ഒരു കാലത്ത് കോളിവുഡിലെ ഗ്ലാമർ താരമായിരുന്ന അഭയ് കിങ്ങറിന്റെ മരണവാർത്ത സിനിമലോകം ഞെട്ടലോടെയാണ് കേട്ടത്. 2002-ൽ കസ്തൂരി രാജ് സംവിധാനം ചെയ്ത് ധനുഷ് നായകനായെത്തിയ ‘തുള്ളുവതോ ഇളമെെ’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് അഭിനയ്. കുറച്ചുനാളായി കരൾരോഗത്തിന്റെ പിടിയിലായിരുന്ന താരം കഴിഞ്ഞദിവസം അന്തരിച്ചു.
അമ്മയുടെ മരണവും ഒറ്റപ്പെടലും സാമ്പത്തികബുദ്ധിമുട്ടുമെല്ലാം അഭയ്‍യുടെ ജീവിതത്തിലെ വലിയ വെല്ലുവിളികളായിരുന്നു. ഇതിനിടയിലും ആരാധകർക്കെന്നുമോർക്കാൻ ഒരുപിടി നല്ലകഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
‘ജങ്ഷൻ', 'ശിങ്കാര ചെന്നൈ', 'പൊൻ മേഘലൈ' സൊല്ല സൊല്ല ഇനിക്കും', 'പാലൈവന സോലൈ' തുടങ്ങി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 15-ൽ അധികം സിനിമകളിൽ അഭിനയ്, മികച്ച വേഷങ്ങൾ കെെകാര്യം ചെയ്തു. ഫഹദ് ഫാസിലിനൊപ്പം ‘കെെയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
ഇതിനുപുറമെ ഡബ്ബിങ് ആർട്ടിസ്റ്റായും അഭിനയ് നിരവധി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിജയ് നായകനായി, എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത 'തുപ്പാക്കി' എന്ന ചിത്രത്തിൽ ബോളിവുഡ് നടൻ വിദ്യുത് ജാംവാളിന് വേണ്ടിയും 'പയ്യ' യിൽ മിലിന്ദ് സോമനും 'കാക്ക മുട്ടൈ'യിൽ ബാബു ആന്റണിക്കും അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.
അഭിനയ് കിങ്ങറിന്റെ അമ്മ ടിപി രാധാമണി മലയാളത്തിലും തമിഴിലും അഭിനയിച്ചിരുന്ന അറിയപ്പെടുന്ന ഒരു താരമായിരുന്നു. 14-ാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ച അവർ, പ്രേം നസീർ, ജയൻ, മമ്മൂട്ടി, കമൽഹാസൻ, പ്രഭു, വിജയ്, മോഹൻലാൽ തുടങ്ങിയ പ്രമുഖ നടൻമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
100-ൽ അധികം സിനിമകളിൽ അഭിനയിച്ച രാധാമണി കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുകൂടിയാണ്. ദേശീയ പുരസ്കാരം നേടിയ 'ഉത്തരായനം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രാധാമണി കൂടുതൽ അറിയപ്പെടുന്നത്. 2013-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം'ചെന്നൈ എക്സ്പ്രസ്' ആയിരുന്നു അവരുടെ അവസാന ചിത്രം. അർബുദം ബാധിച്ച് 2019-ൽ രാധാമണി മരണപ്പെട്ടു. അവരുടെ മരണശേഷം, അഭിനയ് തനിച്ചായി. റിപ്പോർട്ടുകൾ പ്രകാരം അഭിനയ് അവിവാഹിതനാണ്.
അമ്മയുടെ മരണത്തെ തുടർന്ന്, ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അഭിനയ് തുറന്നുപറഞ്ഞിട്ടുണ്ട്. നഗരത്തിലെ ഒരു സർക്കാർ മെസ്സിലെ ഭക്ഷണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2025 ഓഗസ്റ്റിൽ, നടൻ, കെപിവൈ ബാല അഭിനയ്‍യെ സന്ദർശിക്കുകയും ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകി സഹായിക്കുകയും ചെയ്തു. അഭിനയ്‍യുടെ ഈ വീഡിയോ വൈറലാവുകയും അദ്ദേഹത്തിന്റെ ആരാധകരെ അത് ഒരുപാട് വിഷമിപ്പിക്കുകയും ചെയ്തു.
"ഞാൻ ഇനിയും കൂടുതൽ കാലം ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. ഒന്നര വർഷം മാത്രമേ എനിക്ക് ബാക്കിയുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്."- ആ വീഡിയോയിൽ അഭിനയ് പറഞ്ഞ വാക്കുകളാണിവ.
അഭിനയ് യുടെ വീഡിയോ വൈറലായതിനെ തുടർന്ന്, തമിഴ് സിനിമാ ലോകത്തെ പല പ്രമുഖരും അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടുവന്നു. ധനുഷ്, അഭിനയ് യുടെ ചികിത്സയ്ക്കായി 5 ലക്ഷം രൂപ നൽകിയതായി റിപ്പോർട്ടുകളുണ്ട്. മരണസമയത്ത് കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള ഒരു വാടക വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
അദ്ദേഹത്തെ ആദരിച്ചുകൊണ്ട്, സിനിമാമേഖലയിലെ പല നടന്മാരും സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. അസുഖം കാരണം സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരുപിടി മികച്ച പ്രകടനങ്ങളിലൂടെ അഭിനയ് എന്നും ആരാധകരുടെ മനസ്സിൽ തങ്ങിനിൽക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Remembering Abhinay Kinger, the talented actor who debuted in Tamil cinema and later graced Malayalam films.
Published: 11 Nov 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented