സന്തോഷവാര്‍ത്ത പങ്കുവെച്ച് നടന്‍ റാം ചരണും ഭാര്യയും സംരംഭകയുമായ ഉപാസന കാമിനേനി കൊനിഡെലയും. താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന് ഉപാസന അറിയിച്ചു. അതിഥികള്‍ സമ്മാനങ്ങളുമായി വന്ന് അനുഗ്രഹിക്കുന്ന ദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു കൊണ്ടാണ് അവര്‍ ഈ വാര്‍ത്ത അറിയിച്ചത്.

To advertise here,

അടുത്തിടെ ഒരു ചടങ്ങില്‍ ഉപാസനയെ കണ്ടപ്പോള്‍ ഇവര്‍ക്ക് ബേബി ബമ്പ് ഉണ്ടെന്ന തരത്തില്‍ ആരാധകരുടെ പരാമര്‍ശങ്ങളുണ്ടായിരുന്നു. റാം ചരണിനൊപ്പമാണ് അന്ന് അവര്‍ ചടങ്ങില്‍ എത്തിയത്. ദുപ്പട്ട കൊണ്ട് വയര്‍ ഭാഗികമായി മറച്ച് പതുക്കെ നടക്കുമ്പോള്‍, ചരണ്‍ ശ്രദ്ധയോടെ അവരെ സഹായിക്കുന്നുണ്ടായിരുന്നു. 

ഏറെ സന്തോഷവാനായിരിക്കുന്ന റാം ചരണിനെ ഇന്ന് പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം. 'ഈ ദീപാവലി ഇരട്ടി ആഘോഷത്തിന്റെയും ഇരട്ടി സ്നേഹത്തിന്റെയും ഇരട്ടി അനുഗ്രഹങ്ങളുടെയും ആയിരുന്നു' എന്നാണ് അവർ അതിന് അടിക്കുറിപ്പായി കുറിച്ചത്.

റാം ചരണിന്റെ അച്ഛന്‍ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ ഭാര്യയും അതിഥികളെ സ്വാഗതം ചെയ്യുകയും ഒരുക്കങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. വരുണ്‍ കൊണിഡേലയും ചടങ്ങില്‍ പങ്കെടുത്തു. നടി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും ഉപാസനയെ അനുഗ്രഹിക്കാനെത്തിയിരുന്നു. വെങ്കിടേഷ് ദഗ്ഗുബതിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ആരാധകരും പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 'പുതിയ തുടക്കങ്ങള്‍' എന്ന് എഴുതിക്കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. 2012ലാണ് റാം ചരണും ഉപാസനയും വിവാഹിതരായത്. 2023-ല്‍ ഇവര്‍ക്ക് ക്ലിന്‍ കാര എന്ന് പേരുള്ള മകളും ജനിച്ചു.

മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍, ക്ലിൻ കാരയെ മാധ്യമശ്രദ്ധയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് ഉപാസന സംസാരിച്ചിരുന്നു. 'എനിക്കറിയില്ല. ലോകം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്, മാതാപിതാക്കളെന്ന നിലയില്‍ ചില സംഭവങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്.

എങ്കിലും, കുഞ്ഞിന് സ്വാതന്ത്ര്യം നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിമാനത്താവളം പോലുള്ള പൊതുസ്ഥലങ്ങളില്‍ അവളുടെ മുഖം മറയ്ക്കുന്നത് അമ്മയ്ക്കും അച്ഛനും കുഞ്ഞിനുമെല്ലാം വലിയൊരു ജോലിയാണ്. അതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.' എന്നാണ് അവര്‍ പറഞ്ഞത്.

നിലവില്‍ 'പെഡ്ഡി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് റാം ചരണ്‍. 2026 ല്‍ സുകുമാറിന്റെ അടുത്ത ചിത്രത്തിന്റെ ജോലികള്‍ അദ്ദേഹം ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi