ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളായിരുന്നു ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയും. 2019-ൽ ഇരുവരും വിവാഹമോചിതരായിയെങ്കിലും, അതു സംബന്ധിച്ചുള്ള കരാറിലെത്തിയിരുന്നില്ല. ഇപ്പോൾ എട്ടുവർഷത്തിനുശേഷം വിവാഹമോചനകരാറിലെത്തിയിരിക്കുകയാണ് താരങ്ങൾ. അതോടെ ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതും പ്രക്ഷുബ്ധവുമായ സെലിബ്രിറ്റി വിവാഹമോചനങ്ങളിൽ ഒന്നിന് അന്ത്യമായിരിക്കുകയാണ്.
2005-ലാണ് പിറ്റും ആഞ്ചലീനയും ഡേറ്റിങ് തുടങ്ങുന്നത്. പ്രണയം തുടങ്ങി പത്തുവർഷങ്ങൾ കഴിയുമ്പോഴായിരുന്നു വിവാഹം കഴിച്ചത്. അതിനിടെ മൂന്നുകുട്ടികളുമുണ്ടായി. മൂന്നുകുട്ടികളെ ദത്തെടുക്കുകയും ചെയ്തു. 2014-ൽ വിവാഹിതരായി രണ്ടുവർഷത്തിനുള്ളിൽ ആഞ്ചലീന വിവാഹമോചനത്തിന് അപേക്ഷ നൽകി. ഒരു സ്വകാര്യ വിമാനയാത്രയ്ക്കിടെ പിറ്റ് തന്നെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിച്ചു എന്ന് അവർ ആരോപിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തിയെങ്കിലും, ബ്രാഡ് പിറ്റിനെതിരെ കുറ്റങ്ങൾ ചുമത്താതെ ആ അന്വേഷണം അവസാനിപ്പിച്ചു.
2019-ൽത്തന്നെ ഇവർ നിയമപരമായി വിവാഹമോചിതരായെങ്കിലും തങ്ങളുടെ ആസ്തികൾ വിഭജിക്കുന്നതിനും കുട്ടികളുടെ സംരക്ഷണാവകാശം തീരുമാനിക്കുന്നതിനും ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ഏഴുവർഷം നീണ്ട നിയമപോരാട്ടം വേണ്ടിവന്നു. തെക്കൻ ഫ്രാൻസിലുള്ള ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്തിന്റെ പേരിലുള്ള തർക്കമാണ് വിവാഹമോചനകരാർ നീളാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. 2011-ലാണ് തെക്കൻ ഫ്രാൻസിലെ 1,200 ഏക്കർ വിസ്തൃതിയുള്ള വൈനറി ഇരുവരും ചേർന്ന് വാങ്ങുന്നത്. ഇതിന്റെ വിൽപനയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ മാത്രം നാലുവർഷത്തോളം നീണ്ടുനിന്നു.
വൈനറിയിലെ 50 ശതമാനം ഓഹരികൾ ആഞ്ചലീന വിറ്റുവെന്ന് പറഞ്ഞാണ് പിറ്റ് അവർക്കെതിരെ നിയമനടപടി ആരംഭിച്ചത്. ഇതിനെതിരെ ആഞ്ചലീനയും എതിർ ഹർജി ഫയൽ ചെയ്തു.
കുട്ടികളുടെ നേർക്കുണ്ടായ ശാരീരികവും വൈകാരികവുമായ പീഡനങ്ങളെക്കുറിച്ച് കോടതിക്ക് പുറത്ത് സംസാരിക്കുന്നതിൽ നിന്ന് തന്നെ വിലക്കുന്ന ഒരു 'രഹസ്യസ്വഭാവ കരാറിൽ' ഒപ്പുവെക്കണമെന്ന് പിറ്റ് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് വൈനറിയിലെ ഓഹരികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതെന്നും അവർ പറഞ്ഞു. ഒടുവിലിതാ എല്ലാത്തിലും തീരുമാനമായിരിക്കുന്നു. എന്നാൽ, എങ്ങനെയാണ് ആസ്തികൾ വിഭജിച്ചതെന്ന കാര്യത്തിൽ വിവരങ്ങളൊന്നുമില്ല.
ആഞ്ചലീനയുടെ മൂന്നാം വിവാഹമായിരുന്നു ബ്രാഡ് പിറ്റുമായുള്ളത്. ആദ്യം വിവാഹം കഴിച്ചത് ജോണി ലീ മില്ലറിനെയാണ്. നാലുവർഷത്തെ വിവാഹബന്ധത്തിനുശേഷം അവർ വേർപിരിഞ്ഞു. അതേവർഷം തന്നെ ബില്ലി ബോബ് തോൺടണുമായുള്ള വിവാഹം. അത് മൂന്നുവർഷമേ നീണ്ടുനിന്നുള്ളൂ. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് ബ്രാഡ് പിറ്റിനെ വിവാഹം കഴിക്കുന്നത്.
ജെന്നിഫർ അനിസ്റ്റണാണ് പിറ്റിന്റെ ആദ്യഭാര്യ. അഞ്ചുവർഷത്തിനുശേഷം അവർ വിവാഹമോചിതരായി. അതുകഴിഞ്ഞാണ് ആഞ്ചലീനയെ കണ്ടുമുട്ടുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Brad Pitt and Angelina Jolie have officially reached a divorce agreement after years of legal battles., The split followed a lengthy dispute over their 1,200-acre French winery and asset division., The high-profile Hollywood separation finally concludes their prolonged court proceedings.
Published: 26 Nov 2026, 05:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented