റോഗസി എന്നറിയപ്പെടുന്ന ഗര്‍ഭവാഹകത്തിന്റെ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലേക്ക് ആധുനിക വൈദ്യശാസ്ത്രം പുരോഗതി പ്രാപിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ആശങ്കകളും ആകുലതകളുമെല്ലാം ഉള്‍ക്കൊള്ളുന്ന മേഖലയായിരുന്നു ഇത്. എന്നാല്‍ നിയമപരമായ ഇടപെടലുകളിലൂടെ ലഭ്യമായ വ്യക്തതയും, ഐ. വി. എഫ് പോലുള്ള പുതിയ ചികിത്സാ രീതികളുടെ വ്യാപനവും സറോഗസി സ്വീകരിച്ചുള്ള പ്രസവത്തെ വ്യാപകമാക്കി മാറ്റാന്‍ സഹായിച്ചിട്ടുണ്ട്.

To advertise here,

സ്വന്തം ഗര്‍ഭപാത്രം ഉപയോഗപ്പെടുത്തി കുട്ടിക്ക് ജന്മം നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ (ചിലര്‍ക്ക് ഗര്‍ഭധാരണവും പ്രസവവും സാധിക്കാത്ത അവസ്ഥയായിരിക്കാം, മറ്റ് ചിലര്‍ക്ക് ഗര്‍ഭം ധരിച്ച് പ്രസവിക്കാനുള്ള മാനസികമോ അല്ലാതെയോ ഉള്ള ബുദ്ധിമുട്ടായിരിക്കാം) മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനും പ്രസവത്തിനുമായി സ്വീകരിക്കുന്ന രീതിയാണിത്. രണ്ട് രീതികളാണ് ഇതിനായുള്ളത്. ട്രഡീഷണല്‍ സറഗേറ്റ്സും ജെസ്റ്റേഷണല്‍ സറഗേറ്റ്സും. ഇന്ത്യയില്‍ ജെസ്റ്റേഷണല്‍ സറോഗസിയാണ് നിയമപരമായി അനുവദനീയം. ട്രഡീഷണല്‍ സറോഗേറ്റ്‌സ് (സറോഗേറ്റ് ബീജ നിക്ഷേപത്തിലൂടെ ഗര്‍ഭം ധരിക്കുന്നത്) എന്ന രീതി ഇന്ത്യയില്‍ നിയമപരമല്ല. അതിനാല്‍ തന്നെ രണ്ടാമത്തെ രീതിയായ ജെസ്റ്റേഷണല്‍ സറഗേറ്റ്സിനാണ് ഇന്ന് കൂടുതല്‍ പ്രചാരം ലഭിക്കുന്നത്. 

എന്താണ് ജെസ്റ്റേഷണല്‍ സറോഗസി?
പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും ശേഖരിച്ച്, ഇവ ഐ.വി.എഫിലൂടെ സംയോജിപ്പിച്ചശേഷം ആ ഭ്രൂണത്തെ വാടകഗര്‍ഭധാരണത്തിന് തയ്യാറായിരിക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയില്‍ ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് കുഞ്ഞുമായി ജൈവികമായ ബന്ധം ഉണ്ടാവില്ല. മറ്റ് രണ്ട് വ്യക്തികളുടെ ഗര്‍ഭം സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിക്കുക എന്ന കര്‍മ്മമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഇവരെ ഗര്‍ഭവാഹകര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 

കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്ന ദമ്പതികളുടെ ബീജവും അണ്ഡവും ഐ.വി.എഫ് രീതിയിലൂടെ സങ്കലനം നടത്തി സൃഷ്ടിക്കുന്ന ഭ്രൂണമാണ് ഗര്‍ഭവാഹകയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ ജനിതകഘടനയ്ക്ക് വാഹകയുടെ ജനിതകഘടനയുമായി ബന്ധമുണ്ടാവുകയുമില്ല. സ്വാഭാവികമായും അണ്ഡം നല്‍കിയ സ്ത്രീയായിരിക്കും കുഞ്ഞിന്റെ അമ്മ. ദമ്പതികള്‍ക്ക് തന്നെ കുഞ്ഞിന്റെ ജൈവികമായ അച്ഛനും അമ്മയുമായിരിക്കാന്‍ സാധിക്കും.

ഐ.വി.എഫ് ഉപയോഗപ്പെടുത്തി ബീജസങ്കലനം ചെയ്യുക എന്നതാണ് ജെസ്റ്റേഷണല്‍ സറോഗസിയുടെ ആദ്യഘട്ടം. ഇതിനായി പ്രത്യേകസൗകര്യങ്ങളുള്ള ഐ.വി.എഫ് സെന്ററുകളെ തന്നെ ആശ്രയിക്കണം. ഒന്നിലധികം ഭ്രൂണങ്ങള്‍ ഈ ഘട്ടത്തില്‍ സൃഷ്ടിച്ചുവെക്കും. സറോഗേറ്റിനെ ലഭിക്കുക എന്നതാണ് രണ്ടാമത്തെ ഘട്ടം. നിയമപരമായ ചില നിയന്ത്രണങ്ങള്‍ കൂടി പരിഗണിച്ച ശേഷമാണ് ഈ ഘട്ടം പൂര്‍ത്തീകരിക്കാന്‍ സാധിക്കുക. ഗര്‍ഭം സ്വീകരിക്കുക എന്നതാണ് മൂന്നാം ഘട്ടം. നേരത്തെ ഐ.വി.എഫിലൂടെ ബീജസങ്കലനം വഴി നിര്‍മ്മിച്ച ഏറ്റവും ആരോഗ്യമുള്ള ഭ്രൂണത്തെ സറോഗേറ്റിന്റെ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നു. നേരത്തെ സൃഷ്ടിച്ച മറ്റ് ഭ്രൂണങ്ങള്‍ വീണ്ടും ആവശ്യം വരികയാണെങ്കില്‍ ഉപയോഗിക്കാനായി ശീതീകരിച്ച് മാറ്റിവെക്കും. ഗര്‍ഭധാരണത്തിന് ശേഷം ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം പ്രധാനപ്പെട്ട മറ്റൊരു ഘട്ടമാണ്. കുഞ്ഞിന്റെ ജനനമാണ് ഇതില്‍ അവസാനഘട്ടം. 

സറോഗസിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
* ഗര്‍ഭം ധരിക്കാനാഗ്രഹിക്കുന്ന ദമ്പതികള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ എസ്സെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് കൈക്കൊള്ളുകയും സറോഗേറ്റിന്റെയും ഐ.വി.എഫിന്റെയും ചിലവുകള്‍ വഹിക്കേണ്ടതുമാണ്.
* സറോഗസി ആവശ്യമുള്ള ദമ്പതികളില്‍ 36 മാസത്തേക്ക് പ്രസവാനന്തര സങ്കീര്‍ണതകളും മരണവും ഉള്‍പ്പെടെ കുഞ്ഞിന്റെ പ്രസവത്തില്‍ നിന്ന് ഉണ്ടാകുന്ന ഏത് ബുദ്ധിമുട്ടുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം.

സറോഗസി ആവശ്യമുള്ള ദമ്പതികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍:
* ഇന്ത്യയിലെ നിയമം അനുസരിച്ച് ഇന്ത്യന്‍ പൗരത്വമുള്ള വിവാഹിതരായ ദമ്പതികള്‍ക്കോ/വിവാഹമോചിതയോ ആയവര്‍ക്കാണ് സറോഗസി ചെയ്യാന്‍ സാധിക്കുക (സ്ത്രീയുടെ പ്രായം 23 മുതല്‍ 50 വയസ്സ് വരെ, പുരുഷന്റെ പ്രായം 26 മുതല്‍ 55 വയസ്സ് വരെ).
* സറോഗേറ്റ് ഗര്‍ഭധാരണത്തിനുള്ള (ബയോളജിക്കല്‍, ദത്തെടുക്കല്‍, അല്ലെങ്കില്‍ സറോഗേറ്റ്) യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ദമ്പതികള്‍ക്ക് ജീവിച്ചിരിക്കുന്ന കുട്ടികളൊന്നും ഉണ്ടാകരുത്.
* ജീവിച്ചിരിക്കുന്ന കുട്ടിക്ക് മാനസികമോ ശാരീരികമോ ആയ വൈകല്യമുണ്ടെങ്കിലോ അല്ലെങ്കില്‍ കുട്ടിക്ക് ഗുരുതരമായ മരണസാധ്യതയുള്ള അവസ്ഥയുണ്ടെങ്കിലോ ഈ നിബന്ധന ബാധകമാവുന്നതല്ല.
* വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വംശജരായ വിധവകള്‍, വിവാഹമോചിതര്‍, വിവാഹിതരായ ദമ്പതികള്‍ എന്നിവര്‍ക്ക് പരോപകാരപരമായ സറോഗസിയിലൂടെ മാതാപിതാക്കളാകാനും ഈ നിയമം അനുവദിക്കുന്നു.

സറോഗേറ്റ് ആവാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍:
* 25-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍.
* വിവാഹിതയാവണം.
* സ്വന്തമായി ഒരു കുഞ്ഞെങ്കിലും ഉണ്ടായിരിക്കണം. ഇങ്ങനെ ഉള്ള ഒരു ഇന്ത്യന്‍ പൗരയ്ക്ക് സറോഗസിക്ക് വളണ്ടിയര്‍ ചെയ്യാം.
* ജീവിതകാലത്ത് ഒരിക്കല്‍ മാത്രമേ സറോഗേറ്റ് ആയി പ്രസവം അനുവദിക്കുന്നുള്ളൂ. എന്നാല്‍ ഭ്രൂണ നിക്ഷേപണം (Embryo Transfer) മൂന്ന് ശ്രമങ്ങള്‍ വരെ നടത്താം.
* ശാരീരികമായും മാനസികമായും വാടകഗര്‍ഭധാരണത്തിന് ആരോഗ്യമുള്ളവരാണെന്ന് മെഡിക്കല്‍ പ്രാക്റ്റീഷ്യന്റെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
* വാടക ഗര്‍ഭധാരണത്തിനായി സ്വന്തം ഗേമറ്റുകള്‍ നല്‍കുന്നത് നിയമപ്രകാരം നിരോധിച്ചിരിക്കുന്നു.
* കുട്ടിയെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നതിന് ആവശ്യമായ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ചെലവുകള്‍ എന്നിവയല്ലാതെ മറ്റൊരു സാമ്പത്തിക പ്രതിഫലവും ലഭിക്കില്ല എന്നത് മനസ്സിലാക്കണം.

സറോഗസി ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ നിയമപരമായി റെജിസ്‌ട്രേഡ് ആയിട്ടുള്ള സറോഗസി ക്ലിനിക് & എ.ആര്‍.ടി. സെന്ററിനെയാണ് സമീപിക്കേണ്ടത്. പ്രാവീണ്യമുള്ള ഡോക്ടറും വിദഗ്ധമായ ചികിത്സ നല്‍കാനാവുന്ന ഒരു ടീമും ഉള്‍പ്പെട്ട ഒരു സെന്ററില്‍ നിന്ന് ചികിത്സ സ്വീകരിക്കുകയാണെങ്കില്‍, വന്ധ്യത അനുഭവിക്കുന്ന ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കാം.

(കോട്ടക്കല്‍ ആസ്റ്റര്‍മിംസ് ഹോസ്പിറ്റലില്‍ റീപ്രൊഡക്റ്റീവ് മെഡിസിന്‍, ഐ.വി.എഫ്&ഫെര്‍ട്ടിലിറ്റി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖിക)