ദാരുണമായൊരു കപ്പല്‍ച്ചേതത്തില്‍ നിന്ന് കരയിലേക്ക് വഴികാട്ടുന്ന പ്രകാശഗോപുരമാണ് സൗഹൃദം. സങ്കടങ്ങളുടെ പെരുമഴയിലും സന്തോഷങ്ങളുടെ ഇളവെയിലിലും ഒരു കുടപോലെ അത് നമ്മെ പൊതിയും. ഓഗസ്റ്റിലെ ഒന്നാം ഞായറാഴ്ച സൗഹൃദ ദിനമാണ്. നമുക്ക് പ്രിയപ്പെട്ട രണ്ട് എഴുത്തുകാരികള്‍ പങ്കുവച്ച സൗഹൃദക്കുറിപ്പുകള്‍ ഇതാ...

പത്തുപേര്‍ക്ക്  പത്തു ഞാന്‍
കെ.രേഖ (എഴുത്തുകാരി)

placeholder
എന്റെ പ്രിയപ്പെട്ട പത്തു കൂട്ടുകാരെ ചേര്‍ത്തിരുത്തി അവര്‍ അല്പനേരം പറഞ്ഞു തീര്‍ത്താല്‍ തീരുന്നതേയുള്ളൂ എന്റെ ജീവിതകഥ. ഈ പത്തു പേരുടെ അടുത്തും പത്തുഞാനാണ്. കഥകളെല്ലാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒന്നും ഒന്നോടു ചേരാതെ വിളക്കിച്ചേര്‍ക്കാന്‍ പറ്റാതെ അവര്‍, പണിപ്പെടും. ഏറ്റവും അധികം സ്‌നേഹിച്ചത് സ്‌കൂള്‍ ക്ലാസ്സിലെ കൂട്ടുകാരി ജ്യോതിയെയായിരുന്നു. അവളെ സ്‌നേഹിക്കുമ്പോള്‍ ഞാനന്ന് അത്രയേറെ നിഷ്‌കളങ്കയായിരുന്നു. (കോളജിലേക്ക്, വിധു മിസ്സിന്റെ കാറില്‍ ഇടതുവശത്തിരുന്ന് സഞ്ചരിക്കുന്ന പുതിയ ഞാനത്ര നിഷ്‌കളങ്കയല്ല. ആ യാത്രയില്‍ ലോകത്തെ ഞങ്ങളാ കാറിലേക്ക് കൊണ്ടുവരും. ലോകത്തെക്കുറിച്ച് പറഞ്ഞുപറഞ്ഞങ്ങനെ ഒരു സൗഹൃദ യാത്ര). പിരുപിരുന്നനെ മുടിയുള്ള ഒരു നീഗ്രോ കുട്ടി അഞ്ചാം ക്ലാസ്സില്‍ പുതുതായി വന്നതറിഞ്ഞ് കാണാന്‍ വന്നതാണ്, ജ്യോതി. എന്റെ കറുപ്പും ആ നീഗ്രോ മുടിയും ഒരു പനിക്കാലം തിരിച്ചെടുത്തു. തേന്‍ നിറവും കോലു മുടിയുമായി.(ഇല്ലായിരുന്നെങ്കില്‍ ഞാനൊരു ഓപ്ര വിന്‍ഫ്രിയായേനെ!) പക്ഷേ, ജ്യോതിയുടെ കൂട്ടുകെട്ട് മധുരമൂറി വന്നു. 

ജേണലിസം ക്ലാസ്സിലാണ് 'പാര്‍ട്ണര്‍ ഇന്‍ ക്രൈം' എന്നു പറയാവുന്ന കൂട്ടുകാരെ കിട്ടുന്നത്. സൗഹൃദത്തിന്റെ ഉത്‌സവം. സിതാരയും ലേബിയും രൂപേഷും ശരത്തും ശ്രീജിത്തും ബാലേട്ടനുമൊക്കെ മുജ്ജന്മബന്ധമാണ്. കോളേജ് തല്ലിനിടയിലാണ് ഷിജോ ജോഷിനാഥന്റെ കൂട്ട് ഉണ്ടാകുന്നത്. കഥകളിക്കമ്പക്കാരിയായ രമയുടെ ഒറ്റപ്പാലത്തെ വീടാണ് എന്റെ എന്നത്തെയും പ്രതീക്ഷ. ഒരിക്കലും കണ്ടിട്ടില്ലാത്ത രാമമംഗലംകാരന്‍ സത്യനും കത്തുകളിലൂടെ കൂട്ടായ ഡോ.സന്ദീപും ഒക്കെ ഇല്ലാത്ത ജീവിതത്തെ ഇഷ്ടപ്പെടാന്‍ വയ്യ. 

ഇനിയും പേരു പറയാത്ത കുറേപ്പേര്‍. അവരോടാണ് കൂടുതല്‍ സ്‌നേഹം. അവരാണ് ജീവിതം ഉത്‌സവമാക്കുന്നത്. ഏതോ ദീര്‍ഘയാത്രയില്‍ ഒറ്റനോട്ടത്താല്‍ ചിരിയാല്‍ മനസ്സില്‍ കുടിയേറിയവര്‍ മുതല്‍. ആ മനുഷ്യരൊക്കെ ചേര്‍ന്ന് കളിക്കുന്ന റൂബിക്‌സ് ക്യൂബ് ആണ് എന്റെ ജീവിതം. 

ഒറ്റക്കൂട്ടുകാരില്ലാത്ത മനുഷ്യരെ സൂക്ഷിക്കണം. ഒന്നുകില്‍ അവര്‍ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കില്‍ അവര്‍ അപകടകാരികളാണ്.


ഉത്തരമില്ലാത്ത ചോദ്യം പോലെ
വി.കെ ദീപ (കഥാകാരി)

placeholder
സൗഹൃദത്തില്‍ പിശുക്കിയായിരുന്നു എല്ലാക്കാലത്തും. കുട്ടിക്കാലത്തുള്ള ചില കൂട്ടുകാര്‍ എനിക്കൊപ്പം വളര്‍ന്നു വലുതായി കൂട്ടുകാരായിത്തന്നെ എല്ലാക്കാലത്തും ഒപ്പം ഉണ്ടായി. അവരുടെമാത്രം സൗഹൃദത്തില്‍ ചുറ്റിത്തിരിഞ്ഞു. അതിനിടെയാണ് 'ഏതോ യുറാനസില്‍ ഒരു ശിവനും ഗംഗയും' വായിക്കുന്നത്. എസ്. സിതാര ഒരു കവിതാപുസ്തകത്തിന്റെ അവതാരികയില്‍ എഴുതിയ അനുഭവക്കുറിപ്പ്. എനിക്കത് അവിശ്വസനീയമായിത്തോന്നി. സൗഹൃദത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ത്തന്നെ കീഴ്‌മേല്‍ മറിഞ്ഞു. ഉപാധികള്‍ ഇല്ലാതെ ഒരു സ്ത്രീയ്ക്ക് ഇത്രമേല്‍ ഒരു പുരുഷനോട് സൗഹൃദപ്പെടാനാകുമോ. ആ കൗതുകമൊന്ന് ചോദിച്ചറിയണമല്ലോ...

കാലം, എനിക്കും അവള്‍ക്കും ഇടയില്‍ ഒരു അസാധാരണ സൗഹൃദം രൂപപ്പെടുത്തിക്കൊണ്ടാണ് ആ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞുതന്നത്. വല്ലപ്പോഴുമേ തമ്മില്‍ കാണാറുള്ളൂ. ഒപ്പം താമസിക്കാറുള്ളൂ. ഫോണ്‍ സംഭാഷണങ്ങള്‍ പോലും നന്നേ കുറവാണ്. എങ്കിലും എപ്പോള്‍ സംസാരിക്കുമ്പോഴും തൊട്ടുപിന്നിലെ നിമിഷമായിരുന്നു ഒടുവില്‍ സംസാരിച്ചത് എന്നപോലെ സംസാരിച്ചു തുടങ്ങാന്‍ കഴിയും.
 
അവള്‍ക്ക് മുന്നില്‍ ഒരിക്കലും എനിക്കെന്നെ വിശദീകരിക്കേണ്ടി വരാറില്ല. അനാവശ്യചോദ്യങ്ങളിലൂടെ എന്നിലേക്ക് നുഴഞ്ഞുകയറാന്‍ അവള്‍ ശ്രമിക്കാറുമില്ല. മറ്റേത് കൂട്ടുകാരില്‍ നിന്നും കിട്ടാത്ത സ്വാസ്ഥ്യമാണത്. എനിക്ക് എന്റെ സ്ഥിരം സൗഹൃദവലയത്തിനപ്പുറമുള്ള ഏക സൗഹൃദം അവള്‍ ആണെങ്കില്‍, അവള്‍ക്ക് ഞാന്‍ അവളുടെ എണ്ണമറ്റ സൗഹൃദങ്ങളില്‍ ഒന്ന് മാത്രമാവാം. എന്നിട്ടും എനിക്കതില്‍ കോംപ്ലക്‌സുകളൊന്നും ഇല്ല. എന്റെ ജീവിതത്തില്‍ ഞാന്‍ മറ്റാരോടും പറയില്ലെന്നുറപ്പുള്ള രഹസ്യങ്ങള്‍ പോലും അവളോട് പങ്കുവെക്കാന്‍ ഭയമേതുമില്ല. അത്രമേല്‍ സുതാര്യയാണ് ഞാന്‍ അവളോട്. എനിക്ക് തന്നെ അത്ഭുതം തോന്നും വിധം. അതെന്താവാം അങ്ങനെ?

ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ഉണ്ടെങ്കില്‍ ജീവിതത്തിനും ഇതു പോലുള്ള സൗഹൃദത്തിനും പിന്നെന്ത് ചന്തം.