കഴിഞ്ഞദിവസമായിരുന്നു നടൻ വിജയ്‌യുടെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരും അദ്ദേഹത്തിന് ആശംസകൾ നേർന്നു. എന്നാൽ, കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നടി തൃഷയുടെ ആശംസയാണ്. വിജയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് തൃഷ പിറന്നാൾ ആശംസ അറിയിച്ചത്. 'Happy Birthday bestest' എന്നാണ് അതിന് ക്യാപ്ഷനിട്ടത്. അതോടെ ആരാധകർ ഒന്നടങ്കം ആ ഫോട്ടോയ്ക്കുതാഴെ കമന്റുകളുമായെത്തി.

കുറച്ചുനാളായി ഗോസിപ്പ് കോളങ്ങളിലെ ചർച്ചയാണ് വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധം. അവർ ഏറ്റവുമടുത്ത സുഹൃത്തുക്കളാണെന്ന് ചിലർ പറയുമ്പോൾ, ഇരുവരും പ്രണയത്തിലാണെന്നാണ് മറ്റു ചിലർ പറഞ്ഞിരുന്നത്. തൃഷയുടെ പുതിയ ഫോട്ടോ പുറത്തുവന്നതോടെ ഇത്തരത്തിലുള്ള ചർച്ചകൾ വീണ്ടും സജീവമായി.

2024-ൽ വിജയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട്, ഇരുവരും കൂടിയുള്ള ഒരു മിറർ സെൽഫി തൃഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് അവർ പ്രണയത്തിലാണെന്ന് നെറ്റിസൺസ് കണ്ടെത്തിയത്. തൊട്ടുപിന്നാലെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തി. ആ സമയത്ത് ഒരു സ്വകാര്യ വിമാനത്താവളത്തിൽ വന്നിറങ്ങി, അവിടുന്ന് പ്രൈവറ്റ് ജെറ്റിൽ വിവാഹവേദിയിലേക്ക് പോവുന്ന ചിത്രവും വൈറലായി. അതോടെ വിവാദങ്ങൾ സജീവമായി.

അതിനുപിന്നാലെ തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇത്തരം വിവാദങ്ങൾക്കുള്ള മറുപടിയായിട്ടാണ് പലരും കണക്കാക്കിയത്. 'എന്തുകൊണ്ടാണ് കോഴികൾ കൂവിക്കൊണ്ട് അവരുടെ ദിവസം തുടങ്ങുന്നതെന്ന് പ്രായം കൂടുംതോറും എനിക്ക് മനസ്സിലാവുന്നു' എന്നതായിരുന്നു ആ സ്റ്റോറി.

2004-ൽ 'ഗില്ലി' എന്ന ചിത്രത്തിലാണ് തൃഷ-വിജയ് ജോഡി ആദ്യമായി ഒരുമിച്ചെത്തുന്നത്. ചിത്രം ബ്ലോക്ബസ്റ്ററായി. വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന് അന്നുതന്നെ വാർത്തകൾ പരന്നു. പിന്നാലെ, തിരുപ്പാച്ചി, ആദി, ലിയോ, കുരുവി എന്നീ ചിത്രങ്ങളിലും ഈ സൂപ്പർഹിറ്റ് ജോഡി അഭിനയിച്ചു. 'കുരുവി'ക്കുശേഷം 15 വർഷത്തോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചതേയില്ല. താരങ്ങൾ പ്രണയത്തിലായെന്ന വാർത്തകൾ പുറത്തുവന്നതോടെ, തൃഷയ്‌ക്കൊപ്പം അഭിനയിക്കരുതെന്ന് കുടുംബം വിജയ്‌യോട് ആവശ്യപ്പെട്ടുവെന്നും പിന്നീട് ഒരുമിക്കാതിരുന്നതിന് കാരണം അതാണെന്നും അഭ്യൂഹങ്ങൾ പരന്നു.

പിന്നീട്, നീണ്ട 15 വർഷത്തിനുശേഷം 'ലിയോ'യിലൂടെയാണ് വിജയ്-തൃഷ കോമ്പോ തിരിച്ചെത്തിയത്. വിജയ്‌യുടെ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമി'ൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു തൃഷ. തൊട്ടുപിന്നാലെ വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചിതരാവാൻ പോവുകയാണെന്ന തലത്തിലുള്ള ചർച്ചകളും വന്നു. സംഗീത മക്കൾക്കൊപ്പം ലണ്ടനിലേക്ക് മാറിയെന്നും റിപ്പോർട്ടുകളുണ്ടായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi