തന്റെ വ്യത്യസ്തമായ വസ്ത്രധാരണ തിരഞ്ഞെടുപ്പുകളിലൂടെ സമൂഹമാധ്യമങ്ങളിൽ നിരന്തരം തരംഗം സൃഷ്ടിക്കുന്ന താരമാണ് ഉർഫി ജാവേദ്. എന്നാൽ പതിവിൽ നിന്നു വ്യത്യസ്തമായ ഉള്ളടക്കത്തോടെ അവർ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ വൈറൽ ആവുകയാണ്. തന്റെ ലിപ് ഫില്ലറുകൾ ഡിസോൾവ് ചെയ്തതിന്റെ ഫലമായി മുഖവും ചുണ്ടും നീരുവച്ച രീതിയിലുള്ള ഉർഫിയുടെ വീഡിയോ ആണ് വൈറൽ ആവുന്നത്. തന്റെ ലിപ് ഫില്ലറുകൾ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്നും അതുകൊണ്ടാണ് അവ ഡിസോൾവ് ചെയ്യാൻ തീരുമാനിച്ചതെന്നും ഉർഫി പറയുന്നു. ചികിത്സാ പിഴവ് കാരണമാണ് ഡിസോൾവ് ചെയ്യേണ്ടി വന്നത്. 

To advertise here,

ഫില്ലറുകൾ ഡിസോൾവ് ചെയ്യാൻ ഡോക്ടറെ കാണാൻ പോകുന്നതും അത് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഡിസോൾവിങ് പ്രക്രിയയുടെ ഭാഗമായി ചുണ്ടുകളും മുഖവും ഒക്കെ വല്ലാതെ വീർത്തിരിക്കുന്നതും കാണാം. ഇപ്പോൾ ഡിസോൾവ് ചെയ്യുന്നുണ്ടെങ്കിലും താൻ ഫില്ലറുകൾക്ക് എതിരല്ലെന്നും കുറച്ച് കൂടി സ്വാഭാവികത തോന്നുന്ന രീതിയിൽ വീണ്ടും ലിപ് ഫില്ലിങ് ചെയ്യുമെന്നും ഉർഫി പറയുന്നു. ഫാൻസി ക്ലിനിക്കുകളുള്ള മിക്ക ഡോക്ടർമാർക്കും ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നും അങ്ങനെയാണ് തനിക്ക് ഇത് സംഭവിച്ചതെന്നും അവർ വെളിപ്പെടുത്തി.

ലിപ് ഫില്ലിങ്ങിനായി എപ്പോഴും നല്ല ഡോക്ടറെ തന്നെ സമീപിക്കണമെന്നും ഉർഫി നിർദേശിക്കുന്നു. ഫില്ലറുകൾ അലിയിക്കുന്നത് വളരെ വേദനാജനകമാണെന്നും വീഡിയോയുടെ കാപ്ഷനിൽ അവർ പങ്കുവെക്കുന്നു. നിരവധി ആരാധകരാണ് ഇതിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. പെട്ടെന്ന് സുഖം പ്രാപിച്ച് പഴയതുപോലെ തിരിച്ചുവരുമെന്നും ലിപ് ഫില്ലറുകളൊന്നും ഇല്ലാതെ തന്നെ ഉർഫി സുന്ദരിയാണെന്നും ആയിരുന്നു കമന്റുകൾ. ഇത്തരമൊരു വീഡിയോ പങ്കുവെക്കാൻ ഉർഫി കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചും നിരവധി പേർ മുന്നോട്ടുവന്നു.

നേർത്ത ചുണ്ടുകൾക്ക് വലിപ്പം തോന്നിപ്പിക്കുന്നതിനും അതുപോലെ തന്നെ ചുണ്ടുകളുടെ ഷേയ്പ്പിലെ വ്യത്യാസം മാറ്റി എടുക്കാനും ചുണ്ടുകൾക്ക് നല്ല ഷേയ്പ്പ് ലഭിക്കാനും നടത്തുന്ന തെർമൽ ഫില്ലേഴ്സ് ആണ് ലിപ് ഫില്ലേഴ്സ്. നമ്മൾക്ക് പ്രായമാകുമ്പോൾ അതുപോലെ തന്നെ അമിതമായി സൂര്യപ്രകാശം ഏൽക്കുമ്പോൾ, പുകവലിക്കുന്ന ശീലം ഉണ്ടെങ്കിൽ അവ നമ്മുടെ ചുണ്ടുകളുടെ ഷേയ്പ്പിനേയും ബാധിക്കും. ഇത്തരത്തിൽ ചുണ്ടുകൾക്ക് ഉണ്ടാകുന്ന അപാകതകൾ പരിഹരിക്കാൻ ലിപ് ഫില്ലേഴ്സ് പൊതുവിൽ സഹായിക്കും.

സൗന്ദര്യവർധക പ്രക്രിയകളുടെ ഭാഗമായി ഇന്ന് പെൺകുട്ടികൾ വ്യാപകമായി തിരഞ്ഞെടുക്കുന്ന ഒരു രീതിയാണിത്. പൊതുവിൽ ഹൈലൂറോണിക് ആസിഡ്, കൊളാജെൻ, കൊഴുപ്പ് എന്നിവയാണ് ലിപ് ഫില്ലേഴ്സായി ഉപയോഗിച്ച് വരുന്നത്. നല്ല എക്സ്പീരിയൻസ് ഉള്ളവരും, സർട്ടിഫൈഡ് ആയിട്ടുള്ളതുമായ ഹെൽത്ത് കെയർ പ്രൊഫഷണൽസിന്റെ അടുത്ത് പോയി ചെയ്യേണ്ട ഒരു കാര്യം കൂടിയാണ് ഇത്. ലിപ് ഫില്ലേഴ്സ് ഉപയോഗിക്കുന്നത് പൊതുവിൽ സുരക്ഷിതമാണെന്നാണ് പറയപ്പെടുന്നത്.

ഇത് ഉപയോഗിച്ചാൽ ചെറിയ രീതിയിലുള്ള പാർശ്വഫലങ്ങൾ കണ്ടെന്ന് വരാം. പ്രത്യേകിച്ച് വീക്കം, വ്രണം, ഇഞ്ചക്ഷൻ എടുത്ത ഭാഗത്ത് ചുവപ്പ് നിറം വരുന്നത് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും അതുപോലെ, വളരെ ചുരുക്കം ചിലരിൽ മുഴ, അണുബാധ എന്നിവയും വരാം. അതിനാൽ ലിപ് ഫില്ലേഴ്സ് ഉപയോഗിക്കുമ്പോൾ നല്ല ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത്തരം ചികിത്സകൾ ചെയ്യുന്നതിന് മുൻപ് സ്വന്തം മെഡിക്കൽ ഹിസ്റ്ററി പരിശോധിക്കുന്നതും ഗുണകരമാകും. ഇല്ലെങ്കിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്ന് വരാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi