
വിഭജനം, കൃഷ്ണചന്ദ് സാധു സിങ് എന്ന ചെറുപ്പക്കാരനായ വ്യവസായിയെ ഇല്ലായ്മകളുടെ അതിരിലേക്ക് തള്ളിയിടുകയാണുണ്ടായത്. ജന്മനാടായ കറാച്ചിയില്‍ അയാള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ മാളികയുണ്ടായിരുന്നു. ലാഭം കൊയ്യുന്ന കച്ചവടമുണ്ടായിരുന്നു. പക്ഷേ, ഒരു ദേശം രണ്ടായി പിളര്‍ന്ന രാത്രിയില്‍ എല്ലാം ഉപേക്ഷിച്ച് ഭാര്യ നോനു സിങ്ങിനൊപ്പം അയാള്‍ ബോംബെയിലേക്ക് പലായനം ചെയ്തു. ഒരു ബാഗില്‍ കുറച്ചു സ്വര്‍ണവും പണവും നല്ല വസ്ത്രങ്ങളും കരുതി. പക്ഷേ, യാത്രയില്‍ ആ ബാഗ് അവര്‍ക്കു നഷ്ടമായി. വിഭജനരേഖയുടെ രണ്ടു വശങ്ങളിലുള്ള രണ്ട് രാജ്യങ്ങള്‍ പോലെ അവരുടെ ജീവിതവും വിഭജിക്കപ്പെട്ടു.
നിഴലുകളുടെ ചങ്ങാതി
ബോംബെ നഗരത്തിലെ ഇടുങ്ങിയ ഒറ്റമുറിക്കൂരയില്‍ കൃഷ്ണചന്ദും നോനുവും ജീവിതം തുടങ്ങി. ഒരു വര്‍ഷത്തിനിപ്പുറം അവര്‍ക്ക് ഒരു മകള്‍ പിറന്നു, നിര്‍മല. ശരിക്കുമൊരു കിലുക്കാംപെട്ടി. അവളുടെ മൂന്നാം വയസ്സിലാണ് നോനു അത് ശ്രദ്ധിച്ചത്. മകള്‍ക്ക് ചങ്ങാത്തം നിഴലുകളോടാണ്. വിരലുകളുടെ ചലനം ഭിത്തിയില്‍ നിഴലുകളാകുന്നത് കണ്ട് അവള്‍ പൊട്ടിച്ചിരിക്കുന്നു. പന്തികേട് തോന്നിയ നോനു ഉടന്‍ അവളെ ഒരു ഡോക്ടറെ കാണിച്ചു. നോനുവിന്റെ വിഷമം കേട്ട് ഡോക്ടര്‍ ചിരിതുടങ്ങി. 'നിങ്ങള്‍ കരുതും പോലെ ഇവള്‍ക്ക് ഭ്രാന്തൊന്നുമില്ല. ഇവള്‍ നൃത്തം ചെയ്യുകയാണ്. ഒരുപക്ഷേ, നിങ്ങളുടെ ദാരിദ്ര്യം മാറ്റാനുള്ള മരുന്ന് ഇവളുടെ കൈയിലുണ്ടായേക്കാം'.
വൈകാതെ ഡോക്ടറുടെ ശുപാര്‍ശയില്‍ ആ മൂന്നുവയസ്സുകാരി ബാലതാരമായി സിനിമയിലെത്തി. യാഥാസ്ഥികരായ കുടുംബാംഗങ്ങള്‍ ഇതറിഞ്ഞാല്‍ പുകിലുണ്ടാക്കുമെന്നു ഭയന്നിട്ടാകാം കൃഷ്ണചന്ദ് മകളുടെ പേര് സരോജ് എന്നു തിരുത്തി. അങ്ങനെ മൂന്നാം വയസ്സുമുതല്‍ സരോജ് കുടുംബത്തിന്റെ പട്ടിണി മാറ്റിത്തുടങ്ങി.

ബാല്യം കടന്ന്
പത്താം വയസ്സില്‍ സരോജിന്റെ അച്ഛന്‍ മരിച്ചു. അമ്മയും ഇളയസഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബം പുലര്‍ത്തുക അവളുടെ ചുമതലയായിരുന്നു. പത്തുവയസ്സുള്ള പെണ്‍കുട്ടിക്കായി സിനിമയില്‍ മാറ്റിവെക്കപ്പെട്ട റോളുകള്‍ നന്നേ കുറവ്. അവിടെനിന്ന് അവളുടെ ജീവിതം മാറ്റിമറിച്ചത് സോഹന്‍ലാല്‍ എന്ന കൊറിയോഗ്രാഫറായിരുന്നു. പലതവണ അവസരം ചോദിച്ച് സരോജ് അയാളുടെ അടുത്തു ചെന്നു. എന്നാല്‍, ഓരോ തവണയും അയാള്‍ മടക്കിയയച്ചു.
സ്ഫുടം ചെയ്ത ചലനങ്ങളും നിശ്ചദാര്‍ഢ്യവും, അതിനുമുന്നില്‍ ഒടുവില്‍ അയാള്‍ വഴങ്ങി. അങ്ങനെ ആ പത്തുവയസ്സുകാരി സോഹന്‍ലാലിന്റെ നൃത്തസംഘത്തില്‍ അംഗമായി. പന്ത്രണ്ടാം വയസ്സില്‍ അവള്‍ മധുബാലയെയും വൈജയന്തിമാലയെയും നൃത്തം പരിശീലിപ്പിക്കാന്‍ തുടങ്ങി. നാല്പത്തിമൂന്നുകാരനും നാലുകുട്ടികളുടെ അച്ഛനുമായ സോഹന്‍ലാല്‍ തൊട്ടടുത്ത വര്‍ഷം അവളെ തന്റെ ഭാര്യയാക്കി. അവര്‍ക്കൊരു മകന്‍ ജനിച്ചു.
സ്വന്തം ചുവടില്‍
സോഹന്‍ലാലിന് തിരക്കേറിയ സമയമായിരുന്നു അത്. പലപ്പോഴും വിദേശത്തായിരിക്കും. അതിനിടെ അയാളേറ്റെടുത്ത ചില ചിത്രങ്ങള്‍ക്ക് സരോജ് നൃത്തം ചിട്ടപ്പെടുത്തിത്തുടങ്ങി. പക്ഷേ, വൈകാതെ സോഹന്‍ലാല്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറി. അന്ന് സരോജിന് പതിനേഴു വയസ്സാണ്. കുട്ടിയായ മകന്‍, കുടുംബപ്രശ്‌നങ്ങള്‍, ദാരിദ്ര്യം. അവസരങ്ങള്‍ നിലച്ചു. അതിനിടെ സോഹന്‍ലാലുമായി വീണ്ടുമവര്‍ അടുത്തു. ഒരു മകള്‍ കൂടി ജനിച്ചു. എന്നാല്‍, പിന്നെയും ആ ബന്ധം തകര്‍ന്നു.
പിന്നീട് വ്യവസായിയായ സര്‍ദാര്‍ റോഷന്‍ ഖാനെ സരോജ് വിവാഹം ചെയ്തു. ഇസ്ലാം മതം സ്വീകരിച്ച് അവര്‍ സരോജ് ഖാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

ഹിറ്റുകളുടെ ഇന്ദ്രജാലം
1983-ല്‍ പുറത്തിറങ്ങിയ ഹീറോ എന്ന ചിത്രമായിരുന്നു ആദ്യത്തെ വഴിത്തിരിവ്. 1987-ല്‍ മിസ്റ്റര്‍ ഇന്ത്യ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തില്‍ അനില്‍ കപൂറിനും ശ്രീദേവിക്കും വേണ്ടി അവര്‍ നൃത്തം ചിട്ടപ്പെടുത്തി. 1988-ല്‍ തേസാബ് എന്ന ചിത്രത്തിലെ ഏക് ദോ തീന്‍...എന്ന ഗാനരംഗത്തിലൂടെ അവര്‍ ബോളിവുഡിന് ഒരു നക്ഷത്രത്തെ സമ്മാനിച്ചു, മാധുരി ദീക്ഷിത്. ആ നൃത്തച്ചുവടുകളുടെ മാസ്മരികത കണ്ട് ഫിലിംഫെയര്‍, ചരിത്രത്തില്‍ ആദ്യമായി കൊറിയോഗ്രാഫിക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തി. തുടര്‍ന്നങ്ങോട്ട് എട്ടുതവണ ഫിലിംഫെയര്‍ അവാര്‍ഡ് സരോജ് തന്റേതാക്കി...മൂന്നു തവണ ദേശീയ പുരസ്‌കാരവും.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോളിവുഡ് സിനിമകളെ ഹിറ്റാക്കുന്ന ഇന്ദ്രജാലമായിരുന്നു സരോജിന്റെ ചലനങ്ങള്‍.
കല്‍നായകില്‍ നീനാ ഗുപ്തയ്‌ക്കൊപ്പം മാധുരി വീണ്ടുമെത്തി...ചോളീ കേ പീച്ചേ ക്യാ ഹേ...വരികളിലെ അശ്ലീലത്തെ സരോജിന്റെ നൃത്തച്ചുവടുകള്‍ മറികടന്നു. ശ്രീദേവിക്കും മാധുരിക്കും പുറകെ കജോലും ശില്‍പാഷെട്ടിയും ഐശ്വര്യാ റായിയും ഉള്‍പ്പെടെ സരോജിന്റെ നൃത്തസംവിധാനത്തില്‍ നൃത്തം ചെയ്തു. രണ്ടായിരത്തോളം സിനിമകള്‍ക്ക് അവര്‍ നൃത്തം ചിട്ടപ്പെടുത്തി.

കാലത്തിന്റെ കാവ്യനീതി
സിനിമാലോകം അവരെ മാസ്റ്റര്‍ജി എന്നു സ്‌നേഹത്തോടെ വിളിച്ചു.
ബഹുമതികള്‍ക്കു നടുവിലിരുന്ന് ജീവിതം സമ്മാനിച്ച ദുരിതങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ വറ്റാത്ത പ്രണയത്തോടെ അവര്‍ ഉരുവിട്ട പേരും അതായിരുന്നു, മാസ്റ്റര്‍ജി...
സോഹന്‍ലാലിനെ അവര്‍ അങ്ങനെയാണ് വിളിച്ചിരുന്നത്. 'ഒന്നുമില്ലായ്മയുടെ കാലത്ത് മാസ്റ്റര്‍ജി എനിക്ക് എല്ലാം തന്നു. ചില ദിവസങ്ങളില്‍ നൃത്തപരിശീലനത്തിനിടെ ഏതെങ്കിലുമൊരു പോസില്‍ മണിക്കൂറുകളോളം മാസ്റ്റര്‍ജി എന്നെ അനങ്ങാന്‍ അനുവദിക്കാതെ നിര്‍ത്തും. കൈയോ കാലോ എന്നല്ല കൃഷ്ണമണി പോലും അനക്കാതെ നില്‍ക്കണം. മറ്റുളളവരെ നൃത്തം പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ യാതനകളൊക്കെയും സഹിച്ചേ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്.
മറ്റേതെങ്കിലും പെണ്‍കുട്ടികള്‍ക്ക് അദ്ദേഹം സ്റ്റെപ്പുകള്‍ പഠിപ്പിച്ചുകൊടുക്കുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങും. ആ നിമിഷത്തിലാണ് ഞാന്‍ അദ്ദേഹത്തെ പ്രണയിക്കുന്നു എന്നറിഞ്ഞത്. നൃത്തം ചെയ്യുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തോടുള്ള പ്രണയത്തെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത്,' സരോജ് ഒരിക്കല്‍ പറഞ്ഞു. എല്ലാ അനീതികള്‍ക്കും മുകളില്‍ സോഹന്‍ലാല്‍ എന്ന വിഖ്യാതനായ ആ നൃത്തസംവിധായകന്, അങ്ങനെ കാലം കാവ്യനീതിയുള്ള ഒരു വിശേഷണം സമ്മാനിച്ചു- സരോജ് ഖാന്റെ ഗുരു എന്ന വിശേഷണം.
2020 ജൂലായ് 3ന് ആ ചുവടുകൾ നിശ്ചലമായി. സരോജ് അരങ്ങൊഴിഞ്ഞു...
Content Highlights: Bollywood choreographer Saroj Khan's life
Published: 25 Aug 2023, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented