ആരോഗ്യസംരക്ഷണത്തിനായി അടുക്കളയിലെ ലളിതമായ ചേരുവകളെയാണ് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി എപ്പോഴും ആശ്രയിക്കുന്നത്. 'കേളി ടെയിൽസു'മായുള്ള സംഭാഷണത്തിനിടെ, ഭക്ഷണത്തിന് മുൻപ് താൻ പതിവായി കുടിക്കുന്ന ഒരു പ്രത്യേക പാനീയത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു.
തന്റെ ഫിറ്റ്നസ്സ് രഹസ്യം തേടിയ അവതാരകയ്ക്ക് മുന്നിലേക്ക് ഇഞ്ചി ഇട്ട ചെറുചൂടുവെള്ളം നീട്ടി, "ഇതാണ് എന്റെ 'പോയ്‌സൺ' " എന്ന് താരം തമാശരൂപേണ പറഞ്ഞു. ദഹനത്തിന് ഏറെ ഗുണകരമായതുകൊണ്ടാണ് താനിത് പതിവായി കുടിക്കുന്നതെന്നും ശിൽപ്പ വ്യക്തമാക്കി. എന്നാൽ, ഈ പാനീയം ശരിക്കും ദഹനത്തെ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് പരിശോധിക്കാം.
Also Read
ഇഞ്ചി എങ്ങനെയാണ് ദഹനത്തെ സ്വാധീനിക്കുന്നത്?
അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് ഇഞ്ചി. ഛർദ്ദി, വയറുവേദന, ദഹനക്കേട് എന്നിവയ്ക്കുള്ള പരമ്പരാഗത ഒറ്റമൂലിയാണിത്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾസ്, ഷോഗോൾസ് എന്നീ സംയുക്തങ്ങളാണ് ഇതിന് പ്രത്യേക രുചിയും ഔഷധഗുണവും നൽകുന്നത്. ഉമിനീരിന്റെയും ദഹനരസങ്ങളുടെയും ഉൽപ്പാദനം ഉത്തേജിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും.
ഇഞ്ചിയുടെ ദഹനഗുണങ്ങളെക്കുറിച്ച് ചില ശ്രദ്ധേയമായ പഠനങ്ങൾ നടന്നിട്ടുണ്ട്. 2008-ൽ യൂറോപ്യൻ ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജി & ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, 1,200 മില്ലിഗ്രാം ഇഞ്ചി കഴിച്ചവരിൽ ആമാശയത്തിൽ നിന്ന് ഭക്ഷണം വേഗത്തിൽ നീങ്ങുന്നതായി (Gastric emptying) കണ്ടെത്തി.
ഗർഭകാലത്തുണ്ടാകുന്ന ഓക്കാനവും ഛർദ്ദിയും കുറയ്ക്കാനും യാത്രാവേളകളിലെ അസ്വസ്ഥതകൾ മാറ്റാനും ഇഞ്ചി സഹായിക്കുമെന്ന് യു.എസ് നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ഇന്റഗ്രേറ്റീവ് ഹെൽത്ത് (NCCIH) വ്യക്തമാക്കുന്നു.
അമിതമായാൽ ഇഞ്ചിയും ദോഷം ചെയ്യും. അമിത ഉപയോഗം വയറുവേദന, നെഞ്ചെരിച്ചിൽ, വയറിളക്കം, വായിലും തൊണ്ടയിലും എരിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കാമെന്ന് NCCIH മുന്നറിയിപ്പ് നൽകുന്നു. പതിവായി അസിഡിറ്റിയോ ഗ്യാസ്ട്രബിളോ ഉള്ളവരിൽ ഇഞ്ചിയുടെ എരിവ് അസ്വസ്ഥതകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
ചെറിയ കഷ്ണം ഇഞ്ചി ചതച്ച് ചെറുചൂടുവെള്ളത്തിലിട്ട് കുടിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കാം. എന്നാൽ പാനീയത്തിന് അമിതമായി കടുപ്പം കൂട്ടാതിരിക്കാൻ ശ്രദ്ധിക്കുക. ഇഞ്ചിവെള്ളം കൊണ്ട് മാത്രം ദഹനപ്രശ്നങ്ങൾ മാറില്ല; നാരുകൾ അടങ്ങിയ സമീകൃതാഹാരം, ധാരാളം വെള്ളം, കൃത്യമായ വ്യായാമം എന്നിവയാണ് മികച്ച ദഹനവ്യവസ്ഥയ്ക്ക് അടിസ്ഥാനം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shilpa Shetty drinks warm ginger water before meals to aid digestion., Ginger contains gingerols and shogaols that stimulate digestive juices., Studies show ginger helps accelerate gastric emptying., Excessive ginger can cause heartburn and interact with blood thinners.
Published: 27 Nov 2026, 03:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented