മയിൽപ്പീലി ചൂടി, മഞ്ഞച്ചേല ചുറ്റി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനെ കണികാണാനുള്ള ഒരുക്കത്തിലാണ് നാട്. വിഷുവിന് ട്രെഡിഷണൽ വസ്ത്രങ്ങൾക്കൊപ്പം എളുപ്പത്തിലും ഭംഗിയൊട്ടും കുറയാതെയും ഒരുങ്ങാൻ ട്രെൻഡി ഹെയർ സ്റ്റൈലുകൾ ഇതാ...
ലോങ് ഹെയർ, ഷോർട്ട് ഹെയർ, ചുരുളൻ മുടിയുള്ളവർ തുടങ്ങി ഓരോർത്തർക്കും ഇണങ്ങുന്ന ഹെയർ സ്‌റ്റൈൽ പാറ്റേണുകളുണ്ട്.
മുടി നന്നായി ചീകിയൊതുക്കി കെട്ടിവയ്ക്കുന്ന സ്ലീക്ക് ഹെയർ സ്‌റ്റൈൽ, ചീകിയൊതുക്കാതെ മുടിയിഴകൾ വേറിട്ടുകിടക്കുന്ന മെസ്സി ഹെയർ സ്റ്റൈൽ, മുടി പൂർണമായും അഴിച്ചിട്ടിട്ടുള്ള ഓപ്പൺ ഹെയർ സ്റ്റൈൽ, അണ്ടർ കട്ട്, മോഡേൺ ബൗൾ കട്ട്, ടോപ്പ് ഹെവി കേൾസ് എന്നിവയെല്ലാം ഇപ്പോൾ ട്രെൻഡാണ്.
മുഖാകൃതി, മുടിയുടെ ടെക്‌സ്ചർ, വസ്ത്രം എന്നിവയ്ക്ക് അനുസരിച്ച് ഹെയർ സ്‌റ്റൈലുകൾ തിരഞ്ഞെടുക്കാം. ഡിസ്‌കോ ഹെയർ ബാൻഡുകൾകൊണ്ട് ഈ ഹെയർ സ്റ്റൈലുകൾ ഭംഗിയാക്കാം. പൂക്കൾ വെക്കാനായി ബോബി പിൻ, യു പിൻ എന്നിവ ഉപയോഗിക്കാം.
മുത്തുകൊരുക്കും മുടിയഴക്
പൂക്കൾമാത്രമല്ല, ആഭരണങ്ങൾ അണിഞ്ഞും മുടിയിഴകൾക്ക് ചന്തംകൂട്ടാം. വ്യത്യസ്ത ഡിസൈനിലുള്ള സ്‌റ്റേറ്റ്‌മെന്റ് ഹെയർ ആക്‌സസറീസ് വിപണിയിലുണ്ട്. പല നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച, നേർത്ത നൂലിൽകൊരുത്ത സിംപിളായ നെറ്റിച്ചുട്ടി അണിയുന്നത് ഫെസ്റ്റീവ് ഹെയർ ലുക്കുകൾക്ക് യോജിച്ചതാണ്.
സിപിംളായ ഓപ്പൺ ഹെയർ സ്റ്റൈലിന് നൂലിഴപോലുള്ള നെറ്റിച്ചുട്ടി അണിഞ്ഞാൽ എല്ലാവരുടെയും കണ്ണ് നിങ്ങളിലായിരിക്കും.
വലിയ ജിമിക്കി കമ്മലുകളിൽനിന്നും മുടിയിളകളിലേക്ക് നീളുന്ന ഹെയർ ചെയിനുകൾ ട്രെൻഡാണിപ്പോൾ. സിംപിൾ സിംഗിൾ ലെയർ ചെയിൻ, ത്രീ ലെയർ ചെയിൻ തുടങ്ങി മുത്തുകളും കുഞ്ഞുകമ്മലുകളും കൊരുത്ത പല ഡിസൈനുകളിലുള്ള ഹെയർ ചെയിനുകളുണ്ട്. മുടി കെട്ടിയ ശേഷം കമ്മലണിഞ്ഞ് ഹെയർ ചെയിനിന്റെ അഗ്രഭാഗം മുടിയിൽ കൊളുത്താം.
ക്ലാസിക്കൽ നൃത്തത്തിന് മുടിയിൽ ധരിക്കുന്ന സൂര്യ-ചന്ദ്രന്മാരുടെ ആഭരണം ആഘോഷാവസരങ്ങളിൽ അണിയുന്നതാണ് മറ്റൊരു ട്രെൻഡ്. രണ്ടായി പകുത്ത മുടിയുടെ നെറുകയിൽ ഇരുവശങ്ങളിലുമായി സൂര്യ-ചന്ദ്രാകൃതിയിലുള്ള ഈ ആഭരണങ്ങൾ ധരിക്കാം.
ഓപ്പൺ ഹെയർ സ്റ്റൈലുകളുടെ ഭംഗികൂട്ടുന്നവയാണ് സിംപിൾ ഹെയർ ചെയിനുകൾ. പല ലെയറുകളിലായി നെറുകയിൽനിന്നും പുറകിലേക്ക് കെട്ടുന്ന വ്യത്യസ്ത ഡിസൈനുകളിലുള്ള ഹെയർ ചെയിനുകളുണ്ട്.
സ്ലീക്ക് ലോ ബൺ
മുടി ചീകിയൊതുക്കി ഒട്ടും പറക്കാത്ത രീതിയിൽ പിന്നിലേക്ക് വലിച്ചുകെട്ടുന്ന രീതിയാണ് സ്ലീക്ക് ഹെയർ സ്റ്റൈൽ.
മുടി രണ്ടായി പകുത്ത് നന്നായി ചീകിയൊതുക്കുക. ബോർ ബ്രിസിൽ ബ്രഷ് പോലെ അടുത്തടുത്ത് പല്ലുള്ള ചീപ്പ് ഉപയോഗിക്കാം. ഇനി എല്ലാ മുടിയും കൂട്ടി ലോ പോണി ടെയിൽ കെട്ടുക. ശേഷം മുടി പിരിച്ച് ഹെയർബാൻഡിന്റെ ചുറ്റും വട്ടത്തിൽ റോൾ ചെയ്ത് ഹെയർ ബാൻഡും പിന്നും ഉപയോഗിച്ച് ഉറപ്പിക്കുക. ഹെയർ ജെൽ, വാക്‌സ്, ഹെയർ സെറ്റിങ് സ്‌പ്രേ ഉപയോഗിച്ച് പാറിക്കിടക്കുന്ന മുടിയിഴകൾ ഒതുക്കിവെക്കാം.
നാലോ അഞ്ചോ റോസാപ്പൂക്കളുടെ ഇതൾ അടർത്തി, ബ്ലാക്ക് നെറ്റ് എടുത്ത് അതിൽ നിറച്ച് കെട്ടുക. സ്ലീക്ക് ലോ ബണ്ണിന് മുകളിൽ ഇതൾ നിറച്ച നെറ്റ് വിരിച്ച് പിൻ ചെയ്യുക. സ്ലീക്ക് ബണ്ണിന്റെ ഏതെങ്കിലും ഒരു വശത്ത് റോസാപ്പൂക്കൾ കുത്തിയാൽ മറ്റൊരു കിടിലൻ ഹെയർസ്‌റ്റൈൽ റെഡി. ജമന്തി, താമര എന്നിവയും വ്യത്യസ്ത ലുക്കുകൾക്കായി ഉപയോഗിക്കാം.
മെസ്സി ബെയർ ബൺ
മുടി രണ്ടായി പകുത്ത ശേഷം ഓരോ സൈഡിലെയും മുൻപിലുള്ള മുടി അൽപമെടുത്ത് മാറ്റിയിട്ടശേഷം മുകളിലുള്ള കുറച്ചുമുടി ബാക്ക് കോമ്പ് ചെയ്യുക. ശേഷം മുടിയെല്ലാം കൂട്ടി ലോ പോണി ടെയിൽ കെട്ടുക. നേരത്തെ ക്ലിപ് ചെയ്തുവെച്ചിരുന്ന മുടി അഴിച്ച് കുറച്ച് കട്ടിയുള്ള ഓരോ ഇഴകളാക്കി ബാക്ക് കോമ്പ് ചെയ്ത് പോണി ടെയിലിൽ ഉറപ്പിക്കുക. ഇനി ഈ പോണി ടെയിൽ ചെയ്ത മുടി ലൂസ് ആയി പിന്നി പോണി ടെയിലിന് ചുറ്റും റോൾ ചെയ്യുക. ബൺ പിൻ കൊണ്ട് ഉറപ്പിക്കുക.
പൂവും പൂന്തളിരും
ഭംഗിയുള്ള പൂക്കൾകൊണ്ട് മുടി അലങ്കരിക്കുന്നത് എക്കാലത്തും ഫാഷനാണ്. വ്യത്യസ്ത പൂക്കൾ ഉപയോഗിച്ചും പൂചൂടുന്ന രീതിയിൽ മാറ്റം വരുത്തിയും യുണീക്കും സ്റ്റൈലിഷും ആക്കാനാവും.
മുല്ലപ്പൂ, തെച്ചിപ്പൂ, താമര, കനകാംബരം, തുളസി, പല നിറത്തിലുള്ള അരളിപ്പൂ, പലനിറത്തിലുള്ള റോസാപ്പൂക്കൾ, ജമന്തി, മല്ലിക, ബേബീസ് ബ്രീത്ത്, ഡെയ്‌സി... മുടിയിൽ ചൂടാൻ പൂക്കളുടെ നിര നീളുകയാണ്. തെച്ചി-തുളസി, അരളിപ്പൂ-തുളസി, മുല്ലപ്പൂ-തുളസി എന്നിങ്ങനെ വ്യത്യസ്ത പൂക്കളുടെ കോമ്പിനേഷനുകളും ഇപ്പോൾ ട്രെൻഡിങ് ആണ്.
വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള പൂക്കൾക്ക് പകരം കോൺട്രാസ്റ്റ് നിറങ്ങളിലുള്ള പൂക്കൾ ചൂടുന്നത് ഭംഗിയായിരിക്കും.
നീളൻ മുടിയുള്ളവർക്ക് നന്നായി ഇണങ്ങുന്ന ഹെയർ സ്റ്റൈലാണ് മെസി ഫ്രഞ്ച് സൈഡ് ബ്രെയ്ഡ്. വളരെ പെട്ടെന്നും ഭംഗിയായും സൈഡ് ബ്രൈഡ് ചെയ്യാം. -മുടി നെറുകയിലൂടെ രണ്ടായി പകുത്തുവെക്കുക. മുൻപിൽനിന്നും അൽപം മുടി എടുക്കുക. അതിനെ രണ്ട് തുല്യഭാഗങ്ങളാക്കുക. ഇതിൽ നെറ്റിയോട് ചേർന്ന മുടിയിഴ രണ്ടാമത്തെ മുടിയിഴയ്ക്ക് മുകളിൽവെക്കുക. ഇനി വീണ്ടും നെറ്റിക്ക് അരികിൽനിന്നും (ആദ്യത്തെ മുടിയിഴക്ക് താഴെ) വീണ്ടും മുടിയെടുത്ത് നേരത്തേതുപോലെ പിന്നുക. മുൻഭാഗത്തെ മുടികൾ മുഴുവൻ ഇതുപോലെ പിന്നുക. ശേഷം പുറകിൽ ബോബി പിൻകൊണ്ട് ഉറപ്പിക്കുക. ഇനി മറുവശത്തെ മുടിയും ഇതുപോലെ ഫ്രഞ്ച് ബ്രെയ്ഡ് ചെയ്യാം.
ഇനി വസ്ത്രത്തിന് യോജിച്ച പൂക്കൾ കൂടിവെച്ചാൽ ഫെസ്റ്റീവ് ഹെയർലുക്ക് റെഡി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Expert tips for sleek, messy, and open hairstyles suitable for Vishu 2026., Comprehensive guide on using statement hair accessories like hair chains and netti-chutti., Creative ways to incorporate traditional flowers like jasmine, lotus, and roses., Step-by-step instructions for achieving the perfect festive bun and side braids.
Published: 14 Apr 2026, 01:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented