തിങ്കളാഴ്ചയായിരുന്നു ബോളിവുഡ് നടൻ അസ്രാണിയുടെ അപ്രതീക്ഷിതവിയോഗം. മരണത്തിന് ദിവസങ്ങൾ മുൻപുവരെ അഭിനയത്തിൽ സജീവമായിരുന്നു അസ്രാണി, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേർപാടിന്റെ ഞെട്ടലിൽ നിന്ന് സഹപ്രവർത്തകരൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞയാഴ്ച വരെ പ്രിയദർശന്റെ പുതിയ ചിത്രമായ 'ഹൈവാൻ'-ന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു അദ്ദേഹം. സഹതാരത്തിന്റെ അപ്രതീക്ഷിത വിയോഗം ചിത്രത്തിലെ നായകനായ അക്ഷയ് കുമാറിനെ വിഷാദത്തിലാക്കിയെന്ന് പറയുകയാണ് പ്രിയദർശൻ. "അസ്രാനി സർ സെറ്റിൽ ഒരുപാട് പോസിറ്റിവിറ്റി കൊണ്ടുവന്നിരുന്നു. അദ്ദേഹം ഒരു മഹാനായ വ്യക്തിയായിരുന്നു. എനിക്കിത് വ്യക്തിപരമായ നഷ്ടമാണ്. മരണം ഇത്രയധികം ബാധിക്കുന്ന ആളുകളെ വളരെ വിരളമായേ കണ്ടുമുട്ടാറുള്ളൂ."

അദ്ദേഹം തുടർന്നു, "അക്ഷയ് കുമാർ എന്നെ രണ്ട് തവണ വിളിച്ചു. കഴിഞ്ഞ 40-45 ദിവസമായി രണ്ട് സിനിമകളിൽ അസ്രാണി സാറിനൊപ്പം പ്രവർത്തിക്കുകയായിരുന്നതിനാൽ താൻ വിഷാദത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അക്ഷയ്ക്ക് ഒരുപാട് ഉപദേശങ്ങൾ നൽകുമായിരുന്നു. താൻ ജീവിതത്തിൽ വരുത്തിയ തെറ്റുകളെക്കുറിച്ചും അത്തരം തെറ്റുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം രാജ്പാൽ യാദവിനോടും പറയാറുണ്ടായിരുന്നു."

തിങ്കളാഴ്ച അസ്രാണിയുടെ മരണവാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം, അന്തരിച്ച നടന് ആദരാഞ്ജലി അർപ്പിച്ച് ഹൃദയസ്പർശിയായ കുറിപ്പ് അക്ഷയ് പങ്കുവെച്ചിരുന്നു. "അസ്രാണി ജിയുടെ വിയോഗത്തിൽ ദുഃഖം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല. ഒരാഴ്ച മുൻപ് 'ഹൈവാൻ'-ന്റെ ഷൂട്ടിനിടയിൽ ഞങ്ങൾ ഊഷ്മളമായി ആലിംഗനം ചെയ്തിരുന്നു. വളരെ സ്നേഹമുള്ള മനുഷ്യനായിരുന്നു... അദ്ദേഹത്തിന് അതുല്യമായ ഹാസ്യബോധമുണ്ടായിരുന്നു. എന്റെ കൾട്ട് സിനിമകളായ 'ഹേരാ ഫേരി' മുതൽ 'ഭാഗം ഭാഗ്', 'ദേ ദനാ ദൻ', 'വെൽക്കം', റിലീസ് ചെയ്യാത്ത 'ഭൂത് ബംഗ്ല', 'ഹൈവാൻ' വരെ... അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയും ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു. നമ്മുടെ സിനിമാ വ്യവസായത്തിന് ഇത് എത്ര വലിയ നഷ്ടമാണ്. ഞങ്ങളെ ചിരിപ്പിക്കാൻ ദശലക്ഷക്കണക്കിന് കാരണങ്ങൾ നൽകിയ അസ്രാണി സാർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഓം ശാന്തി," അസ്രാണിയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ കുറിച്ചു. 

60-കളുടെ അവസാനത്തിൽ പഞ്ചാബി സിനിമയിൽ നായകനായാണ് അസ്രാണി തന്റെ കരിയർ ആരംഭിച്ചത്. ശേഷം 'അഭിമാൻ', 'ചുപ്‌കെ ചുപ്‌കെ' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ സഹനടനായി ശ്രദ്ധേയനായി. 70-കളിലും 80-കളിലും അദ്ദേഹം മുൻനിര ഹാസ്യതാരമായി പേരെടുത്തു. എക്കാലത്തെയും മികച്ച ചിത്രമായ 'ഷോലെ'യിലെ ജയിലറുടെ വേഷത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. 84-ാം വയസ്സിലാണ് അസ്രാണി വിടവാങ്ങുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi