പതിനായിരത്തിലധികം റസ്റ്ററന്റുകളും ബാറുകളും. മൂവായിരത്തോളം ഫുഡ് കോര്‍ട്ടുകള്‍. സ്പാനിഷ് തലസ്ഥാന നഗരിയായ മാഡ്രിഡിനെ യൂറോപ്പിന്റെ ഭക്ഷണതലസ്ഥാനം എന്ന് വിശേഷിപ്പിക്കാം.

മാഡ്രിഡിലെ ടപാസ് രുചികൾ
പൗരാണിക നഗരത്തെ ലോകം ഇന്നറിയുന്നത് റയല്‍ മഡ്രിഡ് എന്ന ഫുട്ബോള്‍ ക്ലബ്ബിന്റെ പേരിലാവും. എന്നാല്‍, സ്പാനിഷ് സംസ്കാരത്തിന്റെ ഈറ്റില്ലമായ മഡ്രിഡില്‍, എന്നെ ആകര്‍ഷിച്ചത് ഭക്ഷണ വൈവിധ്യമാണ്. പതിനാറാം നൂറ്റാണ്ടില്‍ ഫിലിപ്പ് രണ്ടാമന് രാജാവ് മഡ്രിഡിനെ സ്പെയിനിന്റെ തലസ്ഥാനമാക്കിത്തീര്ത്തതുമുതല് നഗരത്തില്‍ അദ്ഭുതാവഹമായ മാറ്റങ്ങള്‍ സംഭവിച്ചു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍നിന്ന് ആളുകള്‍ തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ലക്ഷ്യമിട്ട് ഇങ്ങോട്ടേക്കെത്തിത്തുടങ്ങി. അങ്ങനെ പല നാടുകളിലെ രുചിവൈവിധ്യം മഡ്രിഡിന് സ്വന്തമാവുകയായിരുന്നു.
യൂറോപ്പിന്റെ ഭക്ഷണ തലസ്ഥാനങ്ങളില്‍ ഒന്നാണ് മഡ്രിഡ്. പതിനായിരം റസ്റ്ററന്റുകള്‍, പതിനെട്ടായിരം ബാറുകള്‍, മൂവായിരത്തോളം ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ഇവിടെയുണ്ട്. എന്നാല്‍, ഇതില്‍ നല്ലൊരു ശതമാനവും ടൂറിസ്റ്റുകള്‍ക്കുള്ള കെണിയാണ്. അതുകൊണ്ടുതന്നെ സ്പാനിഷ് ഭക്ഷണസംസ്കാരത്തെ മനസ്സിലാക്കാന്‍ അവിടത്തുകാരനായ ദാവീദ് സംഘടിപ്പിക്കുന്ന ഫുഡ് ടൂറില്‍ പങ്കാളിയായി. എന്നെക്കൂടാതെ അഞ്ച് വിദേശികള്‍ വേറെയുമുണ്ട്.
സാന്‍ മിഗുവെല്‍ മാര്‍ക്കറ്റിന്റെ മുന്‍പില്‍നിന്നാണ് ടൂര്‍ ആരംഭിച്ചത്.''പണ്ടുമുതലേ ഇവിടത്തെ നിരത്തുകള്‍ കച്ചവടക്കാര്‍ കൈയടക്കിയിരുന്നു. 1906-ലാണ് ഈ വലിയ കെട്ടിടത്തിലേക്ക് ചന്ത മാറ്റിസ്ഥാപിച്ചത്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ വരവോടെ ചന്തയില്കച്ചവടം കുറഞ്ഞു. ഇപ്പോള്‍ അവിടെ 'ടപാസ്' കച്ചവടം പൊടിപൊടിക്കുന്നു. മദ്യത്തിനൊപ്പം കഴിക്കുന്ന ലഘുഭക്ഷണമാണ് ടപാസ്.
പതിമൂന്നാം നൂറ്റാണ്ടില്‍ സ്പെയിന് ഭരിച്ചിരുന്ന അല്‍ഫോന്‍സോ പത്താമന്‍ രാജാവാണ് ഇതിന് തുടക്കമിട്ടത്. മദ്യം കഴിച്ച് ആളുകളുടെ ആരോഗ്യം തകരാറിലാവുന്നതുകണ്ട് അദ്ദേഹം ഒരു ഉത്തരവിറക്കി. മദ്യത്തിനൊപ്പം നിര്‍ബന്ധമായും ഭക്ഷണംകൂടി നല്‍കണം. അങ്ങനെയാണ് മദ്യവും ടപാസും തമ്മിലുള്ള അഭേദ്യമായ ബന്ധം ആരംഭിക്കുന്നത്. ചന്തയ്ക്കുള്ളില്‍ നല്ല തിരക്കായിരിക്കും. ''കണ്ണുംമൂക്കും തുറന്നുപിടിച്ച് മാര്‍ക്കറ്റ് ആസ്വദിക്കൂ. ഒന്നും വാങ്ങിക്കഴിക്കരുത്. പുറത്തിറങ്ങിയശേഷം ബാക്കി കാര്യങ്ങള്‍ പറഞ്ഞുതരാം.'' -മാര്‍ക്കറ്റ് പരിചയപ്പെടുത്തുന്നതിനിടെ ദാവീദ് പറഞ്ഞു.
കമ്പോളത്തിനകത്ത് സൂചികുത്താന്‍ ഇടമില്ല. ടൂറിസ്റ്റുകളുടെ കുത്തൊഴുക്കില്‍ ഞങ്ങളും അലിഞ്ഞുചേര്‍ന്നു. എങ്ങും കൊച്ചുകൊച്ചു കടകള്‍. ചില്ലലമാരകളില്‍ ടപാസ് നിരത്തിയിട്ടുണ്ട് . ചെറിയ ബ്രെഡ്കഷണങ്ങള്ക്ക് മുകളില്‍ പലതരം മത്സ്യങ്ങള്‍ അലങ്കരിച്ചുവെച്ചിരുന്നു. നത്തോലി, മത്തിപോലുള്ള ചെറുമത്സ്യങ്ങളുടെ മുള്ള് നീക്കംചെയ്ത് ഒലിവ് എണ്ണയിലോ വിനാഗിരിയിലോ ഏറെക്കാലം ഇട്ടുവെച്ചശേഷമാണ് ഉപയോഗിക്കുന്നത്. ചൂര, ബ്ലൂ കോഡ് മത്സ്യം, ഒക്ടോപസ് തുടങ്ങിയവയും കഷണങ്ങളാക്കി ടപാസിനായി ഉപയോഗിക്കുന്നു.
വലിയ മുത്തുച്ചിപ്പികളില്നിന്ന് മാംസം വേര്‍തിരിച്ചെടുത്ത് പാകംചെയ്ത് വില്പനയ്ക്ക് വെച്ചിരിക്കുന്നു. മറ്റൊരു കടയില്‍ ഹാമും സോസേജുമാണ്. കപ്പലണ്ടി വില്‍ക്കുന്ന കടലാസു കുമ്പിളിനകത്ത് വട്ടത്തിലരിഞ്ഞ സോസേജുകള്‍ കണ്ടു. ചീസ് കടയിലെ വൈവിധ്യം അദ്ഭുതപ്പെടുത്തി. ചീസ്, തക്കാളിയും ജാമുമൊക്കെവെച്ച് ആകര്‍ഷകമാക്കി നിരത്തിയിരിക്കുന്നു. ഒരു കടയില്‍ പലനിറത്തിലുള്ള ഒലീവുകള്‍. ചിലത് പകുത്ത് ഉള്ളില്‍ കല്ലുമ്മക്കായയോ നത്തോലിയോ ടൂത്ത് പിക്ക് കൊണ്ട് തറച്ചുവെച്ചിരുന്നു. ഇറച്ചിയും ചീസ് വെച്ച ഒലീവും ഉണ്ട്. സ്പാനിഷ് ഓംലറ്റ് വില്‍ക്കുന്ന കടയിലും തിരക്കാണ്. വേവിച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് കട്ടിക്ക് ചുട്ടെടുക്കുന്നതാണ് സ്പാനിഷ് ഓംലെറ്റ്. ഒന്നും കഴിച്ചുനോക്കാന്‍ അനുവദിക്കാതെ ദാവീദ് ഞങ്ങളെ പുറത്തേക്ക് നയിച്ചു.
''എന്തുകൊണ്ടാണ് അവിടെനിന്ന് കഴിക്കരുതെന്ന് പറഞ്ഞതെന്ന് ഊഹിക്കാമോ?'' ''വില കൂടുതലായിരിക്കും, അല്ലെങ്കില്‍ തിരക്കുകൊണ്ടാവും.'' ദാവീദ് നിഷേധാര്ഥത്തില് തലയാട്ടി. ''നിങ്ങള്‍ ഇതുവരെ കണ്ടതൊന്നും ശരിയായ ടപാസ് അല്ല. അത് വെറും ഭക്ഷണമല്ല. അത് ഒരു ശൈലിയാണ്. കൂട്ടുകാരും ബന്ധുക്കളും ഒന്നിച്ചിരുന്ന് മദ്യത്തിനൊപ്പം കഴിക്കുന്ന ലഘുഭക്ഷണമാണത്. ഒരു കൈയില്‍ വൈന്ഗ്ലാസ്സുണ്ടാകും. മറ്റേ കൈ ഉപയോഗിച്ച് ഒറ്റയടിക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ടപാസായി വിളമ്പുന്നത്. ഞങ്ങള്‍ സ്
പൂണും ഫോര്‍ക്കും ഇല്ലാതെ കഴിക്കുന്ന ഏക ഭക്ഷണം. ഒരിടത്ത് ഇരുന്നല്ല, മേശയ്ക്ക് ചുറ്റും കൂടിനിന്ന് മദ്യത്തിനൊപ്പമാണ് ടപാസ് കഴിക്കേണ്ടത്. ഒരു കടയില്‍ ഒരു ടപാസ് മാത്രമാണ് കഴിക്കുക. അടുത്ത കടയില്‍നിന്ന് മറ്റൊരു മദ്യത്തിനൊപ്പം മറ്റൊന്ന് ആസ്വദിക്കണം. മൂന്നു-നാല് മണിക്കൂര്‍ എടുത്ത് നാലഞ്ചു തരം ടപാസ് അകത്താക്കും. രുചിയെപ്പോലെ പ്രധാനമാണ് കഴിക്കുന്ന രീതിയും. തദ്ദേശീയര്‍ പതിവായി പോകുന്ന ഭക്ഷണശാലയിലേക്ക് നമുക്ക് പോകാം.'' അതുപറഞ്ഞ് ദാവീദ് നടന്നു. പിന്നാലെ ഞങ്ങളും. എവിടെ നോക്കിയാലും ടപാസിന്റെ പരസ്യങ്ങള്വെച്ച കടകള്‍. ചിലര്‍ ഫോട്ടോ സഹിതമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അതില്‍ ചില കടകള്‍ പത്തൊമ്പതാം നൂറ്റാണ്ടുതൊട്ട് പ്രവര്‍ത്തിക്കുന്നവയാണ്.
ആദ്യം ചെന്നത് ബൊടൈഗ റിക്ല എന്ന കടയിലാണ്. ഹോള്‍സെയ്ലായി വൈന്‍ വില്‍ക്കുന്ന കടകളെയാണ് 'ബൊടൈഗ' എന്ന് വിളിക്കുന്നത്. 1867-ല്‍ ആരംഭിച്ച കടയാണ്. ഇവിടെ വൈന്‍ സൂക്ഷിച്ചിരുന്ന ഭൂഗര്‍ഭ അറകള്‍, 1939-ലെ സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് ബോംബ് ഷെല്‍ട്ടറായി ഉപയോഗിച്ചിരുന്നുവത്രെ! അകത്ത് ഗ്യാസ് സിലിന്‍ഡറിനെ ഓര്‍മ്മപ്പെടുത്തുന്നതരം വലിയ ചുവപ്പുഭരണികളില് വൈന്‍ സൂക്ഷിച്ചിരിക്കുന്നു. പന്ത്രണ്ട് മണിക്കേ കച്ചവടം തുടങ്ങൂ എന്നതുകൊണ്ട് അവിടെന്നിറങ്ങി. അമ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കാസ റെവ്യൂല്റ്റയിലേക്കാണ് പിന്നീട് പോയത്. കടയ്ക്കുള്ളില്‍ പൊക്കംകൂടിയ മേശയ്ക്കുചുറ്റും നിന്നാണ് ആളുകള്‍ കഴിക്കുന്നത്. അവിടത്തെ പ്രധാന ടപാസ് മാവില്‍ മുക്കിപ്പൊരിച്ച ബ്ലൂ കോഡ് മത്സ്യമാണ്.
ആ കടയുടെ എതിര്‍വശത്തുള്ള വീഞ്ഞ് ശാലയിലേക്കാണ് പിന്നീട് പോയത്. മഡ്രിഡിന്റെ ചിഹ്നമായി ഉപയോഗിക്കാറുള്ള മെട്രൊണോ മരത്തില്‍ ഉണ്ടാവുന്ന സ്ട്രോബെറിപോലെ ചുവപ്പുനിറമുള്ള പഴങ്ങളില്നിന്നുണ്ടാക്കുന്ന വീഞ്ഞാണ് മെട്രൊണോ. ഉള്‍ഭാഗം ചോക്ലേറ്റ് തേച്ച പ്രത്യേക ഫ്ളേവര്‍ കപ്പിലാണ് ഈ മദ്യം വിളമ്പുന്നത്. അരിഷ്ടത്തിന്റെ രുചിയായിരുന്നു. മൂത്രാശയ-വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണത്രെ ഈ വീഞ്ഞ്. മെട്രൊണോ മരത്തിന്റെ ഇത്തരത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് അതിനെ മഡ്രിഡിന്റെ ചിഹ്നമായി തിരഞ്ഞെടുത്തത്.
കുറച്ചുദൂരം നടന്നു ഒരു വെങ്കല ശില്പത്തിന് മുന്നിലെത്തി. മരത്തിലെ പഴം പറിക്കാന്‍ ശ്രമിക്കുന്ന കരടിയുടെ ശില്പമാണത്. ''പണ്ടൊക്കെ മഡ്രിഡില്‍ നിറയെ മെട്രൊണോ മരങ്ങളുണ്ടായിരുന്നു. അടുത്ത പ്രദേശങ്ങളില്‍നിന്നുപോലും പഴം തിന്നാന്‍ കരടികള്‍ വരുമായിരുന്നു. ഇന്നിപ്പോള്‍ മരവുമില്ല, കരടിയുമില്ല. ആ പഴയ കാലത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ശില്പം ''. ദാവീദിന്റെ വാക്കുകളില്‍ ചെറിയൊരു ഇച്ഛാഭംഗം പ്രകടമായിരുന്നു. കുറച്ചുദൂരം മുന്നോട്ടുനടന്ന് ടബേര്ണോ അല്മെന്ഡ്രോ 13 എന്ന കടയുടെ മുന്നിലെത്തി. ഭക്ഷണം നല്കുന്ന വീഞ്ഞുശാലയെന്നാണ് 'ബേര്ണോ' എന്നതിനര്‍ഥം. അകത്തുകയറി. ദാവീദ് 'ടപാസ് മന്സാനില്ല' എന്ന ഷെറി ഓര്‍ഡര്‍ ചെയ്തു. വെയ്റ്റര്‍ ഷെറിക്കൊപ്പം ഒലിവ് എണ്ണയില്‍ ഇട്ടുവെച്ചിരുന്ന ഒലീവും, ബീന്‍സും ഒരു ചെറിയ പ്ലേറ്റില്‍ കൊണ്ടുവെന്ന്് വെച്ചു.
''ആന്റലൂസിയന്‍ സംസ്കാരത്തെ പരിചയപ്പെടുത്താനാണ് നിങ്ങളെ ഇവിടെക്കൊണ്ടുവന്നത്. തെക്കന്‍ സ്പെയിനിന്റെ ഭാഗമായ ഒരു ചെറിയ പ്രദേശമാണ് ആന്റലൂസിയ. ടപാസ് സംസ്കാരം അവരാണ് തുടങ്ങിയതെന്നാണ് അവകാശപ്പെടുന്നത്. അല്‍ഫോന്‍സോ പതിമ്മൂന്നാമന് രാജാവ് അവിടം സന്ദര്‍ശിച്ചപ്പോള്‍ ഒരു വീഞ്ഞുശാലയില്പ്പോയി. പൊടിക്കാറ്റടിക്കുന്നതുകൊണ്ട്, രാജാവിന്റെ ഗ്ലാസിന് മുകളിലായി നേര്‍ത്ത കഷണം ഹാം വെച്ചടച്ചാണ് മദ്യം വിളമ്പിയത്. രാജാവിന് ആ ആചാരം ഇഷ്ടപ്പെടുകയും രാജ്യത്തുടനീളം പ്രചരിപ്പിക്കുകയും ചെയ്തുവത്രെ. സ്പാനിഷില്‍ ടപാര് എന്നാല്‍, മൂടുക എന്നാണ് അര്‍ഥം. അതില്‍നിന്നാണ് ടപാസ് എന്ന വാക്ക് നിലവില്‍വന്നത്. ആന്റലൂസിയയിലെ വീഞ്ഞുശാലകളില് വീഞ്ഞിനൊപ്പം സൗജന്യമായാണ് ടപാസ് നല്‍കുക. ആ സംസ്കാരം പിന്തുടരുന്നതുകൊണ്ടാണ് ഇവര്‍ ഒലിവ് സൗജന്യമായിത്തന്നത്''.
അവിടെയുണ്ടായിരുന്ന വട്ടത്തിലുള്ള റോസ്കാസ് എന്ന ബ്രെഡ്ഡും ദാവീദ് ഞങ്ങള്‍ക്ക് കാണിച്ചുതന്നു. ബൊകാഡിലോ ഡി കലമാരി കഴിക്കാനാണ് പിന്നെ പോയത്. ബ്രെഡിനകത്ത് മാവില്‍ മുക്കിപ്പൊരിച്ച കണവ വളയങ്ങള്‍ വെച്ചുതരുന്നതാണ് ഈ വിഭവം. ലാ കമ്പാന എന്ന കടയാണ് ഇതിന് പേരുകേട്ടത്. കട ചെറുതായിരുന്നെങ്കിലും വാങ്ങാന്‍ നില്ക്കുന്നവരുടെ ക്യൂ നീണ്ടതായിരുന്നു. ദാവീദിന് നല്ല പരിചയമുള്ളവരായതുകൊണ്ട് ഞങ്ങള്‍ക്കായി ഒരെണ്ണം അകത്തുനിന്ന് സൗജന്യമായി വാങ്ങിവന്നു. കറുമുറാ പരുവത്തിലുള്ള കണവയും ബ്രെഡും നല്ല കോമ്പിനേഷനാണ്. ഒപ്പം വെളുത്ത സോസും കിട്ടി. മയോണൈസ് ആണെന്നാണ് ആദ്യം കരുതിയത്. അത് വെളുത്തുള്ളിയും ഒലിവെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന ഐഓലി സോസ് ആയിരുന്നു.
മ്യൂസിയം ഓഫ് ആമോനില്വെച്ചാണ് സ്പെയിനിന്റെ സവിശേഷ ഇനമായ ആമോന് ഐബെറിക്കോ ഡി ബെലോട്ട പരിചയപ്പെട്ടത്. പന്നിയിറച്ചിയാണ് ആമോന്. അക്കോണ്‍ എന്ന ഒരുതരം കായമാത്രം കഴിച്ചു വളരുന്ന കറുത്തയിനം പന്നികളില്നിന്നെടുത്ത ഈ മുന്തിയതരം ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. കടയുടെ ഭിത്തിയില്‍ പന്നിയുടെ തുടയോടുകൂടിയ കാലുകള്‍ വില്പനയ്ക്കായി തൂക്കിയിട്ടിരുന്നു.
''ഇനി നിങ്ങളെ കാണിക്കാനുള്ളത് ചരിത്രപ്രാധാന്യമുള്ള ചില കടകളാണ്.'' ആവേശത്തോടെയാണ് ദാവീദ് പറഞ്ഞത്. 1879-ല്‍ ആരംഭിച്ച കാസ ലാബ്റാ കാണാനാണ് ഞങ്ങള്‍ പോയത്. അവിടെയിരുന്ന് ഒരുകൂട്ടം സാധാരണക്കാര്‍ ആരംഭിച്ച സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് സ്പെയിന് ആണ് ഇപ്പോള്‍ രാജ്യത്ത് ഭരണത്തിലുള്ളത്. 'ഡോണ്‍ കിഹോത്തെ' എന്ന വിഖ്യാത സ്പാനിഷ് ഇതിഹാസ കൃതി രചിച്ച എഴുത്തുകാരന് സെര്‍വന്റസ് താമസിച്ചിരുന്ന വീട്ടില്‍ 1827-ല്‍ ആരംഭിച്ച കാസ ആല്‍ബര്‍ട്ടോ ആണ് മറ്റൊന്ന്. കടയുടെ മുകളില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഫലകം സ്ഥാപിച്ചിട്ടുണ്ട്.
മഡ്രിഡിന്റെ തനത് വിഭവങ്ങളായ കാളവാല് സൂപ്പ്, പന്നിച്ചെവി ഫ്രൈ, ഒച്ചിന്റെ സൂപ്പ് തുടങ്ങിയവ ഇവിടെ ലഭിക്കും. ഞങ്ങള്‍ ചെന്നപ്പോള്‍ ആളുകളുടെ നീണ്ടനിരയുണ്ട്. ഏറ്റവും മുന്നില്‍നിന്ന ആളോട് അനുവാദം ചോദിച്ച് ഞാന്‍ അകത്തുകയറി ഫോട്ടോ എടുത്തു.
വിശ്രുത അമേരിക്കന്‍ സാഹിത്യകാരന് ഏണസ്റ്റ് ഹെമിങ്വേയുടെ ഇഷ്ട മദ്യശാലയായിരുന്ന സെര്വേസിയ അലെമാനയില് നിറയെ അദ്ദേഹത്തിന്റെ പടങ്ങള്‍ തൂക്കിയിട്ടിരുന്നു. ഹെമിങ്വേയുടെ സ്ഥിരം ഇരിപ്പിടത്തിനു മുകളിലായും ഫോട്ടോ തൂക്കിയിട്ടുണ്ട്. ഈ കടയുടെ ഉടമയ്ക്കും ഹെമിങ്വേക്കും കാളപ്പോര് ഭയങ്കര ഇഷ്ടമായിരുന്നു. അതുവഴി തുടങ്ങിയ ബന്ധം പിന്നീട് ഗാഢസൗഹൃദത്തിലേക്ക് നീണ്ടു.
ഒടുവില്‍ പോയത് ലോകത്തെ ഏറ്റവും പഴയ റസ്റ്ററന്റ് എന്ന് ഗിന്നസ് ബുക്കില്‍ അടയാളപ്പെടുത്തിയിട്ടുള്ള സോബറിനോ ഡി ബോട്ടിന് കാണാനായിരുന്നു. 1725-ല്‍ ആരംഭിച്ച ഈ ഹോട്ടല്‍ മുന്നൂറു വര്‍ഷങ്ങളായി തനതുവിഭവങ്ങള്‍ മാത്രമാണ് വിളമ്പുന്നത്. റിസര്‍വേഷന്‍ ഉണ്ടെങ്കിലേ അകത്തുകയറാന്‍ സാധിക്കൂ. തിരക്കിയപ്പോള്‍ രണ്ടാഴ്ചത്തേക്ക് ഒഴിവില്ലെന്ന് റിസപ്ഷനിസ്റ്റ് അറിയിച്ചു.
ഫുഡ് ടൂര്‍ അവസാനിച്ചത് അടുത്തുള്ള ഒരു സ്പാനിഷ് റസ്റ്ററന്റില്‍ ആയിരുന്നു. ഞങ്ങള്‍ എല്ലാവരും 'പയ്യയ്യാ' ഓര്‍ഡര്‍ ചെയ്തു. ഇരുമ്പു ചീനച്ചട്ടിയില്‍, കുങ്കുമപ്പൂ ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേകതരം ചോറാണ് പയ്യയ്യാ. ഒപ്പം സാംഗ്രിയയും പരീക്ഷിച്ചു. റെഡ് വൈന്‍, ബ്രാണ്ടി, ഓറഞ്ച് ജ്യൂസ്, ഗ്രീന്‍ ആപ്പിള്‍ കഷണങ്ങള്‍, നാരങ്ങാ കഷണങ്ങള്‍ ഒക്കെ ചേര്‍ത്തുണ്ടാക്കുന്നതാണ് സാംഗ്രിയ. മൂന്നുമണിക്കൂറോളം നടന്നു ക്ഷീണിച്ചുവലഞ്ഞ ഞങ്ങള്‍ക്ക് ഉണര്‍വു നല്കാന് പോന്നതായിരുന്നു സാംഗ്രിയ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Madrid`s vibrant food scene, historic markets, traditional taverns, and the best of Spanish cuisine.
Published: 22 Aug 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented