ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങിയിട്ട് കുറച്ചധികം കാലമായി. ഇതില്‍ സ്ഥിരീകരണവുമായി രണ്ടുപേരും മുന്നോട്ടുവന്നിട്ടില്ലെങ്കിലും ഇത്തരം പ്രചാരണങ്ങള്‍ തുടരുകയാണ്. 

To advertise here,

എന്നാല്‍ ഇത്തരം കിംവദന്തികള്‍ക്ക് കൂട്ടായി പുതിയൊരു ചിത്രമാണ് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു പരിപാടിക്കിടെ അപ്രതീക്ഷിതമായ ഒരു ഫോട്ടോയില്‍ ഇരുവരും ഒന്നിച്ച് കാണപ്പെട്ടു. ഗില്‍ നടന്നുപോകുന്നതിനടുത്ത് സാറ ഇരിക്കുന്ന ഫോട്ടോയാണ് ഓണ്‍ലൈനില്‍ വൈറലാവുന്നത്. ചിത്രത്തിലുള്ള ഗില്ലിന്റെ പുഞ്ചിരിയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സംഘടിപ്പിച്ച ഫണ്ട് റെയ്‌സിങ് പരിപാടിക്കിടെയുള്ള ചിത്രങ്ങളാണത്. ഈ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ മുമ്പേ തന്നെ സാറാ ടെണ്ടുല്‍ക്കര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരുന്നു.

2025 ജൂലൈ 8-ന് ലണ്ടനില്‍ നടന്ന ഈ പരിപാടി, കാന്‍സര്‍ അവബോധത്തിനും ചികിത്സയ്ക്കുമായി ഫണ്ട് സ്വരൂപിക്കുന്നതിനായി യുവരാജ് സിങ് സംഘടിപ്പിച്ചതാണ്. അതില്‍ ശുഭ്മാന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും പങ്കെടുത്തു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, കെവിന്‍ പീറ്റേഴ്സണ്‍, ഇന്ത്യന്‍ ടെസ്റ്റ് ടീമംഗങ്ങള്‍ തുടങ്ങിയ ഉന്നതരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ശുഭ്മാനും സാറയും ഡേറ്റിംഗ് കിംവദന്തികളില്‍ പെടുന്നത് ഇതാദ്യമായല്ല. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നതെങ്കിലും, പരസ്പരം അണ്‍ഫോളോ ചെയ്തതോടെ അഭ്യൂഹങ്ങള്‍ തണുത്തു. മൂന്ന് വര്‍ഷത്തിലേറെയായി താന്‍ സിംഗിളാണെന്ന് ഈ വര്‍ഷം ആദ്യം ഗില്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇത്തരം ഊഹാപോഹങ്ങളെ അഭിസംബോധന ചെയ്തത്.

'ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളുമായി എന്നെ ബന്ധിപ്പിക്കുന്ന നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ എന്റെ പ്രൊഫഷണല്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വര്‍ഷത്തില്‍ 300 ദിവസവും ഞങ്ങള്‍ യാത്രയിലാണ്. അതിനാല്‍ ഒരു ബന്ധത്തിലും നിക്ഷേപിക്കാന്‍ സമയമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ദുബായില്‍ നടന്ന ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന്റെ ചിത്രങ്ങള്‍ നടി അവ്‌നീത് കൗര്‍ പങ്കുവെച്ചതിന് ശേഷം, ഗില്ലിന് അവരുമായി ബന്ധമുണ്ടെന്നും അടുത്തിടെ ആരോപണമുണ്ടായിരുന്നു. ഗില്ലിന്റെ ഗേള്‍ഫ്രണ്ട് എന്നു തുടങ്ങിയ നിരവധി കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു.