ദീപിക പദുകോണിന്റെ അച്ഛനെന്ന നിലയിലാണ് പുതിയ തലമുറയ്ക്ക് പ്രകാശ് പദുകോണിനെ അറിയുക. എന്നാൽ മുൻ ബാഡ്മിന്റൺ താരമെന്ന നിലയിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു പ്രകാശ് പദുകോൺ. 1980-ൽ പ്രകാശ് ലോക ഒന്നാം നമ്പർ താരമായി. അതേ വർഷം തന്നെ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി അദ്ദേഹം.

ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങിനിന്ന താരമായ മാധുരി ദീക്ഷിതിനോട് പ്രകാശ് പദുക്കോണിന് വലിയ ആരാധനയായിരുന്നു. നടിയുടെ വിവാഹവാർത്ത അറിഞ്ഞപ്പോൾ വിഷമം സഹിക്കാതെ അദ്ദേഹം ശുചിമുറിയിൽ കയറി വാതിലടച്ചിരുന്നുവത്രേ. കസിൻ ഉജ്ജ്വല പദുക്കോണിനെയാണ് പ്രകാശ് വിവാഹം കഴിച്ചത്. അതിനുശേഷമായിരുന്നു ഈ സംഭവമെല്ലാം.

2016-ൽ ദീപിക പദുക്കോണും മാധുരി ദീക്ഷിതും ഒന്നിച്ച് ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് തന്റെ അച്ഛന് മാധുരിയോടുണ്ടായിരുന്നു ആരാധന അവർ വെളിപ്പെടുത്തി. “എന്റെ അച്ഛന് നിങ്ങളോട് കടുത്ത ആരാധനയായിരുന്നു. ഞാൻ ഇന്ന് അദ്ദേഹത്തോട് പറഞ്ഞു, ഞാൻ ഇങ്ങനെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്, നിങ്ങൾ വരുന്നോ എന്ന്. നാണത്തോടെ അദ്ദേഹമത് നിരസിച്ചു''വെന്നും ദീപിക കൂട്ടിച്ചേർത്തു. “അദ്ദേഹം എപ്പോഴും സ്വന്തം കാര്യങ്ങളിൽ മുഴുകി ജീവിക്കുന്നയാളാണ് - ബാഡ്മിന്റൺ, കുട്ടികൾ, ഭാര്യ. നിങ്ങൾ വിവാഹിതയാകുന്നു എന്ന് പ്രഖ്യാപിച്ച ദിവസം, അദ്ദേഹം ശുചിമുറിയിൽ കയറി വാതിലടച്ചു. ഇന്നും ഞങ്ങളുടെ കുടുംബത്തിൽ ഇതൊരു തമാശയാണ്. അദ്ദേഹം അത്രയ്ക്ക് വിഷമിച്ചിരുന്നു. പുറത്തുവന്നപ്പോൾ കൺതടങ്ങൾ വീർത്തിരിക്കുന്നത് കണ്ടു. നിങ്ങൾ ശുചിമുറിയിലിരുന്ന് കരയുകയായിരുന്നോ എന്ന് എന്റെ അമ്മ ചോദിക്കുകയും ചെയ്തു”- ദീപിക പറഞ്ഞു നിർത്തിയപ്പോൾ, മാധുരിക്ക് ചിരിയടക്കാനായില്ല. 

ലോക ഒന്നാം നമ്പർ താരമായിരുന്നിട്ടും, ഒൻപത് വർഷത്തിന് ശേഷം ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പിൽ തോറ്റതിനെപ്പറ്റിയും നിരാശനായി തിരിച്ചുവന്നശേഷമാണ് ഉജ്ജ്വലയെ വിവാഹം ചെയ്തതെന്നും പ്രകാശ് ഒരിക്കൽ പറഞ്ഞിരുന്നു. പിന്നീട് കോപ്പൻഹേഗനിൽ ജോലി ലഭിച്ചതിനാൽ കുടുംബത്തോടെ അങ്ങോട്ടുമാറി. 1986-ൽ ദീപിക ജനിക്കുന്നത് വരെ അവിടെയാണ് കുടുംബം കഴിഞ്ഞിരുന്നത്. വിവാഹ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുൻപ് ഉജ്ജ്വല എയർ ഇന്ത്യയിലും ട്രാവൽ ഏജൻസിയിലും ജോലി ചെയ്തിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi