2017-ലാണ് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും (Lionel Messi) അന്റോണെല്ല റൊക്കൂസോയും വിവാഹിതരാവുന്നത്. ബാല്യകാലസുഹൃത്തുക്കൾ കൂടിയായിരുന്നു ഇരുവരും. ആദ്യമായി കണ്ടുമുട്ടുമ്പോൾ മെസ്സിക്ക് എട്ടുവയസ്സാണ് പ്രായം. അന്റോണെല്ലയ്ക്ക് ഏഴും. അധികം വൈകാതെ ഇരുവർക്കുമിടയിൽ നല്ല സൗഹൃദമുണ്ടായി. ഫുട്‌ബോൾ കരിയറിനായി മെസി അർജന്റീന വിട്ടപ്പോൾ, ആ ബന്ധത്തിനൊരു ചെറിയ ബ്രേക്ക് വന്നു. എങ്കിലും അന്റോണെല്ലയ്ക്ക് ഒരു അത്യാവശ്യം വന്നപ്പോൾ മെസി ഓടിയെത്തി. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതും അപ്പോഴാണ്.

രണ്ടു കുഞ്ഞുങ്ങളുണ്ടായ ശേഷമാണ് ഇരുവരും വിവാഹിതരാവുന്നതും. അതിനുശേഷവും മുമ്പും മെസിയുടെ കരിയറിനെ ഏറ്റവും മികച്ച രീതിയിൽ പിന്തുണച്ചയാളുകളിൽ ഒരാൾ കൂടിയാണ് അന്റോണെല്ല. വർഷങ്ങളായി വളരെ മനോഹരമായിട്ടാണ് ഇരുവരുടെയും ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ അതിനിടയിലും മെസിയുടെ ജീവിതത്തിൽ സ്ഥിരീകരിക്കപ്പെടാത്ത ഒരുപാട് പ്രണയബന്ധങ്ങളുണ്ടായിട്ടുണ്ട്.

ഏറ്റവുമൊടുവിൽ മെസ്സിയുമായി ബന്ധപ്പെടുത്തി കേട്ട പേര് അർജന്റീനയിൽനിന്നുള്ള സ്‌പോർട്‌സ് ജേർണലിസ്റ്റായ സോഫി മാർട്ടിനസിന്റേതാണ്. വളരെ പ്രശസ്തയായ മാധ്യമപ്രവർത്തകയാണവർ. തന്റെ ജോലിയുടെ ഭാഗമായി ഒട്ടേറെ താരങ്ങളുമായി അഭിമുഖം നടത്തിയിട്ടുമുണ്ട് അവർ. 2022 ഫിഫ ലോകകപ്പിനിടെയാണ് മെസിയും സോഫിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ വരുന്നത്.

ക്രൊയേഷ്യയെ അർജന്റീന പരാജയപ്പെടുത്തിയശേഷം ഒരു അഭിമുഖത്തിൽ, സോഫി മെസ്സിക്കായി ഒരു സന്ദേശം നൽകി. ഈ വീഡിയോ കുറേ പേർ പങ്കുവെച്ചു. അതിനൊപ്പം ജേർണലിസ്റ്റ് എന്നതിനേക്കാൾ കൂടുതൽ അടുപ്പം സോഫിക്ക് മെസ്സിയോട് ഉണ്ടെന്നും ആരാധകർ പറഞ്ഞു. അതോടെയാണ് സോഫിയുടെ പേർ ഗോസിപ്പ് കോളത്തിലിടം പിടിക്കുന്നത്. ഇത്തരം ചോദ്യങ്ങളോട് സോഫി പലപ്പോഴും പ്രതികരിച്ചിരുന്നു. താനും മെസ്സിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ഒടുവിൽ മെസിയും ഇതിനോട് പ്രതികരിച്ചു. ഇക്കഴിഞ്ഞ ലോകകപ്പിനിടെ കേപ് വെർദെയുമായുള്ള മത്സരശേഷമാണ് മെസി ഗോസിപ്പുകളോട് പ്രതികരിച്ചത്. മെസ്സിയോട് ചോദ്യങ്ങൾ ചോദിക്കാനായി സോഫി അദ്ദേഹത്തെ സമീപിച്ചു. അപ്പോൾ തമാശയായി മെസി പറഞ്ഞതിങ്ങനെ, ''ഞാൻ നിങ്ങളെ നോക്കിയാൽ, അവർ ചോദിക്കും ഞാനെന്തിനാണ് നിങ്ങളെ നോക്കുന്നതെന്ന്. ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുമ്പോൾ അവർ ചോദിക്കും, എന്തിനാണ് അഭിവാദ്യം ചെയ്യുന്നതെന്ന്''. അതോടെ എല്ലാ ഡേറ്റിങ് വാർത്തകൾക്കും അവസാനമായി.

തങ്ങൾ ചെറുപ്പമായിരുന്ന കാലത്ത് മെസ്സിയുമായി പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന് അർജന്റീനിയൻ നടിയും മോഡലുമായ ആൻഡ്രിയ റിങ്കോൺ 2026-ന്റെ തുടക്കത്തിലാണ് അവകാശപ്പെട്ടത്. 2010-ലാണ് തങ്ങൾ പ്രണയിച്ചിരുന്നതെന്നും അന്ന് തനിക്ക് 24 വയസ്സായിരുന്നുവെന്നും ആൻഡ്രിയ പറഞ്ഞു. അക്കാലത്ത് മെസി അന്റോണെല്ലയുമായി പ്രണയത്തിലായിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി. തങ്ങളുടെ പ്രണയകാലത്ത് തങ്ങൾക്കിടയിൽ ഒരുപാട് തവണ വേർപിരിയൽ ഉണ്ടായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. താൻ മെസ്സിയെ സോഷ്യൽ മീഡിയയിൽ പിന്തുടരാറില്ലെങ്കിലും, ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നതായി മനസ്സിലാക്കിയെന്നും അവർ പറഞ്ഞു. ''ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഞാൻ പറയുന്നത് കള്ളമല്ല. പക്ഷേ അദ്ദേഹം അന്റോണെല്ലയോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല''.

അർജന്റീനിയൻ നടിയും മോഡലും സംരംഭകയുമായ ലൂസിയാന സലാസറും മെസ്സിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2008 കാലത്ത് മെസ്സിയും ലൂസിയാനയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് ലൂസിയാനയുടെ സുഹൃത്തുക്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇരുവരും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നതായി മെസ്സിയോ ലൂസിയാനയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മെസ്സിയുമായുള്ള പഴയ ബന്ധത്തെക്കുറിച്ച് അഭിമുഖങ്ങളിൽ നേരിട്ട് ചോദിച്ചപ്പോൾ, 'എനിക്ക് അതിന് മറുപടി നൽകാനാവില്ല' അല്ലെങ്കിൽ 'ഞാൻ അദ്ദേഹത്തെ ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട്, പക്ഷേ കൂടുതൽ വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല' എന്നിങ്ങനെയായിരുന്നു ലൂസിയാനയുടെ പ്രതികരണം.

മെസ്സിക്ക് 18 വയസ്സുള്ളപ്പോൾ ഒരു കൗമാരക്കാരിയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. പ്രശസ്തമോഡലായ മസറേന ലെമോസ് ആണത്. അക്കാലത്ത് പലപ്പോഴും ഇരുവരെയും ഇടയ്ക്കിടെ ഒരുമിച്ച് കാണാറുണ്ടായിരുന്നു. കൂടാതെ അവരുടെ കുടുംബങ്ങൾ ഒരുമിച്ച് പല വിരുന്നുകളിലും പങ്കെടുത്തു. ഇതോടെയാണ് ലെമോസും മെസ്സിയും തമ്മിൽ പ്രണയത്തിലാണെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു തുടങ്ങിയത്.

ആ കാലഘട്ടം മുതൽ മെസ്സിയുടെ അമ്മയ്ക്ക് തന്നോട് കടുത്ത വിരോധമുണ്ടായിരുന്നെന്ന് ലെമോസ് വർഷങ്ങൾക്ക് ശേഷം ചില അഭിമുഖങ്ങളിൽ അവകാശപ്പെട്ടു. റൊസാരിയോയിലെ ഒരു ഇലക്ട്രോണിക്‌സ് കടയ്ക്കുള്ളിൽ വെച്ച് മെസ്സിയുടെ അമ്മ തന്നെ പിന്തുടരുകയും അപമാനിക്കുകയും ചെയ്തതായും അവർ ആരോപിച്ചു. ഇതിനൊന്നും ഔദ്യോഗികസ്ഥിരീകരണമില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi