അയഞ്ഞുനീണ്ട നിറക്കുപ്പായങ്ങളണിഞ്ഞ് തമാശച്ചിരി പൊട്ടിച്ചും ആനന്ദനൃത്തം ചവിട്ടിയും സംഗീതവും രതിയും ധ്യാനത്തിനുള്ള രാജവീഥികളാണെന്ന് പഠിപ്പിച്ച രജനീഷ്. പരിത്യാഗത്തിന്റെ കാവി ചുറ്റിയ ഇന്ത്യന്‍ ആത്മീയതയുടെ നടുമുറ്റത്തേക്ക് റോള്‍സ് റോയിസില്‍ വന്നിറങ്ങി, ദൈവം പൊരുളില്ലാത്ത കഥയാണെന്ന് അദ്ദേഹം പറഞ്ഞു. കേവലസുഖങ്ങളും ഭോഗാസക്തിയും പിന്നിലുപേക്ഷിച്ച് കഠിനനിഷ്ഠയിലൂടെ പരബ്രഹ്‌മം തേടുന്ന ആചാര്യന്മാരുമായി രജനീഷ് സമരസപ്പെട്ടില്ല. തന്റെ ദര്‍ശനങ്ങളെ കോര്‍ത്തിണക്കി രജനീഷിസം എന്ന മതം സ്ഥാപിച്ചു. അമേരിക്കയിലേക്ക് പറിച്ചുനട്ട, ലോകമാകെ പടര്‍ന്ന രജനീഷിസത്തിന്റെ കടിഞ്ഞാണ്‍ അദ്ദേഹം തന്റെ വിശ്വസ്ത ശിഷ്യയെ ഏല്‍പ്പിച്ചു. മാ ആനന്ദ് ഷീല. 

To advertise here,

മൗനത്തിലേക്ക് രജനീഷ് വിരമിച്ച ദീര്‍ഘഇടവേളകളില്‍ പൊതുവേദികളില്‍ ഷീല അദ്ദേഹത്തിന്റെ ശബ്ദമായി. അദ്ദേഹം രൂപകല്‍പന ചെയ്ത പ്രത്യേകവസ്ത്രത്തില്‍ രജനീഷിസത്തിന്റെ വക്താവും മുഖ്യപുരോഹിതയുമായി. രജനീഷ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ്, ഒറിഗണ്‍ ആശ്രമത്തിന്റെ മാനേജര്‍, രജനീഷിന്റെ സെക്രട്ടറി എന്നീ പദവികളില്‍ തുടര്‍ന്ന ഷീല 1985 സെപ്റ്റംബര്‍ 13-ന് ആശ്രമം വിട്ടു. എയര്‍ രജനീഷില്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക്. മൂന്ന് പുലരികള്‍ക്കിപ്പുറം സെപ്റ്റംബര്‍ 16-ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ രജനീഷ് ശിഷ്യയെ പലയാവര്‍ത്തി തള്ളിപ്പറഞ്ഞു. കുറ്റവാളിയെന്ന് വിളിച്ചു. അന്താരാഷ്ട്ര നിയമമാമൂലുകള്‍ വരിഞ്ഞുമുറുക്കിയ ഗുരുവും ശിഷ്യയും സമയസാഗരത്തില്‍ വ്യത്യസ്ത ദിശകളിലേക്കൊഴുകി.

ഗുജറാത്തിലെ ബറോഡയിലാണ് ഷീലാ അംബാലാല്‍ പട്ടേലിന്റെ ജനനം. അമേരിക്കയിലെ മോണ്ട്‌ക്ലെയര്‍ സ്റ്റേറ്റ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. തന്റെ പതിനാറാം വയസ്സിലാണ് ഷീല ഓഷോയെ ആദ്യമായി കാണുന്നത്. അദേഹത്തിന്റെ ആശ്രമത്തില്‍ വെച്ചുണ്ടായ ആ കൂടിക്കാഴ്ചയോടെ തന്നെ ഷീല ഓഷോയുടെ ആശയങ്ങളില്‍ ആകൃഷ്ടയായി. ''അദ്ദേഹത്തെ നോക്കിയിരുന്ന് ആ പ്രഭയിലും സുഗന്ധത്തിലും അലിഞ്ഞുചേരണമെന്ന് ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് തോന്നി. ഞാന്‍ ആ മടിയില്‍ തല ചായ്ച്ചു,'' എന്നാണ് അവര്‍ ഓര്‍ക്കുന്നത്.   

placeholder
Osho
ഓഷോ രജനീഷ് 

1981-ലാണ് രജനീഷ് ഷീലയെ പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിക്കുന്നത്. രജനീഷിന്റെ രീതികളോട് ഇന്ത്യയില്‍ കടുത്ത എതിര്‍പ്പ് ഉയരുന്ന കാലം. രജനീഷിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി ലോകത്തിന്റെ പല ഭാഗത്ത് നിന്നും ആളുകളെത്തി. ദൈവത്തെ നിഷേധിച്ചു കൊണ്ടുള്ള ആ ദീർഘ പ്രഭാഷണങ്ങൾ പാരമ്പര്യവാദികളായ ഇന്ത്യൻ ആത്മീയസമൂഹത്തെ ചൊടിപ്പിച്ചു. അദ്ദേഹത്തിന് നേരെ വധശ്രമം പോലുമുണ്ടായി. രജനീഷിനെ ഭഗവാനായി കണ്ട ഷീലയ്ക്ക് കാര്യങ്ങള്‍ അപകടത്തിലാണെന്ന് ബോധ്യമായി. രജനീഷിനോട് അമേരിക്കയിലേക്ക് പോകാമെന്ന് ഷീല നിര്‍ദ്ദേശിച്ചു. 

64000ത്തോളം ഏക്കര്‍ ഭൂമി രജനീഷ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അമേരിക്കയിലെ ഒറിഗണില്‍ വാങ്ങിച്ചു. രജനീഷും വിശ്വസ്തരും അനുയായികളും അമേരിക്കയിലേക്ക് മാറി. ഫൗണ്ടേഷന്റെ നേതൃസ്ഥാനത്തേക്ക് ഷീല കടന്നുവന്നു. ഒറിഗണ്‍ ആശ്രമത്തിന്റെ അമരക്കാരിയായും ഷീല തിളങ്ങി. പക്ഷേ, വിചാരിച്ചത്ര എളുപ്പമായില്ല അമേരിക്കന്‍ ജീവിതം. ആശ്രമവാസികളും പ്രാദേശികരും തമ്മില്‍ സംഘര്‍ഷങ്ങള്‍ സ്ഥിരമായി. ആശ്രമത്തിലെ രീതികള്‍ അങ്ങേയറ്റം വിചിത്രമായിട്ടാണ് തദ്ദേശീയര്‍ കണ്ടത്. രജനീഷിനെയും സംഘത്തെയും മതമൗലികവാദികള്‍ ചെകുത്താന്‍ സേവകരായി വിലയിരുത്തി. 

ആശ്രമത്തിനെതിരെ ആക്രമണങ്ങളുണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങളും രജനീഷിനെ വെറുതെവിട്ടില്ല. രതിഗുരു എന്ന് നിരന്തരം ആക്ഷേപിച്ചു. ഷീലയാണ് പ്രതിരോധത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. ആശ്രമത്തിനു ചുറ്റും കാവല്‍സംഘങ്ങളെ വിന്യസിച്ചു. വേണ്ടിവന്നാല്‍ പ്രത്യാക്രമണത്തിന് തോക്കെടുക്കും എന്നുറക്കെ പ്രഖ്യാപിച്ചു. ടെലിവിഷന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഷീല അഭിമുഖം അനുവദിച്ചു. ഷീലയുടെ തീപ്പൊരി മറുമൊഴികള്‍ ഇന്നും യൂട്യൂബില്‍ ഹിറ്റാണ്. വാക്കുകള്‍ മയപ്പെടുത്താതെ, തിരിച്ചു മുറിവേല്‍പ്പിക്കുന്ന രജനീഷിസത്തിന്റെ മുഖ്യപുരോഹിതയെ മാധ്യമങ്ങള്‍ ഭയന്നു.

1984 ആയപ്പോഴേക്കും ആശ്രമവും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം പ്രക്ഷുബ്ധമായി. വാസ്‌കോ കൗണ്ടി ബോര്‍ഡ് ഓഫ് കമ്മീഷനിലേക്ക് രണ്ട് ആശ്രമവാസികളെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ ഷീല കോപ്പുകൂട്ടി. ആശ്രമത്തിലേക്ക് പുതുതായി ആളുകളെ പ്രവേശിപ്പിച്ച് അവരെ വോട്ടര്‍മാരായി രെജിസ്റ്റര്‍ ചെയ്യാന്‍ ശ്രമം നടത്തി. പ്രാദേശിക ഇലക്ഷന്‍ ബോര്‍ഡ് ഇവര്‍ക്ക് വോട്ടവകാശം നല്‍കാനാകില്ലെന്ന് നിഷേധിച്ചതോടെ അത് പാളി. തുടര്‍ന്നാണ് ഷീലയുടെ ജീവിതം മാറ്റിമറിച്ച ജൈവായുധ പ്രയോഗം അരങ്ങേറുന്നത്. സാല്‍മൊണേല്ല ബാക്ടീരിയയുടെ ആക്രമണം എഴുന്നൂറിലേറെ പ്രാദേശികരെ രോഗികളാക്കി. അമേരിക്കൻ മണ്ണ് കണ്ട ആദ്യ ജൈവായുധ പ്രയോഗം ഇലക്ഷനെ സാരമായി ബാധിച്ചു. 

1985 സെപ്റ്റംബറില്‍ ഷീല ഒറിഗണിലെ ആശ്രമം ഉപേക്ഷിച്ചു. രജനീഷിന്റെ വിശ്വസ്ത, രജനീഷിസത്തിന്റെ ഏറ്റവും പരിചിതമായ മുഖം പൊടുന്നനെ കളംവിട്ടത് വലിയ വാർത്തയായി.  'ഡോണ്ട് കില്‍ ഹിം' എന്ന ഓര്‍മപുസ്തകത്തില്‍ ആശ്രമം വിടാനുണ്ടായ സാഹചര്യം ഷീല വിശദമാക്കുന്നുണ്ട്. ഓഷോയുടെ ലഹരി ഉപയോഗമാണ് മുഖ്യകാരണമായി ഷീല ചൂണ്ടിക്കാട്ടുന്നത്. പലയാവര്‍ത്തി പറഞ്ഞിട്ടും ലഹരി ഉപേക്ഷിക്കാന്‍ ഓഷോ തയ്യാറായില്ലത്രേ. സമ്പന്നരായ വിശ്വാസികള്‍ ആശ്രമത്തിനു സമ്മാനിക്കുന്ന അമൂല്യ ഉപഹാരങ്ങള്‍ അദ്ദേഹം സ്വീകരിക്കുന്നതിലും ഷീലയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. ഭഗവാന്റെ രീതികളോട് പൊരുത്തപ്പെടാനാവാത്തതാണ് താൻ ഒറിഗൺ വിടാൻ കാരണമായതെന്നാണ് ഷീല പറയുന്നത്. 

placeholder
രജനീഷിന്റെ ആശ്രമം 

എന്തായാലും മൂന്നുദിവസങ്ങള്‍ക്കു ശേഷം രജനീഷ് മാധ്യമങ്ങളെ കണ്ടു. തന്റെ വലംകൈ നഷ്ടമായതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം നീണ്ട മറുപടി കാത്തുവെച്ചിരുന്നു. ഷീലയുടേത് ഒരു  ഒളിച്ചോട്ടമായിരുന്നെന്നാണ് രജനീഷ് വിശദമാക്കിയത്. തീവെപ്പ്, ഫോണ്‍ ടാപ്പിംഗ്, വധശ്രമം എന്നീ കുറ്റങ്ങള്‍ ഷീല ചെയ്തിട്ടുണ്ടെന്നും 'രജനീഷിസം' എന്ന പേരില്‍ ഒരു പുസ്തകം എഴുതി തന്റെ പേരില്‍ പ്രസിദ്ധീകരിച്ചെന്നും രജനീഷ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറയ്ക്കാന്‍ പദ്ധതിയിട്ട ഷീലയാണ് അതിനായി പത്ത് റെസ്റ്റോറന്റുകളിലെ ഭക്ഷണത്തില്‍ സാല്‍മൊണേല്ല ബാക്ടീരിയ കലര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു. 

ആരോപണങ്ങൾക്ക് പിന്നാലെ ജര്‍മനിയില്‍ വെച്ച് ഷീല അറസ്റ്റിലായി. അമേരിക്കയിലെത്തിച്ച്  അവരെ വിചാരണ ചെയ്തു. ഇരുപത് വര്‍ഷം തടവാണ് ആദ്യം വിധിച്ചത്. പിന്നെയത് നാലര വര്‍ഷമായി കുറച്ചു. നല്ല നടപ്പ് പരിഗണിച്ച് കാലാവധി പൂര്‍ത്തിയാക്കും മുന്‍പേ ജയില്‍ മോചിതയായ ഷീല, സ്വിറ്റ്‌സര്‍ലന്‍ഡില്‍ രണ്ട് നഴ്സിംഗ് ഹോമുകള്‍ തുടങ്ങി. സേവനപാതയില്‍ ആ ജീവിതം മുന്നോട്ടുപോയി. പക്ഷേ, നിയമത്തിന്റെ കൈകള്‍ വീണ്ടും ഷീലയെ തിരഞ്ഞെത്തി. 1985-ല്‍ അമേരിക്കയില്‍ ചാര്‍ജ് ചെയ്യപ്പെട്ട കുറ്റങ്ങള്‍ക്ക്  1999-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും ശിക്ഷ. വീണ്ടും ജയില്‍വാസം. 

തന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളിലെല്ലാം രജനീഷിനും പങ്കുണ്ട് എന്ന ഷീല വെളിപ്പെടുത്തിയിരുന്നു. അതിനെ ശക്തമായി തള്ളിപ്പറഞ്ഞ രജനീഷ് താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ചു. എന്നാല്‍, ഷീലയുടെ വിചാരണയ്ക്കിടെ രജനീഷിന് നേരെയും സംശയങ്ങള്‍ നീണ്ടു. ഷീല ആശ്രമം വിട്ടപ്പോള്‍ ഒരു സംഘം അവര്‍ക്കൊപ്പം ഇറങ്ങിപ്പോയിരുന്നു. അതിന്റെ കാലുഷ്യത്തിലാണ് അദ്ദേഹം ഷീലയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ഷീലയെ അദ്ദേഹം കരുവാക്കുകയായിരുന്നു എന്നും വിശ്വസിച്ചവര്‍ ധാരാളം. എന്തായാലും വേണ്ടത്ര തെളിവുകള്‍ ഇല്ലെന്ന പേരില്‍ അന്ന് രജനീഷ് രക്ഷപ്പെടുകയാണുണ്ടായത്. 

ഷീലയെ കോടതിക്കുരുക്കുകളിലേക്ക് തള്ളിയിട്ട രജനീഷിനും പിന്നീട് അതേ വിധി തന്നെ വന്നു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ബര്‍മുഡയിലേക്കുള്ള പലായനമധ്യേ അറസ്റ്റ് ചെയ്യപ്പെട്ടു. അമേരിക്കയില്‍ നിന്ന് പുറത്താക്കി. 21 രാജ്യങ്ങളില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു. ഒടുവില്‍ മുംബൈയില്‍ അഭയം. അവിടുന്ന് പുണെയിലേക്ക്. രജനീഷ് എന്ന പേരില്‍നിന്ന് ഓഷോയിലേക്ക് പരകായ പ്രവേശം. മരണം വരെ ഓഷോ പുണെയിലെ ആശ്രമത്തില്‍ തുടര്‍ന്നു.

തന്റെ കാരാഗൃഹവാസത്തിനെപ്പറ്റി ഷീല ഓര്‍ക്കുന്നതിങ്ങനെ:

''രജനീഷ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ്, ഭഗവാന്റെ സെക്രട്ടറി, ഒറിഗണ്‍ ആശ്രമത്തിന്റെ മാനേജര്‍ എന്നീ പദവികളില്‍ തുടര്‍ന്നയാളെന്ന നിലയില്‍ ആശ്രമത്തില്‍ നടക്കുന്നതിലെന്തിലും എനിക്ക് ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കാനോ കുറ്റം കീഴുദ്യോഗസ്ഥര്‍ക്ക് ചാര്‍ത്തി തടിതപ്പാനോ ഞാന്‍ ശ്രമിച്ചില്ല. ആരോപണങ്ങളെ ഏറ്റെടുത്തു. നാലര വര്‍ഷം ശിക്ഷയനുഭവിച്ചു. അതില്‍ 39 മാസം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞു.''

2018-ല്‍ ഷീലയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത 'വൈല്‍ഡ് വൈല്‍ഡ് കണ്‍ട്രി' എന്ന ഡോക്യുമെന്ററി ചര്‍ച്ചയായി. ഷീല വീണ്ടും മാധ്യമവിചാരണയ്ക്ക് ഇരയായി. 2021-ല്‍ 'സര്‍ച്ചിങ് ഫോര്‍ ഷീല' എന്ന സിനിമ കൂടി പുറത്തുവന്നതോടെ ഷീലയ്ക്ക് ചുറ്റും വിവാദപ്പുകമറ കനത്തു. പതിറ്റാണ്ടുകളുടെ പഴങ്കഥകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നവരോട് ഷീല സൗമ്യമായി ഒന്നുമാത്രം പറഞ്ഞു-

''നടന്ന സംഭവങ്ങളില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമം അനുശാസിക്കുന്ന ശിക്ഷ പൂര്‍ത്തിയാക്കിയ ആളാണ് ഞാന്‍. ആ ഇരുട്ടില്‍നിന്നും വെട്ടത്തിലേക്ക് ഞാന്‍ മടങ്ങിയെത്തി. ഇന്നും എനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കുറവില്ല. സംശയത്തിന്റെ കുത്തുവാക്ക് വിതറുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ-  നിങ്ങളുടെ സംശയത്തിന്റെ ബാധ്യതയേന്തി നിങ്ങള്‍ ജീവിക്കുക. അത് എന്റെ മേലില്‍ വലിച്ചെറിയരുത്. എന്റെ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടയാണ്, സംതൃപ്തയാണ്.'' 

മാ ഷീലയ്ക്കിപ്പോള്‍ എഴുപത്തിയഞ്ച് വയസ്സ്. സ്വിറ്റ്‌സര്‍ലന്‍ഡിലും മൗറീഷ്യസിലും ആതുരാലയങ്ങള്‍. മുംബൈ കേന്ദ്രീകരിച്ച് സേവനപ്രവര്‍ത്തനങ്ങള്‍. ചെറുപ്പത്തിന്റെ അതേ ഊര്‍ജത്തോടെയും ഉത്സാഹത്തോടെയും സാമൂഹ്യസേവനത്തിന്റെ പാതയില്‍ തുടരുകയാണവര്‍. രജനീഷ് ഓഷോയായിട്ട് മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ തികയുന്നു. വർഷങ്ങൾക്കിപ്പുറവും ഒറിഗണിൽ നടന്ന കാര്യങ്ങളിൽ ആർക്കും വ്യക്തതയില്ല. ഒന്നുറപ്പാണ്. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തു പിറന്നും പൊലിഞ്ഞും പോയ ആയുസ്സുകളില്‍ അനശ്വരയശസ്സ് നേടിയ പേരാണ് ഓഷോ. പക്ഷേ, മാ ഷീലയുടെ പേരില്ലാതെ ഓഷോയ്ക്ക് പൂർണതയില്ല.

ഷീല ആശ്രമം വിട്ടതോടെ അവരുടെ വസ്ത്രങ്ങളുൾപ്പെടെ ഓഷോ കത്തിച്ചിരുന്നു. അവരുടെ ഓർമ്മകൾ ദഹിപ്പിച്ചില്ലാതാക്കാൻ. പക്ഷേ, തന്നെ ജയിലിലേക്ക് തള്ളിയിട്ട രജനീഷ് ഷീലയ്ക്ക് ഇന്നും ഭഗവാനാണ്. അദ്ദേഹത്തോടുള്ള സ്നേഹം തന്റെ അസ്തിത്വത്തിന്റെ കാതലായി അവർ ഇന്നും കണക്കാക്കുന്നു. പ്രക്ഷുബ്ധമായ ജീവിതത്തെ ഒരു വാക്കില്‍ ഉള്‍ക്കൊള്ളിക്കാമോ എന്ന ചോദ്യത്തോട് പ്രഹേളികയെന്ന് വാഴ്ത്തപ്പെടുന്ന, വിവാദനായികയെന്ന് ഇകഴ്ത്തപ്പെടുന്ന എഴുപത്തിയഞ്ചുകാരി മിന്നല്‍വേഗത്തിലാണ് മറുപടി പറഞ്ഞത്. ''എഗെയ്ന്‍. ഇനിയും.'' ഈ ഭൂമിയിലേക്ക് മടങ്ങിവരാനും കടന്നുപോയ കനല്‍ത്താരകള്‍ വീണ്ടുംതാണ്ടാനും അവര്‍ക്ക് മടിയില്ല. അതിരറിയാത്ത ആത്മധൈര്യം !