നു നടത്തിപ്പ്. കടതുടങ്ങി മൂന്നാംവര്‍ഷം ഒരു ബസ്സപകടത്തില്‍ അദ്ദേഹം മരിച്ചു. ഞാന്‍ അന്ന് വളരെ ചെറുപ്പമാണ്. മൂന്നുമക്കളും അന്ന് കൊച്ചുങ്ങളാണ്. മക്കളെ വളര്‍ത്തണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം. വരുമാനത്തിനുള്ള ഒരേയൊരു മാര്‍ഗം കടയായിരുന്നു. വിഷമിച്ചിരിക്കാതെ ഞാന്‍ കടയിലേക്ക് കയറി. അടുപ്പൂതിയും തീച്ചൂടേറ്റും പാചകം തുടര്‍ന്നു. മക്കളെ വളര്‍ത്തി. മുന്നോട്ടു ജീവിച്ചു. തളര്‍ന്നിരുന്നെങ്കില്‍ എന്റെയും കുഞ്ഞുങ്ങളുടെയും ഗതി എന്താകുമായിരുന്നെന്ന് ഓര്‍ക്കാന്‍ വയ്യ.''
പഴങ്കഥ പറയുന്നതിനിടെ ലീലച്ചേച്ചി ഒരുസെറ്റ് ദോശ കല്ലിലേറ്റി. കുശിനിയോടു ചേര്‍ന്ന മരബെഞ്ചില്‍, വിശപ്പാറ്റാനെത്തിയവര്‍ക്ക് വേണ്ടതെല്ലാം വിളമ്പി. പ്രാതല്‍ പൊതിഞ്ഞുവാങ്ങാന്‍ വന്നവരെയും നിര്‍ത്തിമുഷിപ്പിക്കാതെ കാര്യങ്ങള്‍ വേഗത്തിലാക്കി.
പകിട്ടില്ല, പത്രാസും
ലീലച്ചേച്ചിയുടെ ഹോട്ടലിന് പേരില്ല. പതിവുമട്ടിലുള്ള പകിട്ടോ പത്രാസോ ഒന്നുമില്ല. വിറകടുപ്പിന്റെ ചൂടുനിറഞ്ഞ കുഞ്ഞടുക്കള. അതിനോടുചേര്‍ന്ന ഇത്തിരിസ്ഥലത്ത് രണ്ടു മരബെഞ്ചുകള്‍- ഇത്രമാത്രം. ചോരാതിരിക്കാന്‍ നീല ടാര്‍പ്പോളിന്‍കൊണ്ട് മേല്‍ക്കൂര മൂടിയ, ആസ്ബസ്റ്റോസ് ചുവരാക്കിയ കൂരയാണ് ഹോട്ടല്‍. പാതിരാമുതല്‍ പിറ്റേന്ന് ഉച്ചവരെ മുന്നൂറോളംപേര്‍ രുചിയറിയാന്‍ ഇവിടെ കയറിയിറങ്ങുന്നു.
പാതിരാമുതല്‍ നട്ടുച്ചവരെ എന്നനിലയിലേക്ക് പ്രവര്‍ത്തന സമയം മാറ്റിയിട്ട് അധികകാലമായില്ല. അതിനുള്ള കാരണവും ലീലച്ചേച്ചി പറഞ്ഞു: ''രാത്രിയില്‍ വലിയ വണ്ടികള്‍ ഒരുപാടോടുന്ന വഴിയാണിത്. തെങ്കാശിയില്‍നിന്ന് പച്ചക്കറികളും പലവ്യഞ്ജനങ്ങളും കയറ്റിവരുന്ന ലോറികളും കലഞ്ഞൂരിനു ചുറ്റുവട്ടത്തെ ക്വാറികളില്‍നിന്ന് കരിങ്കല്ലു നിറച്ചുവരുന്ന ടിപ്പറുകളും. രാത്രിയില്‍ കടതുറന്നത് അവര്‍ക്കുവേണ്ടിയാണ്. ഉറങ്ങിപ്പോകാതെ ദൂരം താണ്ടാനുള്ളവരല്ലേ.
ആദ്യം കാപ്പിയും ചായയും പകര്‍ന്നുതുടങ്ങും. അപ്പവും പുട്ടും ദോശയും പിന്നാലെ. വരുന്നവര്‍ക്ക് ഏറെ പ്രിയം ചമ്മന്തികളാണ്. പകലും ഈവഴി വാഹനങ്ങള്‍ക്ക് കുറവില്ല. തെങ്കാശിയിലെയും അവിടേക്കുള്ള കാട്ടുപാതയിലെയും കാഴ്ചകള്‍ കാണാനിറങ്ങുന്നവര്‍ ഇതുവഴി വരും.'' അടുപ്പില്‍നിന്നിറങ്ങിയ ദോശക്കൂട്ടത്തെ തേടി ലീലച്ചേച്ചിയുടെ ഹോട്ടലിനുമുന്നില്‍ കൂറ്റനൊരു ലെയ്ലാന്‍ഡ് ലോറി ബ്രേക്കിട്ടു. ചമ്മന്തികള്‍ പാത്രത്തിലേറാന്‍ തയ്യാറായി.
സ്വല്പം ചമ്മന്തിക്കഥ
പത്തനംതിട്ട വള്ളിക്കോടുകാരിയായ തിലകമ്മ വിവാഹത്തോടെയാണ് കലഞ്ഞൂരെത്തുന്നത്. ഭര്‍ത്താവിന്റെ നാട് തിലകമ്മ എന്ന വ്യത്യസ്തമായ പേരിനെ ലീല എന്ന് വെട്ടിച്ചുരുക്കി. പിന്നെപ്പിന്നെ കലഞ്ഞൂരിന് ആ പേര് രുചിയുടെ പര്യായമായി. ലീല നാട്ടുരുചിയെ നീട്ടിപ്പരത്തി വിപുലവും വ്യത്യസ്തവുമാക്കി.
അരച്ച ചമ്മന്തി, ചതച്ച ചമ്മന്തി, മുളകുചമ്മന്തി, മല്ലിച്ചമ്മന്തി, കാരച്ചമ്മന്തി എന്നിങ്ങനെ പലതരം ചമ്മന്തികളെ മെരുക്കിയ ലീലച്ചേച്ചിയുടെ പേരില്‍ പ്രസിദ്ധമായൊരു ചമ്മന്തി കലഞ്ഞൂരിലുണ്ട്. അപ്പത്തിനും ദോശയ്ക്കും പുട്ടിനും പത്തിരിക്കും നല്ല ചൂടുചോറിനും ചട്ടിക്കുള്ളില്‍ രാത്തണുപ്പറിഞ്ഞ പഴങ്കഞ്ഞിക്കുമൊപ്പം തൊട്ടുകൂട്ടാവുന്നൊരു എരിപൊരി ചമ്മന്തി. പേര് 'ലീലാസ് സ്‌പെഷ്യല്‍'. പൊടിയായി അരിഞ്ഞ സവാളയില്‍, വെയിലത്തുണക്കിപ്പൊടിച്ച പിരിയന്‍മുളക് തൂകി പച്ചവെളിച്ചെണ്ണയൊഴിച്ച് കൈകൊണ്ട് തിരുമ്മിയ ചമ്മന്തി. സംഗതി ലളിതമാണെങ്കിലും രുചി അപാരം. ഏതു മിതാഹാരിയും അതുംകൂട്ടി പത്തുദോശയെങ്കിലും അകത്താക്കും. ഈന്തപ്പഴം, കപ്പലണ്ടി, എള്ള്, പൊരിക്കടല, ഉഴുന്നുപരിപ്പ്, ഇഞ്ചി, നല്ലെണ്ണ, തുവരപ്പരിപ്പ്, തക്കാളി, തേങ്ങ, മല്ലിയില, പുതിനയില എന്നിവ പ്രത്യേകം വഴറ്റി ഒന്നിച്ചരച്ച കാരച്ചമ്മന്തിക്കും പത്തരമാറ്റ് രുചി.
ദോശചുട്ട്, അപ്പം ചുറ്റി
സന്തുഷ്ടയാണ് ലീലച്ചേച്ചി. കടയില്‍ മകള്‍ ഗീതയ്ക്കും മരുമകന്‍ മുരളിക്കുമൊപ്പം സജീവമായി അവരുണ്ട്.
''അമ്മയ്ക്കാണ് എല്ലാത്തിന്റെയും മേല്‍നോട്ടം. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും കടയുടെ തിരക്കില്‍ നില്‍ക്കുമ്പോള്‍ അമ്മ അതെല്ലാം മറക്കും. അച്ഛന്റെ പെട്ടെന്നുള്ള മരണത്തില്‍ തകര്‍ന്നുപോകാതെ അമ്മ പിടിച്ചുനിന്നതും ഞങ്ങളെ വളര്‍ത്തിയതുമെല്ലാം ഈ കടയുടെ കരുത്തിലാണ്. ആരോഗ്യമുള്ളകാലത്തോളം കടയില്‍ സജീവമായി തുടരണമെന്നാണ് അമ്മയുടെ ആഗ്രഹം,'' മകള്‍ ഗീത പറയുന്നു.
''കരിങ്കല്ലും പച്ചക്കറികളുമൊക്കെയായി ഈവഴി പോകുന്ന ലോറിക്കാര്‍ ഇവിടുന്നു കഴിച്ച ഭക്ഷണത്തിന്റെ രുചി അവരുടെ വീട്ടുകാരോട് ചെന്നുപറയും. പിന്നത്തെ വരവില്‍ ഇവിടുത്തെ ഭക്ഷണം കഴിക്കാനായി കുടുംബത്തെ കൂടെക്കൂട്ടിവന്നവരുണ്ട്.
ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങളൊന്നുമില്ലാതിരുന്ന എന്നെപ്പോലൊരാള്‍ക്ക് ഇതൊക്കെത്തന്നെ ധാരാളം...'' നിറചിരിയോടെ ലീലച്ചേച്ചി അടുപ്പുകല്ലില്‍ വീണ്ടും അപ്പച്ചട്ടി കയറ്റി.
കടയ്ക്കുമുന്നില്‍ ഒരു ടോറസ് വന്നു നിന്നു. ''ഒരു ടീ കൊടുങ്കമ്മാ...'' തമിഴ് അതിര്‍ത്തികടന്നുവന്ന വണ്ടിക്കാരന്‍ ചിരപരിചിതനെപ്പോലെ ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. സമോവര്‍ ആവിപരത്തി. കടുപ്പമൊത്ത ചായകുടിച്ച് അയാള്‍ രസമുള്ള തമിഴ് കഥകള്‍ പേശിത്തുങ്ങി. ദോശചുട്ടും അപ്പം ചുറ്റിയും ലീലച്ചേച്ചി നല്ല കേള്‍വിക്കാരിയായി.
Content Highlights: kalanjoor leela's hotel dosa chammanthi special
Published: 05 Feb 2024, 02:03 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented