പുറത്ത് ഓണവെയിലിന് നല്ല ചേല്. നീലാകാശത്തിനുകീഴെ മനംനിറഞ്ഞു ചിരിക്കുന്ന മഞ്ഞവെയില്‍. കഴുകിത്തുടച്ചു വൃത്തിയാക്കിയപോലെ ഓണവെയിലില്‍ തിളങ്ങുന്ന പച്ചിലകളും പൂക്കളും. മതിലരികില്‍ വരിവരിയായി പൂത്തുനില്‍ക്കുന്ന കൃഷ്ണകിരീടത്തിന്റെ ചെടികള്‍. മുറ്റത്ത് വെയിലില്‍ പാറിനടക്കുന്ന തുമ്പിക്കൂട്ടങ്ങള്‍. മഞ്ഞത്തുമ്പി, മേലേ പറന്നാല്‍ മഴ ഇനിയും പെയ്യും എന്നാണത്രേ പറയുക. എന്തായാലും മഞ്ഞത്തുമ്പികള്‍ ഇവിടേയും അമ്പലമുറ്റത്തും തുരുതുരാ പാറിപ്പറക്കുന്നുണ്ട്. എന്തായാലും ഓണക്കാലത്ത് ഒരു കുഞ്ഞു മഴയൊക്കെ പെയ്യും എന്നത് ഉറപ്പാണ്. അപ്പോഴല്ലേ,'അത്തം വെളുത്താല്‍ ഓണം കറുക്കും, അത്തം കറുത്താല്‍ ഓണം വെളുക്കും' എന്നുള്ള പഴഞ്ചൊല്ലിന് ഒരു അര്‍ത്ഥമുണ്ടാവൂ! ഓണത്തിനിടയ്ക്കൊരു മഴ കൊണ്ടാലല്ലേ, ഇത്തിരി നനഞ്ഞ ഒരു ഓണക്കോടിയുടെ സുഗന്ധം ആസ്വദിക്കാന്‍ പറ്റൂ! ചാണകം മെഴുകിയിട്ട പൂക്കളത്തിന് കുടചൂടിക്കൊടുത്ത് പൂക്കളത്തിന്റെ ഒരു വശം മഴവെള്ളത്തില്‍ ഒലിച്ചിറങ്ങുമ്പോള്‍ ഒന്ന് ശുണ്ഠിയെടുക്കാന്‍ പറ്റൂ! എന്തായാലും വരാന്തയിലെ ഈ ചാരുകസേരയില്‍ ലോകം നോക്കി കിടക്കുമ്പോള്‍ ദൂരെ എവിടെയോ ഒരു പൂവിളിയുടെ അലയൊലി എന്റെ ചെവിയില്‍ ഒഴുകിയെത്തുന്നുണ്ട്.

കുട്ടിക്കാലത്ത്, ഓണം വന്നെന്ന സന്തോഷം ആദ്യം പൊട്ടിവിടരുന്നത് വളക്കിലുക്കങ്ങളിലൂടെയാണ്. ഓണത്തിന് ഒരു രണ്ടാഴ്ച മുന്‍പ് ഉണ്ണിപ്പിണ്ടി പോലെ ഉരുണ്ട് നീളത്തില്‍ ഉള്ള വളത്തണ്ടുകളില്‍, വര്‍ണവിസ്മയങ്ങളുടെ ചന്തം വിതറി, കുപ്പിവളകളും റബ്ബര്‍ വളകളും ഒക്കെ അണിയിച്ച്, അതൊക്കെ ഒരു വെള്ള ഭാണ്ഡത്തിലാക്കി, മേനോന്‍ പെറ്റ പാറയും താലപ്പൊലിപ്പാറയും ഒക്കെ കേറി ഇറങ്ങി ശാന്തശീലയായ ശാന്ത ചെട്ടിച്ചിയാരെത്തും. അന്ന്, ശാന്തച്ചെട്ടിച്ചിയാര്‍ക്ക് നല്ല കോളാണ്. അമ്മയുടെ വക എല്ലാവര്‍ക്കും ഓണസമ്മാനമായി വള കിട്ടും. ആ കുപ്പിവളക്കിലുക്കങ്ങള്‍ ഉണ്ടെങ്കിലേ ഓണത്തിന്, ഒരു ചൂരും ചെത്തവും ഒക്കെ ഉണ്ടാവൂ എന്നാണ് അമ്മ പറയുക. അവനവന് ആവശ്യമായ വളകള്‍ സ്വയംതന്നെ നോക്കിയെടുത്തോളാന്‍ അമ്മ നേരത്തെ പറയും. ഓണക്കാലത്ത് വീടുമുഴുവന്‍ കുപ്പിവളക്കിലുക്കമായിരിക്കും. പക്ഷേ, ഒരു പ്രായം വരെ ഞങ്ങള്‍ കുട്ടികള്‍ക്ക് റബ്ബര്‍ വളയേ അമ്മ വാങ്ങിത്തരുമായിരുന്നുള്ളൂ. അന്നത്തെ തറവാട്ടിലെ ഓണത്തിന്റെ ഓര്‍മകള്‍ക്ക് ഇന്നും മധുരമാണ്. രാവിലെ പശുവിനെ കറന്നുകഴിഞ്ഞു വന്നാലുടന്‍, നാലുകെട്ടിന്റെ നടുമുറ്റത്ത്, തങ്കം ചാണകം കൊണ്ട് വട്ടത്തില്‍ രണ്ട് കളം മെഴുകിയിടും. ഒന്ന് ഒരല്‍പം വലുതായിരിക്കും. മെഴുകിത്തീരുമ്പോഴേക്കും ഞാനും ഉണ്ണ്യേട്ടനും വിജയേട്ടനും ഒക്കെ കൂടി പൂക്കള്‍ പറിച്ചുകൊണ്ടു വന്നിട്ടില്ലെങ്കില്‍, തങ്കം തന്നെ തൊടിയില്‍നിന്ന് ഒന്നോ രണ്ടോ മുക്കുറ്റിപ്പൂക്കള്‍ കളത്തില്‍ കൊണ്ടിടും. മെഴുകിയ വെറും കളം, അങ്ങനെ കാലിയായി ഇടാന്‍ പാടില്ലത്രെ. അതിനുശേഷമാണ്, ഞങ്ങള്‍ കുട്ടികളുടെ കരവിരുത്. കരിങ്കല്‍ മതിലിന്മേല്‍ വിരിയുന്ന കാക്കപ്പൂവും റോസ് നിറത്തിലുള്ള ഓണപ്പൂവും കാശിത്തുമ്പയും ദീപാരാധനത്തട്ട് പോലെയുള്ള കൃഷ്ണകിരീടപ്പൂവും ചെമ്പരത്തിയും കരവീരകവും ഒക്കെ നടുമുറ്റത്ത് കുമിഞ്ഞുകൂടും.

രാവണന്‍ കൈ എന്നു പറയുന്ന ഇലച്ചെടി കാണാന്‍ നല്ല ഭംഗിയുള്ളതാണെങ്കിലും, ഓണം കഴിഞ്ഞാലേ അത് കളത്തില്‍ ഇടൂ. ഓണം കഴിഞ്ഞാലും കുറേ ദിവസം, ആയില്യമകം വരെ, പൂക്കളമിടല്‍ തുടരും. സത്യം പറഞ്ഞാല്‍ ഓണക്കാലങ്ങളിലാണ് കൊച്ചുപൂക്കളുടെ സൗന്ദര്യം കാണാന്‍ കഴിയാറ്. കരിനീല നിറത്തില്‍ കണ്ണുകളെഴുതി, പരന്ന നഖങ്ങളെ ഓര്‍മിപ്പിക്കുന്ന കാക്കപ്പൂക്കള്‍. റോസ്നിറത്തില്‍, നടുക്ക് മുന്തിരിപ്പൊട്ടുമായി ഓണപ്പൂ. ഓണവെയിലിന്റെ പുതുമയും നിറവുമായി കുഞ്ഞു മുക്കുറ്റിപ്പൂക്കള്‍. വെന്തുമലര്‍ന്ന പൊന്നിയരിച്ചോറിന്റെ ലാഘവത്തോടെ കുഞ്ഞു തുമ്പപ്പൂക്കള്‍. പലനിറത്തിലുള്ള ചെമ്പരത്തിപ്പൂക്കള്‍. കരവീരകപ്പൂവിന്റെ ഞെട്ടി പൊട്ടിച്ച്, ഒന്ന് കീറി, നിവര്‍ത്തിയിട്ടാല്‍ പൂക്കളത്തില്‍ മഞ്ഞ നിറത്തിലുള്ള ഓളങ്ങള്‍ അലയടിക്കുന്നതുപോലെ തോന്നും. എന്തായാലും ഒരു കളത്തില്‍ മറ്റേ കളത്തിലേതിനേക്കാള്‍ വരികളും വലിപ്പവും കുറവായിരിക്കണം എന്ന നിയമമുണ്ട്.

ഓണക്കളത്തിലെ തൃക്കാക്കരപ്പന്റെ കാര്യമാണെങ്കിലും അങ്ങനെത്തന്നെ. നടുമുറ്റത്ത് വലുതും ചെറുതുമായ രണ്ടു കളങ്ങളില്‍ ചാണകം മെഴുകി, അതില്‍ തൂശനില വെച്ച്, അതിലാണ് തൃക്കാക്കരപ്പനെ വെയ്ക്കുക. ആദ്യത്തെ ദിവസം ഒരുകളത്തില്‍ ഒന്നും മറ്റേതില്‍ മൂന്നും, അടുത്ത ദിവസം ഒരു കളത്തില്‍ മൂന്നും മറ്റേ കളത്തില്‍ അഞ്ചും. അങ്ങനെ കൂടിക്കൂടിപ്പോകും തൃക്കാക്കരപ്പന്റെ എണ്ണം. തൃക്കാക്കരപ്പനെ വെച്ചുതുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് പണിയില്ല. തൃക്കാക്കരപ്പനെ ഉണ്ടാക്കുന്ന പണി മുഴുവന്‍ കുഞ്ഞീഷ്ണന്‍ നായര്‍ക്കാണ്. എവിടെനിന്നെങ്കിലും ചുവന്ന മണ്ണു കൊണ്ടുവന്ന് കുത്തിയിരുന്ന്, നല്ല വടിവൊത്ത തൃക്കാക്കരപ്പനെ കുഞ്ഞീഷ്ണന്‍ നായര്‍ തന്നെ ഉണ്ടാക്കും. വടക്ക്വോറത്തെ അമരത്തടത്തിനടുത്തിരുന്ന് വായില്‍ ഒരല്‍പം മുറുക്കാനുമിട്ട് എത്ര തൃക്കാക്കരപ്പനെ വേണമെങ്കിലും കുഞ്ഞീഷ്ണന്‍ നായര്‍ സൃഷ്ടിച്ചെടുക്കും. ഞങ്ങള്‍ അതിന്റെയൊക്കെ മേല്‍നോട്ടവുമായി, തൊട്ടരികിലുള്ള കുഞ്ഞീഷ്ണന്നായരുടെ മുറിയിലൊക്കെ കേറിയിറങ്ങും. കുഞ്ഞീഷ്ണന്‍ നായര്‍ ചെല്ലപ്പെട്ടിയില്‍ സൂക്ഷിച്ച, വാടിത്തുടങ്ങിയ വെറ്റിലയും നീറ്റടക്കയും നനവ് വറ്റിത്തുടങ്ങിയ വെള്ളച്ചുണ്ണാമ്പും ചേര്‍ത്ത്, ഞങ്ങളും മുറുക്കിത്തുടങ്ങും. വെള്ളച്ചുണ്ണാമ്പിന്റെ അളവൊന്നുമറിയാതെ മിക്കവാറും ഞങ്ങളുടെ നാവ് പൊള്ളും. ചെല്ലപ്പെട്ടിയുടെ ഉള്ളറയില്‍ കുഞ്ഞീഷ്ണന്‍ നായര്‍ പുകയില സൂക്ഷിച്ചിട്ടുണ്ടാവും. നല്ല മണമുള്ള പുകയില.'യാപ്പാണം' പുകയില എന്നാണ് കുഞ്ഞീഷ്ണന്‍ നായര്‍ അതിനു പേര് പറയാറ്. അതില്‍പക്ഷേ, ഞങ്ങള്‍ കൈ വെയ്ക്കാറില്ല. അതൊക്കെ വായിലിട്ടാല്‍ തല കറങ്ങി വീഴും എന്നൊക്കെ തങ്കം ഞങ്ങള്‍ക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ട്, ഞങ്ങള്‍ ഇടയ്ക്കൊക്കെ ആ ചെല്ലത്തിന്റെ രഹസ്യ അറ തുറന്ന് ആ യാപ്പാണം പുകയിലയുടെ മണം ആസ്വദിക്കുക മാത്രമേ ചെയ്യാറുള്ളൂ.
 

കുഞ്ഞീഷ്ണന്‍ നായര്‍ തൃക്കാക്കരപ്പനെ ഉണ്ടാക്കുമ്പോള്‍, ചിലപ്പോള്‍ ഒരു കവുങ്ങിന്‍പാളയില്‍ കുറേ ചുവന്ന മണ്ണെടുത്ത് ഞങ്ങള്‍ക്ക് നീട്ടും. അതുകൊണ്ട് ഞങ്ങളുടെ ഭാവനയ്ക്കനുസരിച്ച് മുത്തിയമ്മ, കുട്ടിപ്പട്ടര്‍, അമ്മി, ആട്ടുകല്ല് ഒക്കെ ഉണ്ടാക്കും. മുത്തിയമ്മയുടേയും കുട്ടിപ്പട്ടരുടേയും വായില്‍, അവ ഉണ്ടാക്കുമ്പോള്‍ത്തന്നെ തീപ്പെട്ടിക്കൊള്ളിയുടെ ഒന്നോ രണ്ടോ ചെറിയ കഷ്ണങ്ങള്‍ അവിടവിടെ തിരുകിവെച്ചാല്‍ ശരിക്കും പല്ലുകള്‍ പോലെ ഉണ്ടാവുമെന്ന് കണ്ടുപിടിച്ചത് ഉണ്ണ്യേട്ടനാണ്. തൃക്കാക്കരപ്പന്റെ കൂടെ മറ്റൊരു നാക്കിലയില്‍ ഓണത്തിന്റന്ന് ഇവയ്ക്കും നടുമുറ്റത്ത് ഒരു സ്ഥാനമുണ്ടാകും.

ഉത്രാടത്തിന്റെ അന്നാണ്, ഞങ്ങളൊക്കെ ഓണക്കോടി ഉടുക്കുക. തിരുവോണത്തിന് ഞങ്ങള്‍ കോടി അലക്കിയതാണ് ഉടുക്കുക. പക്ഷേ, എനിക്ക് ഓണക്കാലത്ത് എന്നും മാറി മാറി ഉടുത്ത്, കൂട്ടുകാരുടെ കൂടെ വൈകുന്നേരങ്ങളില്‍ ഗമയില്‍, അമ്പലത്തില്‍ പോകാന്‍ ഓണക്കോടികള്‍ ഉണ്ടാവും. തങ്കചേച്ചിയും കുഞ്ചേച്ചിയും ഏട്ടനും ഒക്കെ വരുമ്പോള്‍ എനിക്ക് കൊണ്ടുവരുന്ന ഉടുപ്പുകളൊക്കെ അമ്മ ഓണക്കോടികളായി, മുണ്ട് പെട്ടിയില്‍ സൂക്ഷിച്ചുവെയ്ക്കും. ഓണക്കാലത്തേ അവ പുറത്തിറക്കൂ. പുതിയ ഉടുപ്പുകള്‍ കിട്ടിയാല്‍ പിന്നെ, ഞാന്‍ പഴയ ഉടുപ്പുകളൊന്നും തിരിഞ്ഞുപോലും നോക്കില്ലെന്ന് അമ്മയ്ക്ക് നന്നായി അറിയാം. അതുകൊണ്ട്, പുത്തനുടുപ്പുകളൊക്കെ ഓണക്കാലത്തേക്ക് വേണ്ടി സൂക്ഷിച്ചുവെയ്ക്കുമായിരുന്നു, അമ്മ. കൈതപ്പൂവിന്റെ മണമുള്ള അമ്മയുടെ മുണ്ട്പെട്ടിയില്‍ നിന്ന് പുത്തനുടുപ്പുകള്‍ പുറത്തെടുക്കുമ്പോള്‍ മനം മയക്കുന്ന ഗന്ധമാണ്.

ഞങ്ങളുടെ നാട്ടില്‍ അന്നൊക്കെ, ഓണസ്സദ്യക്കും പ്രത്യേകത തന്നെ. ചേന, ചേമ്പ് അടക്കമുള്ള ഉപ്പേരി വറവുകളും പുളീഞ്ചി, കാളന്‍ തുടങ്ങിയ രാജവിഭവങ്ങളുമൊക്കെ ഉത്രാടം ആവുമ്പോഴേക്കും റെഡി ആകും. പിന്നെ ഉത്രാടം മുതല്‍ സദ്യയാണ്. അടുത്ത ബന്ധുക്കള്‍ വരുകയും ഓണപ്പുടവകള്‍ കൈമാറുകയും ചെയ്യുന്നത് അന്നാണ്. അന്ന് വരുന്ന ബന്ധുക്കള്‍ക്കൊക്കെ സദ്യ. ഓണത്തിന്റന്ന്, എല്ലാ കുടുംബത്തിലും സദ്യ തന്നെ. ഓണസ്സദ്യ കഴിഞ്ഞാല്‍, പിന്നെ ഓണക്കളികളായി. മൂച്ചിക്കലെ പറമ്പില്‍ തടിമാടന്‍ പുളിയില്‍ കെട്ടിയ മുളയൂഞ്ഞാലില്‍ ആടിത്തിമിര്‍ക്കലാണ് പ്രധാന ഓണവിനോദം.

പുളിയുടെ ഉയരത്തിലുള്ള കൊമ്പില്‍ കാച്ചിയ പപ്പടം കെട്ടിത്തൂക്കും. മുളയൂഞ്ഞാലില്‍ എഴുന്നേറ്റ് നിന്ന് കുതിച്ചാടി ആ പപ്പടം കടിച്ചെടുക്കണം. അതിനു വിരുതന്‍ എപ്പോഴും മൂച്ചിക്കലെ മുകുന്ദേട്ടനായിരുന്നു. രാമന്‍ കുട്ട്യേട്ടനും വിജയേട്ടനും ഒക്കെ മത്സരിച്ച് പുറകേ ഉണ്ടാകുമെങ്കിലും, മുകുന്ദേട്ടനാണ് ആദ്യം പപ്പടം കൈക്കലാക്കുക. വേറൊരു ഓണക്കളിയാണ് ഓണപ്പന്ത് കളി. 'നാഗേല്‍' കളി എന്നും ഞങ്ങള്‍ ഇതിനെ പറയും. ഇതിനൊന്നും ഞങ്ങള്‍ കുട്ടികളെ ആരും അടുപ്പിക്കില്ല. ഞങ്ങള്‍ അവരുടെയൊക്കെ ആരാധകരായി അവിടെയൊക്കെ ചുറ്റിപ്പറ്റി നടക്കും. ഇടയ്ക്ക് ഒരു സൗജന്യം പോലെ, ഞങ്ങളെ മുളയൂഞ്ഞാലില്‍ കേറ്റിയിരുത്തി ഒന്നുരണ്ടുതവണ ഒന്ന് പതുക്കെ ആട്ടിവിടും. അത്രതന്നെ. 'നാഗേല്‍'കളിക്കാനാണെങ്കില്‍, കൊച്ചുകുട്ടികള്‍ വെറുതേ പന്തേറു കൊള്ളണ്ടാ എന്നു പറഞ്ഞ്, ഞങ്ങളെ സ്നേഹപൂര്‍വം മാറ്റിനിര്‍ത്തും...

ഓണത്തിന്റെ പിറ്റേന്ന് അവിട്ടം നാള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. അന്നാണ്, തറവാട്ടിലെ ആശ്രിതര്‍ക്കൊക്കെ ഓണസദ്യ. അവര്‍ക്കൊക്കെ ഓണക്കോടി കൊടുക്കും, അച്ഛന്‍. അവര്‍ ആരും വെറും കയ്യോടെ വരില്ല. അവനവന്‍ കൃഷി ചെയ്ത എന്തെങ്കിലും പച്ചക്കറികളോ, നല്ല ചങ്ങാലിക്കോടന്‍ നേന്ത്രക്കുലകളോ, അല്ലെങ്കില്‍ അവനവന്റെ ആലയില്‍ കാച്ചിയെടുത്ത ഒരു കത്തിയോ ചിലര്‍, നല്ല മരത്തടിയില്‍ പണിതെടുത്ത ആവണിപ്പലകകളോ, തൃക്കാക്കരപ്പനെ വെയ്ക്കാനുള്ള പീഠങ്ങളോ... അങ്ങനെ എന്തെങ്കിലും ഒക്കെ അവര്‍ കാഴ്ചയായി കൊണ്ടുവന്ന് ഉമ്മറത്ത് വെയ്ക്കും. ചിലര്‍ തമ്പുരാട്ടിക്കുട്ടികള്‍ക്കും, കുട്ടിത്തമ്പുരാക്കന്‍മാര്‍ക്കുമായി നല്ല പിഞ്ച് കക്കിരിക്കകള്‍ കൊണ്ടുവരും. ഇവര്‍ക്കൊക്കെ വേണ്ടി അടുക്കളയില്‍ ഗംഭീര സദ്യ ഒരുക്കീട്ടുണ്ടാവും, അമ്മ. ഊണിനു സമയമാവുമ്പോള്‍, വടക്ക്വോര്‍ത്ത് അവര്‍ നിരന്നിരിക്കും. ചിലര്‍ ഒരു തോര്‍ത്ത് വിരിച്ച് അതിലാണ് സദ്യയുടെ വിഭവങ്ങള്‍ വാങ്ങിക്കുക. അവര്‍ അത് ആ തോര്‍ത്തില്‍ത്തന്നെ കെട്ടി വീട്ടിലേക്ക് കൊണ്ടുപോകും. മറ്റു ചിലര്‍ അവിടെയിരുന്നുതന്നെ ഉണ്ണും. അവര്‍ കഴിക്കുന്നത് കാണാന്‍ തന്നെ ഒരു കൗതുകമാണ്. ഇലയില്‍ കൂമ്പാരം പോലെ ചോറും അതിനു തക്കവണ്ണം കറികളും... അവര്‍ അത് ആര്‍ത്തിയോടെ കഴിക്കുന്നതു കാണുമ്പോള്‍ അങ്ങനെയൊക്കെ നമുക്കും കഴിക്കാന്‍ തോന്നും. അവര്‍ക്കൊക്കെ വീണ്ടും വീണ്ടും വിളമ്പിക്കൊടുക്കാന്‍ അമ്മയ്ക്കും ഭയങ്കര ഇഷ്ടമായിരുന്നു. അന്നത്തോടുകൂടി ഞങ്ങളുടെ നാട്ടില്‍ ഓണം കൊടിയിറങ്ങും. ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിലൊക്കെ വാര്യേത്തെ തെക്കിനിയില്‍ അമ്മയുടെ നേതൃത്വത്തില്‍ കൈകൊട്ടിക്കളിക്കും മുടക്കമുണ്ടാകാറില്ല. വാരിയങ്ങളില്‍നിന്നും, പുഷ്പോത്ത്നിന്നും പൊതുവാട്ടില്‍നിന്നും ഒക്കെ കൈകൊട്ടിക്കളിക്കാന്‍ ആളെത്തുമ്പോള്‍ തെക്കിനി നിറയും.

പക്ഷേ, ഇവിടെ തൃശൂരില്‍ ഓണം തുടങ്ങുന്നത് അപ്പോഴാണ്. നാലോണവും പുലിക്കളിയും ഒക്കെയായി ഓണം അങ്ങനെ നീണ്ടുനീണ്ടുപോകും. നേന്ത്രക്കുലകള്‍, ശബരിമല വ്രതക്കാരെപ്പോലെ കറുപ്പ് വസ്ത്രമണിഞ്ഞ്, അവശരാവുന്ന നാലോണത്തിന്, നാലും വെച്ചൊരു സദ്യകൂടിയാവുമ്പോഴാണ്, ഇവിടങ്ങളില്‍ ഓണത്തിന് കൊടിയിറങ്ങുക. ഓണക്കോടിയുടുത്ത്, ബന്ധുവീടുകളിലൊക്കെ വിരുന്നുപോകുന്നതും ഓണത്തിന്റെ മറ്റൊരു മുഖം തന്നെ.

ഇതൊന്നുമല്ലാതെ, ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുള്ള ഒരുപാട് ഓണങ്ങള്‍ വേറെയും ഉണ്ട്. ഓണത്തിന്റെ സ്മരണപോലും വരാത്തവിധം തമിഴ്നാട്ടില്‍ മുങ്ങിപ്പോയ പല ഓണങ്ങള്‍. പല മതത്തിലുമുള്ള സുഹൃദ് വലയത്തില്‍ ഓണം സൃഷ്ടിച്ചെടുക്കുന്ന തൃശ്ശൂര്‍ക്കാരിയായി മാറി, ഞാന്‍. പക്ഷേ, ചില വര്‍ഷങ്ങളില്‍ ഞങ്ങള്‍ ഉണ്ട ഓണം കാണം വിറ്റിട്ടുതന്നെ ആയിരുന്നു എന്നത്, മാധേട്ടന്‍ ഞങ്ങളെ അന്നൊന്നും അറിയിച്ചിരുന്നേ ഇല്ല. ഇപ്പോള്‍ എനിക്ക് അതില്‍ വല്ലാതെ വിഷമം തോന്നുന്നു. തമിഴ്നാട്ടിലായിരുന്ന ചില വര്‍ഷങ്ങളില്‍ ഓണത്തിന് നാട്ടിലേക്കുള്ള യാത്രകള്‍ മനഃപൂര്‍വം ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. വീട്ടില്‍ അച്ഛന്‍, അമ്മ തുടങ്ങി എല്ലാവര്‍ക്കും ഓണക്കോടി, യാത്രാചെലവുകള്‍ ഒക്കെയോര്‍ക്കുമ്പോള്‍ ഉള്ളതുകൊണ്ടൊക്കെ ഓണം, നാഗര്‍ കോവിലില്‍തന്നെ തട്ടിക്കൂട്ടിയ കുറച്ച് വര്‍ഷങ്ങള്‍...

നാട്ടില്‍ സ്ഥിരമായതിനുശേഷമാണ് ഓണം, ഓണമായി അനുഭവിക്കുന്നത്. വരാന്തയിലെ ചാരുകസേരയിലിരുന്ന്, മാധേട്ടന്‍ നീട്ടുന്ന ഓണക്കോടികള്‍ ഏറ്റുവാങ്ങുന്ന ആശ്രിതരെ കാണുമ്പോള്‍, മനസ്സ് പഴയകാലത്തിലേക്ക് ചെല്ലും. തറവാട്ടില്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ടായിരുന്നപ്പോഴത്തെ ആ പ്രതാപകാലത്തിലേക്ക്... ഓണക്കോടി ഏറ്റുവാങ്ങുന്നവരുടെ മുഖത്തുവിരിയുന്ന ആ ഓണനിലാവാകും, ഞങ്ങളുടെ ഓണം. മുറ്റത്ത്, മൂവാണ്ടന്‍ മാവിന്‍ ചുവട്ടില്‍ ഓണദിവസങ്ങളില്‍ കൈകൊട്ടിക്കളിയും വടം വലിയും ഒക്കെ അരങ്ങേറും. പുള്ളിലെ പെണ്‍പ്രജകള്‍ ഞങ്ങളുടെ മുറ്റം ശബ്ദമുഖരിതമാക്കും. ഓണത്തലേന്ന് രാത്രി ഉണങ്ങിയ വാഴയിലകള്‍ കൊണ്ട് കുപ്പായമണിഞ്ഞ കുമ്മാട്ടികള്‍ പാട്ട കൊട്ടി, പപ്പടവും പഴവും ചോദിച്ചുകൊണ്ട് എത്തും. കുട്ടികളെ പേടിപ്പിക്കാന്‍ അടുത്തേക്ക് ഓടിയെത്തും. അവര്‍ ചോദിക്കുന്നത് കൊടുത്തില്ലെങ്കില്‍ അത്യാവശ്യം ചെറിയ തെറികളൊക്കെ വിളിക്കാനും അവര്‍ക്ക് മടിയില്ല. ഉണക്കയിലകള്‍ക്കുള്ളിലെ 'പുള്ളുകാരന്‍' ആരാണെന്ന് ആര്‍ക്കും മനസ്സിലാവില്ലല്ലോ. അവരുടെ ഡിമാന്റുകള്‍ അത്ര വലുതാവാറില്ലെന്നും കൂട്ടിക്കോളൂ.

ഇവിടെ ഓണപ്പൂക്കളത്തിന് വലിയ പ്രത്യേകതളൊന്നും ഉണ്ടാവാറില്ല. സാധാരണപോലെ, ചാണകം മെഴുകിയ കളത്തില്‍ ഭാവനയ്ക്കനുസരിച്ച് അത്തം മുതല്‍ ഓണംവരെ ഓരോ വര്‍ണപ്പൂക്കളം. മൂലം നാള്‍ മാത്രം മൂലയോടു മൂല ചേര്‍ത്ത് ഒരു ചതുരപ്പൂക്കളം. തിരുവോണത്തിന്റന്ന്, തുമ്പക്കുടങ്ങള്‍ക്ക് നടുവില്‍ പീഠത്തില്‍ അഞ്ച് തൃക്കാക്കരപ്പന്‍മാര്‍. തൃക്കാക്കരപ്പന്മാരെ ചുറ്റിക്കെട്ടി വെള്ള നൂല്‍. അത് തൃക്കാക്കരപ്പനുള്ള ഓണക്കോടിയാണത്രെ. പൂക്കള്‍ ചൂടി സുന്ദരനായ തൃക്കാക്കരപ്പന്, തലയ്ക്കു മുകളില്‍ ഓലക്കുട. കുടുംബനാഥന്റെ വക നേന്ത്രപ്പഴവും പൂവടയും തേങ്ങാമുറിയും നിവേദിച്ചുകഴിഞ്ഞാല്‍, പിന്നെ ഓണസ്സദ്യയുടെ വട്ടങ്ങളായി. അതിനുമുന്‍പ് പ്രാതല്‍. നല്ല ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴം പുഴുങ്ങിയതും, നേന്ത്രക്കായ നാലുകീറി വറുത്തതും, പൂവടയും പപ്പടം കാച്ചിയതും തന്നെ, പ്രാതല്‍... നാലോണം കഴിയുന്നതുവരെ, ഇഡ്ഡലിക്കും ദോശക്കും ഒക്കെ അവധി!

മാധേട്ടന്റെ വിയോഗത്തിനും, പിന്നെ കൊറോണാ വര്‍ഷങ്ങള്‍ക്കും ശേഷം ഇപ്പോള്‍ ഇതാ, വീണ്ടും മോഹിപ്പിക്കുന്ന ഓണവെയില്‍. അതങ്ങനെ, പാടത്തെ വെള്ളിനിറമുള്ള ജലപ്പരപ്പിനും, അമ്പലത്തിന്റെ ഓടുകള്‍ക്കും ചെമ്പോലയ്ക്കും മീതെ, പരന്നുമിന്നുന്നു. മൂവാണ്ടന്‍ മാവിന്റെ നിഴല്‍ വീണ മുറ്റം ഓണത്തുടിപ്പുകള്‍ക്കായി കാതോര്‍ത്തു കിടക്കുന്നു. പറമ്പില്‍ വിളഞ്ഞുനില്‍ക്കുന്ന ഈ നേന്ത്രക്കുലകളേയും എനിക്ക് കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല. അങ്ങനെ, വീണ്ടും ഒരു ഓണക്കിനാവ് കൂടി മനസ്സില്‍ പൂവിളി ഉയര്‍ത്തുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi