രണ്ട് വ്യക്തികള്‍ക്കിടയിലെ ആകര്‍ഷണത്തിന് പലരൂപങ്ങളുണ്ട്. പ്രണയവും പരസ്പരാകര്‍ഷണവും ജീവിതത്തിന്റ ഭാഗമാണ്. പ്രണയത്തില്‍ പരാതികളും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും പൊസസീവ്നെസുമൊക്കെ ഉണ്ടാകും. തുടക്കത്തില്‍ ഇവയെല്ലാം മനോഹരവും ആസ്വാദ്യവും ആയിരിക്കുമെങ്കിലും പിന്നീട് അവയില്‍ മങ്ങലുകളും വിള്ളലുകളും പ്രത്യക്ഷപ്പെടും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഉടലെടുക്കുന്നവയാണ് ഇക്കാലത്തെ ബന്ധങ്ങളില്‍ ഏറെയും. അതിലെ കെണികളും കുടുക്കുകളും കൗമാരത്തെ വരിഞ്ഞുമുറുക്കിയേക്കാം... സ്‌നേഹ-പ്രണയ ബന്ധങ്ങളുടെ വിവിധ തലങ്ങളെക്കുറിച്ചും അവ കുട്ടികളിലുണ്ടാകുന്ന സ്വാധീനങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. 

ക്രഷ്
ഒരു വ്യക്തിയെ കാണുമ്പോള്‍, രൂപം/സൗന്ദര്യം കണ്ടിട്ട്, നൈമിഷികമായി തോന്നുന്ന ആരാധനയാണ് ക്രഷ്. ഇവിടെ ആ വ്യക്തിയുടെ സ്വഭാവസവിശേഷതകളോ മറ്റു താത്പര്യങ്ങളോ ക്രഷ് തോന്നുന്ന വ്യക്തിക്ക് അറിയണമെന്നില്ല. താത്കാലികമായ ഒരു ആകര്‍ഷണം മാത്രമായിരിക്കും. ഈ വികാരം ഒരേസമയം പല ആളുകളോട് തോന്നിയേക്കാം. ക്രഷ് ഉണ്ടാവുമ്പോള്‍ അടുക്കണമെന്ന് തോന്നുന്നു. അതിനായി പല പരിശ്രമങ്ങളും നടത്തുകയും കുറെ കള്ളങ്ങള്‍ പറയുകയും ചെയ്‌തേക്കാം. ഇഷ്ടം പിടിച്ചുവാങ്ങുകയാണ് ലക്ഷ്യം. കുറച്ചുദിവസങ്ങള്‍ കഴിയുമ്പോള്‍ രണ്ടിലൊരാള്‍ക്ക് വിരസതയും അകല്‍ച്ചയും തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് യഥാര്‍ഥ പ്രണയമല്ലെന്നും ക്രഷ് ആണെന്നും മനസ്സിലാക്കാം. ഉദാഹരണത്തിന് 'പ്രേമം' സിനിമയില്‍ നായകന് തന്റെ അധ്യാപികയോട് തോന്നുന്നതും ക്രിസ്റ്റി സിനിമയിലെ നായകന് നായികയോട് തോന്നുന്നതും ഒരുതരം ക്രഷ് ആണ്.

ഇന്‍ഫാച്ചുവേഷന്‍
കുറച്ചുകാലത്തേക്ക് മാത്രം തുടരുന്ന പ്രണയമോ താത്പര്യമോ ആണിത്. വികാരത്തിനോ പ്രതിബദ്ധതയ്‌ക്കോ വളരാന്‍ ഇടമൊരുക്കാതെ ഇത്തരം സ്‌നേഹം വളരെ വേഗത്തില്‍ വികസിക്കുന്നു. കൗമാരപ്രായത്തില്‍ സാധാരണമാണ് ഈ അനുഭവം. ഇത് അധികകാലം നിലനില്‍ക്കില്ല. 

റൊമാന്‍സ്
ചങ്ങാതിമാരില്‍ ഒരാള്‍ സ്‌പെഷ്യല്‍ ഫ്രണ്ടായി മാറുന്നു. അയാളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കുകയും ഒരുദിവസം അയാളെ കണ്ടില്ലെങ്കില്‍ അസ്വസ്ഥതയും ബുദ്ധിമുട്ടും അനുഭവപ്പെടുകയും ചെയ്യുന്നു. അയാള്‍ മറ്റൊരാളോട് സംസാരിക്കുന്നത് കണ്ടാല്‍ പോലും അസ്വസ്ഥത തോന്നുന്ന അവസ്ഥ. ഇതിനെ റൊമാന്‍സ് എന്ന് വിളിക്കാം. നഷ്ടപ്പെടുമോ, മറ്റാരെങ്കിലും തട്ടിയെടുക്കുമോ എന്ന ആശങ്ക കലര്‍ന്ന ഇഷ്ടമാണിത്. ഉദാഹരണത്തിന്, 'മഴയെത്തും മുന്‍പെ' എന്ന സിനിമയില്‍ നായികയ്ക്ക് തന്റെ അധ്യാപകനോട് തോന്നുന്നത്. 

ലസ്റ്റ്
തീര്‍ത്തും ലൈംഗികമായ താത്പര്യമാണിത്. ഇവിടെ അടുപ്പവും ആത്മാര്‍ഥതയും പരസ്പരവിശ്വാസവും ഉണ്ടാകുന്നില്ല. അത് സ്‌നേഹത്തെ ഉദ്ദേശിക്കാത്ത വഴികളിലേക്ക് കൊണ്ടെത്തിച്ചേക്കാം. വികാരങ്ങള്‍ക്ക് ദിശതെറ്റും. തന്റെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം എന്താകും എന്ന ചിന്ത ഈ ബന്ധത്തില്‍ ഉണ്ടാകുന്നില്ല. 

ഇമോഷണല്‍ ഡിപെന്‍ഡന്‍സ്
പൂര്‍ണമായും മറ്റൊരാളുടെ വരുതിയിലാകുന്ന അവസ്ഥയാണിത്. ആരുമായാണോ അടുപ്പത്തിലായിരിക്കുന്നത് അയാള്‍ പറയുന്നതെന്തും അനുസരിക്കുന്ന അവസ്ഥ. ജീവിതം ആ വ്യക്തിയിലേക്ക് ചുരുക്കപ്പെടും. ബാല ലൈംഗികപീഡനങ്ങള്‍ പലതും സംഭവിക്കുന്നത് ഇത്തരം അവസ്ഥയിലുള്ള കുട്ടികളിലാണ്. 

യഥാര്‍ഥ പ്രണയത്തില്‍ ഏതവസ്ഥയിലും താന്‍ ഇഷ്ടപ്പെടുന്നയാള്‍ക്ക് നല്ലതുമാത്രം സംഭവിക്കണമെന്നായിരിക്കും ആഗ്രഹിക്കുന്നത്. എന്നാല്‍, ഇതിന് നേരേ വിപരീതമായ ബന്ധങ്ങളെയാണ് വിഷമയബന്ധങ്ങള്‍ (toxic relation) എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം ബന്ധങ്ങളില്‍ പ്രണയത്തിലേക്ക് എത്തുന്നതിന് മുന്‍പും ശേഷവുമുള്ള വ്യക്തിയുടെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടായിരിക്കും.

placeholder

പ്രണയം നേടിയെടുക്കുന്നതുവരെ പ്രലോഭനങ്ങളും പ്രകടനങ്ങളുമൊക്കെ ഉണ്ടാകും. എന്നാല്‍, പ്രണയത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ ആധിപത്യത്തിന്റെയും അവകാശത്തിന്റെയും രീതിയിലേക്ക് മാറും. ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കും. സംശയം, വെറുപ്പ്, കുറ്റപ്പെടുത്തല്‍, പ്രതികാരം എന്നിവ ഉടലെടുക്കുകയുംചെയ്യും. 'ഉയരെ' എന്ന സിനിമയില്‍ ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രം ഇതിനുദാഹരണമാണ്. ബന്ധത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാതെ എത്രയും വേഗം റിലേഷന്‍ഷിപ്പ് കൗണ്‍സലറുടെ സഹായം തേടുക. 

ഫ്രണ്ട്ഷിപ്
പരസ്പരമുള്ള മനസ്സിലാക്കലും വിശ്വാസവുമാണ് സൗഹൃദത്തിന്റെ അടിസ്ഥാനം. ഒരു വ്യക്തിക്ക് സൗഹൃദം ഒരേസമയം പല ആളുകളോടും തോന്നിയേക്കാം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സൗഹൃദം വളരെ ഉപകാരപ്രദമാണ്. സുഹൃത്തിന്റെ അഭാവം ദൈനംദിനജീവിതത്തെ ബാധിക്കില്ല. ഒരുദിവസം കണ്ടില്ലെങ്കിലും മനസ്സിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. പ്രണയത്തെ അപേക്ഷിച്ച് സൗഹൃദത്തില്‍ പൊസസീവ്നെസ് കുറവാണ്. എല്ലാത്തരം വികാരങ്ങളും ഇവിടെ ഒരു മുന്‍വിധിയുമില്ലാതെ പങ്കുവെയ്ക്കാന്‍ കഴിയുന്നു.

ലവ്
സ്‌നേഹബന്ധത്തില്‍ പലപ്പോഴും മറ്റൊരു വ്യക്തിയുമായി ആഴത്തിലുള്ള വാത്സല്യവും കരുതലും ഉള്‍പ്പെടുന്നു. വ്യത്യസ്തവും സങ്കീര്‍ണവുമായ ഒരു വികാരമാണ് പ്രണയം. പ്രണയം ബോധപൂര്‍വമുള്ള തിരഞ്ഞെടുപ്പാണ്. പ്രണയത്തിന്റെ അവസാനം എപ്പോഴും വിവാഹംതന്നെയാവണമെന്നില്ല. റോബര്‍ട്ട് സ്റ്റേണ്‍ബര്‍ഗ് എന്ന മനശ്ശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടില്‍ intimacy, passion, commitment എന്നിങ്ങനെ മൂന്ന് അടിസ്ഥാനഘടകങ്ങളാണ് പ്രണയത്തിനുള്ളത്. ഇതിനെ 'ട്രയാംഗുലര്‍ തിയറി ഓഫ് ലവ്' എന്നുപറയുന്നു.
Intimacy: ഇവിടെ പങ്കാളിക്ക് ഒരു മുന്‍വിധിയും കൂടാതെ എല്ലാം തുറന്നുപറയാന്‍ സാധിക്കുന്നു.
Passion: പ്രണയവികാരങ്ങള്‍, ശാരീരികാകര്‍ഷണം, പങ്കാളിയുമായുള്ള ലൈംഗിക അടുപ്പം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. 
Commitment: ഒരു വ്യക്തിയെ സ്‌നേഹിക്കാനും കാലക്രമേണ ആ സ്‌നേഹം നിലനിര്‍ത്താനുമുള്ള തീരുമാനമാണിത്. സ്‌നേഹത്തിന്റെ ഈ ഘടകം മറ്റു ഘടകങ്ങളില്‍നിന്ന് വ്യത്യസ്തമാണ്, ഇന്റിമസിയും പാഷനും വൈകാരികസ്വഭാവമാണ്. എന്നാല്‍ കമ്മിറ്റ്മെന്റ് വിവേകപരമാണ്.

വേണം കരുതല്‍
പീഡോഫിലിയ അടക്കം രതിവൈകൃതങ്ങള്‍ക്ക് കുട്ടികള്‍ ഇരയാക്കപ്പെടുന്നതില്‍ സാമൂഹികമാധ്യമങ്ങളുടെ പങ്ക് വലുതാണ്. സൈബര്‍ ലോകത്തെ അപകടങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍:

  • ഫോണ്‍ ഉപയോഗത്തിന് ദിവസവും സമയപരിധി നിശ്ചയിക്കണം. 
  • രാത്രികളില്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കാം. 
  • സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലും ഗെയിമുകളിലും കുട്ടികളുടെ ഇടപെടല്‍ നിരീക്ഷിക്കുക. സൈബറിടത്തിലെ ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണോയെന്ന് ഉറപ്പാക്കണം. 
  • മുതിര്‍ന്നവര്‍ ഉപയോഗിച്ചതോ ഉപയോഗിക്കുന്നതോ ആയ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അതില്‍ അവര്‍ക്ക് യോജിക്കാത്ത ഫോട്ടോകളോ മെസേജുകളോ വീഡിയോകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
  • ഒളിച്ചും പതുങ്ങിയുമുള്ള കുട്ടികളുടെ ഫോണ്‍ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തണം.
  • ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് കുട്ടിയോട് സംസാരിക്കണം. 
  • ഫോണുകളിലെ സ്വകാര്യതാ-ചൈല്‍ഡ് സേഫ്റ്റി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം.
  • കാലഘട്ടത്തിന്റെ വ്യത്യാസം മനസ്സിലാക്കി സംയമനത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക. 
  • കുട്ടികള്‍ക്കുനേരേ സൈബര്‍ കുറ്റകൃത്യങ്ങളും ഭീഷണികളും ശ്രദ്ധയില്‍പ്പെട്ടാല്‍ ചൈല്‍ഡ്ലൈനിലോ പോലീസിലോ അറിയിക്കണം.

പ്രണയക്കുരുക്കുകള്‍
Case study 1
2021 ഫെബ്രുവരിയില്‍ ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ടുചെയ്ത ഗൗരവസ്വഭാവമുള്ള ഒരു കേസ്. 14 വയസ്സുള്ള അതിജീവിതയുമായി 35 വയസ്സുള്ള ഒരു വ്യക്തി ഇന്‍സ്റ്റഗ്രാം വഴി അടുപ്പത്തിലാവുകയും തുടര്‍ന്ന് രാത്രിയില്‍ വീട്ടിലെത്തി ലഹരിവസ്തുക്കള്‍ നല്‍കി ലൈംഗികദുരുപയോഗത്തിന് ഇരയാക്കുകയും ചെയ്യുന്നു. അയാളുടെ സുഹൃത്തുക്കളില്‍നിന്നും കുട്ടിക്ക് ലൈംഗികപീഡനം നേരിടേണ്ടിവന്നു. കുട്ടിയുടെ സുഹൃത്തും അയല്‍വാസിയുമായ ഒരു വ്യക്തി ചൈല്‍ഡ് ലൈനില്‍ ഈ വിവരം അറിയിച്ചു. ആദ്യഘട്ടത്തില്‍ മൂന്നുപേരെ പിടികൂടാന്‍ സാധിച്ചു. പ്രതികള്‍ക്കെതിരേ പോക്‌സോ ആക്ടിലെ ഗൗരവമേറിയ വകുപ്പുകളായ 5, 6 ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ചെയ്യുകയും കുട്ടിക്ക് തുടര്‍കൗണ്‍സലിങ് അടക്കം ഡീഅഡിക്ഷന് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
Case study 2
താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 14 വയസ്സുള്ള പെണ്‍കുട്ടി തന്റെ കണ്ണൂര്‍ സ്വദേശിയായ 24 വയസ്സുകാരന്‍ കാമുകനെ പരിചയപ്പെടുന്നതും ബന്ധത്തിലാകുന്നതും ഇന്‍സ്റ്റഗ്രാം വഴിയാണ്. പിന്നീടിയാള്‍ പലതവണ കുട്ടിയുടെ വീട്ടില്‍ വരികയും കുട്ടിയെ ലൈംഗികമായി ദുരുപയോഗിക്കുകയും ചെയ്തു. ഒരുതവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകനെ പിടികൂടി  പോലീസിലേല്‍പ്പിച്ചു. 
വീട്ടില്‍നിന്ന് പലപ്പോഴായി സ്വര്‍ണവും പണവും നഷ്ടപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചെങ്കിലും യുവാവും കുടുംബവും ഇത് നിഷേധിച്ചു. പിന്നീട് പെണ്‍കുട്ടി സ്വന്തം അമ്മയെ ഉപദ്രവിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ കുട്ടിയെ വീട്ടില്‍നിന്ന് ശിശുസംരക്ഷണസ്ഥാപനത്തിലേക്ക് മാറ്റുകയും നിരന്തരമായ കൗണ്‍സലിങ്ങിന് വിധേയയാക്കുകയും ചെയ്തു. തനിക്ക് ഗൗരവതരമായ ലൈംഗികചൂഷണമാണ് നേരിട്ടതെന്നും ഇതൊരു ആരോഗ്യകരമായ ബന്ധമല്ലെന്നും കുട്ടി അപ്പോഴാണ് തിരിച്ചറിഞ്ഞത്. 

കടപ്പാട്: അന്‍വര്‍ കാരക്കാടന്‍,
ചൈല്‍ഡ് ലൈൻ  കോ-ഓര്‍ഡിനേറ്റര്‍,  
ചൈല്‍ഡ്, അഡോളസന്‍സ് & റിലേഷന്‍ഷിപ്പ് കൗണ്‍സിലര്‍, 
മലപ്പുറം