നടനും നിർമാതാവുമായ ജാക്കി ഭഗ്നാനി താനും ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചത് വൻവിവാദമായിരുന്നു. ഭാര്യയും നടിയുമായ രാകുൽ പ്രീത് സിങ്ങും താനും തമ്മിലുള്ളത് ഒരു 'സിറ്റുവേഷൻഷിപ്പ്' ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു ജാക്കി ഇങ്ങനെ പറഞ്ഞത്. ''രാകുലും ഞാനും വിവാഹിതരാണ്. പക്ഷേ ഞങ്ങൾ ഒരു സിറ്റുവേഷൻഷിപ്പിൽ ഉള്ളതുപോലെയാണ്. തീർച്ചയായും ഞങ്ങൾ പരസ്പരം എക്‌സ്‌ക്ലൂസീവ് ആണ്. അതുകൊണ്ടാണ് ഞങ്ങൾ വിവാഹിതരായത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്ക് അവളോട് എന്തും സംസാരിക്കാൻ കഴിയും എന്നതാണ്''.

To advertise here,

വിവാഹത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ച് ജാക്കി കൂടുതൽ സംസാരിച്ചു. ഇരുവരും ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തി എന്ന നിലയിൽ താൻ സംതൃപ്തനാണെന്നും വൈകാരിക വിടവ് നികത്താൻ ഒരു പങ്കാളിയെ അന്വേഷിക്കുന്നില്ലെന്നും ജാക്കി കൂട്ടിച്ചേർത്തു.

''വ്യക്തിപരമായി, ഞാൻ ഒരു സന്തുഷ്ട വ്യക്തിയാണ്. ഒരു ശൂന്യത നികത്താൻ ഞാൻ ആരെയും അന്വേഷിക്കുന്നില്ല, കാരണം ഞാൻ ഒരു വിഷാദരോഗിയാണെങ്കിൽ, എന്റെ ജീവിതത്തിലേക്ക് ആരൊക്കെ വന്നാലും, ഞാൻ വിഷാദത്തിലായിരിക്കും. അതുകൊണ്ട് നമ്മുടെ സന്തോഷത്തിന് മറ്റൊരാളെ ആശ്രയിക്കേണ്ടതില്ല''.

രാകുലും ഇതേ അഭിമുഖത്തിൽ സമാനമായ കാഴ്ചപ്പാടാണ് പങ്കുവെച്ചത്. ജീവിതത്തിലെ വിടവുകൾ നികത്താൻ പരസ്പരം ആശ്രയിക്കേണ്ടതില്ലെന്ന് അവർ പറഞ്ഞു. ''നിങ്ങളെന്നെ വെക്കേഷൻ ആഘോഷിക്കാൻ എങ്ങോട്ടും കൊണ്ടുപോയില്ല, അതിനാൽ ഞാൻ അസന്തുഷ്ടയാണ് എന്നല്ല ഞാൻ ചിന്തിക്കുന്നത്. എനിക്ക് ഒറ്റയ്ക്ക് യാത്രകൾ പോകാൻ കഴിയും. അതാണ് കാര്യം. ജീവിതത്തിൽ ഇതിലും കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് കരുതുന്നു''. വിവാഹശേഷവും ആ ബന്ധത്തെ സിറ്റുവേഷൻഷിപ്പ് എന്ന് വിശേഷിപ്പിച്ചതിനാലാണ് ജാക്കിക്കെതിരെ വിമർശനങ്ങളുണ്ടായത്.

പിന്നാലെ അതിനുള്ള മറുപടിയുമായി രാകുൽ എത്തി. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അവർ തന്റെ അഭിപ്രായം അറിയിച്ചത്. ''ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിലെ ഒരു വരി പെട്ടെന്ന് എങ്ങനെ തലക്കെട്ടായി മാറുന്നു എന്നതിനെക്കുറിച്ചോർത്ത് ഇന്ന് ഞങ്ങൾ ഒരുപാട് ചിരിച്ചു. രസകരം... അങ്ങനെയാകാത്തിടത്തോളം. സന്ദർഭം പ്രധാനമാണ്. സൂക്ഷ്മത പ്രധാനമാണ്. സംഭാഷണങ്ങൾ ക്ലിക്ക്‌ബെയ്റ്റായി ചുരുങ്ങുന്നതിനേക്കാൾ കൂടുതൽ നല്ലത് അർഹിക്കുന്നു''. ഫെബ്രുവരി 2024-ലാണ് രാകുലും ജാക്കിയും ഗോവയിൽവെച്ച് വിവാഹിതരായത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi