ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു ഋഷി കപൂറും നീതു കപൂറും. 'മേരാ നാം ജോക്കർ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഋഷി കപൂർ, തന്റെ അഭിനയമികവുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരുടെ മനം കവർന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 1980 ജനുവരി 22-ന് നീതുവിനെ ജീവിതസഖിയാക്കിയപ്പോൾ പല ആരാധകർക്കും അത് നിരാശയായി. എന്നാൽ വിവാഹശേഷവും സഹനടികളുമായി ചേർത്ത് ഋഷി കപൂറിന്റെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

To advertise here,

വിവാഹജീവിതത്തിന്റെ തുടക്കത്തിൽ ഇത്തരം വാർത്തകൾ നീതുവിനെ അസ്വസ്ഥയാക്കിയിരുന്നു. പിന്നീട് സിനിമാലോകത്തെ ഗോസിപ്പുകളോട് പൊരുത്തപ്പെടാനും പലതും കണ്ടില്ലെന്ന് നടിക്കാനും അവർ പഠിച്ചു. പഴയൊരു അഭിമുഖത്തിൽ ഋഷിയുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള വാർത്തകളെ 'പാസിങ് ഫാൻസികൾ' എന്നാണ് നീതു വിശേഷിപ്പിച്ചത്.

"പല തവണ ഞാൻ അദ്ദേഹത്തെ കയ്യോടെ പിടികൂടിയിട്ടുണ്ട്. ഔട്ട്ഡോർ ലൊക്കേഷനുകളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആദ്യം അറിയുന്നത് എപ്പോഴും ഞാനായിരിക്കും. പക്ഷേ അതൊക്കെ വെറും വൺ-നൈറ്റ് സ്റ്റാൻഡുകൾ മാത്രമാണെന്ന് എനിക്കറിയാം. ഇക്കാര്യത്തിൽ ഞാൻ അദ്ദേഹവുമായി വഴക്കുണ്ടാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ നിലപാട് ഇതാണ് - പൊയ്ക്കോളൂ, എത്രനാൾ ഇത് തുടരുമെന്ന് നമുക്ക് കാണാം."

ഇൻഡസ്ട്രിയിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉള്ളതുകൊണ്ടാണ് ഋഷിയുടെ നീക്കങ്ങളെക്കുറിച്ച് വേഗത്തിൽ അറിയാൻ കഴിഞ്ഞതെന്ന് നീതു വ്യക്തമാക്കിയിരുന്നു. ഋഷി ഒരിക്കലും തന്നിൽ നിന്ന് ഒന്നും ഒളിപ്പിച്ചുവെച്ചിരുന്നില്ലെന്നും, ചെയ്ത കാര്യങ്ങൾ തുറന്നു സമ്മതിക്കാറുണ്ടായിരുന്നു എന്നും അവർ പറഞ്ഞു. എന്നാൽ, ഗോസിപ്പുകളുടെ പേരിൽ താൻ എന്തുകൊണ്ട് വഴക്കിടുന്നില്ല എന്നതായിരുന്നു ഋഷിയെ കുഴക്കിയിരുന്ന കാര്യം.

ദാമ്പത്യത്തിൽ ഋഷി കപൂറിനുണ്ടായിരുന്ന അടുപ്പങ്ങളെക്കുറിച്ച് നീതു മുന്നോട്ടുവെച്ച കാഴ്ചപ്പാട് അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. പരസ്പരം വലിയ ആത്മവിശ്വാസമുള്ളവരാണ് തങ്ങളെന്നും കുടുംബത്തിനാണ് അദ്ദേഹം എപ്പോഴും ഒന്നാം സ്ഥാനം നൽകുന്നതെന്നും നീതു കരുതി. താനുമായി അത്രയധികം ആത്മബന്ധവും ആശ്രയത്വവും ഉള്ളതുകൊണ്ട് ഋഷി ഒരിക്കലും തന്നെ വിട്ടുപോകില്ലെന്ന് അവർ ഉറച്ചുവിശ്വസിച്ചു. സ്വഭാവത്തിൽ അൽപം പ്രണയചേഷ്ടകളും ചാഞ്ചാട്ടങ്ങളുമുള്ളവരാണ് പുരുഷന്മാരെന്നും, അവർക്ക് അൽപം സ്വാതന്ത്ര്യം നൽകണമെന്നും കെട്ടിയിടാൻ കഴിയില്ലെന്നുമായിരുന്നു നീതുവിന്റെ നിലപാട്.

ജൂഹി ചൗള, ദിവ്യ ഭാരതി, ടിന മുനിം തുടങ്ങി നിരവധി നായികമാരുടെ പേരുകൾ ഋഷി കപൂറിനൊപ്പം ചേർത്ത് കേട്ടിട്ടുണ്ട്. എന്നാൽ 'ബോബി' എന്ന ചിത്രത്തിന് ശേഷം ഡിംപിൾ കപാഡിയക്കൊപ്പം ഋഷിക്കുണ്ടായ കെമിസ്ട്രിയാണ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. 'സാഖർ' എന്ന ചിത്രത്തിൽ ഋഷിയും ഡിംപിളും വീണ്ടും ഒന്നിച്ചഭിനയിച്ചപ്പോൾ നീതുവിന് ആശങ്ക തോന്നിയിരുന്നതായി 'ഖുല്ലം ഖുല്ല' എന്ന ആത്മകഥയിൽ ഋഷി കപൂർ തന്നെ കുറിച്ചിട്ടുണ്ട്.

അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 30-ന് ഋഷി കപൂർ വിടവാങ്ങി. ചികിത്സാകാലത്തുടനീളം അദ്ദേഹത്തിന് താങ്ങായത് നീതു കപൂറായിരുന്നു. 2020 മെയ് 2-ന്, പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഋഷിയുടെ ചിത്രം പങ്കുവെച്ച് "End of our story" എന്ന് നീതു കുറിച്ച വാക്കുകൾ ആരാധകരുടെ കണ്ണുകൾ ഈറനണിയിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi