താടിയും മീശയും പുരുഷത്വത്തിന്റെ അടയാളങ്ങളായി, ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളായി പരിഗണിക്കപ്പെടുന്നു. കട്ട താടിയും കുറ്റിത്താടിയും ബുള്‍ഗാന്‍ താടിയും മാറി മാറി ട്രെന്‍ഡാകും. മീശയും ഓരോ കാലത്ത് ഓരോന്നാണ് ട്രെന്‍ഡ്. നിയമപരമായി വിലക്കുകളില്ലാത്ത സ്വതന്ത്ര ഏര്‍പ്പാടാണ് താടി വളര്‍ത്തലും മീശ വളര്‍ത്തലും. സ്‌റ്റൈലിങ്ങിന്റെയും പരിപാലനത്തിന്റെയും ചിലവ് ഒഴിച്ചുനിര്‍ത്തിയാല്‍ ട്രെന്‍ഡുകളെല്ലാം ഫ്രീയാണ്. ഇതിനൊക്കെ നികുതി ഉണ്ടായിരുന്നെങ്കിലോ?
അങ്ങനെയുമുണ്ടായിരുന്നു ഒരു കാലം. താടി വെക്കുന്നത് ഒരു പത്രാസും ആഡംബരവുമായിരുന്ന കാലം. വാര്‍ഷിക നികുതി അടയ്ക്കുന്നവര്‍ക്ക് മാത്രമേ അന്ന് താടിവെക്കാന്‍ അവകാശം ഉണ്ടായിരുന്നുള്ളൂ.

താടിയില്ലാത്തത് കുറ്റകരമായി കണ്ട സമൂഹമാണ് റഷ്യയിലേത്. പുരുഷന്മാര്‍ക്ക് താടി വേണമെന്ന് പള്ളി കട്ടായം പറഞ്ഞു. എന്നാല്‍ റഷ്യന്‍ സമൂഹത്തെ ഒന്നു പുതുക്കിപ്പണിയണമെന്ന് വാശിയുണ്ടായിരുന്ന സാര്‍ പീറ്റര്‍ ഒന്നാമന്‍ താടി വളര്‍ത്തല്‍ നിറുത്തലാക്കാന്‍ തീരുമാനിച്ചു. മതത്തെ നേരെചെന്ന് എതിര്‍ക്കാന്‍ വയ്യാത്തതിനാല്‍ താടിക്ക് നികുതി ഏര്‍പ്പെടുത്തി. നികുതി ഈടാക്കാത്തവരെ പരസ്യമായി താടി വടിച്ചു ശിക്ഷിച്ചു. വ്യക്തിയുടെ സാമൂഹ്യനില അനുസരിച്ചാണ് നികുതി നിശ്ചയിച്ചിരുന്നത്. നികുതിയൊടുക്കിയവര്‍ക്ക് ചെമ്പിലോ വെള്ളിയിലോ പണിത ടോക്കണും നല്‍കുമായിരുന്നു.

നൽകിയിരുന്ന ടോക്കൺ/ Wikipedia
ഇംഗ്ലണ്ടും താടിക്ക് നികുതി നിശ്ചയിച്ച രാജ്യമാണ്. സാമ്പത്തിക ഞെരുക്കം വരുമ്പോള്‍ നികുതി ഉയരുമെന്ന് പ്രത്യേകം പറയണ്ടല്ലോ. പള്ളി വികാരിയുടെ താടിക്ക് നികുതിയേര്‍പ്പെടുത്തിയ രാജ്യമാണ് ഫ്രാന്‍സ്. ആ പണം റോമിനെതിരായ യുദ്ധത്തിനുള്ള ഫണ്ടിലേക്കാണ് പോയത്.
താടി വളര്‍ത്താത്തവരില്‍ നിന്നാണ് യെമനില്‍ നികുതി ഈടാക്കിയിരുന്നത്. അതായത് പണം ലാഭിക്കാന്‍ താടി വളര്‍ത്തണം എന്നര്‍ത്ഥം. ഇസ്ലാം രാഷ്ട്രങ്ങളില്‍ താടി വെക്കുന്നത് മതപരമായ ചിട്ടയുടെ ഭാഗമാണ്. താടി വെക്കാത്തത് കുറ്റകരവുമാണ്. പക്ഷേ, യെമനില്‍ പണമൊടുക്കാന്‍ കഴിവുള്ളവന് മതത്തിന്റെ ചിട്ടയെ കവച്ചുവെക്കാമായിരുന്നു.
Content Highlights: history of beard tax
Published: 16 Apr 2025, 02:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented