ഒരുകാലത്ത് ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു ദേവ് ആനന്ദ്-സുരയ്യ ജോഡികളുടേത്. 1940-കളിലാണ് ദേവ് ആനന്ദ്, സുരയ്യയെ ആദ്യമായി കാണുന്നത്. അപ്പോഴേക്കും അറിയപ്പെടുന്ന ഗായികയും അഭിനേത്രിയുമായി കഴിഞ്ഞിരുന്നു സുരയ്യ. ദേവ് ആനന്ദ് ആണെങ്കിൽ താരതമ്യേന പുതിയ താരവും. ഒറ്റനോട്ടത്തിൽ സുരയ്യയുടെ സൗന്ദര്യം സ്വഭാവവും ദേവിനെ വല്ലാതെ ആകർഷിച്ചു.

'വിദ്യ' എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സുരയ്യയ്ക്കും ദേവിനോട് ഇഷ്ടം തോന്നിയെങ്കിലും അത് പ്രണയമായി മാറാൻ കാരണം ഒരപകടമാണ്. ''ഞാനാദ്യമായി അഭിനയിച്ച ചെറുപ്പക്കാരനായ താരമാണ് ദേവ്. അദ്ദേഹത്തിൽ എന്താണ് എനിക്ക് ഇഷ്ടപ്പെട്ടതെന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്''.

ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ സുരയ്യയും ദേവ് ആനന്ദും സഞ്ചരിച്ച ബോട്ട് പെട്ടെന്നാണ് മറിഞ്ഞത്. മുങ്ങിമരണത്തിൽനിന്ന് സുരയ്യയെ രക്ഷിച്ചത് ദേവ് ആനന്ദാണ്. ആ അപകടത്തെക്കുറിച്ച് സുരയ്യ പിന്നീട് പറഞ്ഞു, ''നിങ്ങളെന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ, എന്റെ ജീവിതം അവിടെ അവസാനിച്ചേനെ എന്ന് ഞാൻ ദേവിനോട് പറഞ്ഞു. അതിന് ദേവ് തന്ന മറുപടിയിങ്ങനെ, 'നിങ്ങളുടെ ജീവിതം അവസാനിച്ചിരുന്നുവെങ്കിൽ, എന്റേത് ഞാനും അവസാനിപ്പിച്ചേനെ'. എനിക്ക് തോന്നുന്നു, അപ്പോഴാണ് പരസ്പരം പ്രണയമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്''.

അത് പതുക്കെ ഗാഢമായ ബന്ധമായി മാറി. രണ്ടുവർഷത്തോളം ആ പ്രണയം ആരുമറിയാതെ ഇരുവരും ആസ്വദിച്ചു. ദേവ് ആനന്ദിനെ സുരയ്യ വിളിച്ചിരുന്നത് 'സ്റ്റീവ്' എന്നായിരുന്നു. സുരയ്യയ്ക്ക് ദേവ് ആനന്ദ് ഇട്ട വിളിപ്പേര്, 'നോസി' എന്നും. ഇടയ്ക്ക് സുരയ്യ ദേവിനെ വിളിച്ചിരുന്നത് 'ദേവിന' എന്നാണ്, തിരിച്ച് 'സുരയ്യാന' എന്നും. ''ഞാൻ ഭ്രാന്തമായ പ്രണയത്തിലായിരുന്നു. ഞാനന്ന് ചെറുപ്പമാണ്. അവൾ എന്റെ ആദ്യത്തെയും അതിഗാഢവുമായ പ്രണയവും''. ദേവ് ആനന്ദ് പിന്നീട് പറഞ്ഞു.

'അഫ്‌സർ' എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് മറ്റുള്ളവർ ഇതറിയുന്നത്. ആ ലൊക്കേഷനിൽവെച്ച് ദേവ് ആനന്ദ്, സുരയ്യയോട് വിവാഹാഭ്യർഥന നടത്തി. 3000 രൂപയുടെ ഒരു വജ്രമോതിരം സുരയ്യയെ അണിയിച്ചുകൊണ്ടായിരുന്നുവത്. അധികം വൈകാതെ പ്രശ്‌നങ്ങളും തുടങ്ങി. സുരയ്യയുടെ മുത്തശ്ശിക്കും അമ്മാവനുമായിരുന്നു കടുത്ത എതിർപ്പ്. വ്യത്യസ്തമതങ്ങളിലുള്ളവരാണ് എന്നതായിരുന്നു അവരുടെ എതിർപ്പിനു കാരണം. എന്നാൽ, പ്രണയമാണ് തങ്ങളുടെ മതം എന്നതായിരുന്നു ഇരുവരും പറഞ്ഞിരുന്നത്.

ദേവ് ആനന്ദിനും സുരയ്യയ്ക്കും വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ഒളിച്ചോടി വിവാഹം കഴിക്കാൻ അവർ തീരുമാനിച്ചു. പക്ഷേ അതെല്ലാം തകരുന്നത് സുരയ്യയുടെ മുത്തശ്ശി ഇടപെട്ടപ്പോഴാണ്. തന്റെ പേരക്കുട്ടി ഒളിച്ചോടുമെന്ന് അറിഞ്ഞപ്പോഴേക്കും, മുത്തശ്ശി ലൊക്കേഷനിൽവന്ന് സുരയ്യയെ വലിച്ചിഴച്ചുകൊണ്ടുപോയി. കുറച്ചുകാലം വീട്ടുതടങ്കലിലുമായിരുന്നു. അതിനുശേഷം അവർ തമ്മിലുള്ള ചിത്രീകരണത്തിനിടയിൽ പോലും മുത്തശ്ശി ഇടപെടാൻ തുടങ്ങി. പ്രണയരംഗങ്ങൾ ചിത്രീകരിക്കുന്നതിനെ പൂർണമായും എതിർത്തു. ഇതും ദേവ് ആനന്ദിനെ വേദനിപ്പിച്ചു. അവർ പരസ്പരം കാണുന്നതുപോലും മുത്തശ്ശി വിലക്കി. അതോടെ രഹസ്യമായി കാണാൻ മറ്റു വഴികൾ തേടി. ''എന്റെ വീട്ടിലെ ടെറസിൽ വെച്ചായിരുന്നു പലപ്പോഴും ഞങ്ങൾ കണ്ടിരുന്നത്. മറ്റൊരു സുഹൃത്തിനൊപ്പമാണ് ദേവ് എത്തുക. ആ സുഹൃത്ത് മുത്തശ്ശിയുമായി സംസാരിച്ചിരിക്കുമ്പോൾ, ദേവ് പിന്നിലെ കോണിപ്പടി വഴി ടെറസിലെത്തും. വാട്ടർ ടാങ്കിനുപിന്നിലിരുന്ന് ഞങ്ങൾ സംസാരിക്കും''. സിനിമയിലെ സുഹൃത്തുക്കളിലൂടെയായിരുന്നു അന്ന് ഇരുവരും കത്തുകൾ കൈമാറിയിരുന്നത്.

എത്രയൊക്കെ നിർബന്ധിച്ചിട്ടും സുരയ്യ പിൻമാറില്ലെന്നുറപ്പായപ്പോൾ, ദേവിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങി വീട്ടുകാർ. അതോടെയാണ് ആ ബന്ധത്തിൽനിന്ന് പിൻമാറാൻ സുരയ്യ തീരുമാനിക്കുന്നത്. ''ഞങ്ങളെ പിരിക്കുന്നതിൽ അവസാനം മുത്തശ്ശി വിജയിച്ചു. എന്റെ ധൈര്യമില്ലായ്മ തന്നെയായിരുന്നു പ്രശ്‌നം. അത് ദേവിനെ വല്ലാതെ വേദനിപ്പിച്ചു. പക്ഷേ, ദേവിനെ അവർ ഉപദ്രവിക്കുമോ എന്നതായിരുന്നു എന്റെ പേടി''.

സുരയ്യയുടെ അമ്മയ്ക്ക് അവരുടെ ബന്ധത്തിൽ പ്രശ്‌നമൊന്നുമില്ലായിരുന്നു. എങ്കിലും മുത്തശ്ശിയുടെ എതിർപ്പ് മറികടന്ന് ഒന്നും ചെയ്യാനാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, അവർ പിരിയാൻ തീരുമാനിച്ചു. അവസാനമായി കാണാനുള്ള അവസരം ഒരുക്കിയതും സുരയ്യയുടെ അമ്മ തന്നെ. സുരയ്യയുടെ ആറുനിലയുള്ള വീടിന്റെ ടെറസിൽ ദേവ് ആനന്ദ് എത്തി. കുറേനേരം സംസാരിച്ചു, ഒടുവിൽ കണ്ണീരോടെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള യാത്രാമൊഴിയും. ഇനിയൊരിക്കലും കാണേണ്ടതില്ലെന്നും അവർ തീരുമാനിച്ചു. അങ്ങനെ നാലുവർഷത്തെ പ്രണയത്തിന് അന്ത്യമായി. അതിനുശേഷമാണ് സുരയ്യയുടെ കരിയറും തകർന്നുതുടങ്ങുന്നത്. പാടാനുള്ള ഓഫറുകളിൽ പലതും അവർ നിഷേധിച്ചു. സിനിമകളും വളരെ കുറച്ചു. ദേവ് ആനന്ദ് പിന്നീട് വിവാഹിതനായെങ്കിലും, അവിവാഹിതയായി തുടരാനായിരുന്നു സുരയ്യയുടെ തീരുമാനം. കുറേ വർഷങ്ങൾക്കുശേഷം അമ്മയും മരിച്ചതോടെ, പൂർണമായും ഒറ്റപ്പെട്ടപോലെയായിരുന്നു അവരുടെ ജീവിതം. പുറംലോകത്തിനുനേരെ തന്നിലേക്കുള്ള വഴികളെല്ലാം അവർ അടച്ചു. നടിയായ തബസ്സമിന് അവരുമായി നല്ല ബന്ധമുണ്ടായിരുന്നു. അതിനെക്കുറിച്ച് തബസ്സം പറഞ്ഞതിങ്ങനെ, ''ഞാൻ വിളിക്കുമ്പോളെല്ലാം അവരോട് ചോദിക്കും, 'സുഖമാണോ?' അതിന് തിരിച്ചവർ മറുപടി പറയുന്നതിങ്ങനെ, 'എല്ലാവരും എന്നോട് ചോദിക്കും, എങ്ങനെയുണ്ടെന്ന്. പക്ഷേ, എങ്ങനെയാണ് ഓരോ പകലും രാത്രിയും ഞാൻ ചെലവഴിക്കുന്നതെന്ന് ആർക്കുമറിയില്ല, ആരും ചോദിക്കാറുമില്ല''. അത്രയേറെ ഏകാന്തതയാണ് അനുഭവിച്ചതെന്ന് ആ വാക്കുകളിലൂടെ വ്യക്തം.