‘ബാഡ് ന്യൂസ്’ സിനിമയിലെ പ്രശസ്തമായ ‘തോബ തോബ’ എന്ന പാട്ടുപാടി ശ്രദ്ധിക്കപ്പെട്ട പഞ്ചാബി ഗായകനാണ് കരൺ ഔജ്‌ല. അദ്ദേഹത്തിനെതിരേ ഒരു കനേഡിയൻ പാട്ടുകാരി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഔജ്‌ലയുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നെന്നും, അടുപ്പത്തിലായ സമയത്ത് അദ്ദേഹം വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചുവെന്നും ഗായിക പറയുന്നു. ഔജ്‌ല തന്നെ വഞ്ചിച്ചുവെന്നും അവർ ആരോപിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അവരുടെ തുറന്നുപറച്ചിൽ.

To advertise here,

അവരുടെ പ്രസ്താവനയുടെ ഒരു സ്ക്രീൻഷോട്ട് റെഡ്ഡിറ്റിലും പങ്കുവെച്ചിട്ടുണ്ട്, അതിപ്പോൾ വൈറലാണ്. "ഞാൻ ഹോളിവുഡ് സിനിമയിൽ പ്രവർത്തിക്കുന്നയാളാണ്. കരൺ ഔജ്‌ലയുമായുള്ള സ്വകാര്യ ബന്ധത്തിന് ശേഷം എന്നെ നിശബ്ദയാക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. അന്നദ്ദേഹം വിവാഹിതനാണെന്ന് എനിക്കറിയില്ലായിരുന്നു. ഈ സാഹചര്യം മറച്ചുവെക്കാൻ ഔജ്‌ലയുടെ ടീം ഒരു ഇന്ത്യൻ ഇൻഫ്ലുവൻസറുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരിപ്പിച്ചു"- അവർ പറയുന്നു. 

"കാനഡയിലെയും അമേരിക്കയിലെയും പോലീസ് ഇത് അന്വേഷിക്കുന്നുണ്ട്. പിന്നീട് എന്റെ പേരിൽ തെറ്റായ ക്രിമിനൽ ആരോപണങ്ങൾ പ്രചരിപ്പിക്കപ്പെട്ടു, അത് പാശ്ചാത്യ രാജ്യങ്ങളിൽ വൈറലായി, പക്ഷെ ഇന്ത്യയിൽ നിന്നത് ഒഴിവാക്കി. ഒരു പ്രധാന യുഎസ് മാധ്യമം എന്നെ അഭിമുഖം ചെയ്യാൻ തയ്യാറെടുക്കുകയാണ്, ആദ്യമായി, ഇതിനെപ്പറ്റി സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. എൻ്റെ കഥ പറയാൻ എനിക്ക് അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ നീക്കം നടത്തിയശേഷം, ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികൾ എന്നെ സ്വകാര്യമായി ബന്ധപ്പെട്ട്, ഞാൻ സംസാരിക്കുന്നത് പ്രചോദനമാണെന്ന്  പറഞ്ഞിട്ടുണ്ട്" -അവർ കൂട്ടിച്ചേർത്തു.

സ്ത്രീകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിനെതിരേ ഒരു സ്റ്റോറിയും ഇൻസ്റ്റയിൽ അവർ പങ്കുവെച്ചിട്ടുണ്ട്.

ജസ്കരൺ സിങ് ഔജ്‌ല എന്നായിന്നു ഔജ്‌ലയുടെ യഥാർഥപേര്. ബാല്യകാല പ്രണയിനിയായ പാലക് ഔജ്‌ലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കൗമാരപ്രായത്തിലാണ് അദ്ദേഹം പാലകിനെ കണ്ടുമുട്ടുന്നത്. പത്തുവർഷത്തോളം നീണ്ട പ്രണയത്തിനുശേഷം 2023-ൽ മെക്സിക്കോയിൽ വെച്ച്  വിവാഹിതരായി. ഇൻസ്റ്റാഗ്രാമിൽ ‘Msgorimusic’ എന്നാണ് ഗായികയുടെ അക്കൗണ്ടിന്റെ പേര്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi