'സയ്യാര' എന്ന റൊമാന്റിക് സിനിമ ബോക്‌സോഫീസിൽ തരംഗം തീർത്തപ്പോൾ, സംവിധായകൻ മോഹിത് സൂരിയുടെ പ്രണയവും ഏറെ ചർച്ചചെയ്യപ്പെട്ടു. സെഹർ, വോ ലംഹെ, റാസ്, മർഡർ 2, ആഷിഖി 2, ഹമാരി അധൂരി കഹാനി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തതും മോഹിത് തന്നെ. എല്ലാം ചർച്ച ചെയ്യപ്പെട്ടവ തന്നെ.
ഈയടുത്ത് മോഹിത്തിനോട് മാധ്യമപ്രവർത്തകർ ഒരു ചോദ്യം ചോദിച്ചു, ''ജീവിതത്തിലെ ഏറ്റവും സ്‌പെഷലായിട്ടുള്ള നിമിഷം ഏതാണ്?'' അതിന് മോഹിത് നൽകിയ ഉത്തരമിങ്ങനെ, ''സെഹർ മുതൽ സയ്യാര വരെയുള്ള യാത്രയിൽ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരുനിമിഷം എന്റെ ഭാര്യയെ ആദ്യമായി കണ്ടുമുട്ടിയതാണ്.'' ആദ്യമായി കണ്ടതിനെക്കുറിച്ചും മോഹിത് വിവരിച്ചു.
''ഞാനന്ന് സഹസംവിധായകനായി ജോലിചെയ്യുകയാണ്. ഒരുദിവസം മുംബൈയിലെ ഒരു ജ്യൂസ് ഷോപ്പിലിരിക്കുകയായിരുന്നു, കൂടെ ഒരു സുഹൃത്തുമുണ്ട്. നേരെമുന്നിൽ ഒരു വലിയ പരസ്യബോർഡ് കണ്ടു, 'പാപ്' എന്ന സിനിമയുടെ പരസ്യബോർഡ്. അതിൽ ഉദിത ഗോസ്വാമിയാണ് ഉണ്ടായിരുന്നത്. കുറേനേരം ഞാനാ ചിത്രത്തിലേക്ക് നോക്കിയിരുന്നു. അവൾ ആരാണെന്ന് പോലും എനിക്കറിയില്ല. ഒടുവിൽ ഞാൻ സുഹൃത്തിനോട് പറഞ്ഞു, 'ഞാൻ ഈ പെൺകുട്ടിയെ വിവാഹം കഴിക്കും'. അന്ന് സ്വന്തമായൊരു സിനിമ വെറും സ്വപ്‌നമായിരിക്കുന്ന സമയമാണ്'', മോഹിത് ഓർക്കുന്നു.
അതുകഴിഞ്ഞ് മോഹിത്തും ഉദിതയും ആദ്യമായി കണ്ടുമുട്ടി. ''പാപ് സംവിധാനം ചെയ്തത് എന്റെ കസിനായ പൂജ ഭട്ടാണ്. അതുകൊണ്ട് സിനിമയുടെ പ്രീമിയറിന് എന്നെയും വിളിച്ചു. അവിടെവെച്ചാണ് ആദ്യമായി ഉദിതയെ നേരിട്ടുകാണുന്നത്. ഉദിതയ്ക്ക് പൂജ എന്നെ പരിചയപ്പെടുത്തിയതിങ്ങനെ, 'ഉദിത, ഇത് മോഹിത്. ഒരു സംവിധായകൻ ആവണമെന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. നിന്നെ വിവാഹം കഴിക്കാൻ മോഹിത് ആഗ്രഹിക്കുന്നു'. ശരിക്കും ഞാൻ ഞെട്ടി. പക്ഷേ അവിടെവെച്ചാണെന്ന് തോന്നുന്നു ഞങ്ങളുടെ കഥ തുടങ്ങുന്നത്''.
ആദ്യമായി സിനിമ സംവിധാനം ചെയ്യുമ്പോൾ ഉദിതയെ തന്നെ നായികയാക്കി മോഹിത്. മോഹിത്തിന്റെ സ്വപ്‌നസിനിമയായ 'സെഹറി'ലേക്കുള്ള ക്ഷണം ഉദിത സ്വീകരിച്ചു. മോഹിത്തിന്റെ കസിനും നടനുമായ ഇമ്രാൻ ഹാഷ്മിയാണ് സിനിമയിൽ നായകനായത്. സിനിമ റിലീസായപ്പോൾ ഇമ്രാൻ-ഉദിത കെമിസ്ട്രി ആളുകൾ ഏറ്റെടുത്തു. എന്നാൽ ക്യാമറയ്ക്കുപിന്നിൽ സംവിധായകനും നായികയും പ്രണയത്തിലാവുകയായിരുന്നു. തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങളും മറ്റും പ്രതിബന്ധമായെങ്കിലും അതൊന്നും അവരുടെ ബന്ധത്തെ തകർത്തില്ല. പരസ്പരം ഓരോ ഘട്ടത്തിലും അവർ താങ്ങും തണലുമായി.
സിനിമ എന്ന മോഹിത്തിന്റെ സ്വപ്‌നത്തെ ഉദിത എന്നും പിന്തുണച്ചു. ഒമ്പതുവർഷത്തെ പ്രണയത്തിനുശേഷം 2013 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. അതിനുമുമ്പും മോഹിത് സിനിമാഷൂട്ടിങ്ങുമായി തിരക്കുകളിലായിരുന്നു. അതുകൊണ്ട് വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തത് ഉദിത തനിയെയാണ്. അതിനെക്കുറിച്ച് മോഹിത് ഒരിക്കൽ പറഞ്ഞതിങ്ങനെ, ''ഒമ്പതുവർഷമായി ഞങ്ങൾക്ക് പരസ്പരമറിയാം.

സിനിമ പൂർത്തിയാക്കാതെ ഞാൻ വിവാഹത്തിന് വന്നാൽ അതെന്നെ സങ്കടപ്പെടുത്തുമെന്ന് അവൾക്കറിയാം. അതുകൊണ്ട് വിവാഹത്തിന്റെ കാര്യങ്ങളെല്ലാം അവൾ നോക്കി. നിങ്ങൾ സിനിമയുടെ കാര്യങ്ങൾ നോക്കിക്കോളൂവെന്ന് എന്നോട് പറഞ്ഞു''. വിവാഹത്തോടെ തന്റെ സ്വപ്‌നമായ ഡിജെ സീരിയസായി നോക്കാൻ ഉദിതയും തീരുമാനിച്ചു. അതോടെ അവർ സിനിമ വിട്ടു. ഇന്ന് പ്രൊഫഷണൽ ഡിജെയാണ് ഉദിത. രണ്ടുകുട്ടികളുമുണ്ട് ഉദിത-മോഹിത് ദമ്പതികൾക്ക്. ഇപ്പോഴും പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോൾ മോഹിത് പറയുന്നൊരു വാചകമുണ്ട്, ''ഇന്നും അവളുടെ പരസ്യബോർഡിലേക്ക് ആരാധനയോടെ നോക്കിനിന്ന അതേ പയ്യൻ തന്നെയാണ് ഞാൻ. എന്റെ ഉള്ളിലെ പ്രണയവും അതുപോലെ തന്നെ''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the fascinating love story of filmmaker Mohit Suri and actress Udita Goswami, from a chance encounter with a billboard to their eventual marriage
Published: 29 Sept 2025, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented