
പ്രായവും ക്ഷീണവും സ്‌നേഹത്തിനും ഹൃദയബന്ധങ്ങള്‍ക്കും തളര്‍ച്ചയുണ്ടാക്കില്ല. വേര്‍പാടുകളില്‍ വല്ലാതെ കുത്തിനോവിച്ച് നെരിപ്പോട് പോലെ സ്‌നേഹം ചൂടുപിടിച്ചു കൊണ്ടിരിക്കും. കോട്ടയം പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കരികില്‍ ഭാര്യ മറിയാമ്മ അത്തരം വേദനയുടെ സ്‌നേഹം നിറച്ച നെരിപ്പോടിലാണ്. വെള്ള സാരിയുടെ പ്രഭാവലയത്തില്‍, കണ്ണുകളടച്ച് ഒരു ധ്യാനത്തിലെന്നവണ്ണം അവര്‍. കേരളം കണ്ട ജനകീയനായ മുഖ്യമന്ത്രി വിടവാങ്ങി ദിവസങ്ങള്‍ കടന്നുപോയിട്ടും അദ്ദേഹത്തിന്റെ ജീവിതപങ്കാളി പതിവ് തെറ്റിക്കുന്നില്ല. ''എന്നുവരെ എന്ന് ഉറപ്പില്ല. പക്ഷേ ഞാന്‍ വരും. എന്നും...'' അവര്‍ പറയുന്നു.
വിലാപയാത്രയുടെ തുടര്‍ച്ചയെന്നോണം പല ദിക്കുകളില്‍ നിന്ന് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. പൂക്കളും മെഴുകുതിരികളും ചെറിയ കുറിപ്പുകളുമുണ്ട് പലരുടെയും കൈകളില്‍. ഒരു കൊച്ചുപെണ്‍കുട്ടി കല്ലറയ്ക്ക് മുകളില്‍ ഒരു കുറിപ്പ് ഒട്ടിച്ചു. ''ഈ നാടിനുവേണ്ടി ഇനിയും പ്രാര്‍ഥിക്കണമേ.' വരികള്‍ മറിയാമ്മയെ കരയാതെ കരയിക്കുന്നു. ''ആ കുറിപ്പ് ഫ്രെയിം ചെയ്ത് വെക്കണം.'' അവര്‍ ആരോടെന്നില്ലാതെ പറയുന്നു. ആ ശബ്ദത്തില്‍ വിരഹത്തിന്റെ വേദന വല്ലാതെ നിഴലിച്ചു.
Also Read
കല്ലറയില്‍ ചെരുപ്പിട്ട് കയറുന്നവരെ മറിയാമ്മ വിലക്കുന്നു. ഇടയ്ക്ക് ഒരമ്മ വന്നുപറഞ്ഞു. ''എനിക്കിപ്പോള്‍ രണ്ട് മധ്യസ്ഥരാണുള്ളത്. ആറുമാസം മുമ്പ് മരിച്ച ഭര്‍ത്താവും ഉമ്മന്‍ചാണ്ടി സാറും.'' മറിയാമ്മയും കണ്ണുകളടച്ച് അവര്‍ക്കൊപ്പം പ്രാര്‍ഥിക്കുന്നു. കല്ലറയ്ക്കരികില്‍ കണ്ണീര്‍വാര്‍ക്കുന്നവരെ കാണുമ്പോള്‍ മറിയാമ്മയ്ക്ക് ഇടറിത്തുടങ്ങും.. ''എല്ലാവരുടെയും ഉമ്മന്‍ചാണ്ടി സാര്‍ പോയി. എനിക്കും മക്കള്‍ക്കും എല്ലാം പോയി.'' അവര്‍ കരച്ചിലിന്റെ വക്കോളമെത്തി. മകള്‍ മറിയം ഉമ്മന്‍ചാണ്ടി അമ്മയെ ചേര്‍ത്തുപിടിച്ചു.
''അപ്പ ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോകുമെന്ന് കരുതിയില്ല. ശരിക്കും ഷോക്കായിപ്പോയി. ഇപ്പോഴും ഞെട്ടലിലാണ് അമ്മ...'' മറിയം പറയുന്നു. ചികിത്സാക്കാലത്ത് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് വാശിപിടിക്കുന്ന ഭര്‍ത്താവിനെ മറിയാമ്മ ആശ്വസിപ്പിച്ചത് ''കുഞ്ഞ് വാശി പിടിക്കാതെ. രോഗം ഭേദമാകും. അതുകഴിഞ്ഞ് വീട്ടിലേക്ക് പോകാം...'' എന്നുപറഞ്ഞാണ്. എല്ലാവരുടേയും കുഞ്ഞൂഞ്ഞായിരുന്ന ഉമ്മന്‍ചാണ്ടിയെ 'കുഞ്ഞ്' എന്ന് പേരിട്ടുവിളിച്ചത് മറിയാമ്മയാണ്. കല്യാണം കഴിഞ്ഞ കാലത്തുള്ള പതിവ്. ഉമ്മന്‍ചാണ്ടി എല്ലാവരില്‍ നിന്നും തനിക്ക് വ്യത്യസ്തനാകണമെന്ന മറിയാമ്മയുടെ ആഗ്രഹം തന്നെയായിരുന്നു ആ വിളിക്കുപിന്നിലും.
''അടക്കം കഴിഞ്ഞ് പിറ്റേന്ന് മുതലുള്ള പതിവാണ് കല്ലറയിലേക്കുള്ള ഈ വരവ്. രാവിലെ ഇവിടെയെത്തും. അപ്പ ഇവിടെയുണ്ട്. ഇവിടെ നിന്ന് മാറിനില്‍ക്കാന്‍ തോന്നില്ല. എവിടെ നിന്നെല്ലാം ജനങ്ങള്‍ വരുന്നു. അവര്‍ കരയുമ്പോള്‍ ഞങ്ങളും കരഞ്ഞുപോകുന്നു. അമ്മ ആകെ ക്ഷീണിതയാണ്. എന്നാലും അമ്മയ്ക്ക് ഇവിടെ വന്നിരുന്നാലേ സമാധാനമുള്ളൂ. വൈകുന്നേരമേ പിന്നെ വീട്ടിലേക്ക് മടങ്ങൂ. ഭക്ഷണം പോലും രാത്രിയിലേ കഴിക്കാറുള്ളൂ.'' മറിയം പറയുന്നു.

''അപ്പ ജനസമ്പര്‍ക്ക പരിപാടിയില്‍ ഭക്ഷണം പോലും കഴിക്കാതെ നിന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ്. ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം എന്താണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. കുട്ടിക്കാലം മുതല്‍ തിരക്ക് കുടുംബത്തിന്റെ ഭാഗമായിരുന്നു. കട്ടിലിന് ചുറ്റും ആളുകളെ കണ്ടുകൊണ്ടാണ് രാവിലെ എഴുന്നേല്‍ക്കുന്നത്. യൂണിഫോം ഒക്കെ നേരത്തേ എടുത്തുവെച്ചേക്കണമെന്ന് അമ്മ പറയും.'' മറിയം ഓര്‍ത്തെടുത്തു.
എറണാകുളം, ജര്‍മ്മനി, ബെംഗളൂരു എന്നിവിടങ്ങളിലായി എട്ട് മാസം നീണ്ട ചികിത്സാവേളയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മറിയം ഉണ്ടായിരുന്നു. ''ഒരിക്കലും ഏകാന്തത ഇഷ്ടമില്ലാത്തയാള്‍ക്ക് ആശുപത്രിവാസത്തോട് തീരെ താത്പര്യമില്ലായിരുന്നു. കേരളത്തിലേക്ക് പോകാമെന്ന് പറഞ്ഞുകൊണ്ടിരിക്കും. പോകാമെന്ന് ഉറപ്പ് പറയും. പക്ഷേ അപ്പയ്ക്ക് നല്‍കിയ പ്രതീക്ഷ പാലിക്കാന്‍ കഴിഞ്ഞില്ല...''ആ കണ്ണുകള്‍ നിറഞ്ഞു.
''കഴിഞ്ഞ മാര്‍ച്ച് മുതല്‍ അപ്പയ്ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. പേപ്പറില്‍ കാര്യങ്ങള്‍ എഴുതിക്കാണിക്കും. പിന്നെ അതും ബുദ്ധിമുട്ടായപ്പോള്‍ ഞങ്ങള്‍ എഴുതും. അപ്പ അതില്‍ തൊട്ടുകാണിക്കും. ട്രക്കിയോസ്റ്റമി ചെയ്തിരുന്നു. ട്യൂബിലൂടെ ലിക്വിഡ് ഭക്ഷണമാണ് നല്‍കിയത്. ഒരു ഘട്ടത്തില്‍ ഭാരം 39 കിലോ വരെയായി കുറഞ്ഞിരുന്നു. അപ്പ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചു...'' മറിയം തുടര്‍ന്നു.
സോളാര്‍ കേസില്‍ അനുകൂലവിധി വന്ന സമയത്ത് അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് ആ പത്രവാര്‍ത്തയുടെ വരികളിലൂടെ വിരലുകള്‍ മെല്ലെ നീക്കി കുടുംബാംഗങ്ങളെ കാണിച്ചു. അപ്പോള്‍ ആ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നുവെന്ന് മകള്‍ ഓര്‍ക്കുന്നു. ''സത്യം ജയിച്ചതിന്റെ സന്തോഷമായിരുന്നു മുഖത്ത്. ഇങ്ങനെയൊക്കെ വന്നതില്‍ സങ്കടമുള്ളതായി ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ ഉളളില്‍ വിഷമം ഉണ്ടായിരുന്നിരിക്കണം''.
''അപ്പയെ ജനങ്ങള്‍ ഇത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ഞങ്ങള്‍ അറിഞ്ഞത് ആ വിലാപയാത്രയ്ക്കിടയിലാണ്.'' മകള്‍ക്ക് ശബ്ദമിടറി. വിലാപയാത്ര കോട്ടയത്ത് അവസാനിച്ച ശേഷമാണ് മറിയാമ്മ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുതുപ്പള്ളിയില്‍ എത്തിയത്. അവരാ തിരക്ക് കണ്ടില്ല. ''അന്ന് നടന്നതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. കുഞ്ഞിനെ ആള്‍ക്കാര്‍ സ്‌നേഹിക്കുന്നത് ഇപ്പോള്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്.'' മറിയാമ്മ പറയുന്നു.
''ഞങ്ങളുടെ പഠനകാര്യത്തില്‍ അപ്പ നിബന്ധനകളൊന്നും വെച്ചില്ല. കഷ്ടപ്പെട്ട് 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കണ്ട എന്ന് പറയും.'' എപ്പോള്‍ മക്കള്‍ പുറത്ത് പോയാലും അപ്പയ്ക്ക് ടെന്‍ഷനായിരുന്നെന്ന് മറിയം... ''എവിടായി...എവിടായി എന്ന് വിളിച്ച് ചോദിച്ചുകൊണ്ടിരിക്കും. തുടരെ വിളിക്കുമ്പോള്‍ ചിലപ്പോള്‍ എനിക്ക് ദേഷ്യം വരും. അപ്പോള്‍ അപ്പയോട് പറയും: 'അപ്പാ ഞാനിത്ര പ്രായമുള്ള ആളല്ലേ. ഞാന്‍ അങ്ങ് വരുമെന്ന്...' പക്ഷേ, ഇനി അങ്ങനെ വിളിക്കാന്‍ അപ്പയില്ലെന്ന് ഓര്‍ക്കുമ്പോള്‍...'' വാക്കുകള്‍ മുഴുവനാക്കുന്നില്ല മറിയം.

അദ്ദേഹത്തിന്റെ ഇഷ്ടങ്ങളില്‍ പുതുപ്പള്ളി പള്ളിയും ഉണ്ടായിരുന്നു. എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയിലെ കുര്‍ബാന കൂടിയ അദ്ദേഹം ലോക്ഡൗണ്‍ കാലത്തും ഇക്കാര്യം മുടക്കിയില്ല. ''വീട്ടിലിരുന്ന് ലൈവ് കുര്‍ബാന കണ്ടു. ഏറ്റവും ഇഷ്ടമുള്ള കഞ്ഞിയും പയറും ചമ്മന്തിയും അച്ചാറും കഴിച്ച് ആഘോഷമാക്കിയ കാലമായിരുന്നു അത്.'' മറിയം ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു.
മക്കള്‍ക്കും ഭാര്യയ്ക്കും സമ്മാനങ്ങള്‍ വാങ്ങുന്ന പതിവ് ഉമ്മന്‍ചാണ്ടിക്കില്ലായിരുന്നു. എങ്കിലും മറിയത്തിന്റെ ഓര്‍മയില്‍ ഒരു കണ്ണടയുണ്ട്. ''ഒരു വിമാനയാത്ര കഴിഞ്ഞ് മടങ്ങിവന്ന അപ്പ ഞങ്ങള്‍ക്ക് കറുത്ത തുണി കൊണ്ടുള്ള കണ്ണട കൊണ്ടുവന്നു തന്നു. വിമാനത്തില്‍ കണ്ണ് മൂടി വെച്ച് ഉറങ്ങാന്‍ കൊടുക്കുന്നതാണ്. അതുതന്നിട്ട് ഞങ്ങളോട് പറഞ്ഞു ഇതുവെച്ച് കിടന്നുറങ്ങിയാല്‍ സൂര്യന്‍ ഉദിക്കുന്നത് പോലും അറിയില്ലെന്ന്.''
മറിയം ആശുപത്രിക്കാലത്തിന്റെ ഓര്‍മകളിലേക്ക് കടന്നു. ''കഴിഞ്ഞ ക്രിസ്മസിന് ബെംഗളൂരുവിലായിരുന്നു. അന്ന് അപ്പ ആദ്യമായി ഒരാഗ്രഹം പറഞ്ഞു. മക്കളും കൊച്ചുമക്കളും ഒപ്പം വേണം. എല്ലാവരും വന്നപ്പോള്‍ വലിയ സന്തോഷമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോഴുള്ള അതേ സന്തോഷം. ആള്‍ക്കൂട്ടം അപ്പയ്ക്ക് ആഹ്ലാദമാണ്. അതുകൊണ്ട് രാത്രിയില്‍ പോലും അപ്പയെ ഞങ്ങള്‍ ഒറ്റയ്ക്കാക്കിയില്ല. ഞാനോ അമ്മയോ കൂടെക്കാണും. അപ്പ ഉറങ്ങാതെ മുകളിലേക്ക് നോക്കി കിടക്കുമ്പോള്‍ ഞാന്‍ മെല്ലെ തലയില്‍ തടവും. അപ്പ ഉറങ്ങും. സമാധാനത്തോടെ, ഞാന്‍ പോലുമറിയാതെ. ''
അന്നുരാവിലെ ഉമ്മന്‍ചാണ്ടിയുടെ ഹൃദയമിടിപ്പില്‍ നേരിയ വ്യത്യാസം വന്നു. മറിയവും ചാണ്ടിയും അച്ചുവും അടുത്തുണ്ട്. മറിയം അപ്പയുടെ ചെവിയില്‍ മെല്ലെ പറഞ്ഞു, ''പോകല്ലേ അപ്പാ...'' ''അവസാനദിവസങ്ങളില്‍ അപ്പ ഉറക്കത്തിലായിരുന്നു. ഒരു വേദനയും അറിയുന്നുണ്ടായിരുന്നില്ല. സമാധാനമായിട്ടാണ് അപ്പ പോയത്.'' അത് ദൈവഹിതമാകണം. ജീവിതത്തില്‍ ആരേയും വേദനിപ്പിക്കാത്ത മനുഷ്യനെ ദൈവം എങ്ങനെ വേദനിപ്പിക്കും.
Content Highlights: wife and daughter talking about oommen chandy
Published: 05 Sept 2023, 02:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented