പുറമേ നിന്നു നോക്കുമ്പോള്‍ എല്ലാം ശാന്തമായിരിക്കാം. കുടുംബസംഗമങ്ങളിലും മറ്റ് ആഘോഷ വേളകളിലും ദമ്പതികള്‍ ഒന്നിച്ച് സന്തോഷത്തോടെയെത്തുന്നു. കുട്ടികളും അവര്‍ക്കൊപ്പമുണ്ട്. അവരുടെ സ്‌നേഹത്തിന്റെ അളവുകോലെന്നോണം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു നിറയുന്നുമുണ്ട്. പക്ഷേ അവരുടെ വീടിനുള്ളില്‍ പൂര്‍ണ്ണമായ നിശ്ശബ്ദതയാണ്. സന്തോഷങ്ങളില്ല,ചിരിയില്ല, കൗതുകമില്ല.
ഒരേ വീടിന്റെ മേല്‍ക്കൂര പങ്കിടുന്നെങ്കിലും, പങ്കാളികള്‍ തീര്‍ത്തും അപരിചിതരാകുന്ന കാഴ്ച പല വീടുകളിലും കാണാം. 'സൈലന്റ് ഡിവോഴ്സ്' എന്നാണ് ഇത് അറിയപ്പെടുന്നത്. വിവാഹം നിയമപരമായി നിലനില്‍ക്കുന്നുവെങ്കിലും ഭാര്യാ- ഭര്‍തൃ ബന്ധം പതിയെ ഇല്ലാതാവുന്നത് ഇന്ന് പല ദമ്പതികളും അഭിമുഖീകരിക്കുന്ന വിഷയമാണ്.
ഭാര്യയുടെ കാര്യങ്ങളില്‍ ഭര്‍ത്താവോ ഭര്‍ത്താവിന്റെ കാര്യങ്ങളില്‍ ഭാര്യയോ ഇടപെടില്ല. ഇങ്ങനെ ദമ്പതികള്‍ തമ്മിലുളള സംഭാഷണങ്ങള്‍ ചുരുങ്ങുന്നു. വീട്ടില്‍ യാതൊരുവിധ കലഹങ്ങളുമില്ല. പക്ഷേ സ്‌നേഹമില്ലാത്ത ബന്ധങ്ങളില്‍ മക്കള്‍ക്കു വേണ്ടിയോ സമൂഹത്തെ ബോധ്യപ്പെടുത്താനോ ദാമ്പത്യ ബന്ധങ്ങളില്‍ തുടരുന്നവരുമുണ്ട്.
എന്താണ് സൈലന്റ് ഡിവോഴ്സ്?
പങ്കാളിയുമായി മാനസികമായി അടുപ്പമില്ലാതെ ദാമ്പത്യത്തില്‍ തുടരുന്നതാണ് സൈലന്റ് ഡിവോഴ്‌സ്. സ്‌നേഹത്തിലല്ലാതിരുന്നിട്ടും സാമൂഹിക സമ്മര്‍ദ്ദത്തിനു വഴങ്ങി, അല്ലെങ്കില്‍ കുട്ടികള്‍ക്കുവേണ്ടി പല ദമ്പതികളും വിവാഹത്തില്‍ തുടരുന്നുണ്ടെന്ന് മാരേജ് കൗണ്‍സിലേഴ്‌സ് പറയുന്നു.
'സൈലന്റ് ഡിവോഴ്സ്' അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ആത്മബന്ധമോ, മതിയായ ആശയവിനിമയമോ നടക്കുന്നില്ല എന്ന് സൈക്കോളജിസ്റ്റുകളും പറയുന്നു. പുറത്തുനിന്നു നോക്കുമ്പോള്‍ ദമ്പതികളില്‍ പ്രശനം ഉളളതായി തോന്നില്ല, പക്ഷേ വീടിനുള്ളില്‍ ഇരുവരും വേറിട്ട ലോകങ്ങളില്‍ ജീവിക്കുന്നവരായിരിക്കും.
എന്തുകൊണ്ട് ബന്ധത്തില്‍ തുടരുന്നു?
തലമുറകളായി സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളെയും,കൂടുംബത്തിലെ ഒറ്റപ്പെടുത്തലുകളെയും ഭയന്ന് പലരും ഇഷ്ടമില്ലാത്ത ബന്ധത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ഔദ്യോഗിക ഡിവോഴ്സ് നിരക്ക് മറ്റ് രാജ്യങ്ങളിലേക്കാള്‍ താഴെയായിരിക്കുന്നത്.
സാമ്പത്തികമായി പങ്കാളിയെ ആശ്രയിക്കേണ്ടിവരുന്നവരുമുണ്ട്. മാറ്റങ്ങളോടുള്ള ഭയമാണ് മറ്റൊരു ഘടകം. നമ്മുടെ നാട്ടിലെ കുടുംബവ്യവസ്ഥയില്‍, വിവാഹമോചനം വ്യക്തികളുടെ മാത്രം കാര്യമല്ല, കുടുംബത്തിന്റെ മാനാഭിമാനം അതുകൊണ്ട് തകരും എന്ന മിഥ്യാധാരണയെ പലരും ഭയക്കുന്നു. 'സൈലന്റ് ഡിവോഴ്സ്' എന്നത് ഒരു ദിവസം ഉണ്ടാകുന്ന കാര്യമല്ല.
വര്‍ഷങ്ങളായി പങ്കാളികള്‍ക്കിടയിലുളള പ്രശ്‌നങ്ങളുടെയും അവഗണനയുടെ ഫലമാണ്. ഇത് ഒരു തരത്തില്‍ വ്യക്തിയെ പൂര്‍ണമായി ഇല്ലാതാക്കുമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.ബന്ധങ്ങളില്‍ ഒറ്റപ്പെടലും നിരാശയും വളരുന്നതാണ് ഇതിന് പ്രധാന കാരണം. കുട്ടികള്‍ക്ക് ഇത് ചെറുപ്പത്തില്‍ തന്നെ മനസ്സിലാകും. അവരുടെ മുന്നില്‍ കലഹിച്ചില്ലെങ്കിലും, അച്ഛനും അമ്മയും തമ്മില്‍ സ്‌നേഹം ഇല്ലെന്ന സത്യം അവര്‍ മനസ്സിലാക്കും. അവര്‍ക്ക് ഭാവിയില്‍ പുതിയ ബന്ധങ്ങളിലേക്ക് കടക്കാന്‍ അത് ബുദ്ധിമുട്ടാകുമെന്നും മാനസികാരോഗ്യ വിദഗ്ധര്‍ വിശദീകരിക്കുന്നു.
സൈലന്റ് ഡിവോഴ്സ് ബന്ധത്തെ മാത്രമല്ല, വ്യക്തികളെയും തളര്‍ത്തുന്നു. വര്‍ഷങ്ങളായി ഇങ്ങനെ ജീവിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നശിക്കുകയും, ഡിപ്രഷന്‍, ആകുലത, പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. മറ്റുളളവരെ തങ്ങള്‍ നന്നായി ജീവിക്കുന്നു എന്നു കാണിക്കാന്‍ ശ്രമിക്കുന്നതും മാനസികാരോഗ്യത്തെ ബാധിക്കും.
പരിഹാരമുണ്ടോ?
സൈലന്റ് ഡിവോഴ്സുകള്‍ക്ക് പരിഹാരമുണ്ട്, പക്ഷെ പങ്കാളിയോട് പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിക്കാനോ, കൗണ്‍സിലിങ്ങ് സഹായം തേടാനോ തയ്യാറാവണം. പങ്കാളിയോടുളള ആത്മബന്ധം തിരിച്ചുകിട്ടാന്‍ കൗണ്‍സിലിങ്ങിലൂടെ ശ്രമിക്കാം. അതിനുമപ്പുറം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയാണെങ്കില്‍ അതിനെ ബഹുമാനപൂര്‍വ്വം അംഗീകരിക്കാം. സഹനത്തിന്റെ മാതൃക അടുത്ത തലമുറയ്ക്ക് പകര്‍ന്നുകൊടുക്കരുത്. അവര്‍ സത്യസന്ധമായ സ്‌നേഹത്തിനും ആത്മാഭിമാനത്തിനും അര്‍ഹരാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore `Silent Divorce`, where couples live apart emotionally under the same roof. Understand its causes, impacts on individuals and children, and potential solutions.
Published: 20 Oct 2025, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented