നടൻ അർജുൻ കപൂർ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നുതുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു. നടിയും മോഡലുമായ സാഹിബ ബാലിക്കൊപ്പമുള്ള അർജുന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഈ ചർച്ചകൾ തുടങ്ങിയത്. ഇപ്പോഴിതാ വീണ്ടും ആ ഗോസിപ്പുകൾ ഉയരുകയാണ്.

To advertise here,

ഗുരുപുരബ് ആഘോഷത്തിന് ഇരുവരും ഒരുമിച്ചാണെത്തിയത്. ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തു. ഇതിന്റെ ചിത്രം സാഹിബ ബാലി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതോടെ സാഹിബ ബാലി തങ്ങളുടെ ബന്ധം പരോക്ഷമായി സ്ഥിരീകരിച്ചിരിക്കുകയാണോ എന്ന ചോദ്യവും ഉയരുകയാണ്. അതിന് അവർ നൽകിയ കാപ്ഷനിങ്ങനെയാണ്,

''അദ്ദേഹത്തിന്റെ പ്രസാദത്തിന്റെ പകുതി കൂടി ഞാൻ കഴിച്ചു. എല്ലാവർക്കും ഗുരുപുരബ് ആശംസകൾ''. ഈ പോസ്റ്റ് ആരാധകർക്കിടയിൽ പലവിധ ഊഹാപോഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഇരുവരും പ്രണയത്തിലാണോ എന്നും, പങ്കാളികളെന്ന നിലയിൽ തങ്ങളുടെ ബന്ധം പരസ്യമാക്കുന്നതിന്റെ തുടക്കമാണോ ഇതെന്നും പലരും സംശയിക്കുന്നു.

ഈ വർഷം ജൂലൈയിലാണ് ഇരുവരുമുള്ള ഒരു ചിത്രം ആദ്യം വൈറലാവുന്നത്. ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്നുള്ള ആ ചിത്രം കണ്ടതോടെ പുതിയ പവർ കപ്പിൾ എന്ന രീതിയിൽ ആരാധകർ ആഘോഷിക്കാൻ തുടങ്ങി.

അർജുന്റെ പിറന്നാളിന് സാഹിബ ആശംസയറിയിച്ചതും വ്യത്യസ്തമായ രീതിയിലായിരുന്നു. ഒരു വീഡിയോ കോളിന്റെ സ്‌ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച്, 'എല്ലാവരുടെയും ബെസ്റ്റിക്ക് ഹാപ്പി ബർത്ത്ഡേ. ഇനിയും ഭാരം കുറയ്ക്കരുത്. കുറച്ച് കേക്ക് കഴിക്കൂ' എന്ന് അവർ കുറിച്ചു. ഇത് റീപോസ്റ്റ് ചെയ്തുകൊണ്ട് 'നീ ഒപ്പം ചേരുന്നതിനായി കാത്തിരിക്കുന്നു' എന്ന് അർജുനും എഴുതി.

എന്നാൽ, ഈ ഡേറ്റിങ് വാർത്തകളെല്ലാം സാഹിബ അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നു. അർജുൻ കപൂറിനൊപ്പം സ്റ്റേഡിയത്തിൽ നിന്നുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് അവർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 'എല്ലാം വിശ്വസിക്കരുത് പാർട്ട് 2' എന്നവർ കുറിച്ചു.

സിനിമയിൽ വരുന്നതിനുമുമ്പ് സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാനുമായി പ്രണയത്തിലായിരുന്നു അർജുൻ. പിന്നീട് പിരിഞ്ഞെങ്കിലും ഇതിനെക്കുറിച്ച് അർജുൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അതിനുശേഷം സൊനാക്ഷി സിൻഹയുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തുവന്നു. എന്നാൽ, ഇത് വെറും ഗോസിപ്പായി താരം തള്ളിക്കളഞ്ഞു. പിന്നാലെ ആലിയ ഭട്ട്, ആതിയ ഷെട്ടി എന്നിവർക്കൊപ്പം ബന്ധപ്പെടുത്തിയും അർജുന്റെ പേര് ഉയർന്നുകേട്ടു. അതിനുശേഷമാണ് മലൈക അറോറയുമായുള്ള പ്രണയം തുടങ്ങുന്നത്. ആറു വർഷത്തെ ബന്ധത്തിനുശേഷമാണ് ഇരുവരും പിരിഞ്ഞത്.

കണ്ടന്റ് ക്രിയേറ്ററും അവതാരകയും കൂടിയാണ് സാഹിബ. ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 4-ന്റെ സഹഅവതാരകയായിരുന്നു. 'ഡിയർ മായ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. 'മേരെ ഹസ്ബന്റ് കി ബീവി' എന്ന ചിത്രത്തിലാണ് അർജുൻ അവസാനമായി അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi