വനിതാദിനം ജീവിതത്തില്‍ പോരാടി വിജയം നേടിയ സ്ത്രീകളുടെ മാത്രം ദിനമല്ല, ഒടുക്കം വരെ പോരാടി ദയനീയമായി പരാജയപ്പെട്ടവരുടെയും ഉയിരും കൈയില്‍ പിടിച്ച് പോരാടുന്നവരുടെയും കൂടിയാണ്. വൈകി മാത്രം കിട്ടിയ നീതിയുടെയും നീതിനിഷേധത്തിന്റെയും കഥയാണ് തിരുവനന്തപുരംഅഞ്ചുതെങ്ങ് സ്വദേശി ലിജയുടേത്.

''ജീവിതം ഇരുട്ടിലാണ്ടുപോയ ആ രാത്രി, നെറ്റിയിലൂടെ ചോരത്തുള്ളികളുറ്റി, കണ്ണുകളടയുന്നതിനുമുമ്പ് ഞാനവരോട് ആവശ്യപ്പെട്ടത് എന്റെ മക്കളെ ഒന്നു കാണണമെന്ന് മാത്രമായിരുന്നു. മക്കളെ വലിച്ചിഴച്ച് മുറിയില്‍ പൂട്ടിയിട്ടു. ഇരുമ്പുവടികൊണ്ട് ദേഹം നുറുക്കുമ്പോള്‍ ഒന്നലറിക്കരയാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. വായില്‍ തുണിതിരുകി തൊണ്ടയില്‍ കുരുങ്ങി തേങ്ങാന്‍ പോലും കഴിയാതിരുന്ന ആ നിമിഷം....ഓര്‍ക്കാന്‍കൂടി വയ്യ. ശാരീരികപീഡനവിവരമറിഞ്ഞിട്ടും രണ്ടരമണിക്കൂറോളം കഴിഞ്ഞെത്തിയ നിയമപാലകരുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. ചോരയില്‍ കുളിച്ച്, ശരീരം നീര് വെച്ച് ഒരടിപോലും വെക്കാന്‍ കഴിയാത്ത എനിക്ക് ആംബുലന്‍സ്‌പോലും വിളിച്ചുതരാതെ പോയ മനുഷ്യപ്പറ്റില്ലാത്ത പോലീസുകാരായിരുന്നു അവര്‍. ഭീതി നിറഞ്ഞ ആ രാത്രിയെ ഞാന്‍ അതിജീവിച്ചു. പക്ഷേ, ഇവിടുത്തെ നിയമപാലകരോടും നിയമത്തോടുമുള്ള വിശ്വാസം, അതെനിക്ക് നഷ്ടപ്പെട്ടു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പണമുള്ളവന്‍ പോകുമ്പോഴും രാഷ്ട്രീയക്കാരന്‍ പോകുമ്പോഴും പാവപ്പെട്ടവന്‍ പോകുമ്പോഴുമുള്ള വേര്‍തിരിവ് ഞാന്‍ കണ്ടതാണ്, അനുഭവിച്ചതാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷന്‍ കൃത്യമായ ഫോളോ അപ്പ് നടത്തിയിരുന്നെങ്കില്‍ എനിക്ക് അങ്ങനെയൊരു വലിയ ദുരന്തം നേരിടേണ്ടിവരില്ലായിരുന്നു''. ലിജ സംസാരിക്കുമ്പോള്‍ ഉള്ളില്‍നിന്നും നീതിനിഷേധത്തോടുള്ള അമര്‍ഷം തിളച്ചുതൂവുന്നുണ്ട്. ജീവിതാവസ്ഥകളോടും ഒരുപറ്റം മനുഷ്യരോടും പൊരുതി ജീവന്‍ തിരിച്ചുപിടിക്കുകയായിരുന്നു ലിജ.

''സന്തോഷമുള്ളൊരു രാത്രിയാണിത്. അലച്ചിലുകള്‍ക്കൊടുവില്‍ ഒരു ജോലി തരപ്പെട്ടിരിക്കുന്നു. ഇന്റര്‍വ്യു കഴിഞ്ഞുള്ള മടക്കമാണ്. ഇപ്പോള്‍ ഇരുട്ടിനെ ഭയമില്ല. വിവാഹമോചനത്തിനുശേഷം ഞാന്‍ സ്വതന്ത്രയാണ്. കായ്ക്കര അഞ്ചുതെങ്ങാണ് എന്റെ സ്വദേശം. എം.എല്‍.ടി ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞ എന്നെ 21-ാമത്തെ വയസ്സില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചു. മൂന്ന് പെണ്‍കുട്ടികളില്‍ ഏറ്റവും ഇളയവളായതുകൊണ്ട് ചേച്ചിമാരുടെ നിയന്ത്രണത്തിലായിരുന്നു ഞാന്‍. മൂത്ത സഹോദരിയുടെ ഭരണമായിരുന്നു വീട്ടില്‍. വിവാഹശേഷം അവര്‍ക്കൊപ്പം എന്റെ ഭര്‍ത്താവും ചേര്‍ന്നതോടെ ഞാനെന്ത് ചെയ്യണം, ചെയ്യരുത് എന്ന് അവര്‍ തീരുമാനിച്ചുതുടങ്ങി. രണ്ടാമത്തെ മകള്‍ ജനിച്ച് ഏഴ് മാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയി. 

വളരെ തുച്ഛമായ പണമായിരുന്നു വീട്ടിലേക്ക് അദ്ദേഹം അയച്ചിരുന്നത്. സാമ്പത്തികബുദ്ധിമുട്ട് കൂടിയപ്പോള്‍ വര്‍ക്കല മംഗല മെഡിക്കല്‍ സെന്ററില്‍ ഞാന്‍ ജോലിക്ക് കയറി. ഫാര്‍മസി അസിസ്റ്റന്റായി രണ്ടര വര്‍ഷം അവിടെ നിന്നു. അതിനിടയില്‍ ഒന്ന് രണ്ട് പ്രാവശ്യം അദ്ദേഹം നാട്ടില്‍ വന്ന് പോയി. അധികം വൈകാതെ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിവന്നു. നാട്ടിലെത്തിയതും അയാളുടെ വിധംമാറി. ഞാന്‍ ജോലിക്ക് പോവുമ്പോഴും വരുമ്പോഴും പിന്തുടര്‍ന്നു. ഹോസ്പിറ്റലിലെ ആണ്‍സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതും ഇടപെടുന്നതും അയാള്‍ പ്രശ്‌നമാക്കി. എന്നേക്കാളും ഇളയവരായ ഡ്യൂട്ടി ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെയായ അവരെ വിളിച്ച് അയാള്‍ ചോദ്യം ചെയ്തു. പേടിപ്പിച്ചു. സംശയരോഗം വര്‍ധിച്ചതോടെ എന്നെ ഉപദ്രവിക്കാനും തുടങ്ങി. കുടുംബത്തിലെ കാര്യങ്ങള്‍ പുറത്തറിയിച്ചാല്‍ നാണക്കേടാവുമെന്ന് കരുതി ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. പക്ഷേ, അത് മണ്ടത്തരമായിപ്പോയെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. 

എനിക്കെതിരെ നിരന്തരം കുറ്റങ്ങള്‍ ആരോപിച്ച് കുടുംബത്തില്‍ നിന്നും ഒറ്റപ്പെടുത്തി. എനിക്ക് അവിഹിതബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ അയാള്‍ കുറേ കഷ്ടപ്പെട്ടു. എന്റെ കുടുംബവും അയാള്‍ക്കൊപ്പം കൂടി. സുഹൃത്തുക്കളെ വിളിക്കാന്‍പോലും സമ്മതിച്ചില്ല. ഫോണ്‍ പിടിച്ചുവാങ്ങി. ദിവസങ്ങള്‍പ്പോകെ പ്രശ്‌നം രൂക്ഷമായി. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഭര്‍ത്താവിനോടും മൂത്ത സഹോദരിയോടും ചോദിക്കേണ്ട അവസ്ഥ വന്നു. ബന്ധുവും സുഹൃത്തുമായ രജിതയോടും അപ്പച്ചിയുടെ മകളോടും ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. ആദ്യം അവര്‍ ഇതൊന്നും വിശ്വസിച്ചില്ലെങ്കിലും പിന്നീട് സംഗതി ബോധ്യപ്പെട്ടു. ഭര്‍ത്താവ് മദ്യപിച്ച് വന്ന് ശാരീരികോപദ്രവം കൂടിയപ്പോള്‍ ഞാന്‍ ജോലി ഉപേക്ഷിച്ചു. എന്നാല്‍ വീട്ടിലെ അവസ്ഥ മോശമായപ്പോള്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. മക്കളെ കാണിക്കുന്ന ഡോക്ടറുടെ പീഡിയാട്രിക് ക്ലിനിക്കിലായിരുന്നു ജോലി. അവിടെയും എന്നെ പിന്തുടര്‍ന്നു വന്നതിനെ ചോദ്യം ചെയ്തപ്പോള്‍ ഉപദ്രവം കൂടി. ഒരുനേരത്തെ ഭക്ഷണം മാത്രം കഴിച്ച് ഒരുവര്‍ഷമാണ് ഞാന്‍ ആ വീട്ടില്‍ കഴിഞ്ഞത്. 

'ആ സ്ത്രീകളും ചോദിച്ചു, ഭര്‍ത്താവിന് ഇഷ്ടമല്ലെങ്കില്‍ പിന്നെ....'
ഒരിക്കല്‍ ബന്ധുവായ ഒരു മാമന്‍ കാര്യങ്ങളറിഞ്ഞ് ഞങ്ങളെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയി. എന്നെ മാത്രം വിളിച്ചിരുത്തിയായിരുന്നു കൗണ്‍സിലിങ്. ഭര്‍ത്താവിന് ഇഷ്ടമല്ലെങ്കില്‍ എന്തിനാണ് ആണ്‍സുഹൃത്തുക്കളെ ഫോണ്‍ വിളിക്കുന്നതെന്നാണ് കൗണ്‍സിലിങ് ചെയ്യുന്ന മാഡം എന്നോട് ചോദിച്ചത്. ആണ്‍സുഹൃത്തുക്കളെ വിളിക്കുമ്പോള്‍ ഭര്‍ത്താവിന് എന്താണ് ബുദ്ധിമുട്ടെന്ന് ഞാന്‍ അവരോട് തിരിച്ചു ചോദിച്ചു. 'നമുക്ക് കുടുംബമല്ലേ വലുത്, നിങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികളല്ലേ, അതുകൂടി നോക്കണ്ടേ'...എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. അയാളുടെ സംശയരോഗം അവര്‍ കണ്ടില്ലെന്ന് നടിച്ചു. പിന്നീടുള്ള ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് മറുപടി നല്‍കാന്‍ തോന്നിയില്ല. അയാള്‍ക്ക് ഒരു അവസാന ചാന്‍സ് നല്‍കാമെന്ന് കരുതി വീട് മാറി താമസിക്കാന്‍ തീരുമാനിച്ചു. 

പ്രശ്‌നങ്ങളൊന്നുമില്ലാതെ കുറച്ചുദിവസം കടന്നുപോയി. എനിക്കപ്പോഴും ആരുമായും ബന്ധമുണ്ടായിരുന്നില്ല. ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ജോലിയും ഉപേക്ഷിച്ചു. സ്‌കൂളില്‍ മോളെ കൊണ്ടുവിടാനായി മാത്രമാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്. പക്ഷേ രണ്ടാമത്തെ ചേച്ചിയുടെ വീട്‌കേറി താമസം വന്നപ്പോഴേക്കും വീണ്ടും ഭര്‍ത്താവും എന്റെ കുടുംബവും ഒന്നിച്ചു. മൃഗശാലയിലെന്നപോലെയാണ് പിന്നീട് വാടകവീട്ടിലും എനിക്ക് കഴിയേണ്ടിവന്നത്. വീട്ടിലേക്ക് കൂട്ടുകാരെ വിളിച്ചിരുത്തി മദ്യപാനം തുടങ്ങി. അനുസരിച്ചില്ലെങ്കില്‍ ഉപദ്രവവും. സഹിക്കാന്‍ പറ്റാതെ ഞാന്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു. അതിന്റെ പേരിലായിരുന്നു പിന്നീട് ഉപദ്രവം. ഒരുദിവസം രഹസ്യമായി വക്കീലിനെ കണ്ടിട്ട് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ എടുക്കാന്‍ ആറ്റിങ്ങല്‍ കുടുംബകോടതിയില്‍ അപേക്ഷ നല്‍കി. അന്നത്തെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്റെ മൊഴിയെടുത്തെങ്കിലും ചോദിച്ചത്, 'ഭര്‍ത്താവിന് ഇഷ്ടമല്ലെങ്കില്‍ പിന്നെയെന്തിനാ ആണ്‍സുഹൃത്തുക്കള്‍' എന്നായിരുന്നു. 'ഒരു സംശയരോഗിക്കൊപ്പം ഞാനെന്തിന് ജീവിക്കണം? പറ്റാത്തൊരു ബന്ധത്തില്‍ ബുദ്ധിമുട്ടി ജീവിക്കുന്നതെന്തിനാണ്?' ഞാന്‍ ആ മാഡത്തിനോട് ചോദിച്ചു. ശാരീരിക ഉപദ്രവം സഹിക്കാന്‍ പറ്റാത്തതിന് പ്രൊട്ടക്ഷന്‍ ഓര്‍ഡറിനായാണ് ഞാനവിടെ പോയതുതന്നെ. 

അങ്ങനെയിരിക്കെ ദിവസങ്ങള്‍ക്കുശേഷം രണ്ടാമത്തെ സഹോദരിയുടെ ഭര്‍ത്താവ് വീട്ടിലേക്ക് വന്നു. സംസാരിച്ചുകൊണ്ടിരിക്കെ വഴക്ക് തുടങ്ങി. പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് മുറ്റത്തേക്കിറങ്ങിയ എന്നെ പിന്നില്‍ നിന്ന് ചുരിദാറിന്റെ ഷാളുകൊണ്ട് വലിച്ച് കഴുത്ത് മുറുക്കി. എന്നിട്ട് മുഖം ഗേറ്റില്‍ ചേര്‍ത്തുവെച്ച് കൈവെച്ച് അമര്‍ത്തി. എന്റെ കരച്ചില് കേട്ട് റോഡിലൂടെ പോകുന്ന ഓട്ടോറിക്ഷാഡ്രൈവര്‍ വണ്ടി നിര്‍ത്തി കാര്യം തിരക്കി. എന്നെ സഹോദരിയുടെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതും നോക്കി റോഡില്‍ നില്‍ക്കുകയായിരുന്നു ഭര്‍ത്താവ്. ഇവള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും ആ ഓട്ടോ ഡ്രൈവറോട് പറഞ്ഞു. എങ്ങനെയോ കുതറിമാറി വീടിനടുത്തുള്ള അരമതില്‍ ചാടിക്കടന്ന് തൊട്ടപ്പുറത്തെ വീട്ടിലേക്ക് ഓടുകയായിരുന്നു ഞാന്‍. ആ വീട്ടുകാര്‍ പോലീസിനെ വിളിച്ചെങ്കിലും ആരും വന്നില്ല. പാതിരാത്രിവരെ ആ വീട്ടില്‍ത്തന്നെയിരുന്നു. മക്കള്‍ മറ്റേ വീട്ടിലും. അന്ന് രാത്രി എന്റെ മൂത്തസഹോദരിക്കൊപ്പം ഭര്‍ത്താവ് വീടുവിട്ടിറങ്ങിപ്പോയി. മക്കളെ തനിച്ചാക്കിയാണ് അയാള്‍ പോയത്. പിറ്റേന്ന് കൈയിലും കഴുത്തിലും നീര് വന്ന് വയ്യാതിരുന്നപ്പോള്‍ ഹോസ്പിറ്റലില്‍ പോയി കാണിച്ചു. പിന്നീട് പോലീസില്‍ പരാതിയും നല്‍കി. എസ്. ഐ അവരെ വിളിപ്പിച്ചു. ഇനി മേലില്‍ എന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സഹോദരിയുടെ ഭര്‍ത്താവിനോട് എഴുതി ഒപ്പിട്ട് വാങ്ങി. 

placeholder
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഉപദ്രവിച്ചിട്ടും മതിവരാതെ
പിന്നീട് ഞാനും മക്കളും മാത്രമായി. പി.എഫില്‍ നിന്ന് കിട്ടിയ കുറച്ചുപൈസ കൈയിലുള്ളതുകൊണ്ടാണ് കാര്യങ്ങളൊക്കെ നടന്നുപോയത്. പിന്നെ മുമ്പ് കൂടെ ജോലി ചെയ്തവരും കുറച്ച് സഹായിച്ചു. കുറച്ചുകഴിഞ്ഞപ്പോഴേക്കും എന്നെയും മക്കളെയും വാടകവീട്ടില്‍ നിന്ന് ഇറക്കാനുള്ള ശ്രമമായി. ഉടമസ്ഥനെ വിളിച്ച് എന്നെ ഇറക്കിവിടാന്‍ കുറേ നിര്‍ബന്ധിച്ചു. ആയിടയ്ക്ക് എന്റെ കസിന്റെ കടയില്‍ തയ്യല്‍പ്പണിക്ക് ഞാന്‍ പോയിത്തുടങ്ങി. അതിനിടയില്‍ കേസിന്റെ ആവശ്യങ്ങള്‍ക്കായി പലതവണ പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങി. ഞാനും മക്കളും ആണ്‍തുണയില്ലാതെ താമസിക്കുന്നതില്‍ നാട്ടിലെ സദാചാരവാദികളും അഭിപ്രായം പറയാന്‍ തുടങ്ങിയപ്പോള്‍ ആ വാടകവീട് വിട്ട് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടിവന്നു. കുടുംബവീട്ടിലേക്കെല്ലാതെ പോവാന്‍ വേറെ ഇടമുണ്ടായില്ല. അങ്ങോട്ടേക്ക് തന്നെ പോയി. എന്നാല്‍ അമ്മ അപ്പോഴേക്കും ചേച്ചിമാരെ വിളിച്ചുവരുത്തി. ഇത് എന്നെ പ്രസവിച്ച അമ്മ തന്നെയാണോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. വീട്ടിലേക്ക് കയറാന്‍ നിന്ന എന്റെ വിരല് പിടിച്ചൊടിച്ചു. ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി വീണ്ടും പരാതി നല്‍കി. പിന്നീട് പോലീസ് വന്നതിനുശേഷമാണ് എന്നെ വീട്ടിലേക്ക് കയറ്റിയത്. പക്ഷേ, എന്റെ മുറിയുടെ വാതിലിന്റെ കുറ്റി അടിച്ചു തകര്‍ത്തു. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അകത്തേക്ക് ഇടിച്ച് കടക്കാന്‍ വേണ്ടിയായിരുന്നു അത്. രാത്രികളില്‍ ചരട് കട്ടിയില്‍ വലിച്ച് കെട്ടി, വലിയൊരു പെട്ടിയും വാതിലിന് മുന്നില്‍ വെച്ചാണ് ഞാനും മക്കളും കിടന്നുറങ്ങിയത്. 

പ്രൊട്ടക്ഷന്‍ ഓഫീസില്‍ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍നിന്ന് ഉത്തരവ് ലഭിച്ചു. പക്ഷേ ഏറെ വൈകിയാണ് എനിക്ക് ഈ സഹായങ്ങള്‍ ലഭിച്ചത്. കിട്ടേണ്ട സമയത്ത് കിട്ടിയെങ്കിലല്ലേ കാര്യമുള്ളൂ. വിവാഹമോചനത്തിന് ഞാന്‍ കേസ് കൊടുത്തു. എന്റെ കാമുകന്മാരാണെന്ന് പറഞ്ഞ് ഒരു ലിസ്റ്റ് തന്നെ അയാള്‍ കോടതിയില്‍ നിരത്തി. അത് തെളിയിക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു. അവസാനം കുടുംബകോടതിയിലെ കൗണ്‍സിലര്‍ ചോദിച്ചു, കുട്ടികള്‍ ആര്‍ക്കൊപ്പമാണ് താമസിക്കുന്നത്? അവള്‍ക്കൊപ്പമാണെന്ന് അയാള്‍ പറഞ്ഞു. ഇത്രയും ആരോപണം പറഞ്ഞിട്ട് കുട്ടികളെ അമ്മയ്‌ക്കൊപ്പം നിര്‍ത്തിയിട്ട് പോയതെന്തിനാണെന്ന് ചോദിച്ചു. അതിന് അയാള്‍ക്ക് മറുപടിയൊന്നുമുണ്ടായില്ല. കോടതിക്ക് എന്റെ ഭാഗം ബോധ്യപ്പെട്ടപ്പോള്‍ എനിക്ക് അനുകൂലമായി വിധിവന്നു. എനിക്ക് ജീവനാംശമായി ഒന്നും വേണ്ടെന്നും പറഞ്ഞു. ഇത്രയും ആരോപണങ്ങളും അപവാദങ്ങളും ഉന്നയിച്ചിട്ടും മക്കള്‍ അയാളുടേതാണെന്ന് ഉറപ്പുണ്ടല്ലോ. ആ മക്കള്‍ക്ക് മാസം എന്തു കൊടുക്കണമെന്നത് അയാള്‍ തീരുമാനിക്കട്ടെ എന്നും പറഞ്ഞു. കുട്ടികള്‍ക്ക് അച്ഛന്‍ വേണമെന്നാണ് പറയുന്നതെങ്കില്‍ അവര്‍ക്ക് പോകാം. പക്ഷേ, ആ നിമിഷം അമ്മയെ മറക്കണമെന്നും കൂട്ടിച്ചേര്‍ത്തു. നാലരസെന്റ് സ്ഥലം മക്കള്‍ക്ക് ഇഷ്ടദാനം എഴുതിക്കൊടുക്കുകയായിരുന്നു. 

ബന്ധം വേര്‍പെടുത്തിയിട്ടും എന്നെയും മക്കളെയും വീട്ടില്‍ കയറ്റാന്‍ അമ്മ സമ്മതിച്ചില്ല. ആരോട് ചോദിച്ച് ബന്ധം ഒഴിഞ്ഞു എന്നാണ് അമ്മ ചോദിച്ചത്. മരുമോനുണ്ടെങ്കിലേ വീട്ടിലേക്ക് കയറ്റുള്ളൂ എന്ന്. മരുമോന്‍ മൂത്ത മകള്‍ക്കൊപ്പം ഇറങ്ങിപ്പോയില്ലേ. എന്റെ ഭര്‍ത്താവ് എന്ന ലേബല്‍ അയാള്‍ക്കില്ല. വേറെങ്ങും പോവാനില്ലാത്തതുകൊണ്ട് തത്ക്കാലം അവിടെത്തന്നെ പിടിച്ചുനിന്നു. ഞാന്‍ മക്കളെ വീട്ടിലാക്കി തയ്യല്‍പ്പണിക്ക് പോവാന്‍ തുടങ്ങി. എന്നാല്‍ അമ്മ മക്കളെ ഉപദ്രവിക്കുമായിരുന്നു. എന്റെ പേരില്‍ വനിതാകമ്മീഷനില്‍ അമ്മ പരാതിവരെ നല്‍കി. പിന്നെപ്പിന്നെ മക്കളെ അപ്പച്ചിയുടെ മകളുടെ വീട്ടിലാക്കി പോവാന്‍ തുടങ്ങി. ജോലി കഴിഞ്ഞ് വരുമ്പോള്‍ അവരെയും കൂട്ടിപ്പോരും. ഒമ്പതും പതിമൂന്നും വയസ്സുള്ള മക്കള്‍ എന്നേക്കാളും ഒരുപാട് സഹിച്ചു. 

മരണത്തിനും ജീവിതത്തിനുമിടയിലെ നിമിഷങ്ങള്‍
ഒരുദിവസം ജോലി കഴിഞ്ഞ് വരുമ്പോള്‍ അരമതിലില്‍ മക്കള്‍ ഇരിക്കുന്നതുകണ്ടു. എന്താ ഇവിടെയിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പേടിച്ചിട്ട് ഒന്നും മിണ്ടിയില്ല. വീട്ടിനകത്ത് രണ്ടാമത്തെ സഹോദരിയെ കണ്ടു. ഞാന്‍ മുറിയില്‍ ചെന്ന് വസ്ത്രം മാറാനായി നോക്കുകയായിരുന്നു. കതകുകള്‍ പടപടാന്ന് അടയ്ക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് പിറകില്‍ നിന്ന് ഒരു കൈ എന്റെ വയറില്‍ ചുറ്റിപ്പിടിച്ചു. സഹോദരിയുടെ ഭര്‍ത്താവായിരുന്നു അത്. എന്നെ വലിച്ചിഴച്ച് അപ്പുറത്തുള്ള മുറിയില്‍ കൊണ്ടിട്ടു. മുഖം കട്ടിലിനോട് ചേര്‍ത്തിടിപ്പിച്ചപ്പോൾ കണ്ണടപൊട്ടി മുഖത്ത് പരിക്കേറ്റു. മൂക്കിടിച്ച് ചോര വന്ന ബോധം മങ്ങിത്തുടങ്ങി. മക്കളുടെ നിലവിളി കേട്ട് കണ്ണ് തുറക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുട്ടികളെ വലിച്ചിഴച്ച് മറ്റൊരു മുറിയില്‍ അവര്‍ പൂട്ടിയിട്ടു. എന്റെ ഉടുപ്പൊക്കെ വലിച്ചുകീറി. എങ്ങനെയെങ്കിലും കുതറി മാറിപ്പോവാമെന്ന് കരുതിയപ്പോള്‍ ചേച്ചിമാരും അകത്തേക്ക് വന്നു. എന്റെ കൈയും കാലും തോര്‍ത്തുകൊണ്ട് വരിഞ്ഞുമുറുക്കി കട്ടിലിന്റെ കാലിനോട് കെട്ടി. മാരകമായി ഉപദ്രവിച്ചു. ചപ്പാത്തി പരത്തുന്ന റോളറും ഇരുമ്പ് പൈപ്പും കൊണ്ടും പൊതിരെ തല്ലി. കഴുത്ത് മുതല്‍ കാല്പാദം വരെ തല്ലിച്ചതച്ചു. 

വാതിൽ തുറന്ന തക്കംനോക്കി ആരെയോ തള്ളിയിട്ട് എന്റെ മൂത്ത മകൾ വീടിന് പുറത്തേക്കിറങ്ങിയോടി. മക്കളെന്നും പോയിനില്‍ക്കുന്ന ദമയന്തിചേച്ചിയുടെ വീട്ടില്‍ പോയി കാര്യം പറഞ്ഞു. ആ ചേച്ചി അവളെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് അവളെ സംരക്ഷിക്കും എന്ന ധൈര്യത്തില്‍ ചേച്ചി തിരിച്ചുപോരുകയും ചെയ്തു. എന്നാല്‍ പോലീസ് സംരക്ഷിച്ചില്ലെന്ന് മാത്രമല്ല, രാത്രി ഏഴരമണിക്ക് പതിമൂന്ന് വയസ്സുള്ള കുട്ടിയോട് പൊയ്‌ക്കോളാനും പറഞ്ഞു. രജിത പൊതുപ്രവര്‍ത്തകനെക്കൊണ്ട് വിളിപ്പിച്ചതിന് ശേഷം രണ്ടരമണിക്കൂര്‍ കഴിഞ്ഞാണ് പോലീസുകാര്‍ പുറപ്പെട്ടത്. അത്രയും നേരം മകളും റോഡില്‍ നില്‍പ്പായിരുന്നു. പോലീസുകാര്‍ അവളെയും കൂട്ടി വീട്ടിലേക്ക് പോരുകയായിരുന്നു. 

പോലീസ് വന്നശേഷമാണ് എന്നെ അഴിച്ചുവിട്ടത്. തൊണ്ടയില്‍ നീര് വന്ന് സംസാരിക്കാന്‍പോലും പറ്റാതെ അവശയായിരുന്നു ഞാന്‍. ചുണ്ടുകള്‍ പൊട്ടിയിരുന്നു. കണ്ണിലും നീരുകെട്ടി. മുടി പിഴുതെടുത്തതിന്റെ വേദന അസഹനീയമായിരുന്നു. കാല്‍പാദങ്ങളില്‍ ചവിട്ടിയമര്‍ത്തി ചര്‍മം ഇളകിപ്പോയിരുന്നു. നഖം തൊട്ട് മുടിവരെ വേദനകൊണ്ട് പുളഞ്ഞു. ഒരു പാത്രത്തില്‍ മുളകുപൊടി കൊണ്ടുവെച്ചിട്ട് കണ്ണിലും മൂക്കിലും തേക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എനിക്ക് അവിഹിതമുണ്ടെന്ന് പറയിച്ച് റെക്കോഡ് ചെയ്യാനായിരുന്നു അവരുടെ ശ്രമം. മോളും ചേച്ചിയും പോലീസ് സ്‌റ്റേഷനില്‍ പോയില്ലായിരുന്നെങ്കില്‍ ശരിക്കും ഞാന്‍ മണ്ണിനടിയിലായേനെ. എന്നെ അതിശയിപ്പിച്ചത് മറ്റൊന്നായിരുന്നു. അത്രയും അവശയായിരുന്നിട്ടും എനിക്ക് വൈദ്യസഹായം തരാന്‍പോലും പോലീസിന് തോന്നിയില്ല. ഒരു ആംബുലന്‍സ് പോലും വിളിച്ചുവരുത്തിയില്ല. വിമന്‍ സെല്ലിലോ ഹെല്‍പ് ലൈനിലോ അവര്‍ക്ക് വിളിക്കാമായിരുന്നു. ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിച്ചിരുന്നെങ്കില്‍ എന്റെ കുട്ടികളെങ്കിലും രക്ഷപ്പെട്ടേനെ. ഇതൊന്നും പോലീസ് ചെയ്തില്ല. വീട്ടിന്റെ മുറ്റത്ത് പോലീസുകാരും അവരും നിന്ന് സംസാരിക്കുന്നത് എനിക്ക് കതകിനിടയിലൂടെ കാണാമായിരുന്നു. അവര്‍ക്ക് കൈക്കൂലി നല്‍കിക്കൊണ്ടുള്ള ഒത്തുകളിയായിരുന്നു എല്ലാം. പോലീസ് പോയശേഷവും അവരെന്നെ ഉപദ്രവിച്ചു. മക്കളെ അവര്‍ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരും വാര്‍ഡ് മെമ്പറും കുടുംബശ്രീ അംഗങ്ങളുമൊക്കെ ഉണ്ടായിട്ടും ആ രാത്രിയില്‍ ഞങ്ങളെ ഉപദ്രവിച്ചതറിഞ്ഞിട്ടും ആരും തിരക്കിയില്ല.

placeholder
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പിറ്റേന്ന് ഒരുവശം തളര്‍ന്നുപോയി. എഴുന്നേറ്റ് നടക്കാന്‍പോലും പറ്റുമെന്ന് കരുതിയതല്ല. എന്നിട്ടും രാവിലെ തന്നെ പോലീസ് സ്റ്റേഷനില്‍ പോയി. കേസെടുക്കണമെന്ന് പറഞ്ഞ് ഞാന്‍ ബഹളംവെച്ചു. ഇത് കുടുംബവഴക്കാണെന്ന് പറഞ്ഞ് പോലീസുകാര്‍ കേസെടുക്കാന്‍ മടിച്ചു. എട്ട് മണിമുതല്‍ പതിനൊന്നര മണി വരെ ഞാന്‍ സ്‌റ്റേഷനില്‍ കുത്തിയിരുന്നു. അവസാനം അവിടെവെച്ച് എനിക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന് പേടിച്ചിട്ട് മക്കളെ കൊണ്ടുവന്നു. ദേഹത്ത് കയറിയിരുന്നാണ് സഹോദരിയുടെ ഭർത്താവ് എന്നെ ഉപദ്രവിച്ചത്. രോമകൂപം വരെ വേദനിച്ചു. ഇത്രയും ചെയ്ത അവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ കേസെടുത്തു. 

ഉച്ചവരെ സ്റ്റേഷനിലിരുന്ന് തള്ളിനീക്കി. കുഞ്ഞമ്മയുടെ മകന്റെ ഭാര്യയുടെ സഹായത്താല്‍ ചിറയിന്‍കീഴ് ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കാണിച്ചു. നഴ്‌സുമാരൊക്കെ എന്നെക്കണ്ട് ഞെട്ടിപ്പോയി. കുഞ്ഞമ്മയുടെ മകനും സുഹൃത്തുംകൂടി ഒരു പാക്കറ്റ് ബ്രെഡും മിനറല്‍ വാട്ടറും കൊണ്ടുത്തന്നിരുന്നു. അതായിരുന്നു എന്റെയും മക്കളുടെയും രണ്ട് ദിവസത്തെ ഭക്ഷണം. ബോധമില്ലാതിരുന്ന എനിക്ക് കാവലായി മക്കളും. അവിടന്ന് എങ്ങോട്ട് പോവുമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് സുഹൃത്ത് ഡാലിയെക്കുറിച്ച് ഓര്‍മവന്നത്. അവളോട് കാര്യം പറഞ്ഞു. ഒരു ദിവസം മക്കളെയും കൊണ്ട് താമസിക്കാനൊരിടം വേണമെന്ന് പറഞ്ഞപ്പോള്‍ വീട്ടിലേക്ക് പോന്നാളാന്‍ പറഞ്ഞു. ഒരുദിവസം നില്‍ക്കാന്‍ വന്ന ഞാന്‍ പത്ത് ദിവസം അവിടെ നിന്നു. എന്റെ അവസ്ഥ കണ്ട് അവള്‍ എങ്ങോട്ടേക്കും വിട്ടില്ല. അവളുടെ ആന്റി ആയുര്‍വേദ ഡോക്ടറായിരുന്നു. അവര്‍ പരിശോധിച്ചിട്ട് മരുന്ന് തന്നു. ദൈവം എന്റെ മുന്നില്‍ കൊണ്ടുനിര്‍ത്തിയതാണ് ഡാലിയെ. അവള്‍ ലോക്കല്‍ ചാനലിലറിയിച്ച് എന്റെ അവസ്ഥ വാര്‍ത്തകളിലും വന്നു. 

പത്ത് ദിവസത്തിനുശേഷം അന്നത്തെ ലീഗല്‍ കൗണ്‍സിലറായ അഡ്വക്കേറ്റിന്റെ സഹായത്താല്‍ എന്നെയും മക്കളെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ഒത്തിരി നാളുകള്‍ക്കുശേഷം സമാധാനത്തോടെ കിടന്നുറങ്ങിയത് അന്നാണ്. അതും അപരിചിതരായ കുറേ മനുഷ്യര്‍ക്കൊപ്പം. അഭിമാനം തോന്നി. പിന്നീട് കേസ് നടന്നു. എന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷയും ലഭിച്ചു. ഡെയില്‍ വ്യു ഷെല്‍ട്ടര്‍ ഹോമിലെ ഡിബിന്‍ദാസ് സാറിന്റെ സഹായത്തോടെ സ്‌കൂളില്‍ മക്കള്‍ക്ക് അഡ്മിഷന്‍ ശരിയാക്കി. പക്ഷേ, ഇടയ്ക്ക പഠനം നിലച്ചുപോയതുകൊണ്ട് പഠിക്കാന്‍ മൂത്ത മകള്‍ക്ക് വിമുഖത തോന്നി. അവള്‍ക്ക് കൗണ്‍സിലിങ് കൊടുത്തു. പത്താംക്ലാസ് പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടി മകള്‍ വിജയിച്ചു. വാച്ചര്‍ വുമണായും സ്‌കൂള്‍ വണ്ടിയില്‍ സഹായത്തിനും കോളേജ് വാര്‍ഡനായും തയ്യല്‍ക്കാരിയുമൊക്കെയായി മാറിമാറി ജോലികള്‍ ചെയ്തു. പിന്നീട് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് വാടകവീട്ടിലേക്ക് മാറി. അന്നത്തെ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഇടപെടലിലൂടെ സര്‍ക്കാരിന്റെ ധനസഹായവും ലഭിച്ചിരുന്നു. എന്തുപ്രശ്‌നമുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഷെല്‍ട്ടര്‍ഹോമില്‍ നില്‍ക്കാം. വേറെങ്ങും പോവാനില്ലെന്ന് അവര്‍ക്കും അറിയാം. ഇപ്പോള്‍ മൂത്തമകള്‍ ഗായത്രി എം.എസ്.ഡബ്ല്യു പഠിക്കുകയാണ്. ഇളയവള്‍ ഗൗതമി പ്ലസ്ടുവിനും. അവരെ പഠിപ്പിച്ച് ജോലി നേടി പ്രാപ്തരാക്കണം. നല്ലൊരു വീടും വെക്കണം. ഇതുമാത്രമാണ് എന്റെ സ്വപ്‌നം. കല്യാണം കഴിപ്പിക്കാനല്ല ഞാന്‍ മക്കളെ വളര്‍ത്തുന്നത്. കല്യാണം കഴിച്ചിട്ട് ഒന്നും നേടാനില്ല. എന്റെ ജീവിതം തന്നെയാണ് അവര്‍ക്കുള്ള പാഠം. ഷെല്‍ട്ടര്‍ഹോമില്‍ ഞങ്ങളെപ്പോലെ 394 പേരുണ്ടായിരുന്നു. ആ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടതാണ്. എന്നാല്‍ അവരില്‍ പലര്‍ക്കും കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ സഹായമെങ്കിലും ഉണ്ടായിരുന്നു. ഇതൊന്നുമില്ലാതെ ഒറ്റയ്ക്ക് പൊരുതി വന്നത് ഞാന്‍ മാത്രമായിരുന്നു. അതും മനസ്സമാധാനത്തോടെ ജീവിക്കാന്‍ വേണ്ടിമാത്രം...