പ്രിയപ്പെട്ടവരേ, തുടക്കത്തിലുണ്ടായിരുന്ന വൈവിധ്യം ഈ കുറിപ്പുകളില്‍നിന്ന് മറഞ്ഞുതുടങ്ങിയിരിക്കുന്നുവെന്നും അവ ഏറെ വ്യക്തിപരമായിപ്പോകുന്നുവെന്നും ഓര്‍മിപ്പിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി. ഈ കുറിപ്പുകളെ ഒറ്റയൊറ്റയൂണിറ്റുകളായി കാണുമ്പോള്‍ അത് സ്വാഭാവികമാണ്. അവ ഒന്നുചേര്‍ന്ന് മറ്റൊരു രൂപത്തിലാവുമെന്നും അപ്പോള്‍ അതിന്റെ സ്വഭാവം മറ്റൊന്നാവാന്‍ സാധ്യതയുണ്ടെന്നും ഞാന്‍ നേരത്തേ സൂചിപ്പിച്ചത് ഓര്‍ക്കുമല്ലോ.
പല ഭാഗത്തുനിന്നും വിളിച്ചും കത്തെഴുതിയും സ്വന്തം ജീവിതത്തിലെ സംഭവങ്ങളറിയിക്കുകയും അവയെപ്പറ്റി എഴുതാനാവശ്യപ്പെടുകയും ചെയ്ത മനുഷ്യരോട് നന്ദിയുണ്ട്. അവരില്‍ ചിലരുടെയെങ്കിലും അനുഭവങ്ങള്‍കൂടി ഇക്കൂട്ടത്തിലുണ്ട്. എങ്കിലും ഈ കുറിപ്പുകള്‍ എന്തിനെങ്കിലുമുള്ള ഒറ്റമൂലിയല്ല. ഏത് കളിയായാലും അതിന് ചില പൊതുനിയമങ്ങളുണ്ട്. ലോകം മുഴുവന്‍ അത് ഒരേ സ്വഭാവം പുലര്‍ത്തുമ്പോഴും ഓരോരുത്തരും കളിക്കുന്നത് അവരവരുടെ മാത്രം സവിശേഷമായ കളിയാണ്. എന്റെ ക്രിക്കറ്റല്ല, നിങ്ങളുടെ ക്രിക്കറ്റ് എന്നര്‍ഥം. എത്രതന്നെ പഠിച്ചാലും തയ്യാറെടുത്താലും ജീവിതത്തിന്റെ ക്രീസ് മറ്റൊന്നായിരിക്കും നിങ്ങളോടാവശ്യപ്പെടുക. നമുക്ക് തുടരാം. അതിനുമുന്‍പ് മഞ്ജുവിന്റെ കഥ പറയാം.
അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായിരുന്നു അവള്‍. പ്രണയവിവാഹമായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ത്തന്നെ ആ ബന്ധത്തില്‍ വിള്ളല്‍ വീണു. ഒരു കുട്ടിയുണ്ടായി അതിന് മൂന്നുവയസ്സ് തികയുന്നതിനുമുന്‍പ് ഭര്‍ത്താവ് ബന്ധുവായ മറ്റൊരു യുവതിക്കൊപ്പം താമസവുമായി. അയാളുടെ വീട്ടുകാര്‍ക്ക് അത് സ്വീകാര്യമായിരുന്നുവെന്നതാണ് കൗതുകം. പക്ഷേ, മഞ്ജുവുമായുള്ള ബന്ധം വേര്‍പെടുത്തുന്ന കാര്യത്തില്‍ അവര്‍ വലിയ താത്പര്യം കാണിച്ചില്ല. വിവാഹംതന്നെ അംഗീകരിക്കാത്ത സ്ഥിതിക്ക് മോചനക്കാര്യം തങ്ങള്‍ എന്തിന് പരിഗണിക്കുന്നുവെന്നതായിരുന്നു അവരുടെ വാദം. കുട്ടിയുള്ള സ്ഥിതിക്ക് വേണമെങ്കില്‍ മഞ്ജുവിനുകൂടി അവര്‍ക്കൊപ്പം താമസിക്കാം! കൊടുക്കാനുള്ള നഷ്ടപരിഹാരം ഒഴിവാക്കാനുള്ള നല്ല വഴികൂടിയായിരുന്നു അത്. മറ്റൊരു വീട് അവളുടെ അഭിമാനപ്രശ്‌നമായി. കാര്യമായ വരുമാനമൊന്നുമില്ലാതെ വാടകയ്ക്ക് ഒരു വീടെടുക്കാന്‍ അവള്‍ക്ക് സാധ്യവുമല്ല.
ഒരു ഞായറാഴ്ച പുതിയ ഭാര്യയുമായി അയാള്‍ സ്വന്തം വീട്ടിലേക്കെത്തി. അവിടെനിന്ന് ഇറങ്ങുകയല്ലാതെ മഞ്ജുവിന് വേറൊരു വഴിയുമുണ്ടായിരുന്നില്ല. സ്വന്തം വീട്ടിലെത്തി അവരോട് കെഞ്ചിയും കൈനീട്ടിയും കഷ്ടിച്ച് ഒരുവര്‍ഷം അവള്‍ പിടിച്ചുനിന്നു. തങ്ങളുടെ ഇഷ്ടമില്ലാതെ വിവാഹംകഴിച്ചവള്‍ അനുഭവിക്കട്ടെ എന്നായിരുന്നു ആദ്യം വീട്ടുകാരുടെ നിലപാട്. ആദ്യമൊക്കെ അവഗണിച്ചെങ്കിലും ശല്യം എന്നേക്കുമായി വീട്ടില്‍നിന്ന് ഒഴിഞ്ഞുപോകുമല്ലോ എന്ന് കരുതിയാവണം സഹോദരങ്ങള്‍ നല്‍കിയ ചെറിയ സഹായങ്ങളുടെ ബലത്തില്‍ പഴയതെങ്കിലും ഒരു കുഞ്ഞുവീടൊപ്പിക്കാന്‍ അവള്‍ക്ക് സാധിച്ചു. വലിയ മെച്ചമൊന്നുമില്ലെങ്കിലും ജീവിതം തട്ടിമുട്ടി മുന്നോട്ടുനീങ്ങി.
മകള്‍ പ്ലസ്ടു കഴിഞ്ഞ സമയത്ത് ഭര്‍ത്താവ് തിരിച്ചെത്തി. വളരെ അവകാശത്തോടുകൂടി ആ വീട്ടില്‍ താമസവുമായി. അതില്‍ ഇഷ്ടക്കേടുണ്ടെന്ന് സൂചിപ്പിച്ച തന്നെ രാജ്യദ്രോഹിയെ ന്നോണമാണ് സ്വന്തം വീട്ടുകാരും മകളും നോക്കിയത് എന്ന് പറഞ്ഞ് മഞ്ജു കുറേനേരം മിണ്ടാതിരുന്നു. ഇറങ്ങിപ്പോകാന്‍ പറഞ്ഞെങ്കിലും നിന്ദാസൂചകമായ ഒരു ചിരിയുമായി അയാള്‍ അവളുടെ കിടപ്പുമുറിയിലേക്ക് നടന്നത്രേ. മാസം നല്ലൊരു തുക ചികിത്സയ്ക്ക് ചെലവാക്കേണ്ട തരത്തില്‍ അയാള്‍ രോഗിയുമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. പുതിയ ഭാര്യ ഉപേക്ഷിച്ചുപോയതോടെ പ്രശ്‌നത്തിലായ അയാളെ പരിചരിക്കേണ്ടത് അപ്പോഴും വിവാഹബന്ധത്തില്‍നിന്ന് വിട്ടിട്ടില്ലാത്ത മഞ്ജുവാണെന്ന് അയാളുടെ വീട്ടുകാര്‍ നിശ്ചയിച്ച് പറഞ്ഞയച്ചതാണ്. അതില്‍ സാങ്കേതികമായോ ധാര്‍മികമായോ ഒരു പിഴവുമില്ലാത്തതുകൊണ്ട് മഞ്ജുവിന്റെ വീട്ടുകാര്‍ക്കും യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ജോലിക്ക് പോകാന്‍ സാധിക്കാതാവുകയും ചെറിയ വീട് വില്‍ക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തപ്പോള്‍ ഇനി ചികിത്സ തുടരേണ്ടതില്ല എന്നവള്‍ തീരുമാനിച്ചു. അയാളുടെ ഓഹരിയിലെ സ്വത്തിന് തുല്യമായ തുക ഇതുവരെയുള്ള ചികിത്സയ്ക്ക് ചെലവായതായി വീട്ടുകാര്‍ വരവുവയ്ക്കുകയും ചെയ്തതോടെ, അവള്‍ക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. തന്നെ വേണ്ടവിധം പരിചരിക്കാത്ത ഭാര്യയെക്കുറിച്ച് നാട്ടുകാരോടും ബന്ധുക്കളോടും പരമാവധി പരാതികളും അപവാദങ്ങളും പറഞ്ഞുനടന്നശേഷം അയാള്‍ ആത്മഹത്യ ചെയ്തു. അതോടെ കാര്യങ്ങളാകെ തലതിരിഞ്ഞു. തീക്കടലിലായിരുന്ന പഴയകാലത്ത് ഒപ്പമുണ്ടായിരുന്ന മനുഷ്യര്‍പോലും നിലവില്‍ മുഖം തിരിക്കുന്ന അവസ്ഥയെപ്പറ്റി മഞ്ജു വിവരിച്ചു. സാങ്കേതികമായി വിവാഹബന്ധം നിലനിന്നിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട രേഖകളെല്ലാം പല ആവശ്യങ്ങള്‍ക്കായി വേണ്ടിവരും. അതിനുള്ള നിലയ്ക്കാത്ത സഞ്ചാരമാണ് ഇപ്പോള്‍ അവളുടെ ജീവിതം.
എത്രപേര്‍ക്ക് ഇത് മനസ്സിലാകുമെന്നറിയില്ല. പക്ഷേ, മഞ്ജുവിന്റെ ജീവിതം എനിക്ക് ഉള്ളംകൈയില്‍ കാണാം. അവളുടെ നിലപാട് ശരിയായിരുന്നുവെന്നും നേരത്തേ വിവാഹബന്ധം വേര്‍പെടുത്താതിരുന്നതുമാത്രമാണ് അവളുടെ ഭാഗത്തെ പിഴവെന്നും എനിക്ക് മനസ്സിലാവും. എല്ലാ മനുഷ്യരും അവരുടെ പ്രവൃത്തികളുടെ ഉത്തരവാദികളാണ്. അല്പകാലം ഒപ്പം ജീവിച്ചുവെന്നതുകൊണ്ടുമാത്രം തങ്ങളുടെ പിഴവുകളുടെയും ബാധ്യതകളുടെയും ഭാരങ്ങള്‍ മറ്റൊരാളുടെ ചുമലില്‍ ചാരാനാവുന്ന തരം പ്രിവിലേജുകള്‍ ഇന്ത്യയില്‍ പുരുഷനാണുള്ളത്. അന്തംവിട്ട് പാഞ്ഞുനടന്ന് കുളമ്പ് പഴുക്കുമ്പോള്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കാന്‍ പങ്കാളിക്ക് ഒരു ബാധ്യതയുമില്ല. സാങ്കേതികതയുടെ പേരില്‍മാത്രം അത്തരം ഒരു ബന്ധത്തെയും നിലനിര്‍ത്തരുത്. ജീവിതാവസാനംവരെ പിന്തുടര്‍ന്ന് നായാടാന്‍ അതുമതിയാവും. ഒറ്റയാളും നിങ്ങളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കില്ല. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചോ സമയത്തെക്കുറിച്ചോ സന്തോഷത്തെക്കുറിച്ചോ സംസാരിക്കില്ല. പകരം അയ്യോ പാവം, അവസാനകാലത്ത് അയാളെ അവള്‍ പരിചരിച്ചില്ലെന്നുമാത്രം വിലപിക്കും.
പലദിക്കില്‍നിന്നുള്ള പലതരം സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി നിയമക്കുരുക്കുകളുമായി നടക്കാന്‍ വയ്യ, ബന്ധുക്കളെ മാനംകെടുത്താന്‍ വയ്യ, നാട്ടുകാരെ വിഷമിപ്പിക്കാന്‍ വയ്യ, കുട്ടികള്‍ക്ക് അച്ഛനില്ലാതാക്കാന്‍ വയ്യ, അകന്നുജീവിക്കാം, സാങ്കേതികമായി ബന്ധം നിലനിന്നോട്ടെ എന്ന് തീരുമാനിച്ച നിങ്ങള്‍ അക്കാരണംകൊണ്ട് ലോകത്തിന്റെ ഏകശത്രുവായി പ്രഖ്യാപിക്കപ്പെടും. മഞ്ജുവിനെ എനിക്കു മനസ്സിലാകുന്നത് അക്കാര്യത്തില്‍ ഞങ്ങള്‍ ഒരേതൂവല്‍പ്പക്ഷികളായതുകൊണ്ടാണ്.
സ്‌നേഹത്തെക്കുറിച്ച് നാം ഇതിനോടകം വളരെയധികം പറഞ്ഞുകഴിഞ്ഞു. തെറ്റിദ്ധരിക്കപ്പെടാന്‍ അപാരമായ സാധ്യതകളുള്ള ഒന്നാണ് ആ പദം. ശരിക്കുമുള്ള സ്‌നേഹമെന്താണ്, അതിന്റെ പ്രത്യക്ഷങ്ങളെന്താണ് എന്നൊക്കെ മനസ്സിലാക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. പലപ്പോഴും ചില ടോക്‌സിസിറ്റികളെയാണ് നാം സ്‌നേഹമെന്നു മനസ്സിലാക്കിവെയ്ക്കുക എന്നുമാത്രം ഓര്‍മ്മയുണ്ടാവണം. സിനിമയിലും സീരിയലിലുമൊക്കെ അതുകാണാന്‍ നല്ല ഭംഗിയുണ്ടാവും. യഥാര്‍ഥജീവിതത്തില്‍ അതല്ല സ്ഥിതി. 'ഗൃഹപ്രവേശം' എന്ന സിനിമയില്‍ ആകസ്മികമായി താലി മാറിക്കെട്ടിപ്പോയ നായകന്‍ നായികയെ തന്റെ വരുതിക്ക് കൊണ്ടുവരാന്‍ നടത്തുന്ന പ്രകടനങ്ങള്‍ കണ്ട് നാം കൈയടിച്ചിട്ടുണ്ട്. വേണ്ടാത്ത ഒരു ബന്ധവും സ്‌നേഹവുമാണ് അവളില്‍ കുത്തിത്തിരുകാന്‍ അയാള്‍ ശ്രമിക്കുന്നതെന്നല്ല നാം മനസ്സിലാക്കിയത്, 'കണ്ടോ അവന്റെ സ്‌നേഹം' എന്നാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഏറക്കുറെ അസാധ്യമായ ഒരവസ്ഥയാണിത്. ഒരനുഭവം പറയാം. ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്ന സമയത്ത് ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ഫോണ്‍ വരുന്നു. അജ്ഞാതമായ നമ്പറാണ്. എടുത്തപ്പോള്‍ അപരിചിതമായ സ്വരം. ശ്രീകുമാര്‍സാറിന്റെ ഭാര്യയല്ലേ എന്നു ചോദ്യം. അതേ എന്നു പറഞ്ഞപ്പോള്‍ കടുത്ത രോഷപ്രകടനം.
''സാറിനെ നെഞ്ചുവേദനയായിട്ട് ആശുപത്രിയിലെ ഐ.സി.യു.വില്‍ കിടത്തിയിരിക്കുകയാണ്. കൊണ്ടുവന്ന ഞാന്‍ ഡ്രസ്സ് മാറാനോ കുളിക്കാനോ നിവൃത്തിയില്ലാതെ ഇവിടെ നില്‍ക്കുകയാണ്. കൈയില്‍ പൈസയില്ല. നിങ്ങള്‍തമ്മിലുള്ള പ്രശ്‌നമൊന്നും എനിക്കറിയണ്ട. നിങ്ങളൊക്കെ മനുഷ്യരാണോ? ഇവിടെ ഇപ്പോള്‍ ആരെങ്കിലും വന്നേപറ്റൂ. ആര് വരുമെന്നു പറയണം.''
ആദ്യം പകപ്പുതന്നെയാണ് തോന്നിയത്. എല്ലാ വെറുപ്പുകള്‍ക്കും അമര്‍ഷങ്ങള്‍ക്കും അടിയിലൂടെ എന്തോ ഒരു നീരൊഴുക്കുണ്ട്. ഭാര്യ-ഭര്‍ത്താവ് എന്ന അധികാരബന്ധത്തിന്റെ അഭംഗികളൊക്കെ പിന്നീടാണല്ലോ. അദ്ദേഹം എന്റെ കുഞ്ഞുങ്ങളുടെ അച്ഛനാണ്, ജീവിതത്തിലെ ആദ്യത്തെ പുരുഷനുമാണ്.
അല്പനേരത്തിനുശേഷം ഞാന്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു. ആരാണ് വിളിക്കുന്നത്, ഏതാണ് ഹോസ്പിറ്റല്‍, എന്താണ് അവസ്ഥ?
പക്ഷേ, എന്റെ ചോദ്യത്തിന് അയാള്‍ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്.
''നിങ്ങളെന്താ എന്നെ ചോദ്യംചെയ്യുകയാണോ? സുഹൃത്തെന്നനിലയില്‍, വയ്യാത്ത മനുഷ്യനെ ആശുപത്രിയില്‍ കൊണ്ടുവന്നതാണോ കുറ്റം?''
തുടര്‍ന്ന് അയാള്‍ ചേര്‍ത്തലയിലെ പ്രമുഖമായ ഒരു ഹോസ്പിറ്റലിന്റെ പേരുപറഞ്ഞു.
''ഇപ്പോള്‍ ഇവിടെ ആരെങ്കിലും വരണം, ബാക്കിയുള്ളവര്‍ക്ക് വേറേ ജോലിയുണ്ട്.''
ഫോണ്‍ കട്ടായി. തിരിച്ച് പലതവണ വിളിച്ചെങ്കിലും എടുത്തില്ല. എന്താണു ചെയ്യേണ്ടതെന്നറിയാതെ കുറച്ചുനേരം ഇരുന്നു. ആരോടുപറഞ്ഞാലും കുറ്റപ്പെടുത്തലിന്റെ ഒരു നോട്ടം ആദ്യം വരും. പുരുഷന്‍ താണുകേണുപറഞ്ഞിട്ടും ദാമ്പത്യം പുനഃസ്ഥാപിക്കാന്‍ വഴിപ്പെടാത്ത ഒരു സ്ത്രീയെ ആരാണ് പിന്തുണയ്ക്കാനുള്ളത്? തനിയേയാണ് എന്ന തോന്നല്‍ ചിലനേരം പ്രാണവേദനയാണ്. പക്ഷേ, അതേ തോന്നല്‍ ചിലപ്പോള്‍ മനുഷ്യരെ ഉള്ളില്‍നിന്ന് ബലപ്പെടുത്തിയെന്നുവരും. ഒരാളുടെയും സ്‌നേഹവും പിന്തുണയും പരിഗണനയും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ പിന്നെന്താണ് ഭയക്കാനുള്ളത്? വലിയ ലോകത്ത് തനിച്ചാണ് എന്ന തോന്നലില്‍ ആദ്യമേതന്നെ തകര്‍ന്നുവീഴരുതെന്നുമാത്രം. അഥവാ വീണാലും എഴുന്നേറ്റുനില്‍ക്കാനാവണം. അങ്ങനെയാണെങ്കില്‍ ആദ്യത്തെ ഒരു വലിച്ചിലിനുശേഷം ഹൃദയത്തിനുപകരം തലച്ചോര്‍ പ്രവര്‍ത്തിച്ചുതുടങ്ങും, പ്രായോഗികബുദ്ധിയും യുക്തിയും ഉണരും.
കാര്യങ്ങളെല്ലാമറിയുന്നവര്‍ക്കുതന്നെ എന്നെ മനസ്സിലാകുന്നില്ല, എന്നിട്ടല്ലേ ഏതോ ഒരുത്തന്‍! അയാള്‍ ഫോണിലൂടെ ശകാരിച്ചാല്‍ ഞാന്‍ ഇല്ലാതായിപ്പോകുമോ? ചിലപ്പോള്‍ കാര്യങ്ങള്‍ അത്രയ്ക്ക് ഗുരുതരമായിരുന്നിരിക്കാം. അതാവാം അയാള്‍ അത്ര ഒച്ചയിട്ടത്. ഞാന്‍ പോയി മുഖം കഴുകി മുടി കെട്ടിവെച്ച് വന്നു. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ ശല്യപ്പെടുത്താതെ ഫോണുമായി പുറത്തേക്കുവന്നു. ഡയറക്ടറി നോക്കി അയാള്‍ പറഞ്ഞ ഹോസ്പിറ്റലിന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. പരമാവധി ശാന്തമായ സ്വരത്തില്‍ എന്റെ ഭര്‍ത്താവ് അവിടെ ഐ.സി.യു.വിലാണെന്നും അദ്ദേഹത്തിന്റെ സ്ഥിതിയറിയാന്‍ വിളിക്കുന്നതാണെന്നും പറഞ്ഞു. ഫോണെടുത്തയാള്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ക്ക് അത് കൈമാറി. ഏറ്റവും അനുതാപത്തോടെ അദ്ദേഹം കാര്യം കേട്ടു. രോഗിയുടെ പേര് ചോദിച്ചു. അന്വേഷിച്ച് തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. പത്തുമിനിറ്റില്‍ വിളിവന്നു. അങ്ങനെയൊരു രോഗി ഐ.സി.യു.വില്‍ ഇല്ല. കാഷ്വാലിറ്റിയിലും ഇല്ല. ഒ.പി.യില്‍ വന്നിരുന്നോ എന്നു നോക്കുന്നുണ്ട്. ചിലപ്പോള്‍ ഹോസ്പിറ്റലിന്റെ പേര് മാറിയതാവാം. അതും അന്വേഷിക്കാം. പരിഭ്രമിക്കണ്ട.
നന്ദിപറഞ്ഞ് ഫോണ്‍ വെച്ചിട്ട്, നേരത്തേ വിളിച്ച സുഹൃത്തിന്റെ നമ്പറില്‍ നിരവധിതവണ ഡയല്‍ചെയ്തു. ആരും എടുത്തില്ല. ഭര്‍ത്താവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. ചേര്‍ത്തലയുള്ള രണ്ടു പഴയ സഹപ്രവര്‍ത്തകരെ വിളിച്ചു. അവര്‍ അവിടെയുള്ള പ്രമുഖ ഹോസ്പിറ്റലുകള്‍ മുഴുവന്‍ അന്വേഷിച്ച് വിവരം തന്നു. ഇല്ല. ഒന്നുമില്ല. അങ്ങനെയാരും അഡ്മിറ്റല്ല.
ഞാന്‍ അമ്മയുടെ ഫോണില്‍നിന്ന് അയാളെ വിളിച്ചു. ഇത്തവണ കക്ഷി ഫോണെടുത്തു. ഏത് ഹോസ്പിറ്റലിലാണ് നിങ്ങള്‍ കാവലിരിക്കുന്നത് എന്നുചോദിച്ചപ്പോള്‍ ഇങ്ങോട്ട് അസഭ്യം പറഞ്ഞുതുടങ്ങി. അത്രയുമായപ്പോള്‍ അച്ഛനോട് വിവരം പറയാതിരിക്കാനായില്ല. പരിചയമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം എല്ലാം ചേര്‍ത്ത് സി.ഐ.ക്ക് ഒരു പരാതി മെയില്‍ചെയ്തു. രാത്രിയോടെ കാര്യങ്ങള്‍ക്ക് തീരുമാനമായി. സുഹൃത്തുക്കളെ രണ്ടുപേരെയും അവരുടെ താമസസ്ഥലത്തുനിന്നുതന്നെ പോലീസ് കണ്ടെത്തി. ഫോണ്‍ചെയ്ത് നാടകം കളിച്ച സുഹൃത്ത് അന്ന് പ്രൊബേഷന്‍ ഡിക്ലയര്‍ചെയ്തിട്ടില്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അയാള്‍ മദ്യപിച്ച് ചെയ്തുപോയതാണെന്നു പറഞ്ഞു. മാപ്പുപറഞ്ഞു. ഭാര്യയോടുള്ള സ്‌നേഹവും ഒപ്പം ജീവിക്കാനുള്ള ആഗ്രഹവും കാരണം താനാണ് ഇതൊക്കെ ചെയ്യിച്ചത്, സുഹൃത്തിന്റെ തൊഴിലിനെ ബാധിക്കുമെന്നതിനാല്‍ പരാതി മുന്നോട്ടുകൊണ്ടുപോകരുത് എന്നായിരുന്നു ഭര്‍ത്താവിന്റെ അപേക്ഷ. ആരെയും ഉപദ്രവിക്കണമെന്ന് എനിക്കില്ലായിരുന്നു. പക്ഷേ, എന്തിന്റെ പേരിലായാലും അത്തരമൊരു നാടകം സംവിധാനംചെയ്ത് സുഹൃത്തിനെക്കൊണ്ട് എന്നെ ശകാരിപ്പിക്കുകയും അതു കേട്ടിരിക്കുകയുമൊക്കെ ചെയ്ത ആളിന്റെത് സ്‌നേഹമാണെന്നു വിശ്വസിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പ്ലസ്ടു കുട്ടികള്‍പോലും ചിന്തിക്കാത്ത നിലവാരത്തിലുള്ള ആ സ്‌ക്രിപ്റ്റിനുപിന്നിലെ മാനസികാവസ്ഥ സ്‌നേഹമല്ല എന്ന് അംഗീകരിക്കാന്‍ പ്രയാസമുള്ളവരെ പിന്നെയും എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അത്തരം സ്‌നേഹം സ്‌ക്രീനിലും മനോരാജ്യത്തിലും കാണാന്‍ നല്ല രസമായിരിക്കും. ജീവിതത്തില്‍ അത് കഴുത്തിനുനേരേ നീളുന്ന കത്തിയാണ്.
എന്തായാലും ഈ സംഭവത്തെത്തുടര്‍ന്ന് ഒരു സഹതാപതരംഗമുണ്ടാവുകയും കാറ്റ് മാറിവീശിത്തുടങ്ങുകയും ചെയ്തുവെന്ന് എനിക്ക് മനസ്സിലായി. അസാധാരണമാംവിധം കാല്പനികവത്കരിക്കപ്പെട്ട സമൂഹമാണ് നമ്മുടെത്, പ്രത്യേകിച്ച് ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍.
Content Highlights: rajasree about indian marriages
Published: 26 Jan 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented