സൗമ്യമായാണെങ്കിലും മൂര്‍ച്ചയോടെ സംസാരിക്കാനുള്ള അനീറ്റയുടെ കഴിവ് എനിക്കുണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ആഗഹിച്ചിട്ടുണ്ട്. 'അനീറ്റയ്ക്ക് കാര്യം പറയാനറിയാം' എന്ന് അവളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു. ദുരനുഭവങ്ങളാവണം അത്തരമൊരു സിദ്ധിയിലേക്ക് അവളെ എത്തിച്ചിരിക്കുകയെന്ന് ഞാനോര്‍ക്കും. 'നോ' പറയാനുള്ള കഴിവ് എല്ലാ ബന്ധങ്ങളിലും പ്രധാനമാണ്. അതുവേണം, ഇതുവേണ്ട, എനിക്കത് ഇഷ്ടമല്ല എന്നൊക്കെ അതിനര്‍ഥമുണ്ട്. കൃത്യമായ ഇടങ്ങളിലും സമയങ്ങളിലും പറയുകയാണെങ്കില്‍ അത് മാനിക്കപ്പെടും. പൊതുവേ വൈകാരികമായ ആശ്രിതത്വം അമിതമായുണ്ടെങ്കില്‍ മനുഷ്യര്‍ 'നോ' പറയാതിരിക്കും. അനിഷ്ടങ്ങളെ നിശ്ശബ്ദം വിഴുങ്ങും. അതിനവര്‍ വലിയ വിലകൊടുക്കേണ്ടിവരികയും ചെയ്യും. ഇത്രയുമൊക്കെ ശമ്പളം കിട്ടുന്ന എനിക്ക് കുറച്ചുകൂടി മാന്യമായ ജീവിതം വേണമെന്നതിനല്ല, എനിക്കുവേണ്ടി ത്യാഗംചെയ്ത പങ്കാളിക്ക് പ്രയാസമുണ്ടാവരുത് എന്നതിനാവണം ഞാന്‍ മുന്‍ഗണന കൊടുത്തത്. അത് ഒരുതരം വൈകാരികാശ്രയത്വമുണ്ടാക്കിയിട്ടുണ്ടാവും. ബലാത്കാരം ചെയ്യപ്പെട്ട, പുനര്‍വിവാഹിതരായ, പുനരധിവസിപ്പിക്കപ്പെട്ട, അനാഥരായ സ്ത്രീകള്‍ അത്തരത്തില്‍ അകപ്പെട്ടുപോവാന്‍ സാധ്യത കൂടുതലാണ്. 

To advertise here,

എന്തുകൊണ്ടാണ് അനിഷ്ടങ്ങളും അതൃപ്തികളും ജീവിതപങ്കാളിയോട് തുറന്നുപറയാതിരുന്നത് എന്ന ചോദ്യത്തിന് എല്ലാത്തവണയും ഞാനീ ഉത്തരത്തിലേക്കാണെത്തുക. പക്ഷേ, ആ ഉത്തരം എന്റെതന്നെ എല്ലാ അനുഭവങ്ങളെയും വിശദീകരിക്കാന്‍ പര്യാപ്തവുമല്ല. അനിഷ്ടങ്ങള്‍ തുറന്നുപറഞ്ഞാലുണ്ടാകുന്ന പ്രതികരണങ്ങളനുസരിച്ചിരിക്കും പലരുടെയും തുടര്‍ജീവിതം. 

ഏഴുമാസം ഗര്‍ഭിണിയായിരുന്ന സമയം. അസാധാരണമായ വയറുണ്ടായിരുന്നു എനിക്ക്. ബസ്സില്‍ കയറിയാല്‍ സീറ്റിലിരിക്കാന്‍ പറ്റില്ല. സീറ്റുകള്‍ തമ്മിലുള്ള അകലം കുറവായ ബസ്സില്‍ കയറുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല. ഒപ്പം ഇടയ്ക്കിടെയുണ്ടാകുന്ന കടുത്ത മൂത്രശങ്ക. താഴ്ന്നും പൊങ്ങിയുമിരിക്കുന്ന ബി.പി. പോരാത്തതിന് ചിക്കുന്‍ഗുനിയയുടെ ഭീഷണിയും. 
 

ശാരീരികാവശതകള്‍ കൂടിയതോടെ മെറ്റേണിറ്റി ലീവ് നേരത്തേയെടുത്ത് കണ്ണൂരിലെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത് രണ്ടുപേരുംകൂടിയാണ്. വൈകുന്നേരം സാധാരണയിലും വൈകി സ്‌കൂളില്‍നിന്നെത്തിയ എന്നോട് ഭര്‍ത്താവ്, പിറ്റേന്ന് കൊല്ലത്തുപോകാന്‍ തയ്യാറാവാനാവശ്യപ്പെട്ടു. അളിയന്റെ ജ്യേഷ്ഠന്റെ വീടിന്റെ പാലുകാച്ചലാണ്, പോവണമെന്ന് ഭര്‍തൃസഹോദരി നിര്‍ബന്ധം പറഞ്ഞിട്ടുണ്ടെന്നുപറഞ്ഞു. എനിക്കത്, ഞാന്‍ പങ്കെടുക്കേണ്ട ഒഴിച്ചുകൂടാനാവാത്ത ചടങ്ങായിത്തോന്നിയില്ല. ചേര്‍ത്തലമുതല്‍ കൊല്ലംവരെയും തിരിച്ചുമുള്ള യാത്ര, ഗൃഹപ്രവേശം നടക്കുന്ന വീട്ടിലെ ആള്‍ത്തിരക്ക് എന്നിവ എനിക്ക് ദുസ്സഹമായേക്കുമെന്നു ഞാന്‍ പറഞ്ഞു. അതുകൂടാതെ പിറ്റേന്ന് സ്‌കൂളിലെത്തി തീര്‍ത്തുകൊടുക്കേണ്ട ഒരു ജോലി ഏറ്റെടുത്തിട്ടുമുണ്ട്. അത് മറ്റാരെയും ഏല്‍പ്പിക്കാനാവില്ല. വിളിച്ച സ്ഥിതിക്ക് ഭര്‍ത്താവിന് പോയേപറ്റൂ. അതിലെനിക്ക് എതിര്‍പ്പില്ല. പക്ഷേ, എനിക്ക് യാത്രചെയ്യാനാവില്ല. 

കേട്ടതും, കുടിച്ചുകൊണ്ടിരുന്ന ചായ ഗ്ലാസ് അദ്ദേഹം ഭിത്തിയിലെറിഞ്ഞു തകര്‍ത്തു. ഞാനും വയറ്റിലെ കുഞ്ഞും ഒരേപോലെ നടുങ്ങിപ്പോയി. തുടര്‍ന്ന് എന്റെ ജീവിതത്തിലെ ഏറ്റവും ആക്ഷേപകരവും നിന്ദ്യവുമായ വാക്കുകള്‍ കേട്ടു. അത്രയും ഭീകരമായ അപമാനവും സങ്കടവും അതിനുമുന്‍പ് നേരിട്ടിട്ടില്ല. ചെവിയില്‍ വന്നടിക്കുന്ന തെറിവാക്കുകള്‍ എന്റെ ഭര്‍ത്താവ് എന്നെത്തന്നെ പറയുന്നതാണെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു. എന്റെ ശരീരം മുഴുവന്‍ വിറച്ചുകൊണ്ടിരുന്നു. തെറികളും ആക്ഷേപങ്ങളും എന്നെക്കടന്ന് എന്റെ മാതാപിതാക്കളിലേക്കും സഹോദരിയിലേക്കും ബന്ധുക്കളിലേക്കുമെത്തി.

പിറ്റേന്ന് സ്‌കൂളിലെത്തണമെന്നുപറഞ്ഞത് അവിടത്തെ പ്രിന്‍സിപ്പലിനെ കാണാനാണെന്നായി. അദ്ദേഹം വിവാഹമോചിതനായിരുന്നു. ലീവെടുക്കുന്ന ദിവസങ്ങളില്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ചുപറയുന്ന ഒരു പതിവ് ആ സ്‌കൂളിലുണ്ടായിരുന്നു. ഞാന്‍ ലീവെടുത്താല്‍ അത് പ്രിന്‍സിപ്പലിനെ വിളിച്ചുപറയുന്ന ജോലി ഭര്‍ത്താവ് ഏറ്റെടുത്തു. അത് ശരിയായ രീതിയല്ലെന്ന് ഞാന്‍ പറഞ്ഞിട്ടും അദ്ദേഹം കേട്ടില്ല. ഒടുവില്‍ പ്രിന്‍സിപ്പല്‍ അതു നേരിട്ട് എന്നോടു പറയുന്നതുവരെ കാര്യങ്ങളെത്തിയതാണ്. അതിന്റെ പേരില്‍ പ്രിന്‍സിപ്പലുമായി ചെറിയ പ്രശ്‌നം ഭര്‍ത്താവ് ഉണ്ടാക്കുകയുംചെയ്തിരുന്നു. എന്റെ ഭാര്യ നിങ്ങളെ വിളിക്കുന്നത് എനിക്കിഷ്ടമല്ല, ലീവാണെന്ന് ആരെങ്കിലും പറഞ്ഞ് അറിഞ്ഞാല്‍പ്പോരേ, എന്നായിരുന്നു ചോദ്യം. 

തൊഴിലിടത്തില്‍ ഇത്തരമൊരു സംഭവമുണ്ടാക്കുന്ന അപമാനത്തെക്കുറിച്ച് പില്‍ക്കാലത്ത് പലരോടും വിശദീകരിച്ച് ഞാന്‍ പരാജയപ്പെട്ടു. അത് എന്നോടുള്ള കരുതലാണെന്ന് അദ്ദേഹം വാദിച്ചു. എല്ലാവരും അത് ശരിവെയ്ക്കുകയും ചെയ്തുവെന്നതാണ് സത്യം. അത് ഉദ്ധരിച്ചുകൊണ്ടാണ് എന്നെത്തന്നെ ആ ഓഫീസ് ജോലിക്കു തിരഞ്ഞെടുത്തതില്‍ പ്രിന്‍സിപ്പലിന് ദുരുദ്ദേശ്യമുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചത്. രാത്രിയായിട്ടും വഴക്ക് തീര്‍ന്നില്ല. സ്‌കൂളില്‍നിന്നു വന്ന വസ്ത്രങ്ങള്‍ മാറ്റിയിട്ടില്ല. എനിക്ക് മാനസികമായി വല്ലാത്ത തളര്‍ച്ച തോന്നി. പെട്ടെന്ന് അച്ഛനെയും അമ്മയെയും കാണണമെന്നു തോന്നി. അവരുടെ ഒച്ചയെങ്കിലും കേള്‍ക്കണമെന്നു തോന്നി. പരിമിതമായ സൗകര്യങ്ങളുള്ള നോക്കിയയുടെ ഫോണ്‍ കൈയിലെടുത്ത് അച്ഛന്റെ നമ്പറില്‍ വിളിച്ചു. തത്ക്ഷണം ഭര്‍ത്താവ് പാഞ്ഞെത്തി ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞുകളഞ്ഞു. മൂന്നായിക്കിടക്കുന്ന ആ ഫോണിന്റെ ദൃശ്യം ഇന്നുമെന്നെ സങ്കടപ്പെടുത്തുന്നുണ്ട്. ഇനിയും അവിടെ തുടരുന്നത് ബുദ്ധിയല്ലെന്ന് തോന്നി. 

മുന്‍പിന്‍ ആലോചിക്കാതെ ഞാന്‍ വീട്ടില്‍നിന്നിറങ്ങി നടന്നു. തെരുവുനായകള്‍ നിറഞ്ഞ റോഡിലൂടെ രാത്രി നിറവയറുമായി എങ്ങോട്ടെന്നില്ലാത്ത നടത്തമായിരുന്നു. ഒരുപാടാഗ്രഹിച്ച്, ചികിത്സിച്ചുണ്ടായ കുഞ്ഞ് വയറ്റില്‍ അസ്വസ്ഥതയോടെ ഇളകുന്നത് അറിയുന്നുണ്ടായിരുന്നു. പേടികൊണ്ടും സങ്കടംകൊണ്ടും തൊണ്ട വരണ്ടുണങ്ങിയിരുന്നു. മനുഷ്യരാരെങ്കിലും ആ റോഡിലൂടെ വന്നോ എന്നോര്‍മ്മയില്ല. വേഗത്തില്‍ കുറച്ചുദൂരം നടന്നപ്പോള്‍ ഹൃദയം വായില്‍ വരുന്നതുപോലെ കിതച്ച് ശ്വാസംമുട്ടി.

വീണോ അല്ലാതെയോ മരിച്ചുപോട്ടെ എന്നു കരഞ്ഞുകൊണ്ട് നടത്തം തുടര്‍ന്നു. ഏച്ചുകെട്ടിയത് മുഴച്ചുതന്നെയേ ഇരിക്കൂ എന്ന സത്യം അവഗണിച്ച് രണ്ടാമതും ഇത്തരമൊരു കൂട്ടുജീവിതത്തിന് ഇറങ്ങിപ്പുറപ്പെട്ടതിന് അതില്‍ക്കുറഞ്ഞൊരു ശിക്ഷ ഞാന്‍ അര്‍ഹിക്കുന്നില്ല. എന്നെ വീണ്ടും ഇതിലേക്ക് തള്ളിയിട്ട വീട്ടുകാരും അതിനുത്തരവാദികളാണെന്ന് ഞാനുറപ്പിച്ചു. 
 

അല്പദൂരം ചെന്നപ്പോഴേക്ക് ഭര്‍ത്താവ് ബൈക്കില്‍ പിന്തുടര്‍ന്നെത്തി. തൊട്ടുമുന്നിലത്തെ ജങ്ഷനില്‍ ചെന്ന് ഒരു ഓട്ടോപിടിച്ച് എന്നെ തിരിച്ചു വീട്ടിലേക്കയച്ചു. ബൈക്കില്‍ അദ്ദേഹം ഓട്ടോയുടെ പിന്നാലെ വരുന്നത് ഞാനും ഓട്ടോ ഡ്രൈവറും കാണുന്നുണ്ടായിരുന്നു. എന്റെ കരഞ്ഞുവീര്‍ത്ത മുഖവും കണ്ണുകളും കണ്ട്, 'എന്തെങ്കിലും കുഴപ്പമുണ്ടോ മോളേ' എന്ന്, ആ മനുഷ്യന്‍ തിരിഞ്ഞുനോക്കി അന്വേഷിച്ചു. ഇല്ലെന്നു പറഞ്ഞ് ഞാന്‍ കരഞ്ഞു. പ്രായമായ ആ മനുഷ്യന്‍ ദൈവത്തെ വിളിക്കുന്നത് ഞാന്‍ കേട്ടു.

ഞാന്‍ വീട്ടില്‍നിന്നിറങ്ങിപ്പോന്നപ്പോള്‍ ഭര്‍ത്താവിന്റെ കലി ശമിച്ചിരിക്കണം. പക്ഷേ, ഉപേക്ഷിക്കലും തിരിച്ചെടുക്കലും തെറിയും മാപ്പപേക്ഷയും കരച്ചിലുമടങ്ങിയ നീണ്ട എപ്പിസോഡുകളുടെ തുടക്കമായിരുന്നു അത്. അദ്ദേഹം അത്രയും പ്രകോപിതനാവാന്‍ എന്താണുകാരണമെന്ന് ഞാന്‍ ചിന്തിച്ചുനോക്കി. സ്വന്തം സഹോദരി അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായിരുന്നു. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം അദ്ദേഹം എന്നോടുപറഞ്ഞ ഒരുകാര്യവും അതായിരുന്നുവെന്ന് ഞാനോര്‍ത്തു. 'നീ എന്നെക്കാള്‍ സ്‌നേഹിക്കേണ്ടത് അവളെയാണ്' എന്നായിരുന്നു ആ നിര്‍ദേശം. ഞാനത് അംഗീകരിച്ചു. പാലിക്കാന്‍ ശ്രമിച്ചു. 

പക്ഷേ, എന്നെ വിവാഹംചെയ്തത് നിങ്ങളാണ്, അവരല്ല, സ്‌നേഹം കുത്തിവെച്ചുണ്ടാക്കാന്‍ പറ്റില്ല, പ്രവൃത്തികളിലൂടെയും നിലപാടുകളിലൂടെയുമാണത് രൂപപ്പെടുക, ഓരോരുത്തരും ഓരോതരത്തിലാണ് സ്‌നേഹിക്കപ്പെടുക എന്നൊക്കെ ഉത്തരം പറയേണ്ട ഒരു സന്ദര്‍ഭമായിരുന്നു അത്. പറഞ്ഞ വാക്കിനെക്കാള്‍, പറയാത്ത, പറയാമായിരുന്ന വാക്കുകളെക്കുറിച്ചോര്‍ത്താണ് പില്‍ക്കാലത്ത് ഞാനേറെ സങ്കടപ്പെട്ടിട്ടുള്ളത്. അക്കാര്യത്തില്‍ ഞാനൊറ്റയ്ക്കാവില്ല, ലക്ഷം ലക്ഷം പിന്നാലെ കാണുമെന്ന് ചിരിയോടെ ഓര്‍ക്കുന്നു.

പിന്നെ, നമ്മുടെ നാട്ടിലെ മിക്കവാറും പുരുഷന്മാര്‍ക്ക് ഒരു പതിവുണ്ടായിരുന്നത്രേ. വിവാഹദിവസംതന്നെ ഒരു ക്രാഷ് കോഴ്സ് അവര്‍ ഭാര്യമാര്‍ക്ക് നല്‍കും. അത്യാവശ്യം പെരുമാറ്റച്ചട്ടങ്ങളടങ്ങിയ ഒന്നാണത്. സ്വന്തം നിലപാടും സ്വഭാവവും തുറന്നുപറയുന്നുവെന്ന ഭാവത്തിലാവുമെന്നുമാത്രം. (സ്ത്രീകള്‍ അത്തരം ചട്ടങ്ങളുണ്ടാക്കി പങ്കാളികളെ പഠിപ്പിക്കുന്നതില്‍ പിന്നിലാണ്.) റെയില്‍ തെറ്റുമ്പോള്‍ അതവളെ ഓര്‍മ്മിപ്പിക്കാനും അവര്‍ മിടുക്കരാണ്. അന്നേരത്തേക്ക് മിക്ക സ്ത്രീകളും വിവാഹവാഗ്ദാനം പാലിക്കാനായില്ലല്ലോ എന്ന കുറ്റബോധത്തില്‍ വീഴും. തിരിച്ചിങ്ങോട്ട് മഴവില്ലല്ല, ചൂരല്‍വടിയാണ് കിട്ടിയതെന്ന് ഓര്‍ക്കുകയുമില്ല.

എന്തായാലും അന്നുരാത്രി ഞങ്ങളിരുവരും ഉറങ്ങിയില്ല. എത്ര നിയന്ത്രിച്ചിട്ടും ഞാന്‍ പിടിവിട്ട് ഏങ്ങലടിച്ചുകൊണ്ടിരുന്നു. വലിയ ലോകത്തില്‍ പെട്ടെന്ന് ഞാനും വയറ്റിലെ കുഞ്ഞും അനാഥരായതുപോലെ തോന്നിയതിനാലാവണം. എന്തായാലും പിറ്റേയാഴ്ചതന്നെ മെറ്റേണിറ്റി ലീവ് തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് ആ അന്തരീക്ഷം മൊത്തം നെഗറ്റീവായിത്തോന്നി. ദുഷിച്ച സ്‌നേഹം പോലെ അറപ്പിക്കുന്നതൊന്നുമില്ല ലോകത്ത്.