
ഓണമെന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കും മാവേലിയുടേത്. പ്രഹ്ലാദന്റെ പൗത്രനും സർവോപരി നീതിമാനുമായ ഇന്ദ്രസേനൻ അഥവാ നമ്മുടെ സ്വന്തം മാവേലിത്തമ്പുരാൻ. പ്രജകളുടെ പ്രിയരാജാവായിരുന്ന മഹാബലിയുടെ കീർത്തി കണ്ടു ഭയന്ന് തങ്ങളോട് മനുഷ്യർക്കുള്ള ബഹുമാനം പൊയ്‌പ്പോകുമോ എന്ന ചിന്തയാൽ വിഷണ്ണരായ ദേവന്മാർ മഹാവിഷ്ണുവിനോട് പരാതി പറഞ്ഞു. ഭഗവാൻ വാമനാവതാരമെടുത്ത് മഹാബലിയുടെ അശ്വമേധയാഗത്തിനിടെ കൊട്ടാരത്തിലെത്തുകയും മൂന്നടി മണ്ണ് ദാനമായി ചോദിക്കുകയും ചെയ്തു. ആദ്യത്തെ ചുവടിൽ സ്വർഗ്ഗവും രണ്ടാമത്തെ ചുവടിൽ ഭൂമിയും അളന്ന വാമനൻ മൂന്നാമത്തെ ചുവട് എവിടെ വെക്കുമെന്ന് ചോദിച്ചപ്പോൾ ധർമിഷ്ഠനായ മഹാബലി തന്റെ ശിരസ്സിൽ വെച്ചുകൊള്ളാൻ പറയുകയും തത്ക്ഷണം പാതാളത്തിലേക്ക് അദ്ദേഹം താഴ്ന്നു പോകുകയും ചെയ്തു എന്നാണ് നമ്മുടെ നാട്ടിൽ പൊതുവെ ഉൾക്കൊണ്ട വിശ്വാസം. എല്ലാ വർഷവും പാതാളത്തിൽ നിന്ന് തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ വരുന്ന പൊന്നുതമ്പുരാനെ വരവേൽക്കാൻ പുത്തൻകുപ്പായവും പൂക്കളവും നാക്കിലയിൽ ഓലനും കാളനും പായസവുമെല്ലാം വിളമ്പി നാം കാത്തിരിക്കുന്നു. മലയാളികളുടെ സ്വന്തം ഓണം.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മഹാബലി എന്നാൽ നമ്മുടേത് മാത്രമല്ല എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? എന്നാൽ അതാണ് സത്യം. മഹാരാഷ്ട്രയിലും കർണാടകയിലും എന്തിന് അങ്ങ് തായ്ലൻഡിൽ വരെ നമ്മുടെ മാവേലി ആഘോഷിക്കപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിലെ 'ബലി പഡ്വ' ഏകദേശം നമ്മുടെ ഓണം തന്നെയാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിനാണ് മഹാബലി നമ്മുടെ നാട്ടിൽ എത്തുന്നതെങ്കിൽ വൃശ്ചികമാസത്തിലെ പൗർണമി ദിവസമാണ് മഹാരാഷ്ട്രയിൽ എത്തുക. നാം പൂക്കളമിട്ട് മാവേലിയെ വരവേൽക്കുമ്പോൾ മറാത്തികൾ ബഹുവിധ നിറങ്ങളിലുള്ള പൊടികൾ ഉപയോഗിച്ച് രംഗോലികൾ വീട്ടുമുറ്റത്ത് വരക്കുന്നു. ചിലർ മഹാബലിയുടെ ചിത്രവും മറ്റുചിലർ അദ്ദേഹത്തിന്റെ ഭാര്യ വിന്ധ്യാവതിയുടെ ചിത്രവും വരച്ചു ചേർക്കാറുണ്ട് ഈ രംഗോലിയിൽ. ഇവിടുത്തെ പോലെ തന്നെ വടംവലിയും തവളച്ചാട്ടവും ഓട്ടമത്സരവും എല്ലാം അവിടുത്തെ ഗ്രാമങ്ങളിലും നടക്കും. ഒപ്പം ഗ്രാമത്തിലെ പ്രായമായവർ ചൂതുകളിക്കുന്നതും പതിവാണ്. പിതൃക്കളെ സ്മരിച്ചു ഭക്ഷണം വിളമ്പിയും പുത്തനുടുപ്പ് വാങ്ങിയും നമ്മെപ്പോലെ അവരും ഈ ദിവസം ആഘോഷമാക്കും. കൂടാതെ, കന്നുകാലികളുടെ കൊമ്പുകളും മറ്റും കർഷകർ ചായം തേച്ച് മോടിപിടിപ്പിക്കും. മലയാളിയുടെ സദ്യയിലെ സാമ്പാറും അവിയലും പായസവുംപോലെ മറാത്തികളുടെ വിരുന്നിലും ഒഴിച്ച് കൂടാനാവാത്ത ചില വിഭവങ്ങളുണ്ട്. പൂരൻ പോലി എന്ന നമ്മുടെ ബോളിയോട് സമാനമായ മധുരം, വരണ്-ഭാത് അഥവാ നമ്മുടെ പരിപ്പും ചോറും, തുപ് എന്ന നെയ്യ്, നമ്മുടെ തോരനോട് സമാനമായ ഭാജി, പപ്പടം, തൈരും ജാതിക്കയും പഞ്ചസാരയുമൊക്കെ ചേർത്തുണ്ടാക്കുന്ന ശ്രീഖണ്ഡ് എന്ന മധുരം ഇവയൊക്കെ ഈ വിരുന്നിന്റെ അവിഭാജ്യ വിഭവങ്ങളാണ്.
ഇതേ ദിവസം കർണാടകയിൽ 'ബലി പദ്യമി' ആഘോഷിക്കപ്പെടും. ഹോളിഗെ എന്ന നമ്മുടെ ബോളിയും മറാത്തികളുടെ പൂരൻ പോളിയും, പായസ, നമ്മുടെ തോരൻ ആയ പാല്യ, കന്നഡ രസമായ സാറു, പരിപ്പും പച്ചക്കറികളും ചേർത്ത ഹുളി, ചിത്രന്ന എന്ന നാരങ്ങ ചേർത്ത ചോറ്, മധുരങ്ങൾ... ഇവയൊക്കെയാണ് കർണാടകയിൽ വിളമ്പുന്നത്. ചില വീടുകളിൽ വൈകുന്നേരം ധാരാളം ദീപങ്ങളും കത്തിച്ചു വെക്കാറുണ്ട്. കേദാരഗൗരി വ്രതം, ഗൗരമ്മ പൂജ എന്നിവയും ചിലർ അനുഷ്ഠിക്കാറുണ്ട്. കൂടാതെ പച്ചിക്കലു എന്ന ചീട്ടുകളിയും ഇവിടെ കളിക്കുന്നവരുണ്ട്.
ഇങ്ങ് തെക്കേ ഇന്ത്യയിൽ മാത്രമല്ല അങ്ങ് വടക്ക് ഹിമാചൽ പ്രദേശിലും ജമ്മുവിലും ഉണ്ട് മാവേലിതമ്പുരാന് ആരാധകർ! ഹിമാചലിലെ ബലി പ്രതിപാദ എന്ന ഉത്സവവും നമ്മുടെ ഓണത്തിനോട് സമാനമാണ്. ബർലാജ് എന്നും ഈ ഉത്സവത്തിനൊരു പേരുണ്ട്. 'ബലി രാജ്' എന്ന വാക്ക് ലോപിച്ചാണ് ബർലാജ് ആയത്. ഈ ദിവസം ഹിമാചലി കർഷകർ കലപ്പ കൈകൊണ്ട് തൊടില്ല. വിശ്വകർമ വിഭാഗത്തിൽ പെട്ടവർ ആയുധ പൂജ നടത്തുന്ന പതിവുമുണ്ട് ചിലയിടങ്ങളിൽ. ജമ്മുവിൽ 'രാജ ബലി' എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന ഉത്സവത്തിൽ മഹാബാലിയുടെ രൂപം സ്ത്രീകൾ ഗോതമ്പിൽ കുഴച്ചെടുക്കും. ഒരു ദിവസം നീണ്ടുനിൽക്കുന്ന പൂജയ്ക്ക് ശേഷം ഈ രൂപം ആഘോഷമായി ജലത്തിൽ നിമഞ്ജനം ചെയ്യും. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഏകദേശം ദീപാവലി കഴിഞ്ഞ് ഒരേ ദിവസമാണ് ഈ ആഘോഷങ്ങളെല്ലാം വരുന്നത്. എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ മാത്രം മറ്റൊരു സമയത്ത് മഹാബലിത്തമ്പുരാനെ വരവേൽക്കുന്നത്? ഇതിന്റെ പ്രധാനകാരണം ഇവിടുത്തെ കൃഷിയാണ്. ദീപാവലിക്കുമപ്പുറം നമ്മുടെ നെല്ല് കൊയ്യുന്ന കാലമാണ് മലയാളിക്ക് ആഘോഷക്കാലം. പഞ്ഞത്തിന്റെ കാലമായ കർക്കിടകം കഴിഞ്ഞ് സമൃദ്ധി വന്നു വാതിലിൽ മുട്ടുന്ന ചിങ്ങമാസം അതുകൊണ്ടായിരിക്കാം മാവേലിതമ്പുരാനെ വരവേൽക്കാൻ മലയാളികൾ തെരഞ്ഞെടുത്തത്. ഓരോ നാടും അവരുടെ സാഹചര്യവും കൃഷിയും വിശ്വാസങ്ങളുമാനുസരിച്ച് തങ്ങളുടെ ഏറ്റവും സമൃദ്ധമായ ദിവസം നോക്കി മാവേലിയെ സ്വീകരിച്ചു എന്നു പറയുന്നതാകും ശരി.
തായ്‌ലൻഡിൽ 'ചാവോ കൃങ്ങ് ബലി' എന്ന പേരിൽ അറിയപ്പെടുന്ന ഗ്രാമദേവത മാറ്റാരുമല്ല നമ്മുടെ മാവേലിയാണ്. ഭൂമിയെയും വൃക്ഷങ്ങളെയും സംരക്ഷിക്കുന്ന അനേകായിരം ദൈവങ്ങളുടെ തലവൻ ആയിട്ടാണ് മാവേലി ആരാധിക്കപ്പെടുന്നത്. സോങ്ക്രാൻ എന്ന തായ്ലൻഡുകാരുടെ പുതുവർഷത്തിൽ ഗ്രാൻഡ് പാലസിൽ നടക്കുന്ന പ്രത്യേക ദിവസത്തെ പൂജകളിൽ മഹാബലിയെയും പൂജിക്കാറുണ്ട്.
ഹിന്ദുപുരാണകഥകളിൽ മാത്രമല്ല മഹാബലിയെ പ്രതിപാദിക്കുന്നത്. ബുദ്ധമവിശ്വാസികളുടെ കാരന്തവ്യൂഹസൂത്രത്തിൽ മാവേലിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ബോധിസത്വനോട് തന്റെ പ്രവർത്തികളുടെ ഫലമായി നാരായണൻ പാതാളത്തിലേക്ക് താഴ്ത്തിയ കഥ മാഹാബലി പറയുന്നുണ്ട്. ഇനി ചില കഥകളിലെ നായകന്മാർ മറ്റു പലരുടെയും കഥകളിൽ വില്ലന്മാരാകുന്നത് പല വട്ടവും നാം കണ്ടിട്ടുള്ളതാണല്ലോ. അതുപോലെ നമ്മുടെ നീതിമാനായ രാജാവ് ജൈനമതസ്ഥരുടെ കഥകളിൽ വില്ലനാണ്. ഒൻപതു 'പ്രതിവാസുദേവ' അഥവാ വില്ലന്മാരിൽ ഒരാളാണ് മഹാബലി. പുരുഷന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയ മഹാബലിയെ ഒടുവിൽ പുരുഷൻ വധിക്കുകയാണ് ജൈനമതവിശ്വാസപ്രകാരം. ചുരുക്കിപ്പറഞ്ഞാൽ ജൈനമാത്രം അനുഷ്ഠിക്കുന്ന ഗുജറാത്തിൽ മഹാബലി വില്ലനാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 25 Aug 2026, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented