രശ്മികയുടെ ഏറ്റവും പുതിയ ചിത്രമായ 'ദ ഗേൾഫ്രണ്ടി'ന്റെ വിജയാഘോഷചടങ്ങിനിടെ രശ്മിക മന്ദാനയെ ചുംബിച്ച് വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽവെച്ച് നടന്ന ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകരെല്ലാം പങ്കെടുത്തിരുന്നു. ആ ചടങ്ങിലാണ് വിജയ് ദേവരകൊണ്ടയും എത്തിയത്. അതിഥികൾക്കെല്ലാം ഹസ്തദാനം നൽകിയശേഷം, വിജയ് രശ്മികയുടെ കൈയിൽ സ്‌നേഹത്തോടെ ചുംബിക്കുകയായിരുന്നു.

To advertise here,

അതിനിടെ പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ വിജയിനെക്കുറിച്ചുള്ള രശ്മികയുടെ വാക്കുകളും ശ്രദ്ധനേടുകയാണ്. ''വിജു, ഈ സിനിമയുടെ തുടക്കം മുതൽ നിങ്ങളിതിന്റെ ഭാഗമാണ്. ഈ യാത്രയിൽ നിങ്ങൾ വ്യക്തിപരമായി ഒരു ഭാഗമാണ്. എല്ലാവരുടെ ജീവിതത്തിലും ഒരു വിജയ് ദേവരകൊണ്ട വേണം. കാരണം അതൊരു അനുഗ്രഹമാണ്. എപ്പോഴും കൂട്ടുകാരെ പിന്തുണച്ചുനിൽക്കുന്നയാളാണ് വിജയ്. ആരൊക്കെ അവരെ തള്ളിക്കളഞ്ഞാലും വിജു കൂടെത്തന്നെ നിൽക്കും''. വ്യക്തിജീവിതത്തിലും പ്രൊഫഷണൽജീവിതത്തിലും വിജയ് ദേവരകൊണ്ട വഹിച്ച പങ്കിനെയും രശ്മിക എടുത്തുപറഞ്ഞു. അതോടെ വിജയ് ദേവരകൊണ്ടയും രശ്മികയും തങ്ങളുടെ പ്രണയവാർത്തകൾക്ക് സ്ഥിരീകരണം നൽകിയിരിക്കുകയാണെന്ന് ആരാധകർ പറയുന്നു.
 

രശ്മിക എപ്പോഴും വിജയിനെക്കുറിച്ച് തുറന്നുസംസാരിക്കാറുണ്ട്. ഈയടുത്ത് നൽകിയ എല്ലാ അഭിമുഖങ്ങളിലും വിജയുമായുള്ള ബന്ധത്തെക്കുറിച്ച് അവർ സൂചനകൾ നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഒരു ചാറ്റിൽ ഒപ്പം ജോലി ചെയ്ത നടൻമാരിൽനിന്നും ആരെയായിരിക്കും വിവാഹം കഴിക്കുക എന്ന ചോദ്യത്തിന്, 'വിജയ് ദേവരകൊണ്ട' എന്ന ഉത്തരമാണ് രശ്മിക നൽകിയത്. വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ടുള്ള ഓരോ ചോദ്യങ്ങളെയും പരാമർശങ്ങളെയും നാണത്തോടെയാണ് രശ്മിക എതിരിട്ടിരുന്നത്. അതും ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്ക് ഊർജം നൽകി.

ഇവരുടെ വിവാഹനിശ്ചയം ഒക്ടോബറിൽ കഴിഞ്ഞുവെന്ന് വാർത്തകളുണ്ടായിരുന്നു. ഒരു സ്വകാര്യചടങ്ങായിട്ടായിരുന്നുവത്. പിന്നാലെ വിവാഹം അടുത്തവർഷം ഫെബ്രുവരിയിലായിരിക്കുമെന്ന് എൻഡിടിവിയും റിപ്പോർട്ട് ചെയ്തു. 2018-ൽ 'ഗീതാഗോവിന്ദം' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. തൊട്ടടുത്ത വർഷം 'കൊമ്രേഡി'ലും അവർ നായികാനായകൻമാരായി. അതിനുശേഷമാണ് ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾ പരന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi