
പാപങ്ങള്‍ അകറ്റി മുക്തിയിലേക്ക് നയിക്കുന്ന സപ്തനദികള്‍... ഗംഗ, യമുന, സരസ്വതി, ഗോദാവരി, നര്‍മദ, സിന്ധു, കാവേരി. ദക്ഷിണഗംഗയായ കാവേരി വേനലില്‍ വെറുമൊരു ജലരേഖയാണ് തിരുവൈയാറില്‍. വിശ്രുതരാഗങ്ങള്‍ ചിട്ടപ്പെടുത്തിയ ത്യാഗരാജസ്വാമികളുടെ സമാധി മന്ദിരത്തിനു പിന്നില്‍ നേര്‍ത്ത ജലക്കീറായി ഒഴുകുന്നു കാവേരി. കടുംനിറമണിഞ്ഞ വര്‍ഷകാല വാനില്‍ പൊടുന്നനെ തെളിഞ്ഞ മിന്നല്‍പോലെ പുണ്യനദി. ഇവിടെ ഈ നദീതീരത്തിരുന്നാണ് ത്യാഗരാജസ്വാമികള്‍ വിശ്രുത രാഗങ്ങള്‍ ചിട്ടപ്പെടുത്തിയതും ഭക്തിനിബിഢമായ കീര്‍ത്തനങ്ങള്‍ ആലപിച്ചതും. സംഗീതത്തിന്റെ അനശ്വര ഗോപുരം പോലെ കാവേരീതീരത്ത് ത്യാഗരാജസമാധി കാണാം. ഋതുപ്പകര്‍ച്ചയില്‍ വെറും മണല്‍പ്പരപ്പായി പരിണമിച്ച നദിയില്‍ നിന്ന് വരണ്ട കാറ്റ് സമാധി മന്ദിരത്തെ പൊതിയുന്നു. ആ സ്മൃതികുടീരത്തിനരികിലായി ഒറ്റച്ചില്ലയുള്ളൊരു മരച്ചുവട്ടില്‍ ഒരു ചെറുകോവില്‍. അതും ഒരു സ്മൃതികുടീരമാണ്. സംഗീതത്തെയും സര്‍ഗാത്മകതയെയും ജീവവായുവായി കണ്ട, പോരാളിയായ, പ്രതിഭാധനയായ ഒരു സ്ത്രീയുടെ കുടീരം.
തുടരുന്ന വെല്ലുവിളികള്‍
ത്യാഗരാജ സ്മൃതിമന്ദിരത്തിന്റെ ചുവരില്‍ കറുത്തശിലാപാളിയില്‍ കൊത്തിവച്ചിട്ടുണ്ട് അവരുടെ പേര്. ബെംഗളൂര്‍ നാഗരത്‌നമ്മ. കര്‍ണാടകയിലെ നഞ്ചനഗുഡുവില്‍ ദേവദാസിയായ പുട്ടുലക്ഷ്മിയുടെ മകളായി 1878ല്‍ ആയിരുന്നു നാഗരത്‌നമ്മയുടെ ജനനം. ദേവദാസിയായ ആ അമ്മയ്ക്കും അവരുടെ മകള്‍ക്കും പൊതുവേദികളില്‍ പലതും നിഷേധിക്കപ്പെട്ടു. പക്ഷേ, ആ വിലക്കുകളെയൊക്കെയും നാഗരത്‌നമ്മ പ്രതിഭയിലൂടെ മറികടന്നു. അവള്‍ സംസ്‌കൃതവും സംഗീതവും പഠിച്ചു. പതിനഞ്ചാം വയസ്സില്‍ രാജകൊട്ടാരത്തില്‍ കച്ചേരി അവതരിപ്പിച്ചു.

സംഗീതത്തിലും നൃത്തത്തിലും വിദുഷിയായ ദേവദാസിയായി അവള്‍ വളര്‍ന്നു. പതിനെട്ടാം നൂറ്റാണ്ടിലെ സാഹിത്യകാരനായ മുദ്ദുപളനിയുടെ രാധികാസാന്ത്വനം എന്ന കൃതിയെ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടാണ് നാഗരത്‌നമ്മ ആണ്‍മേല്‍ക്കോയ്മയ്ക്ക് ആദ്യ പ്രഹരമേകുന്നത്. കൃതിയുടെ ഉള്ളടക്കത്തില്‍ ആരോപിക്കപ്പെട്ട അശ്ലീലം തന്നെയായിരുന്നു പ്രശ്‌നം. നാഗരത്‌നമ്മ സമൂഹത്തിന്റെ ധാര്‍മികതയെ വെല്ലുവിളിക്കുന്നു എന്ന ആരോപണം പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ നിന്നും പിന്നാലെവന്നു. പുസ്തകം നിരോധിക്കപ്പെട്ടു. അതോടെ നാഗരത്‌നമ്മ കോടതികയറി. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ വിജയം നാഗരത്‌നമ്മയ്‌ക്കൊപ്പമായിരുന്നു.
തളരാത്ത പോരാട്ടം
സംഗീത ജീവിതത്തിന് തുടര്‍ച്ചയൊരുക്കാന്‍ അവര്‍ മദ്രാസിലേക്ക് ചേക്കേറി. പക്ഷേ, സ്ത്രീയായിപ്പിറന്നു എന്ന കാരണത്താല്‍ പുരുഷമേധാവിത്വം അവരെ കലയുടെ കോവിലുകളില്‍ നിന്ന് അകറ്റി നിര്‍ത്തി. ത്യാഗരാജ സംഗീതോത്സവത്തില്‍പോലും പാടാന്‍ അവസരം നിഷേധിച്ചു. ദേവദാസിയായ നാഗരത്‌നമ്മയ്‌ക്കൊപ്പം വേദി പങ്കിടില്ലെന്ന് ശഠിച്ച സംഗീജ്ഞരായിരുന്നു ഏറെയും. ഈ വേര്‍തിരിവ് നാഗരത്‌നമ്മയെ ചൊടിപ്പിച്ചു. ത്യാഗരാജ സമാധിസ്ഥലമായ കാവേരീതീരത്ത് അവര്‍ ദേവസാസികളെ അണിനിരത്തി സംഗീത കച്ചേരി നടത്തി. അതൊരു വലിയ മുന്നേറ്റമായിരുന്നു. കലയുടെ വിലക്കുകളെ സംഗീതത്തിലൂടെ പൊട്ടിച്ചെറിഞ്ഞ കരുത്തുറ്റ പെണ്‍ മുന്നേറ്റം. അവരുടെ പ്രതിഷേധം ആണ്‍മേല്‍ക്കോയ്മയ്ക്കും കലയിലെ ആണ്‍ കുത്തകാവശത്തിനും മേലുള്ള പ്രഹരമായിരുന്നു. വിജയം അവിടെയും നാഗരത്‌നമ്മയ്‌ക്കൊപ്പമായിരുന്നു. ത്യാഗരാജ സംഗീതോത്സവത്തില്‍ സ്ത്രീകള്‍ക്കും പാടാന്‍ അവകാശം ലഭിച്ചു.

ഒരേ മണല്‍പ്പരപ്പില്‍
കര്‍ണാടക സംഗീതത്തിന്റെ വിശാല രാഗധാരയാല്‍ നവോന്മേഷം പകര്‍ന്ന ത്യാഗരാജസ്വാമികള്‍. സമ്പത്തും പദവികളും വേണ്ടെന്നുവച്ച് അദ്ദേഹം തിരുവൈയാറിലെ അഗ്രഹാരത്തെരുവുകളില്‍ പാട്ടില്‍ മുഴുകിയലഞ്ഞു. സംഗീതത്തിന്റെ ആ നിത്യോപാസകന്റെ ആരാധികയായിരുന്നു നാഗരത്‌നമ്മ. തിരുവൈയാറില്‍ ആരാലും സംരക്ഷിക്കപ്പെടാതെപോയ ത്യാഗരാജ സ്വാമികളുടെ ശവകുടീരത്തോടുചേര്‍ന്ന് അദ്ദേഹത്തിനായി സ്മൃതിമന്ദിരം പണിതീര്‍ത്തത് അവരാണ്. അതിനായി അവര്‍ അവരുടെ സമ്പാദ്യം മുഴുവനും വിനിയോഗിച്ചു. ത്യാഗരാജ ആരാധിക എന്ന വിശേഷണം സര്‍ഗാത്മകതയോടും
സംഗീതത്തോടുമുള്ള ആദരവെന്നോണം സ്വയം സ്വീകരിച്ചു. ത്യാഗരാജ പ്രതിഷ്ഠയ്ക്കഭിമുഖമായി അതേ നദീതീരത്ത് അവരുടെ ശിലാശില്പം.

അവരിരുവര്‍ക്കുമിടയില്‍ ഒരു ചെറുമണല്‍പ്പരപ്പിന്റെ അകലം മാത്രം. വലിയ അഴികള്‍ പിടിപ്പിച്ച ജാലകത്തിനുള്ളില്‍ ഉപവിഷ്ഠനായ ത്യാഗരാജ സ്വാമികളെ വിസ്മയത്തോടെ ഒറ്റമരത്തണലില്‍ വണങ്ങിനില്‍ക്കുന്നു നിത്യാരാധികയായ നാഗരത്‌നമ്മ. ത്യാഗരാജസ്വാമികളുടെയും നാഗരത്‌നമയുടെയും സമാധിമന്ദിരങ്ങള്‍ക്ക് ഇടയിലുള്ള വിശാലമണല്‍പ്പരപ്പിലാണ് എല്ലാവര്‍ഷവും പുഷ്യബഹുളപഞ്ചമിനാളില്‍ ത്യാഗരാജ സംഗീതോത്സവം അരങ്ങേറുന്നത്. വിവിധ ദേശങ്ങളില്‍ നിന്നുള്ള സംഗീതജ്ഞര്‍ അന്നേനാള്‍ സംഗീതാലാപനാര്‍ച്ചനയില്‍ മുഴുകും. അകറ്റിനിര്‍ത്തിയ അതേ മണല്‍പ്പരപ്പില്‍ മഹാഗുരുവിനൊപ്പം നാഗരത്‌നമ്മ രാഗോത്സവത്തിന്റെ ശ്രോതാവാകും. സമൂഹത്തിന്റെ നീതികേടുകള്‍ക്ക് കാലം അവര്‍ക്കു നല്‍കുന്ന നീതിയുടെ കാവ്യാര്‍ച്ചനകൂടിയാകാം അത്.
Content Highlights: the rebellious life of bangalore nagarathnamma
Published: 08 Mar 2024, 09:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented