
പച്ചനിറത്തില്‍ നിറഞ്ഞൊഴുകുന്ന ഒരു പുഴ, അവിടെ കരയില്‍നിന്ന് ഏറെയകലെയല്ലാതെ ഒരു കുഞ്ഞു പാറ, വശങ്ങളില്‍ നിറയെ മരങ്ങളും അതില്‍ പടര്‍ന്നിരിക്കുന്ന വള്ളിച്ചെടികളും അതിനിടയില്‍ പൂത്തുനില്‍ക്കുന്ന കൈതച്ചെടികള്‍. ആ പാറയുടെ മേല്‍ നില്‍ക്കുന്ന രണ്ടോ മൂന്നോ വയസ്സ് പ്രായം തോന്നിക്കുന്ന ചെറിയ പെണ്‍കുട്ടി. അവളുടെ കുരുകുരുത്ത മുടി രണ്ട് ഭാഗത്തായി ഉയര്‍ത്തിക്കെട്ടിവെച്ചിരിക്കുന്നു. മുതിര്‍ന്ന കുറച്ച് സ്ത്രീകള്‍ ചുറ്റിലുമുണ്ട്. അതാരൊക്കെയാണെന്നറിയില്ല. പക്ഷേ, ആ കുട്ടി ഞാനാണ്. അതെനിക്ക് നിശ്ചയമായും അറിയാം. പരുമലയിലെ അച്ഛന്റെ തറവാട്ടില്‍നിന്ന് പമ്പയിലേക്കുള്ള വഴികൂടി പതിഞ്ഞിട്ടുണ്ട് ആ ചലിക്കുന്ന ചിത്രത്തില്‍. ഈയൊരോര്‍മ ആവര്‍ത്തിച്ച് മനസ്സിലേക്ക് വരാന്‍തുടങ്ങിയപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു: ''ഞാന്‍ അച്ഛന്റെ പഴയ തറവാട്ടില്‍ പോയിട്ടുണ്ടോ, അവിടെ താമസിച്ചിട്ടുണ്ടോ?'' അപ്പൂപ്പന്‍ മരിക്കുന്നതുവരെ അവിടെ പോവുകയും താമസിക്കുകയും പമ്പയില്‍ കൊണ്ടുപോയി മേല്‍കഴുകിക്കുകയുമൊക്കെ ചെയ്യുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. അദ്ഭുതമാണ്. എന്റെ രണ്ടരവയസ്സില്‍ അപ്പൂപ്പന്‍ മരിക്കുന്നതിനുമുന്‍പുള്ള ഒരോര്‍മച്ചിത്രമാണത്. അപ്പൂപ്പനെയോ അന്ന് അവിടെയുണ്ടായിരുന്ന മറ്റാരെയെങ്കിലുമോ ഞാനോര്‍ക്കുന്നതേയില്ല. മനസ്സില്‍ പതിഞ്ഞത് മറ്റുപലതുമാണ്.
അതിശയമാണ് മനസ്സിന്റെ കാര്യങ്ങള്‍. നമ്മള്‍ വിലമതിക്കുന്നതെന്തൊക്കെയെന്ന് അതിനറിയാം. പ്രത്യേകിച്ച് ഒരു ശ്രമവുമില്ലാതെതന്നെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും, 'നോക്ക്, നീ ഒറ്റയ്ക്കല്ല. നിന്നോട് സ്‌നേഹവും സഹാനുഭൂതിയുമുള്ള ധാരാളംപേര്‍ ചുറ്റിനുമുണ്ട്.' തിരിച്ചും സംഭവിക്കാം. മുന്നോട്ട് ഒരടി വയ്ക്കാനാവില്ലെന്ന തോന്നലില്‍ ഉലയുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ തെളിയുന്നത് ചിലരുടെ നീണ്ട ദംഷ്ട്രകളാകാം. ഒരിക്കല്‍ ടിക്കറ്റിനുള്ള പൈസ മറന്ന് വിയര്‍ത്തുനില്‍ക്കുകയാണ് ബസ്സിനുള്ളില്‍. പതിനാറുകാരിയുടെ സകല സംഭ്രമങ്ങളും വേവലാതികളും ഒപ്പമുണ്ട്. അപരിചിതയായ ഒരു യാത്രക്കാരി അടുത്ത് വന്ന്, ''പേടിക്കേണ്ടെടോ,'' എന്നുപറഞ്ഞ് ടിക്കറ്റെടുത്ത് തന്നു. അവരെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. പക്ഷേ, ഇന്ന് കണ്ടാലും തിരിച്ചറിയുമെന്ന് തോന്നുന്നു. മെലിഞ്ഞ് പൊക്കംകുറഞ്ഞ അവര്‍ ചന്ദനനിറത്തില്‍ പച്ചപ്പൊട്ടുകളുള്ള സാരിയാണ് അന്നുടുത്തിരുന്നതെന്നും അവരുടെ കയ്യില്‍ മെറൂണ്‍ നിറത്തിലുള്ള ഒരു ബാഗും അതിന്റെയൊരറ്റത്ത് പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഒരു കുടയുമുണ്ടായിരുന്നുവെന്നുകൂടി എനിക്കോര്‍മയുണ്ട്.
ഞാന്‍ പഠിപ്പിസ്റ്റായ ഒരു മിണ്ടാക്കുട്ടിയായിരുന്നു. പ്ലസ്ടു കഴിഞ്ഞ് എന്‍ട്രന്‍സിന് പ്രതീക്ഷിച്ച റാങ്ക് ലഭിക്കാതെയായപ്പോള്‍ ഒന്നുകൂടി പഠിച്ച് ശ്രമിച്ചുനോക്കാമെന്ന തോന്നല്‍ വന്നു. നഗരത്തിലെ ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്സ് പ്രധാനവിഷയമായെടുത്ത് ഡിഗ്രിക്ക് ചേര്‍ന്നു. ഒപ്പം എന്‍ട്രന്‍സിനായുള്ള പഠനവും തുടരാമല്ലോ എന്നായിരുന്നു ചിന്ത. ചേട്ടനെന്നെ അടുത്തൊരു ഹോസ്റ്റലില്‍ ചേര്‍ത്തു. അച്ഛന്‍ പോയിട്ട് അപ്പോഴേക്കും രണ്ടുവര്‍ഷം കഴിഞ്ഞിരുന്നു. പത്തുവര്‍ഷം നടന്ന് സ്‌കൂളില്‍ പോയും പിന്നീടുള്ള രണ്ടുവര്‍ഷം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ ബസ്സില്‍ പോയിവന്നും പഠിച്ച, അമ്മക്കുട്ടിയായ എനിക്ക് ഹോസ്റ്റലില്‍ നില്‍ക്കുന്നതില്‍ പരിഭ്രമമുണ്ടായിരുന്നു. ചേട്ടനെ ഹോസ്റ്റല്‍ഫീസിനായിക്കൂടി കഷ്ടപ്പെടുത്തുന്നുവെന്ന മനഃസ്താപം. എന്‍ട്രന്‍സില്‍ വീണ്ടും പരാജയപ്പെട്ടാലോ എന്ന പേടി. പൊതുവേയുള്ള ഒതുങ്ങിക്കൂടിയ സ്വഭാവം. ഇതെല്ലാം കൂടിയായപ്പോള്‍ പുതിയ സാഹചര്യത്തോടിണങ്ങുക വലിയ പ്രയാസമായി.
ഒരു മുറിയില്‍ നാലുപേരായിരുന്നു. എന്നെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തികസാഹചര്യങ്ങളില്‍നിന്നുള്ളവര്‍. വൈകുന്നേരം നഗരം ചുറ്റി ചെരിപ്പോ ബാഗോ ഉടുപ്പോ ഒക്കെ വാങ്ങാനിഷ്ടമുള്ളവര്‍. എനിക്ക് ഒപ്പംചേരാന്‍ കഴിഞ്ഞില്ല. ആ വേര്‍തിരിഞ്ഞുനില്‍ക്കല്‍ എനിക്കും അവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കി. ഞാന്‍ എന്റെ പാഠപുസ്തകങ്ങള്‍ക്കുള്ളില്‍ തലപൂഴ്ത്തിയിരുന്നു. അങ്ങനെയൊരു വൈകുന്നേരം മുന്‍വര്‍ഷങ്ങളിലെ രസതന്ത്ര ചോദ്യപേപ്പറുകള്‍ രുചിച്ചുനോക്കുന്നതിനിടയില്‍ മുറിയുടെ വാതില്‍ക്കല്‍ ആരോ മുട്ടി. പുറത്തുപോയവര്‍ ഇത്രവേഗം തിരികെയെത്തിയോ എന്ന അദ്ഭുതത്തില്‍ വാതില്‍ തുറന്നപ്പോള്‍ മെലിഞ്ഞ് നീണ്ട്, മുട്ടോളം മുടിയുള്ള ഒരു പെണ്‍കുട്ടി മുഖം നിറയെ ചിരിയുമായി നില്‍ക്കുന്നു. പഠനം എങ്ങനെയുണ്ടെന്ന സൗമ്യമായ ചോദ്യം. ഒപ്പം കയ്യിലെ പ്ലാസ്റ്റിക് കുപ്പി നീട്ടിപ്പിടിക്കുന്നു. ''നാട്ടിലെ ക്ഷേത്രത്തിലെ അരവണപ്പായസം. പോയിവന്നപ്പോള്‍ കൊണ്ടുവന്നു,'' എന്ന് വിശദീകരണവും. എനിക്ക് കൗതുകം തോന്നി. ഞങ്ങളൊക്കെ കോവില്‍ എന്നാണ് പറഞ്ഞിരുന്നത്. കൂടിപ്പോയാല്‍ അമ്പലമെന്നും. ക്ഷേത്രം എന്നൊക്കെ വര്‍ത്തമാനത്തില്‍ കേട്ടിട്ടേയില്ല.
ആ ചേച്ചി (തത്കാലം ദീപ എന്ന് വിളിക്കാം, ശരിയായ പേരല്ല) ഞാന്‍ ചേര്‍ന്ന അതേ കോളേജിലെ പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ഥിനിയായിരുന്നു. തികഞ്ഞ പഠിത്തക്കാരി. സൗമ്യമായ പെരുമാറ്റം. ഞങ്ങള്‍ വളരെ വേഗം കൂട്ടായി. അന്യോന്യം റൂമുകള്‍ സന്ദര്‍ശിക്കുന്നത് പതിവായി. ദീപച്ചേച്ചിയുടെ റൂമില്‍ അവര്‍ രണ്ടുപേരായിരുന്നു. രണ്ടാമത്തെയാള്‍ വല്ലപ്പോഴും മാത്രം അവിടേക്ക് വരും. അവിടെയൊരു ഇലക്ട്രിക് കോയില്‍ ഹോട്ട് പ്ലേറ്റുണ്ടായിരുന്നു. അത് കട്ടിലിനടിയിലെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചാണ് വയ്ക്കാറ്. ഞാന്‍ ചെല്ലുമ്പോഴൊക്കെ ധൃതിയില്‍ ചേച്ചിയൊരു കട്ടന്‍ചായ കൂട്ടും. അലമാരത്തട്ടില്‍ പരതി ചുറ്റുമുറുക്കോ മിക്‌സ്ചര്‍ പായ്ക്കറ്റോ കണ്ടുപിടിക്കും. ഞങ്ങള്‍ ഒരുമിച്ച് ചായ കുടിച്ച് വിശേഷങ്ങള്‍ പറയും. ഇരുവരും പുസ്തകപ്രേമികളായതുകൊണ്ട് സംസാരവിഷയങ്ങള്‍ക്ക് പഞ്ഞമുണ്ടായില്ല.
ഹോസ്റ്റലില്‍ ഒരു ആഘോഷം നടന്ന ദിവസം എന്റെ റൂംമേറ്റ്സ് ഒക്കെ ഒരുങ്ങുകയാണ്. അവര്‍ പലതരത്തിലുള്ള ഹെയര്‍ സ്‌റ്റൈലുകള്‍ മാറിമാറി പരീക്ഷിച്ചു. എനിക്കും കൊതിയായി. എന്റെ തലമുടി സത്യത്തിലൊരു ആമസോണ്‍ കാടായിരുന്നു അപ്പോഴൊക്കെ. കുരുകുരുത്ത കനത്ത മുടിക്ക് നീളവുമുണ്ടായിരുന്നു. മെരുങ്ങാന്‍ പ്രയാസവും. കൂട്ടിവെച്ച് പകുതി മുടിയെടുത്ത് ക്ലിപ്പിടുന്നതാണ് എന്റെ സ്ഥിരം ഹെയര്‍ സ്‌റ്റൈല്‍. അവര്‍ അത് മെരുക്കിക്കെട്ടാന്‍ ശ്രമിച്ചു. പക്ഷേ, ഒന്നും നന്നായില്ല. എണ്ണയിലാണോ നീ കുളിക്കുന്നതെന്ന് അവര്‍ തമാശ പറഞ്ഞു. ആ തമാശ ഞാന്‍ ആസ്വദിച്ചു. പിന്നീട് മേക്കപ്പിടാന്‍ തുടങ്ങി. അതിനനുസരിച്ച് തമാശയുടെ നിറം മാറിത്തുടങ്ങി. ഈ ഇരുണ്ട നിറത്തില്‍ എന്തിട്ടാലും കാണാന്‍പറ്റില്ലായെന്ന ഉറക്കെച്ചിരി, ലിപ്സ്റ്റിക്കിട്ടാല്‍ നിരതെറ്റിയ പല്ലുകള്‍ കണ്ട് ആള്‍ക്കാര്‍ പേടിക്കുമെന്ന മുന്നറിയിപ്പ്... എനിക്ക് കരച്ചില്‍ വന്നു.
കുട്ടിക്കാലംമുതല്‍ തമാശ രൂപേണ ഞാന്‍ കേള്‍ക്കുന്ന കളിയാക്കലുകളൊക്കെ ആവര്‍ത്തിക്കുന്നു. പരിപാടികള്‍ കാണാന്‍ അവര്‍ക്കൊപ്പം ഞാന്‍ പോയില്ല. തലവേദനയാണെന്ന് കള്ളംപറഞ്ഞ് റൂമില്‍തന്നെയിരുന്നു. അമ്മയെ കാണണമെന്നും സംസാരിക്കണമെന്നും തോന്നി. ദിവസത്തില്‍ ഒരുതവണ മാത്രമേ ഫോണ്‍കോള്‍ അനുവദിച്ചിരുന്നുള്ളൂ. അന്നത്തെ അവസരം വൈകുന്നേരം കഴിഞ്ഞിരുന്നു.ഞാന്‍ മുറിക്ക് പുറത്തിറങ്ങി വായനമുറിയിലേക്ക് നടന്നു. ആരുമുണ്ടാവില്ലെന്ന് വിചാരിച്ചാണ് ചെന്നത്. എന്നാലവിടെ ദീപച്ചേച്ചിയുണ്ടായിരുന്നു. വിഷമം ഒളിപ്പിച്ചുപിടിക്കാന്‍ ആവതും ശ്രമിച്ചു. പക്ഷേ, എക്കാലവും മനസ്സും മുഖവും ഒന്നായ ഒരുവളായതുകൊണ്ടുതന്നെ ആ ശ്രമം പരാജയപ്പെട്ടു. ''ഇത്ര ചെറിയ കാര്യത്തിന് ഇത്ര വലിയ കരച്ചിലോ?'', അവര്‍ വായ പൊത്തി അദ്ഭുതം നടിച്ചു. ''അപ്പൊ ഞാനൊക്കെ എത്ര കരയണം?'' അദ്ഭുതം എനിക്കായി. എന്റെ മനസ്സില്‍ അവര്‍ ഏതോ വലിയ വീട്ടിലെ ഒറ്റമകളായിരുന്നു. അധികം സംസാരിക്കില്ലെങ്കിലും ചിരിച്ച് മാത്രമേ കണ്ടിട്ടുള്ളൂ. സങ്കടത്തിന്റെ ഒരു നേരിയ നിഴല്‍പോലും ഒരിക്കലും മുഖത്ത് കണ്ടിട്ടില്ല.
അവരെന്തോ പറയാന്‍തുടങ്ങുകയായിരുന്നു. അതിനുള്ള മുന്നൊരുക്കമെന്നോണം കൈകള്‍ കൊരുത്ത് താടി അതില്‍ താങ്ങി നിവര്‍ന്നിരുന്നു. ''എന്റെ അമ്മ ഒരു വേശ്യയാണ്,'' അതാണ് അവര്‍ പറഞ്ഞ ആദ്യവാചകം. ചില നോവലുകളില്‍ വായിച്ചിട്ടുണ്ടെന്നല്ലാതെ വേശ്യ എന്ന വാക്ക് ഒരാള്‍ പറഞ്ഞുകേള്‍ക്കുന്നത് ആദ്യമായിരുന്നു. എനിക്ക് അങ്കലാപ്പായി. വേശ്യ എന്നുള്ള വാക്കിന്റെ അര്‍ഥം ഞാന്‍ മനസ്സിലാക്കിയതാവരുതേയെന്ന് പ്രാര്‍ഥിച്ചു. സ്വന്തം അമ്മയെപ്പറ്റി ആര്‍ക്കും ഇങ്ങനെ പറയേണ്ട അവസ്ഥ വരരുത്. അവര്‍ സ്വരം താഴ്ത്തി പറഞ്ഞുകൊണ്ടേയിരുന്നു. ഒരിടത്തും ശബ്ദമിടറിയില്ല. അച്ഛന്‍ തിമിലവാദ്യക്കാരനായിരുന്നുവെന്നും ഏഴുവയസ്സില്‍ അമ്മയെയും മകളെയും ഉപേക്ഷിച്ചുപോയെന്നും പറഞ്ഞു. ''പക്ഷേ, അമ്മയുടെ ജാരനെ ഞാന്‍ ആദ്യം കാണുന്നത് എന്റെ നാലാംവയസ്സിലോ മറ്റോ ആണെന്നോര്‍ക്കണം. എന്തോ ശബ്ദം കേട്ടുണര്‍ന്ന് നോക്കുമ്പോള്‍ മുറിയില്‍ വേറെയൊരാള്‍. പേടിച്ച് കരയാന്‍തുടങ്ങിയപ്പോള്‍ 'പേടിക്കണ്ട, കുഞ്ഞുറങ്ങിക്കോ' എന്ന് കൊഞ്ചിച്ച്, മുഖം തഴുകി അമ്മയെന്നെ ഉറക്കി. ഒരുകാര്യം പറയട്ടെ, ഞാനിപ്പൊഴും ഈയൊരു രംഗം ഇടയ്ക്കിടെ ഓര്‍ക്കും. അയാളുടെ പകച്ച മുഖവും ചുമരിലെ മഞ്ഞ ബള്‍ബു പോലും ഓര്‍മയുണ്ട്.''
ഞാന്‍ സങ്കടപ്പെട്ടു. എന്റെ ഏറ്റവും പഴയ ഓര്‍മയില്‍ പച്ചപ്പുഴയും വള്ളിപ്പടര്‍പ്പുകളുമൊരുക്കിത്തന്ന ഈശ്വരനോട് നന്ദിപറഞ്ഞു. ദീപച്ചേച്ചിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങി. പക്ഷേ, അവരങ്ങനെ സങ്കടത്തിലൊന്നുമായിരുന്നില്ല. സ്വാഭാവികമായ ഒരു കാര്യം പറയുമ്പോലെയാണ് അവരതിനെക്കുറിച്ച് പറഞ്ഞത്. ''ഇപ്പൊഴുമുണ്ട് ഒരുപാട് കാമുകന്മാര്‍. പൈസയ്‌ക്കൊന്നും ഒരുകാലത്തും ബുദ്ധിമുട്ടിയിട്ടില്ല. എട്ടാംക്ലാസുമുതല്‍ അമ്മയെന്നെ ഹോസ്റ്റലില്‍ നിര്‍ത്തി. അവധിക്ക് പോവുമ്പോഴൊക്കെ എല്ലായിടത്തും ഞങ്ങള്‍ ഒന്നിച്ചുതന്നെയാണ് പോകാറ്. വഷളന്‍ നോട്ടവുമായി എന്റെ പുറകേ വന്നവരെയൊക്കെ അമ്മ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ അമ്മ അധ്വാനിച്ച് പണമയക്കുന്നു, എനിക്ക് പഠിച്ചാല്‍മാത്രം മതി.'' പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഒരു ചിരി. പക്ഷേ, നിരന്തരം നനഞ്ഞുനനഞ്ഞാവണം അത് കുതിര്‍ന്നിരുന്നു. ''വെറുപ്പ് തോന്നിയിട്ടില്ലേ?'', ഒരുമിച്ച് താഴേക്ക് നടക്കുമ്പോള്‍ ഞാന്‍ അവരുടെ കൈ പിടിച്ചു. ഇരുള്‍മൂടിയ പടിക്കെട്ടുകളുടെ മുകളില്‍നിന്ന് ഒരു കുഞ്ഞു നീര്‍ത്തുള്ളി താഴേക്ക് വീണ് ചിതറി.
പിറ്റേന്ന് രാവിലെ നേര്‍ക്കുനേര്‍ കണ്ടപ്പോള്‍ സ്വാഭാവികമായിത്തന്നെ പെരുമാറാന്‍ ഞാന്‍ ബുദ്ധിമുട്ടി. പക്ഷേ, അവരുടെ മുഖത്ത് അങ്ങനെയൊരു സംസാരം നടന്നതായുള്ള ഒരു ഭാവംപോലുമുണ്ടായിരുന്നില്ല. പിന്നെയും പല സന്ദര്‍ഭങ്ങളിലും അവരുടെ പക്വതയും സ്‌നേഹവും എനിക്ക് തുണയായി വന്നു.
കുറച്ചുമാസങ്ങള്‍കൂടി കഷ്ടിച്ച് പിടിച്ചുനിന്ന് ഒടുവില്‍ ഹോസ്റ്റല്‍ജീവിതത്തോട് വിടപറയുമ്പോള്‍ ദീപച്ചേച്ചിയെയോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. എനിക്കവരെന്നപോലെ അവര്‍ക്ക് ഞാന്‍ മാത്രമായിരുന്നു അവിടെ കൂട്ട്. എന്നോട് പറഞ്ഞതുപോലെ അവര്‍ മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ? അറിയില്ല.
മൊബൈല്‍ഫോണ്‍ വളരെക്കുറച്ചുപേര്‍ക്ക് മാത്രമുണ്ടായിരുന്ന കാലമാണ്. അന്ന് ചേര്‍ത്തുപിടിച്ചവര്‍ക്കൊക്കെ മനസ്സിലെ സുവര്‍ണ ഡയറക്ടറിയില്‍ സ്ഥിരാംഗത്വം കൊടുത്തു. ഇടയ്ക്കിടെ അത് മറിച്ചുനോക്കുമ്പോഴുള്ള തണുപ്പുണ്ടല്ലോ...
Content Highlights: writer akhila ks remembering young age experiences in life
Published: 26 Jul 2023, 09:50 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented