ബോളിവുഡിലെ മാതൃകാദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. മക്കളായ തൈമൂർ, ജഹാംഗീർ എന്നിവരെ തങ്ങളെങ്ങനെയാണ് മതം പഠിപ്പിക്കുന്നതെന്ന് (teaching religion) പറയുകയാണ് സെയ്ഫ് ഇപ്പോൾ.

"അവരുമായി സംസാരിക്കാൻ എനിക്കിഷ്ടമാണ്. ഞാനത്ര മതവിശ്വാസിയല്ല. എന്റെ അമ്മ എന്നെ പഠിപ്പിച്ചു, ഞാൻ എന്റെ കുട്ടികളെ പഠിപ്പിച്ചു, ഒരേയൊരു ദൈവമേയുള്ളൂ, അദ്ദേഹത്തിന് പല പേരുകളുണ്ട്. അത്രയേ ഉള്ളൂ. നിങ്ങൾ വിവിധ സ്ഥലങ്ങളിൽ അദ്ദേഹത്തെ ആരാധിക്കുന്നു. നിങ്ങളുടെ മതം സ്നേഹത്തെയും സഹജീവികളോടുള്ള ക്ഷമയെയും കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അത് തന്നെ ധാരാളമാണ്."-സെയ്ഫ് പറഞ്ഞു. 

ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ചുറ്റുപാടിൽ വളർന്ന കാലത്തെപ്പറ്റിയും അദ്ദേഹം ഓർത്തെടുത്തു, ചർച്ചുകളിൽ സമയം ചെലവഴിച്ചിട്ടുണ്ട്, ഓരോ ദിവസവും  പ്രാർത്ഥനയോടെ ആരംഭിക്കുന്ന സ്കൂളുകളിൽ പഠിച്ചതായും അദ്ദേഹം പറഞ്ഞു.

"കുട്ടികൾ പ്രാർത്ഥന ചൊല്ലുമായിരുന്നു, അതിനുശേഷം മറ്റ് മതങ്ങളുടെ പ്രാർത്ഥനകളും. അവർ ക്രിസ്തുമസ് ആഘോഷിച്ചത് ദീപാവലി ആഘോഷിച്ചത് പോലെ തന്നെയായിരുന്നു." അദ്ദേഹം വെളിപ്പെടുത്തി.

മതവും രീതിശാസ്ത്രവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് തൈമൂറുമായി അടുത്തിടെയുണ്ടായ സംഭാഷണത്തെക്കുറിച്ചും സെയ്ഫ് ഓർത്തു. ഒൻപതുകാരനായ തൈമൂറിന്റെ പ്രതികരണം തന്നെ ആകർഷിച്ചുവെന്നും സെയ്ഫ് പറഞ്ഞു- 'മതത്തിൽ നമ്മൾ പ്രാർത്ഥിക്കുന്നു, രീതിശാസ്ത്രത്തിൽ നമ്മൾ പ്രാർത്ഥിക്കുന്നില്ല' എന്നതായിരുന്നു അവന്റെ മറുപടി, അത് നല്ല ഉത്തരമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ നിരന്തരം ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. എന്റെ അമ്മക്ക് ഇത്തരം കാര്യങ്ങളിൽ തുറന്ന മനസ്സായിരുന്നു, എന്റെ ഭാര്യക്കും. ഇത് കൂടുതൽ ആത്മീയമായ സമീപനമാണെന്നും സെയ്ഫ് പറഞ്ഞുവെച്ചു.

2007-08 കാലഘട്ടത്തിലാണ് സെയ്ഫും കരീനയും അടുപ്പത്തിലാവുന്നത്, ഇരുവരും ഒന്നിച്ച് ഒരു ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് അടുപ്പം തുടങ്ങുന്നത്. ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം, 2012 ഒക്ടോബർ 16 ന് മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വിവാഹിതരുമായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi