19 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ടാണ് നടി നികോൾ കിഡ്മാനും ഗായകൻ കീത്ത് അർബനും വേർപിരിഞ്ഞത്. മാസങ്ങൾ മുമ്പേ ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒടുവിലാണ് വിവാഹമോചനത്തിലേക്ക് എത്തുന്നതും. നികോളിന് പിരിയാൻ താത്പര്യമില്ലായിരുന്നുവെന്നും ഒടുവിൽ ഒരേ തീരുമാനത്തിലെത്തുകയായിരുന്നുവെന്നും 'പീപ്പിൾ' റിപ്പോർട്ട് ചെയ്യുന്നു.
2005 ജനുവരിയിൽ ഒരു പരിപാടിയിൽവെച്ചാണ് അവരാദ്യമായി കണ്ടുമുട്ടുന്നത്. തമ്മിൽ ഒരടുപ്പം തോന്നി. പരസ്പരം ഫോൺനമ്പറുകൾ കൈമാറി. നികോളിന് ഒറ്റനോട്ടത്തിൽ പ്രണയം തന്നെയായിരുന്നു. കീത്ത് പിന്നെയും സമയമെടുത്തു. അതിനെക്കുറിച്ച് നികോൾ പറഞ്ഞതിങ്ങനെ, ''എനിക്ക് അദ്ദേഹത്തോട് ഭീകരപ്രണയമായിരുന്നു. ഫോൺനമ്പർ കൊടുത്തിട്ടും നാലുമാസത്തോളം അദ്ദേഹം എന്നെ വിളിച്ചതേയില്ല''. നാലുമാസത്തിനുശേഷമാണ് അദ്ദേഹം പ്രണയം തുറന്നുപറയുന്നത്.
അതേവർഷം തന്നെ ഡേറ്റിങ് തുടങ്ങി. ആ വർഷത്തെ നികോളിന്റെ പിറന്നാൾ കീത്ത് കുറച്ച് സ്‌പെഷലാക്കുകയും ചെയ്തു. ഒരു വലിയ ബൊക്കെയുമായി പുലർച്ചെ അഞ്ചുമണിക്ക് നികോളിന്റെ വീട്ടിലെത്തി കീത്ത്. 'ഞാൻ വിവാഹം കഴിക്കേണ്ടയാൾ ഇതാണ്' എന്ന് തോന്നിയ സന്ദർഭം അതായിരുന്നുവെന്ന് പിന്നീട് നികോൾ പറഞ്ഞിട്ടുണ്ട്. 2006 ജൂണിൽ സിഡ്‌നിയിൽവെച്ചുള്ള മനോഹരമായ ചടങ്ങിൽ അവർ വിവാഹിതരായി. വിന്റേജ് റോൾസ് റോയ്‌സിൽ ഒരു സ്വപ്നംപോലെയാണ് നികോൾ വന്നിറങ്ങിയത്.
വിവാഹംകഴിഞ്ഞ് നാലുമാസത്തിനുള്ളിൽ തന്നെ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങൾ തുടങ്ങി. അമിതമായ മദ്യപാനവും ലഹരിഉപയോഗവും കീത്തിനെ വലച്ചുകൊണ്ടേയിരുന്നു. അതിനും നികോൾ വഴികണ്ടു. കീത്തിനെ ഒരു പുനരധിവാസകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് ഒരഭിമുഖത്തിൽ കീത്ത് പറഞ്ഞതിങ്ങനെ, ''നികോൾ അങ്ങനെയൊരു തീരുമാനമെടുത്തത് വളരെ നന്നായി. അക്കാര്യത്തിൽ അവളോട് ഒരുപാട് നന്ദിയുണ്ട്''.
2008-ൽ നികോൾ ഗർഭിണിയാണെന്ന് ദമ്പതികൾ വെളിപ്പെടുത്തി. അന്ന് നികോൾ ഓസ്‌ട്രേലിയയിലായിരുന്നു. കീത്ത് സംഗീതപരിപാടികൾക്കായി ലോസ് ആഞ്ചലിസിലും. നികോളിന്റെ ആദ്യത്തെ സ്‌കാനിങ്ങിനായി മാത്രം കീത്ത് ഓസ്‌ട്രേലിയയിലെത്തി, 14 മണിക്കൂർ യാത്രചെയ്തിട്ടായിരുന്നു വരവ്. അതുകഴിഞ്ഞയുടനെ തിരിച്ച് ലോസ് ആഞ്ചലിസിലേക്ക് പറന്നു. രണ്ടുവർഷത്തിനുള്ളിൽ അടുത്ത കുഞ്ഞും ജനിച്ചു. ഓരോ സന്ദർഭങ്ങളിലും പരസ്പരമുള്ള പ്രണയം അവർ പ്രകടിപ്പിച്ചു. ''എന്റെ ജീവിതത്തിലെ ഏറ്റവും അഗാധമായ പ്രണയം'' എന്നാണ് കീത്തിനെ നികോൾ എപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ഒടുവിൽ വിവാഹമോചനത്തിലെത്തുമ്പോൾ, അത് ഇരുവരെയും സംബന്ധിച്ചിടത്തോളം വലിയ തീരുമാനമാണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Nicole Kidman and Keith Urban are reportedly divorcing after 19 years of marriage
Published: 30 Sept 2025, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented