പ്രണയം നമുക്കിടയിലിറങ്ങിവന്നു,
ഒരുനാളും പുണരാത്ത രണ്ടു പനകള്‍ക്കിടയില്‍ 
ചന്ദ്രനെന്ന പോലെ

(പ്രണയം നമുക്കിടയിലിറങ്ങി വന്നു- മിഗുവെല്‍ ഹെര്‍ണാണ്ടെഥ്- വിവര്‍ത്തനം- വി.രവി കുമാര്‍)

To advertise here,

മിഗുവെല്‍ ഹെര്‍ണാണ്ടെഥിനെപ്പോലെ സാഹിത്യത്തില്‍ പ്രണയത്തിന് ഭാഷ്യം രചിച്ച എഴുത്തുകാരേറെയുണ്ട്. റൂമിയും ജിബ്രാനും നെരൂദയും കമലാദാസും സില്‍വിയാ പ്ലാത്തും ഉള്‍പ്പെടെയുള്ളവര്‍. കൊഴിഞ്ഞുവീണ ബദാം കായകള്‍ക്കും മണ്ണില്‍ പതിഞ്ഞ പുതുമഴയ്ക്കും പ്രണയഭാഷ്യം ചമഞ്ഞ അക്ഷരങ്ങള്‍. വംശത്തെ നിലനിര്‍ത്താന്‍ പ്രകൃതി കണ്ടെത്തിയ ആകര്‍ഷണ രസതന്ത്രമാണ് എഴുത്തിലെ യുക്തിവാദികള്‍ക്ക് പ്രണയം. കാല്പനികതയുടെ വക്താക്കളായ മറുപക്ഷക്കാര്‍ക്കാവട്ടെ അത് പ്രപഞ്ചത്തോളം നിഗൂഢമായൊരു മഹാരഹസ്യവും.

placeholder
കടപ്പാട്: ഗെറ്റി ഇമേജസ്‌
 

എന്താണ് പ്രണയമെന്നതിന് അതീവ ലളിതമായി ഉത്തരം നല്‍കുന്ന മോപ്പസാങ്ങിന്റെ ഒരു കഥയുണ്ട്. പേര് മൂണ്‍ലൈറ്റ്- നിലാവെളിച്ചം.
സ്വിറ്റ്‌സര്‍ലണ്ടിലേക്ക് ഭര്‍ത്താവിനൊപ്പം യാത്ര പോയ മാഡം ഹെന്റൈറ്റ് ലെറ്റോറിനെ കാത്തിരിക്കുകയാണ് കഥയുടെ തുടക്കത്തില്‍ ഇളയ സഹോദരിയായ ജൂലിയ റൂബര്‍.

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു. അവള്‍ വന്നു. പരിക്ഷീണയും ദുഖിതയുമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിച്ചുകൊണ്ട് ആകുലയായായിരുന്നു അവളുടെ വരവ്. റാന്തല്‍ വെളിച്ചത്തിന്റെ ഇരുപുറമിരുന്ന് അകന്നിരുന്ന നാളുകളിലെ വിശേഷങ്ങള്‍ പങ്കിടുകയാണ് ഇരുവരും. ചേച്ചിയുടെ നെറ്റിയിലേക്ക് നാഗങ്ങളെപ്പോലെ പിണഞ്ഞുവീണ വെള്ള മുടിച്ചുരുളുകള്‍ അനിയത്തി അപ്പോഴാണ് കാണുന്നത്. ഉല്ലാസ യാത്രയ്ക്കു പുറപ്പെടും മുമ്പ് അതങ്ങനെയായിരുന്നില്ലല്ലോ എന്നവള്‍ ഓര്‍ക്കുന്നു. ഏതോ ദുരന്തം തന്റെ സഹോദരിയെ ചൂഴ്ന്നിട്ടുണ്ടെന്ന തോന്നലില്‍ ജൂലിയയുടെ കണ്ണുകള്‍ നിറയുന്നു. ആ നീര്‍ത്തുളളികള്‍ കവിളിലേക്ക് പൊട്ടിവീഴും മുമ്പായി അവള്‍ ചോദിക്കുന്നു... 

placeholder
മോപ്പസാങ്‌
കടപ്പാട്: ഗെറ്റി ഇമേജസ്‌

"ഹെന്റൈറ്റ് നിനക്കെന്താണ് പറ്റിയത്?"
ഹൃദയജ്വരം ബാധിച്ചൊരുവളെപ്പോലെ ഹെന്റൈറ്റ് അകലങ്ങളിലേക്ക് നോക്കി ചെറുതായൊന്ന് നിശ്വസിച്ചു. "എനിക്കൊന്നുമില്ല... എല്ലാം പഴയപടിതന്നെ..." അതുമാത്രമായിരുന്നു മറുപടി. 

"എന്നോട് കള്ളം പറയേണ്ടതില്ല. കള്ളം പറഞ്ഞാല്‍ എനിക്ക് മനസ്സിലാകില്ലെന്നാണോ നീ കരുതിയത്..." അനിയത്തിയുടെ ശബ്ദത്തില്‍ ഈര്‍ഷ്യ കലര്‍ന്നിരുന്നു. അവളിലെ രഹസ്യാന്വേഷകയ്ക്ക് മുന്നില്‍ ഒടുവില്‍ ഹെന്റൈറ്റിന് വഴങ്ങേണ്ടിവന്നു. പിടിക്കപ്പെടുമ്പോഴൊക്കെയും പിഴവുകാര്‍ക്കുള്ള പതിവ് പരിഭ്രമത്തോടെ മടിച്ചുമടിച്ച് ഹെന്റൈറ്റ് പറഞ്ഞു: "എനിക്ക്... എനിക്കൊരു കാമുകന്‍ ഉണ്ടായിരിക്കുന്നു..."

വിതുമ്പലോടെ അവള്‍ ഇളയവളുടെ തോളില്‍ മുഖം പൂഴ്ത്തുന്നു. അവളില്‍ നിന്നാ കനപ്പെട്ട രഹസ്യത്തെ അടര്‍ത്തിയെടുക്കാന്‍ നിശ്ശബ്ദതയേക്കാള്‍ മികച്ച ഉപകരണമില്ലെന്ന തിരിച്ചറിവില്‍ അനിയത്തി തുടര്‍ന്നൊന്നും ചോദിക്കുകയുണ്ടായില്ല. ഇളവെയിലില്‍ ഉരുകുന്ന മഞ്ഞുകട്ടപോലെ തേങ്ങലിനൊപ്പം വാക്കുകള്‍ പൊഴിഞ്ഞുവീഴുകയായ്. തുടക്കം ഇളയവള്‍ക്കുള്ള താക്കീതായിരുന്നു... "നിനക്കും ശ്രദ്ധ വേണ്ടതുണ്ട്. നമ്മള്‍ എത്ര ചപലരെന്നും എത്ര വേഗം വശപ്പെടുന്നവരാണെന്നും
അങ്ങനെ സംഭവിക്കുംവരെ നമ്മള്‍ അറിയുന്നില്ല. വിഷാദത്തിന്റെ ചെറിയൊരു തരിയാല്‍ പോലും നമ്മുടെ കൈകള്‍ സ്‌നേഹത്തിനു നേരെ വിടര്‍ത്തപ്പെടും. 

placeholder
കടപ്പാട്: ഗെറ്റി ഇമേജസ്‌

നിനക്കറിയാമല്ലോ, എനിക്കെത്ര പ്രിയങ്കരനാണെന്റെ ഭര്‍ത്താവെന്ന്. പക്ഷേ, നിനക്കറിയാത്തതൊന്നുണ്ട്. സ്ത്രീയുടെ മനസ്സിന്റെ ലോലമായ മിടിപ്പിനെ തിരിച്ചറിയാനാകാത്ത വിധത്തില്‍  പാകതയും മിതത്വവുമുള്ളൊരാണാണ് അദ്ദേഹം. ശാന്തമായൊരു നിസ്സംഗതയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത. ആ നിസ്സംഗത എന്റേതായ കാല്പനികതയെ എപ്പോഴും ഊതിക്കെടുത്തുന്നു." പിന്നെയവര്‍ ഭര്‍ത്താവിനൊപ്പം നടത്തിയ ഉല്ലാസ യാത്രയെപ്പറ്റി പറയുകയാണ്... അനിയത്തി അവരുടെ കൈത്തലം തന്റേതിലൊതുക്കി നിശ്ശബ്ദയായ കേള്‍വിക്കാരിയായി. 

"ഉദയത്തിന്റെ സൗന്ദര്യത്തില്‍ പര്‍വതശിഖരങ്ങളില്‍ നിന്ന് താഴേക്കിറങ്ങുകയായിരുന്നു ഞങ്ങള്‍. കുതിരകളുടെ കുളമ്പടിയൊച്ചകള്‍, ആനന്ദത്തിന്റെ സുതാര്യമായ തിരശ്ശീല പോലെ മഞ്ഞ്. കാടും താഴ്‌വരയും വിദൂരതയിലെ ഗ്രാമങ്ങളും. മനസ് ഉന്മത്തമായി. എന്നെ ഒന്ന് ചുംബിക്കുമോ... അത്രയേറെ സന്തോഷത്തില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എപ്പോഴത്തേതുമെന്നപോലെ ദയാവായ്പു നിറഞ്ഞ നേര്‍ത്ത ചിരിയോടെ അദ്ദേഹമെന്നെ നോക്കി. പിന്നെ ഇത്രമാത്രം പറഞ്ഞു. 'മനോഹരമായൊരു പ്രകൃതി ദൃശ്യം കണ്ടതിലറിഞ്ഞ ആനന്ദം ചുംബിക്കാനുള്ള കാരണമാകുന്നതെങ്ങനെ?'

ഞാന്‍ മുറുക്കിയടച്ച ആവിപ്പാത്രം പോലെ വെമ്പലറിഞ്ഞു. പ്രണയത്തിന്റെ സൗന്ദര്യത്തെ നിസംഗതയുടെ കാറ്റ് കെടുത്തിക്കളഞ്ഞിരിക്കുന്നു... അന്നുരാത്രി അത്താഴം കഴിഞ്ഞ് ഞാന്‍ തനിച്ച് തടാകക്കരയിലൂടെ നടക്കാനിറങ്ങി."
പിന്നെയവള്‍ ആ രാത്രിയെ വര്‍ണിക്കുകയായി...

മാന്ത്രിക കഥകളിലേതുപോലൊരു രാത്രിയായിരുന്നു അത്. ആകാശമധ്യത്തില്‍ പൂര്‍ണതയൊത്ത പൗര്‍ണമിച്ചന്ദ്രന്‍. പര്‍വതശിരസ്സുകളില്‍ മഞ്ഞിന്റെ വെള്ളിക്കിരീടം തിളങ്ങുന്നു. തടാകത്തിലെ കുഞ്ഞോളങ്ങളില്‍ നിലാവിന്റെ ചീളുകള്‍. അസ്പഷ്ടമായ ഏതോ വികാരത്താല്‍ ഹൃദയം അതിവേഗം മിടിക്കാന്‍ തുടങ്ങി. ഞാന്‍ പുല്‍ത്തകിടയിലിരുന്ന് വിഷാദമൂകവും വിഭ്രാത്മകവുമായ തടാകത്തിലേക്ക് നോക്കി. ജീവിതത്തിന്റെ വിരസതകളെ മായിച്ചുകളയാന്‍ പ്രണയത്തിന്റെ തീരാത്തിരകളെ ഞാന്‍ കൊതിച്ചു. സ്‌നേഹിക്കുന്ന പുരുഷന്റെ കൈകളില്‍ കൈചേര്‍ത്ത് ഈ തടാകക്കരയിലൂടെ നടക്കാനും നിലാവില്‍ അയാളാല്‍ ചുംബിക്കപ്പെടാനും ഞാന്‍ കൊതിച്ചു. ഈ വേനല്‍ക്കാലരാത്രിയുടെ നിലാവ് അങ്ങനെയൊരു സ്‌നേഹത്തിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന തോന്നല്‍ എനിക്കുണ്ടായി. ആ തോന്നലില്‍ ഒരു ഭ്രാന്തിയെപ്പോലെ ഞാന്‍ കരഞ്ഞു. പെട്ടെന്നാണ് തൊട്ടരികില്‍ ഒരു കാല്‌പെരുമാറ്റം കേട്ടത്. 'മാഡം നിങ്ങളെന്തിനാണ് കരയുന്നത്?' ആ പുരുഷ ശബ്ദം എന്നോട് ചോദിച്ചു. അമ്മയ്‌ക്കൊപ്പം നാടു ചുറ്റാനിറങ്ങിയ, എനിക്ക് കണ്ടുപരിചയമുള്ള , ചെറുപ്പക്കാരനായ ബാരിസ്റ്ററായിരുന്നു അയാള്‍.
അയാള്‍ക്ക് എന്തു മറുപടി കൊടുക്കണം എന്നെനിക്ക് അറിവുണ്ടായിരുന്നില്ല. 'എനിക്ക് സുഖമില്ല...' അങ്ങനെയൊരു നുണയാണ് ഞാന്‍ പറഞ്ഞത്.

placeholder
കടപ്പാട്: ഗെറ്റി ഇമേജസ്‌

പിന്നെ അയാള്‍ എനിക്കൊപ്പം നടന്നു. ആ യാത്രയില്‍ കണ്ട കാഴ്ചകളൊക്കെയും എന്നോടു പങ്കുവച്ചുകൊണ്ട്, തീര്‍ത്തും നിസംഗനല്ലാതെ. എന്റെ മനസ്സിന്റെ പരിഭാഷകനാണ് അയാളെന്നെനിക്ക് തോന്നി. ഇതിനിടയില്‍ അയാളൊരു കവിത ചൊല്ലി. വികാരത്താല്‍ എന്റെ ഉടല്‍ വിറച്ചുപോയി. പര്‍വതങ്ങളും തടാകവും ആ നിലാവുതന്നെയും എനിക്കായി പാടുംപോലെയാണ് തോന്നിയത്. പിന്നെ ഞങ്ങള്‍ പിരിഞ്ഞു. എന്റെ കൈയില്‍ അയാളുടെ കാര്‍ഡുണ്ട്..." അനിയത്തിയുടെ കരവലയത്തില്‍ മാഡം ഹെന്റൈറ്റിന്റെ കരച്ചിലുയര്‍ന്നു.
ഏറെ നേരത്തെ നിശ്ശബദതയ്‌ക്കൊടുവില്‍ ജൂലിയ എന്തോ പറയാനൊരുങ്ങി. അതിങ്ങനെയായിരുന്നു...
"ചേച്ചീ, പലപ്പോഴും നമ്മള്‍ പ്രണയിക്കുന്നത് പുരുഷനെയല്ല, പ്രണയത്തെത്തന്നെയാണ്. ആ രാത്രിയിലെ നിങ്ങളുടെ യഥാര്‍ഥ കാമുകന്‍, അയാളായിരുന്നില്ല, നിലാവായിരുന്നു."