'ഗട്ട കുസ്തി 2'ന്റെ വിജയാഘോഷത്തിലാണ് തമിഴ് നടൻ വിഷ്ണു വിശാൽ. ലോകമെമ്പാടുമായി 46 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രം, അടുത്തകാലത്തായി നടന്റെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. എന്നാൽ, ബോക്‌സ് ഓഫീസ് നേട്ടത്തേക്കാൾ പ്രേക്ഷകരുമായി ഉണ്ടാകുന്ന വൈകാരിക ബന്ധത്തിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് വിഷ്ണു വിശാൽ പറയുന്നു. കരിയറിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ തനിക്ക് ആത്മവിശ്വാസം പകർന്നത് ബോളിവുഡ് താരം ആമിർ ഖാനാണെന്നും വിഷ്ണു വിശാൽ 'വെറൈറ്റി ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
“മനസ്സ് തളരുമ്പോഴെല്ലാം ഞാൻ ആമിർ സാറിനെ വിളിക്കുമായിരുന്നു. എപ്പോഴും അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. തിരിച്ചുവരാൻ എപ്പോഴും ഒരു അവസരമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുമായിരുന്നു,” വിഷ്ണു പറഞ്ഞു.
Also Read
ആമിർ ഖാൻ പറഞ്ഞ വാക്കുകളും അദ്ദേഹം പങ്കുവെച്ചു. “നെഗറ്റീവ് ചിന്തകളിൽ അകപ്പെട്ടാൽ അതിൽ തന്നെ കുടുങ്ങിപ്പോകും. നീ കഴിവുള്ള നടനാണ്. നിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. നല്ല തിരക്കഥകൾ തിരഞ്ഞെടുക്കാൻ നിനക്കറിയാം. അതുകൊണ്ട് ശ്രദ്ധ തെറ്റിക്കരുത്. സിനിമയിൽ ഉയർച്ചയും താഴ്ചയും സ്വാഭാവികമാണ്. എനിക്കും അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 'ലാൽ സിങ് ഛദ്ദ' വിജയിച്ചില്ല. അത് എനിക്ക് സംഭവിക്കാമെങ്കിൽ ആർക്കും സംഭവിക്കാം. അതിനാൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്,” എന്നായിരുന്നു ആമിറിന്റെ ഉപദേശം.
ആ വാക്കുകളാണ് മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം നൽകിയതെന്ന് വിഷ്ണു വിശാൽ പറഞ്ഞു. 'ഗട്ട കുസ്തി 2' മികച്ച കളക്ഷൻ നേടിത്തുടങ്ങിയപ്പോൾ ആദ്യം വിവരം അറിയിച്ചത് ആമിർ ഖാനെ ആയിരുന്നുവെന്നും വിഷ്ണു വെളിപ്പെടുത്തി.
“ആദ്യ വാരാന്ത്യത്തിലെ കളക്ഷന്റെ സ്‌ക്രീൻഷോട്ട് ഞാൻ അദ്ദേഹത്തിന് അയച്ചിരുന്നു. ഉടൻ തന്നെ അദ്ദേഹം വിളിച്ചു. 'നീ ശക്തമായി തിരിച്ചുവന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്' എന്നാണ് അദ്ദേഹം പറഞ്ഞത്. ആ വാക്കുകൾ ഈ വിജയത്തെ കൂടുതൽ വിലപ്പെട്ടതാക്കി,” വിഷ്ണു പറഞ്ഞു.
ആമിർ ഖാനുമായുള്ള സൗഹൃദം കൂടുതൽ ദൃഢമായത്, അമ്മയുടെ ചികിത്സയ്ക്കായി അദ്ദേഹം ചെന്നൈയിൽ താമസിച്ചിരുന്ന സമയത്താണെന്നും വിഷ്ണു പറഞ്ഞു. പിന്നീട് വിഷ്ണുവിനും ഭാര്യ ജ്വാല ഗുട്ടയ്ക്കും മുംബൈയിലെ ഒരു ഐവിഎഫ് വിദഗ്ധനെ പരിചയപ്പെടുത്തി നൽകിയതും ആമിർ ഖാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദമ്പതികളുടെ മകൾക്ക് 'മീര' എന്ന പേര് തിരഞ്ഞെടുക്കാനും പ്രചോദനമായത് ആമിർ ഖാനാണെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
'ഗട്ട കുസ്തി 2'ന്റെ വിജയം സിനിമ തിരഞ്ഞെടുക്കുന്ന രീതിയെ മാറ്റിയിട്ടില്ലെന്നും വിഷ്ണു വിശാൽ പറയുന്നു. “ഓരോ സിനിമയ്ക്കും അതിന്റേതായ പ്രേക്ഷകരുണ്ട്. എന്റെ ലക്ഷ്യം നല്ല സിനിമകൾ ചെയ്യുക എന്നതാണ്. കളക്ഷൻ മാത്രം ലക്ഷ്യമാക്കി സിനിമ തിരഞ്ഞെടുക്കില്ല,” അദ്ദേഹം പറഞ്ഞു. ഇപ്പോൾ 'ഇരണ്ട് വാനം' എന്ന പ്രണയചിത്രത്തിലും, സംവിധായകൻ അരുൺരാജ കാമരാജ് ഒരുക്കുന്ന ബോക്‌സിങ് പശ്ചാത്തലത്തിലുള്ള മറ്റൊരു ചിത്രത്തിലും വിഷ്ണു വിശാൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: vishnu-vishal-aamir-khan-career-support-gatta-kusthi-2
Published: 17 Jul 2026, 02:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented